DCBOOKS
Malayalam News Literature Website

ഷാര്‍ജ പുസ്തകോത്സവത്തിന് സമാപനം

അക്ഷരങ്ങളുടെയും കലകളുടെയും വര്‍ണ്ണവൈവിധ്യങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത 37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ നീണ്ട 11 ദിവസത്തെ മേള അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ദി ടെയ്ല്‍ ഓഫ് ലെറ്റേഴ്‌സ് എന്നതായിരുന്നു മേളയുടെ ആശയം.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേള എന്ന ഖ്യാതിയോടെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ച മേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ പ്രമുഖ എഴുത്തുകാരുടെയും പ്രസാധകരുടെയും പങ്കാളിത്തം മേളയ്ക്ക് മാറ്റേകി. മലയാളത്തില്‍ നിന്നടക്കം ക്ഷണിക്കപ്പെട്ട 470-ഓളം എഴുത്തുകാരും ചിന്തകരുമാണ് വിവിധ സംവാദങ്ങളില്‍ പങ്കെടുത്തത്. പുസ്തകപ്രകാശനം, ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, സംവാദങ്ങള്‍, കവിയരങ്ങ്, കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികള്‍, പാചകമേള, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയും മേളയുടെ ഭാഗമായി അരങ്ങേറി.

ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുസ്തകമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 1874 പ്രസാധകരുടെ പതിനാറ് ലക്ഷത്തിലധികം ടൈറ്റിലുകളിലായി രണ്ടു കോടി പുസ്തകങ്ങള്‍ മേളയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ഇപ്രാവശ്യം ഡി.സി ബുക്സ് ഉള്‍പ്പെടെ 114 പ്രസാധകരാണ് മേളയില്‍ പങ്കെടുത്തത്.

മേളയോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ഇത്തവണയും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. ചേതന്‍ ഭഗത്, പ്രകാശ് രാജ്, പെരുമാള്‍ മുരുകന്‍, മനു എസ്.പിള്ള, റസൂല്‍ പൂക്കുട്ടി, സോഹ അലി ഖാന്‍, ഡോ. എല്‍. സുബ്രഹ്മണ്യം, ലില്ലി സിങ്, നന്ദിതാദാസ്, ഗൗര്‍ ഗോപാല്‍ ദാസ്, മനോജ് വാസുദേവന്‍, എം.കെ.കനിമൊഴി തുടങ്ങിയവരുടെ പരിപാടികള്‍ ഒട്ടേറെ പേര്‍ ശ്രവിച്ചു. അബ്ദു സമദ് സമദാനി, യു.കെ.കുമാരന്‍, എസ്.ഹരീഷ്, ദീപാനിശാന്ത്, സന്തോഷ് ഏച്ചിക്കാനം, സിസ്റ്റര്‍ ജെസ്മി, ഫ്രാന്‍സിസ് നൊറോണ, കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, അന്‍വര്‍ അലി, പി.രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, മനോജ് കെ. ജയന്‍, എരഞ്ഞോളി മൂസ തുടങ്ങി നിരവധി എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തരും മേളയില്‍ നിറസാന്നിദ്ധ്യമായി.

Comments are closed.