DCBOOKS
Malayalam News Literature Website

ഇന്ത്യാ ചരിത്രത്തിലെ കേൾക്കാത്ത കഥകള്‍ …!

Manu S Pillai

മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും എന്ന പുസ്തകത്തിന് ജിനീഷ് കുഞ്ഞിലിക്കാട്ടില്‍ എഴുതിയ വായനാനുഭവം

ഒരു പിടി ചരിത്ര പുസ്തകങ്ങൾ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരിൽ ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാൻ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ്‌ പിള്ള. മനുവിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും.ഇന്ത്യ ചരിത്രത്തിലെ കേൾക്കാത്ത കഥകളെ വെളിച്ചത്തുകൊണ്ടുവരികയാണ് മനു ഇതിൽ ചെയ്തിരിക്കുന്നത്.

ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും എന്ന പുസ്തകത്തിന്റെ പേര് കേൾക്കുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ഇവർ തമ്മിൽ തമ്മിൽ എന്ത് ബന്ധം എന്ന് തോന്നിയേക്കാം. ഇവരെ തമ്മിൽ കൂട്ടിയിണക്കുന്ന ഒന്നും തന്നെ ഇല്ലെങ്കിലും ഇന്ത്യ ചരിത്രത്തിൽ വേറിട്ട അടരുകളും അദ്ധ്യായങ്ങളും ഇവർക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ട് എന്നുള്ളതാണ് വസ്തുത . ഒരു പക്ഷെ ഗാന്ധിയോളം വിപുലമായ രീതിയിൽ അല്ലെങ്കിലും മറ്റു രണ്ടുപേർ ചരിത്രത്തിൽ അവരുടേതായ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തിൽ നിന്നും സ്വായത്തമാക്കേണ്ടത് വിവേകമാണ്,ക്രോധാവേശമല്ല എന്ന് ചിലർ നമ്മളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പുസ്തകത്തിന്റെ മുഖവുരയിൽ ഗ്രന്ഥകാരൻ പറയുന്നുണ്ട്.ചരിത്രത്തിൽ നിന്നും നാം പഠിക്കേണ്ടതെന്താണെന്ന് വളരെ കൃത്യമായി അതിൽ പറഞ്ഞു വെയ്ക്കുന്നു.മൂന്നു ഭാഗങ്ങളിലായാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് രാജിന് മുൻപുള്ള ആദ്യഭാഗവും, ബ്രിട്ടീഷ് രാജിന് ശേഷമുള്ള രണ്ടാം ഭാഗവും പുസ്തകത്തിന്റെ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നു.അവസാന ഭാഗം ഒരദ്ധ്യായം മാത്രമുള്ള ഒരു ചെറു വിവരണമായി ചുരുങ്ങിയിരിക്കുന്നു. അനവധി കൗതുകരമായ കഥകൾ, മുഴുവൻ മായാതെയും വീണ്ടും എഴുതിച്ചേർത്തും കിടക്കുന്ന ഒരു എഴുത്തു പലകയാണ് ഇന്ത്യൻ ചരിത്രം എന്ന് മനു തുടങ്ങി വെയ്ക്കുന്നു. ചരിത്രത്തിൽ അധികമാരും പറയാത്ത അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടുത്ത എങ്കിലും Textഅന്നത്തെ കാലഘട്ടത്തിൽ ശ്രദ്ധചെലുത്തിയിരുന്ന നിരവധി പേരുടെ കഥകൾ പുസ്തകത്തിൽ ഉണ്ട്. ഹിന്ദു ദൈവത്തെ പ്രണയിച്ചു എന്ന് പറയപ്പെടുന്ന മുസ്ലിം സ്ത്രീ- തുലുക്ക നാച്ചിയാർ രാജകുമാരിയുടെ അടക്കം നമ്മൾ സാധാരണ കേൾക്കാത്ത നിരവധി ആളുകളുടെ ചരിത്രമുണ്ടിതിൽ.1565 ലെ വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ മനുവിന്റെ റിബ്ബൽ സുൽത്താന്മാർ എന്ന മറ്റൊരു പുസ്തകത്തിൽ പറയുന്നുണ്ട്. യുദ്ധം ജയിച്ച ഹുസൈൻ നിസ്സാം ഷായ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഇതിൽ കാണാം.ഷാ യുടെ ബീഗം ഖുൻസ ഹുമയൂനിന്റെ ചതി, തിരുവിളയാടൽ പുരാണത്തിനു പ്രചോദനമായതെന്ന് വിശ്വസിക്കുന്ന മൂന്നു മുലകളുള്ള ഒരു രാജ്ഞിയുടെ കഥ,ഒരു ഗണികയിൽ നിന്നും റാണിയിലേക്കു ഉയർത്തപ്പെടുകയും ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പള്ളി പണിയുകയും ചെയ്ത ബീഗം സമ്രു ,മുക്കുവ കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ ഒരാളെയെങ്കിലും ഇസ്ലാം ആയി വളർത്തണമെന്നു ഉത്തരവിട്ട കോഴിക്കോട്ടെ ഒരു ഹിന്ദു രാജാവിന്റെ കഥ ,1921 ലെ മാപ്പിള കലാപം,ഏറ്റവും പ്രാചീന പാട്ടുകളിലൊന്നായ കോട്ടൂർ പള്ളി മാലയെ കുറിച്ചുള്ള വിവരങ്ങൾ ,നമ്മൾ നവോത്ഥാനം ആയി ഉയർത്തിക്കാണിക്കുന്ന മുല മുറിച്ച നങ്ങേലിയുടെ കഥയിലെ വൈരുധ്യം ,പാരീസിൽ അന്ത്യവിശ്രമം കൊള്ളുന്ന അവധിലെ ഇന്ത്യൻ റാണി മലിക കിഷ്വാർ,കണ്ണൂരിലെ അറയ്ക്കൽ കുടുംബാംഗമായിരുന്ന ജാനു ബാബി || ഓട്ടോമൻ സുൽത്താന് സന്ദേശമയച്ച കഥ,ഇന്ത്യൻ വിദ്യാഭ്യാസത്തെയും സാംസ്‌കാരിക മഹത്വത്തിനെക്കുറിച്ചും മെക്കാളെ പറഞ്ഞെന്നും പറഞ്ഞു നമ്മൾ സോഷ്യൽ മീഡിയയിൽ പരക്കുന്ന കഥകളുടെ സത്യാവസ്ഥ അങ്ങനെയങ്ങനെ താല്പര്യമുണർത്തുന്ന നിരവധി വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. അപവാദ കഥകളിലെ ബ്രാഹ്മണസ്ത്രീയായി കുറിയേടത്തു മനയിലെ സാവിത്രീയും ഒരധ്യായം ഇതിൽ അലങ്കരിക്കുന്നു. വിചാരണയ്ക്ക് ശേഷം സാവിത്രീ തമിഴ്‌നാട്ടിലേക്ക് പോയി എന്നാണ് ഇതിൽ പറയുന്നത്. ചില പുസ്തകങ്ങളിൽ അവർ ചാലക്കുടിയിൽ എവിടെയോ താമസമാക്കി എന്ന് ഞാൻ വായിച്ചതായി ഓർക്കുന്നു .

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ചരിത്ര വസ്തുതകളോടൊപ്പം ചില ‘എങ്കിലു’കളുടെ സാധ്യത മനു പല അദ്ധ്യായങ്ങളിലായി പങ്കുവെയ്ക്കുന്നു. . ഉദാഹരണമായി ഗാന്ധി1948 ൽ കൊലചെയ്യപെട്ടില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന് ഒരു അധ്യായത്തിൽ വിവരിക്കുന്നുണ്ട്. അതുപോലെ തളിക്കോട്ട യുദ്ധം രാമയാർ ആണ് ജയിച്ചിരുന്നെകിൽ എന്താകുമായിരുന്നു എന്നൊക്കെയുള്ള ചില ചിന്തകൾ ഇ പുസ്തകത്തിൽ ഉണ്ട് .മറ്റൊരു അധ്യായത്തിൽ ഓരംഗസീബിന് പകരം ദാരാ ഷുക്കോ ആയിരുന്നു ചക്രവർത്തി ആയിരുന്നെങ്കിൽ മുഗൾ ചരിത്രം എന്താകുമായിരുന്നു എന്ന് ചർച്ച ചെയ്യുന്നുണ്ട്. ഒരു ചരിത്രസംബന്ധിയായ പുസ്തകത്തിൽ അത്തരം പരാമർശങ്ങൾ വേണമായിരുന്നില്ല എന്ന് തോന്നുന്നു.കാരണം ചരിത്രത്തിൽ ഇത്തരം ‘എങ്കിലു’കൾക്കു പ്രസക്തിയില്ല തന്നെ. ചരിത സംഭവങ്ങളിൽ ഈ എങ്കിലുകൾ തിരുകി കയറ്റിയാൽ നിരവധി നോവലുകൾ പിറന്നേക്കാം പക്ഷെ അതൊക്കെ ചരിത്രവുമായി പുലബന്ധം കാത്തുസൂക്ഷിക്കാത്ത ഒരു പുസ്തകക്കെട്ടു മാത്രമായിരിക്കും .ഒന്നാലോചിച്ചു നോക്കൂ രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ ആയിരുന്നു ജയിച്ചിരുന്നെകിൽ എന്താകുമായിരുന്നു എന്ന് ? പരാജയപ്പെട്ട റഷ്യ, അമേരിക്ക ബ്രിട്ടൻ എന്ന ലോകരാജ്യങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നു ? ഒരുപക്ഷെ നേതാജി സുഭാഷ് ചന്ദ്ര ബോസിന് വിമാന അപകട നാടകം നടത്തേണ്ടി വരില്ലായിരിക്കും. ഇന്ത്യ വളരെ നേരത്തെ സ്വാതന്ത്രം പ്രാപിച്ചേക്കാം , ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത് നെഹ്രുവിനു പകരം വേറെ സുഭാഷ് ചന്ദ്രബോസോ അല്ലെങ്കിൽമറ്റു പലരോ ആയിരുന്നേക്കാം. വിഭജനം സംഭവിക്കില്ലായിരിക്കാം , ഗാന്ധിജി കൊല്ലപ്പെടില്ലായിരിക്കാം , ചൈന ഇന്ത്യയെ അക്രമിക്കില്ലായിരിക്കാം,. അങ്ങനെ സാധ്യതകൾക്ക് ഒരു പഞ്ഞവുമില്ല .’എങ്കിൽ’ എന്ന പദത്തിന് ചരിത്രത്തിൽ ഒരു സ്ഥാനവുമില്ല. ഈ പുസ്തകത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച വളരെയധികം നിഗൂഢതകളുള്ള ഒരാളുടെ ഒരു തരിമ്പു വിവരം പോലും കാണാൻ സാധിച്ചില്ല. അത് സുഭാഷ് ചന്ദ്ര ബോസിന്റെയാണ്. മിന്റ് ലോഞ്ച് എന്ന പത്രത്തിൽ മീഡിയം റെയർ എന്ന പ്രതിവാരപംക്തിയാണ് ഈ പുസ്തകം പിറക്കുന്നതിന് പിന്നിൽ എന്ന് മനു പറയുന്നുണ്ട് . അതിലെ കൃഷ്ണദേവരായരെ കുറിച്ചുള്ള ഒരു ലേഖനം 29 May 2020 ൽ പോസ്റ്റ് ചെയ്‌തതു കണ്ടിരുന്നു. ഒരുപക്ഷെ ആ പരമ്പര തുടരുന്നുണ്ടെങ്കിൽ ഭാവിയിൽ പറയപ്പെടാനായി സുഭാഷ് ചന്ദ്രബോസിന്റെ കഥകളും പ്രത്യക്ഷപ്പെടുമായിരിക്കും. ഇവിടെ ‘എങ്കിലു’കൾക്കു പ്രസക്തിയും ഒപ്പം പ്രതീക്ഷകളും ഉണ്ടല്ലോ!

ദന്ത സിംഹാസനം തർജ്ജമ ചെയ്ത പ്രസന്ന.കെ.വര്‍മ തന്നെയാണ് ഇതും മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.