DCBOOKS
Malayalam News Literature Website

‘തീണ്ടാരിച്ചെമ്പ്’ അനുഭവങ്ങളുടെ നീരൊഴുക്കുകളും സമകാലീന സംഭവങ്ങളോടുള്ള പ്രതികരണവും!

ആചാരങ്ങളെ വിടാൻ തയ്യാറാകാത്ത ശ്രേഷ്ഠ സമൂഹത്തിനെതിരെയുള്ള വാളോങ്ങലും കാണാം

മിഥുന്‍ കൃഷ്ണയുടെ ‘തീണ്ടാരിച്ചെമ്പ്’ എന്ന പുസ്തകത്തിന് ബിമൽ പേരയം എഴുതിയ വായനാനുഭവം  

ആദ്യ കഥാസമാഹാരമായ ചൈനീസ് മഞ്ഞയ്ക്കു ശേഷം ഏറെ പ്രിയപ്പെട്ട സുഹൃത്ത് മിഥുൻ കൃഷ്ണയുടെ രണ്ടാമത്തെ കഥാസമാഹാരമായ തീണ്ടാരിച്ചെമ്പും പുറത്തിറങ്ങി. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച 11 കഥകളുടെ സമാഹാരമാണ്. കാലിക പ്രസക്തമായ പ്രമേയങ്ങൾ ഉൾപ്പെടുന്ന കഥകൾക്ക് ലളിതമായ ഭാഷാവതരണം. സമാഹാരത്തിലെ ആദ്യ കഥയായ മാമസിതയ്ക്ക് ട്രാൻസ്ജെൻഡേഴ്സും അഭയാർഥികളും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ആധാരം. ഇവരെ പരിഹാസത്തോടെയും അതിലേറെ പുച്ഛത്തോടെയും നോക്കി കാണുന്ന ഒരു സമൂഹം ആധുനികതയുടെ കാലത്തും ഇവിടെയുണ്ട്. ഇവരെയൊന്നും ഉൾക്കൊള്ളാനാകാത്ത മലീമസമായ ഹൃദയം പേറുന്ന സംസ്കാര സമ്പന്നരെന്നു നടിക്കുന്നവർക്കെതിരെയുള്ള വിരൽ ചൂണ്ടാണ് മാമസിത.

Textതീണ്ടാരിച്ചെമ്പ് തുറക്കുമ്പോൾ ലാലേച്ചിയിലൂടെ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് കാണുന്നത്. ലിംഗസമത്വത്തിൻ്റെ ആശയവും കഥയിലുണ്ട്. ആചാരങ്ങളെ വിടാൻ തയ്യാറാകാത്ത ശ്രേഷ്ഠ സമൂഹത്തിനെതിരെയുള്ള വാളോങ്ങലും കാണാം. കുട്ടിക്കാലത്ത് ഒരു പെൺകുട്ടി എന്ന നിലയിൽ ദുഷിച്ച ആചാരങ്ങൾ മൂലം അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളിൽ തനിക്ക് സുരക്ഷിതത്വം നൽകിയവനെന്നു തീർച്ചയുള്ളതുകൊണ്ടാവാം തെങ്ങുകയറ്റക്കാരനായ കുട്ടാപ്പുവിനെ, ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ലാലേച്ചി ജീവിതത്തിൽ കൂടെ കൂട്ടാൻ തയ്യാറായത്. എല്ലാ പ്രതിഷേധങ്ങളെയും നിശബ്ദമാക്കുന്ന ഉറച്ച തീരുമാനത്തിൻ്റെ ചങ്കുറപ്പ് ലാലേച്ചിയിൽ കാണാം. എന്നാൽ, കുട്ടാപ്പുവിലെ കാമനയുടെ വിളികളെ കണ്ടില്ലെന്നു നടിക്കുന്നതിൽ ഒരു അപൂർണത ലാലേച്ചിയിലുണ്ടോ? ആചാരപീഡനം നേരിടേണ്ടി വന്ന കൗമാരകാലത്ത് തന്നെ സുരക്ഷിത യാക്കിയ ചെമ്പിനെ പത്തു മാസം ചുമന്ന അമ്മയുടെ ഗർഭപാത്രമായി കണ്ട് മാതൃത്വത്തിൻ്റെ ഉയർന്ന തലത്തിലേക്ക് കഥാവസാനം കടക്കുന്നു.
ഏതു മാർഗത്തിലൂടെയും അർഹതയില്ലാത്ത് നേടിയെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടരും നമ്മുടെ ചുറ്റുമുണ്ട്.നന്മയും സത്യസന്ധതയുമൊന്നും ഇവർക്ക് മൂല്യങ്ങളുടെ പട്ടികയിൽപ്പെടുന്നവയല്ല. ചികിത്സാ സഹായ തട്ടിപ്പിൻ്റെ പേരിൽ പണം കൈക്കലാക്കി മറ്റു കാര്യങ്ങൾക്കു വിനിയോഗപ്പെടുത്താൻ ശ്രമിക്കുന്നവരെ തുറന്നുകാണിക്കുകയാണ് ‘ദാമ്പത്യത്തിൽ മുടിക്കുള്ള പ്രാധാന്യം, കഥയിലൂടെ.

റീജയ്ക്ക് തൻ്റെ മുടിയഴകിലൂടെ ഡോക്ടറെ പ്രലോഭിപ്പിച്ച് ചികിത്സാ സഹായത്തിനുള്ള സർക്കാർ പണത്തിനായി രേഖകൾ നിഷ്പ്രയാസം നേടിയെടുക്കാനാകുന്നു. കൃത്യതയോടെയും സത്യസന്ധമായും ചുമതലകൾ നിർവഹിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പ്രതിനിധി തന്നെയാണ് ഡോക്ടർ. തൻ്റെ മുടിക്കുള്ളിൽ ഒളിക്കണമെന്ന ഡോക്ടറുടെ ആശയെ നിറവേറ്റുന്നത് കാര്യസാധ്യത്തിനു വേണ്ടിയാണെങ്കിലും റീജ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? ശേഷം പാർലറിൽ പോയി അന്യപുരുഷൻ്റെ വിരലോടിയ നീളമേറിയ മുടി മുറിച്ചുകളയുന്നതിലൂടെ ചെയ്ത പ്രവൃത്തി ശുദ്ധീകരിക്കപ്പെടുന്നുണ്ടോ എന്നെല്ലാം വായനക്കാരന് തീരുമാനിക്കാം. ലഭിച്ച പണംകൊണ്ട് അടച്ചുറപ്പുള്ള വീടും കുട്ടികളുടെ പഠനവും വിവാഹവും സ്വപ്നം കാണുന്നതിലൂടെ ഉത്തരവാദിത്വബോധമുള്ള കുടുംബിനിയായും റീജ ഉയരുന്നുണ്ട്.
അനുഭവങ്ങളുടെ നീരൊഴുക്കുകളും സമകാലീന സംഭവങ്ങളോടുള്ള പ്രതികരണവും പറഞ്ഞുവയ്ക്കുവാനുള്ള മാധ്യമമായി കഥകളെ കാണുകയാണ് മിഥുൻ . പുതു തലമുറയിലെ എഴുത്തുകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നവരുടെ പട്ടികയിലേക്ക് ഉയരുകയാണ് മിഥുൻ്റെ കഥകൾ.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.