DCBOOKS
Malayalam News Literature Website

ശബ്ദമെന്നത് അറിവാണ്: റസൂല്‍ പൂക്കുട്ടി

ഓര്‍മ്മയെന്നത് ശബ്ദമാണെന്നും ശബ്ദം അറിവാണെന്നും ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രശസ്ത ചലച്ചിത്ര ശബ്ദസംയോജകനുമായ റസൂല്‍ പൂക്കുട്ടി.അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബ്ദത്തിന്റെ രൂപത്തില്‍ ബോധസ്മൃതിയില്‍ നിന്ന് പകര്‍ത്തപ്പെട്ട അറിവാണ് വേദങ്ങളായത്. മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ ഭാഗമായി ഇന്റലക്ച്വല്‍ ഹാളില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസ്സിനോട് ‘സൗണ്ടിംഗ് ഓഫ്’ എന്ന പുസ്തകത്തെക്കുറിച്ചും സൗണ്ട് ഡിസൈനര്‍ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളെക്കുറിച്ചും റസൂല്‍ പൂക്കുട്ടി സംസാരിച്ചു.

‘സൗണ്ടിംഗ് ഓഫ്’ എന്ന തന്റെ പുസ്തകം വാസ്തവത്തില്‍ എഴുതപ്പെട്ടതല്ല, മറിച്ച് പറയപ്പെട്ടതാണ്. തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണശകലങ്ങളാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. സിനിമയുടെ സന്ദേശം ഇരുപത് ശതമാനം പേരിലേക്കുമാത്രമെത്തുമ്പോള്‍ തന്റെ പുസ്തകത്തിലൂടെ കൂടുതല്‍ ആളുകളോട് സംവദിക്കാന്‍ കഴിയുന്നു. തന്റെ ജീവിതം ഒരു പുസ്തകത്തിലൂടെ രേഖപ്പെടുത്തിവെക്കാന്‍ മാത്രം അസാധാരണമൊന്നുമല്ല. പക്ഷേ പുസ്തകത്തിന്റെ രചനയിലൂടെ കടന്നുപോയപ്പോള്‍ തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമാക്കപ്പെട്ടെന്ന് തോന്നി. അസാധാരണമായ സാഹചര്യങ്ങളിലേക്ക് എറിയപ്പെട്ട ഒരു സാധാരണമനുഷ്യന്‍ മാത്രമാണ് താനെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

തൃശ്ശൂര്‍ പൂരം ശബ്ദലേഖനം ചെയ്യാനൊരുങ്ങിയപ്പോഴുള്ള അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചു. പൂരമെന്നത് കേവലം ചെണ്ടമേളം മാത്രമല്ല. അവിടെ തടിച്ചുകൂടുന്ന ജനലക്ഷങ്ങളുടെ ഊര്‍ജ്ജവും ആവേശവും സാഹോദര്യവും സമത്വവും എല്ലാം ചേര്‍ന്നതാണെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിന് സാക്ഷിയായപ്പോള്‍ അളവറ്റ ഊര്‍ജ്ജം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് സ്വയം അനുഭവിക്കാനായെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സിനിമകള്‍ക്കായി ശബ്ദലേഖനം നിര്‍വ്വഹിച്ചപ്പോഴുണ്ടായ അനുഭവങ്ങളും അതിനായി നടത്തിയ ഒരുക്കങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവച്ചു. വായന മരിക്കുന്നുവെന്ന ആശങ്കയുയരുമ്പോഴും ഷാര്‍ജ പുസ്തകമേളപോലെയുള്ള സാംസ്‌കാരികോത്സവങ്ങളില്‍ പുസ്തകങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്ന ജനസമൂഹങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് റസൂല്‍ പൂക്കുട്ടി അഭിപ്രായപ്പെട്ടു.

ചടങ്ങിന്റെ ആരംഭത്തില്‍ ഡി.സി ബുക്‌സ് പുറത്തിറക്കുന്ന, റസൂല്‍ പൂക്കുട്ടിയുടെ ‘സൗണ്ടിംഗ് ഓഫ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലിയും റസൂല്‍ പൂക്കുട്ടിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Comments are closed.