DCBOOKS
Malayalam News Literature Website

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഒക്ടോബര്‍ 1ന് തിരിതെളിയും: മലയാള സാന്നിധ്യമാകാന്‍ ഇക്കുറി ഡി സി ബുക്‌സും

റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് മാളില്‍ നടക്കുന്ന പുസ്തകമേള ഒക്ടോബര്‍ 10 വരെ ഉണ്ടായിരിക്കും

28 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 1ന് ആരംഭിക്കും. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് മാളില്‍ നടക്കുന്ന പുസ്തകമേള ഒക്ടോബര്‍ 10 വരെ ഉണ്ടായിരിക്കും. മേളയില്‍ മലയാള സാന്നിധ്യമാകാന്‍ ഇക്കുറി ഡി സി ബുക്‌സും.

പുസ്തകമേള സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യമാണ്. സൗദി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ളലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്‍സലേഷന്‍ കമ്മീഷനാണ് ഈ പുസ്തക മേള സംഘടിപ്പിക്കുന്നത്.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രത്യേകതയാണ്. സാംസ്‌കാരിക സര്‍ഗ്ഗാത്മകതയുടെ വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്ന സെമിനാറുകളും പ്രഭാഷണങ്ങളും വര്‍ക്ക്‌ഷോപ്പുകളും ഉള്‍പ്പെടുന്ന 120 ലധികം പരിപാടികള്‍. മേളയോടനുബന്ധിച്ചു സംഘടിപ്പിക്കും. സാഹിത്യ, സാംസ്‌കാരിക സെമിനാറുകളും കവിയരങ്ങുകളും കലാ, വായന, പ്രസാധന, വിവര്‍ത്തന മേഖലകളിലെ വൈവിധ്യമാര്‍ന്ന ശില്‍പശാലകളും മേളയില്‍ ഉണ്ടാവും.

ആഗോള തലത്തില്‍ തന്നെ പ്രസാധകര്‍ക്കിടയില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായി പ്രസാധകരുടെ ഒരു അന്താരാഷ്ട്ര കോണ്‍ഫെറന്‍സ് ഈ വര്‍ഷത്തെ റിയാദ് പുസ്തകമേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 4, 5 തീയതികളിലാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. പകര്‍പ്പവകാശങ്ങളും വിവര്‍ത്തനവും അവയുടെ അവസരങ്ങളും കൈമാറുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ക്കു പുറമെ, പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഡയലോഗ് സെഷനുകളും ശില്‍പശാലകളും പ്രസാധക സമ്മേളനത്തില്‍ ഉള്‍പ്പെടുന്നു.

ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, അരുന്ധതി റോയിയുടെ ‘ആസാദി’, പ്രശാന്ത് നായരുടെ ‘കളക്ടര്‍ ബ്രോ-ഇനി ഞാന്‍ തള്ളട്ടെ’, വി ജെ ജയിംസിന്റെ ‘ബി നിലവറ’ തുടങ്ങി നിരവധി പുതിയ പുസ്തകങ്ങള്‍, 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങള്‍, മാംഗോ- മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, ക്രൈംഫിക്ഷന്‍ നോവല്‍ മത്സരത്തിലെ പുസ്തകങ്ങള്‍ തുടങ്ങി നിരവധി ടൈറ്റിലുകള്‍ ഡി സി ബുക്‌സിന്റെ സ്റ്റാളിലൂടെ പ്രദര്‍ശനത്തിനെത്തും. കൂടാതെ വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, പി പത്മരാജന്‍, ഒ വി വിജയന്‍, എം ടി വാസുദേവന്‍ നായര്‍, ലളിതാംബിക അന്തര്‍ജനം, ഉറൂബ്, മാധവിക്കുട്ടി, തകഴി, ഒ ചന്ദുമേനോന്‍ , ടി ഡി രാമകൃഷ്ണന്‍, എം മുകുന്ദന്‍, എന്‍ എസ് മാധവന്‍, സാറാ ജോസഫ്, കെ ആര്‍ മീര, ഉണ്ണി ആര്‍, വിനോയ് തോമസ്, ദീപ നിശാന്ത്, ജോസഫ് അന്നംകുട്ടി ജോസ്, തുടങ്ങി മലയാളത്തിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കൊപ്പം ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങളും മേളയുടെ ആകര്‍ഷണമാകും.

ഏവര്‍ക്കും സ്വാഗതം

Comments are closed.