DCBOOKS
Malayalam News Literature Website

കവി ചെമ്മനം ചാക്കോയ്ക്ക് ആദരാഞ്ജലികള്‍

വിമര്‍ശനസാഹിത്യത്തിലൂടെ മലയാള കവിതയ്ക്ക് പുതിയ മുഖം പകര്‍ന്നു നല്‍കിയ മലയാളികളുടെ പ്രിയസാഹിത്യകാരന്‍ ചെമ്മനം ചാക്കോയ്ക്ക് ആദരാഞ്ജലികള്‍. കാക്കനാട് പടമുകളിലെ വസതിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

കോട്ടയം ജില്ലയിലെ മുളക്കുളത്ത് 1926 മാര്‍ച്ച് ഏഴിനായിരുന്നു ചെമ്മനം ചാക്കോയുടെ ജനനം. 1940കളുടെ തുടക്കത്തില്‍ അദ്ദേഹം സാഹിത്യ പ്രവര്‍ത്തനം ആരംഭിച്ചു. 1946-ല്‍ ചക്രവാളം മാസികയില്‍ ‘പ്രവചനം ‘എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു. 1965-ല്‍ പ്രസിദ്ധീകരിച്ച ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ കവിത മുതല്‍ വിമര്‍ശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967ല്‍ കനകാക്ഷരങ്ങള്‍ എന്ന വിമര്‍ശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രശസ്തനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കിയിരുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമര്‍ശിക്കുന്ന ശൈലിയായിരുന്നു ചെമ്മനം ചാക്കോയുടേത്.

അനീതിക്കെതിരെ പോരാടാന്‍ കുഞ്ചന്‍ നമ്പ്യാര്‍ തുള്ളലിനെ കൂട്ടു പിടിച്ചപ്പോള്‍ ചെമ്മനം ചാക്കോ കവിത വിമര്‍ശനോപാധിയാക്കി കവിതയിലെ കുഞ്ചന്‍ നമ്പ്യാരായി. സാമൂഹ്യ വിമര്‍ശനത്തിന്റെ കൂരമ്പുകളായി ഓരോ ചെമ്മനം കവിതയും പിറന്നുവീണപ്പോള്‍ അതു കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. വ്യക്തിപരമോ സാമൂഹികമോ ആയ അസമത്വത്തെയും അനീതിയെയും നര്‍മ്മചാതുര്യത്തോടെവിമര്‍ശിക്കുമ്പോള്‍, ആദ്യം ചിരിക്കുമെങ്കിലും ആ ചിരി ചിന്തയിലെക്കു നയിക്കുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഇടതും വലതുമായി പിരിഞ്ഞതോര്‍ത്താണ് ‘ഉള്‍പ്പാര്‍ട്ടിയുദ്ധം’ എന്ന കവിതയെഴുതുന്നത്. കവിതയിലെ ചിരികൊണ്ട് സാമൂഹ്യ വിമര്‍ശനത്തിന്റെ പുതുവഴി തുറന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചെമ്മനം ചാക്കോ എന്ന കവിയുടെ മനസ്സ് ധാര്‍മ്മിക രോഷത്തിന്റെതാണെന്ന് മലയാളി തിരിച്ചറിയാന്‍ തുടങ്ങി. ആ തിരിച്ചറിവില്‍ ഊന്നി നിന്നുകൊണ്ട് ധാര്‍മ്മിക രോഷത്തിന്റെ തീപ്പൊരികളാണ് കഴിഞ്ഞ കാലമിത്രയും ചെമ്മനം മലയാള കവിതയ്ക്ക് സമ്മാനിച്ചത്. ഇങ്ങനെയൊരാള്‍ ചെമ്മനം ചാക്കോ മാത്രമേയുള്ളു. അതിനാലാണദ്ദേഹത്തെ കവിതയിലെ ഒറ്റയാനെന്ന് വിശേഷിപ്പിക്കുന്നത്. അനുകരണം അസാധ്യമാക്കിതീര്‍ക്കുന്ന കവിയെന്നാണ് നിരൂപകര്‍ അദ്ദേഹത്തെ വാഴ്ത്തിയിട്ടുള്ളത്. മറ്റാരെയും കൂട്ടുപിടിക്കാതെ ഒറ്റയ്ക്കു നിന്നുപോരാടുന്ന കവി. അദ്ദേഹമൊരിക്കലും അനുയായികളെ സൃഷ്ടിച്ചിട്ടില്ല. തന്റെ കവിതകളെ വാഴ്ത്തിപ്പാടാന്‍ ആരേയും നിയോഗിച്ചതുമില്ല. കാവ്യാസ്വാദകര്‍ അദ്ദേഹത്തെ അംഗീകരിക്കുകയായിരുന്നു. തനിക്ക് ശരിയെന്നു തോന്നിയകാര്യങ്ങളുടെ പക്ഷം ചേര്‍ന്ന് അദ്ദേഹം ഉറക്കെ പാടി. ‘ഇരുട്ടു കീറുന്ന വജ്രസൂചി’യാണ് ചെമ്മനം കവിതകളെന്ന് കവി ഒഎന്‍വി കുറുപ്പ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ വാസ്തവമായി. ”കാലത്തിനൊത്തു നീ മാറേണ്ട തൂലികേ!, കാലത്തെ മാറ്റുവാന്‍ നോക്കൂ…” എന്നാണ് സ്വന്തം എഴുത്തിനെ ചെമ്മനം ഉപദേശിച്ചത്. കവിയായി ഒറ്റയ്ക്കു നിന്നുകൊണ്ട് ചെമ്മനം വലിയ സമരങ്ങള്‍ നടത്തുകയാണ്. സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ ചെമ്മനത്തിന്റെ മൂര്‍ച്ചയേറിയ തൂലിക മരണംവന്ന് പുല്‍കുംവരെയും ചലിച്ചുകൊണ്ടേയിരുന്നു.

കനകാക്ഷരങ്ങള്‍, നെല്ല്, പുത്തരി, അസ്തരം, ആവനാഴി, ജൈത്രയാത്ര, രാജപാത, ആഗ്‌നേയാസ്ത്രം, രാജാവിന് വസ്ത്രമില്ല, ആളില്ലാക്കസേരകള്‍, ചിന്തേര്, ധര്‍മ്മസങ്കടം തുടങ്ങി നിരവധി കവിതാസമാഹാരങ്ങള്‍. സ്വയംപ്രകടിപ്പിക്കാന്‍ കഴിവില്ലാതെ ജനങ്ങളുടെ മനസ്സില്‍ വീര്‍പ്പുമുട്ടിക്കടക്കുന്ന വികാരങ്ങള്‍ക്കാണ് ചെമ്മനം കാവ്യരൂപം നല്‍കിയത്. രചനാകൗശലവും നര്‍മ്മത്തിന്റെ സൂക്ഷ്മഭാവങ്ങളും കാലികപ്രശ്‌നങ്ങളുടെ സന്ദര്‍ഭോചിതമായ അവതരണവുമാണ് ചെമ്മനം കവിതകളെ മലയാളത്തിന്റെ, മലയാളിയുടെ കണ്ണാടിയാക്കിമാറ്റിയത്. മലയാള സാഹിത്യത്തറവാടിന്റെ പൂമുഖത്ത് ആരെയും കൂസാതെ തനിക്കുള്ള കസേരയിട്ട് ആ വലിയ കവിയിരുന്നു. ആ കസേരയില്‍ ഇനി ആളില്ല…ഒരിക്കലും നികത്താനാവാത്ത ഒരു വലിയ ശൂന്യതയാണത്… ജീവിതത്തിന്റെ ആഴങ്ങള്‍ അളക്കുന്ന, ചിരിയും ചിന്തയും സമന്വയിപ്പിച്ച കവിതകളെഴുതിയ ആ വലിയ മനുഷ്യനു പകരം നമുക്കിനി ആരാണുള്ളത്?

Comments are closed.