DCBOOKS
Malayalam News Literature Website

ആത്മഹത്യകളും മീഡിയ ഉപയോഗവും…!

media use and suicide

🛑ലോകത്ത് ഒരു വർഷം എട്ടു ലക്ഷം ആത്മഹത്യകൾ നടക്കുന്നു എന്നാണ് കണക്ക്. അതായത് ഓരോ 40 സെക്കൻഡിലും ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും productive ആയ പ്രായത്തിലുള്ളവരാണ്(20-40) ഇങ്ങനെ മരിക്കുന്നവരിൽ കൂടുതലും. ഇത് മനസ്സിലാക്കിയത് കൊണ്ടാണ് ലോകാരോഗ്യ സംഘടന അടക്കം ആത്മഹത്യയെ “silent epidemic” എന്ന് വിളിക്കുന്നത്. ആത്മഹത്യകൾ തടയുന്നതിനും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഇന്ന് ലോകത്താകമാനം സർക്കാരുകളും മറ്റു സംഘടനകളും നിരവധിയായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. പ്രധാന പ്രതിരോധമാർഗങ്ങൾ ഇവയാണ്.

1. ചെറുപ്പം മുതലേ മികച്ച മാനസികാരോഗ്യം ഉറപ്പാക്കുന്ന രീതിയിൽ വിദ്യാഭ്യാസവും, മറ്റ് പരിശീലനങ്ങളും ഉറപ്പാക്കുക. ജീവിത നൈപുണ്യങ്ങൾ വർധിപ്പിക്കുക.

2. മാനസിക ആരോഗ്യ പ്രശ്നങ്ങളെ നേരത്തെ കണ്ടെത്തുകയും അതിന് ആവശ്യമായ പരിചരണം നൽകുകയും ചെയ്യുക.

3. മാനസികാരോഗ്യത്തെ കുറിച്ചും ആത്മഹത്യയെക്കുറിച്ചും, സമൂഹത്തിൽ പൊതുവായ ധാരണ വളർത്തുക.

4. കടുത്ത ലഹരി ഉപയോഗം കണ്ടെത്തി പരിഹരിക്കുക.

5. സാമൂഹികമായ കരുതലും പിന്തുണയും ആളുകൾക്ക് ഉറപ്പാക്കുക.

6. ആത്മഹത്യാ സാധ്യത കൂടുതൽ ഉള്ള ആളുകളെ കണ്ടെത്തി അവർക്ക് വേണ്ട മുൻഗണന നൽകുക.

7. മാനസികാരോഗ്യ പരിചരണത്തിന് കൂടുതൽ സംവിധാനങ്ങൾ ഉറപ്പാക്കുക.

♥️ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. മാനസികരോഗവസ്ഥകളെ കുറിച്ചും ആത്മഹത്യയെക്കുറിച്ചും, അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചും, ആവശ്യമായ സഹായം എവിടെനിന്ന് ലഭിക്കുമെന്നും ഒക്കെ ആളുകളെ ബോധവൽക്കരിക്കാൻ വളരെ എളുപ്പത്തിൽ മാധ്യമങ്ങൾക്ക് സാധിക്കും. മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറിയ ആളുകളെ കുറിച്ചുള്ള വാർത്തകൾ, ഇതു പോലെയുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പ്രതീക്ഷകൾ നൽകുന്നതാണ്. ഇത്തരത്തിലുള്ള ബോധവൽക്കരണം മൂലം കൂടുതൽ ആളുകൾ അവരുടെ മാനസികമായ ബുദ്ധിമുട്ടുകൾ തിരിച്ചറിയുകയും, അതിനുവേണ്ടി സഹായം തേടുകയും, സ്വയം ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥയിൽ എത്താതെ രക്ഷപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

♦️എന്നാൽ ഈ നല്ല ഗുണങ്ങൾകൊപ്പം, ആത്മഹത്യയെ കുറിച്ചുള്ള വാർത്തകൾ ലളിതമായി കൈകാര്യം ചെയ്യുന്നത് കൂടുതൽ ദോഷങ്ങൾ വരുത്തി വെക്കാം. ആത്മഹത്യകളെ കുറിച്ചുള്ള പത്രവാർത്തകളും മീഡിയ റിപ്പോർട്ടുകളും വായിച്ചും, കേട്ടും, മറ്റുള്ള വ്യക്തികൾ ഇത് അനുകരിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിത പ്രാധാന്യം നൽകിയും കാല്പനിക വൽക്കരിച്ചുമുള്ള ആത്മഹത്യാ വാർത്തകളുടെ റിപ്പോർട്ടിംഗ് ആത്മഹത്യകളുടെ എണ്ണം കൂട്ടുമെന്ന് ഉറപ്പിക്കുന്ന പഠനങ്ങളുണ്ട്.

♦️The Sorrows of Young Werther” 1774-ൽ ഗോഥെ രചിച്ച നോവലാണിത്. പ്രധാന കഥാപാത്രമായ വെർതർ പ്രേമ പരാജയത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണ്. ആ കാലത്ത് വളരെയധികം ശ്രദ്ധ നേടിയ ഒരു നോവലായിരുന്നു ഇത്. നോവൽ പുറത്തിറങ്ങിയതിന് ശേഷം യൂറോപ്പിലെ ആത്മഹത്യാ നിരക്ക് ഉയർന്നു. ഇതിനെ വെർതർ എഫക്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. “Final Exit” എന്നൊരു പുസ്തകം ഉണ്ട്. 1991-ൽ Derek Humphrey എഴുതിയ പുസ്തകമാണ്. വിവിധ ആത്മഹത്യാ രീതികൾ ഉള്ളടക്കമായുള്ള ഒരു പുസ്തകം. പുസ്തകം പ്രചരിച്ചപ്പോൾ ന്യൂയോർക്കിലെ ആത്മഹത്യാ നിരക്ക് ഉയർന്നു.

♥️ആത്മഹത്യാ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആത്മാർത്ഥമായി ബന്ധപ്പെട്ട പഠനങ്ങളിൽ കണ്ടെത്തിയ കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. ഇത്തരം വാർത്തകൾ വരുന്ന ആദ്യ രണ്ട് മൂന്ന് ദിവസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ആത്മഹത്യാ സാധ്യത കൂടുന്നത്. ഇത് രണ്ടാഴ്ച വരെ നീണ്ടുനിൽക്കാം.

2. അമിത പ്രാധാന്യത്തോടെ, പ്രധാന വാർത്തയായി നൽകുന്നതും, വീണ്ടും വീണ്ടും ഒരേ വാർത്ത കൊടുക്കുന്നതും ഈ സാധ്യത കൂട്ടുന്നു.

3. ആളുകൾ വളരെ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളുടെ ആത്മഹത്യ വാർത്തകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നത് ചെറുപ്രായക്കാരിൽ ആത്മഹത്യാ സാധ്യത വളരെ കൂട്ടുന്നതായി കണ്ടിട്ടുണ്ട്.

4. ചെറുപ്പക്കാർ, വിഷാദം പോലെയുള്ള അവസ്ഥ ഉള്ളവർ തുടങ്ങിയവർ മരണം അനുകരിക്കാൻ സാധ്യത കൂടുതലാണ്.

5. ആത്മഹത്യ ചെയ്ത രീതിയെക്കുറിച്ചും, സ്ഥലത്തെക്കുറിച്ചുള്ള വളരെ വിശദമായ വാർത്തകൾ ഈ അപകടത്തിൽ ഉള്ള സാധ്യത വളരെയധികം കൂട്ടും.

♦️ആത്മഹത്യ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി മാധ്യമപ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ഇതിലെ പ്രധാന നിർദ്ദേശങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

1. ഇത്തരം അവസരങ്ങൾ ആളുകളെ ശരിയായി ബോധവൽക്കരിക്കുന്നതിനായി ഉപയോഗിക്കുക.

പലവിധ കാരണങ്ങൾ കൊണ്ടാണ് ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നത്. അതിനെ ഏതെങ്കിലും ഒരു പ്രത്യേക സംഭവുമായോ, ജീവിതത്തിലെ ഏതെങ്കിലും പ്രശ്നം മൂലമോ ആണ് എന്ന തരത്തിൽ അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണകൾ ഉണ്ടാക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആത്മഹത്യ ഒരു പരിഹാരമാണ് എന്ന് ആളുകൾ ചിന്തിക്കാൻ സാധ്യതയുണ്ട്.

2. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ആത്മഹത്യാചിന്തകൾ ഉള്ളവർക്കും സഹായം എങ്ങനെ ലഭ്യമാകുമെന്നും, എവിടെനിന്ന് ലഭ്യമാകുമെന്നും വാർത്തകൾ നൽകുന്നത് ഉചിതമാണ്.

3. ആത്മഹത്യയെ ലളിതവൽക്കരിക്കുന്നതോ, കാല്പനികവൽക്കരിക്കുന്നതോ ആയ വാക്കുകളും അവതരണ രീതികളും ഉപേക്ഷിക്കണം. ആത്മഹത്യാ വാർത്തകൾ പ്രധാന തലക്കെട്ട് ആയി കൊടുക്കുന്നതും ഒഴിവാക്കാം. Unsuccessful suicide (പരാജയപ്പെട്ട ആത്മഹത്യാ ശ്രമം) committed suicide തുടങ്ങിയ പദപ്രയോഗങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും.

4. ഇത്തരം വാർത്തകൾ പത്രത്തിന്റെ ഒന്നാമത്തെ പേജിലോ, പ്രധാന വാർത്തയായോ നൽകുന്നത്, അനുകരിക്കനുള്ള സാധ്യത കൂട്ടും. അതുകൊണ്ട് പത്രത്തിന്റെ അകത്തെ താളുകളിലോ, ടിവി വാർത്തകളിൽ പ്രധാന വാർത്തകൾക്ക് ശേഷമോ നൽകുന്നതാണ് ഉത്തമം. ഒരേ വാർത്ത തന്നെ വീണ്ടും വീണ്ടും പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതും ഒഴിവാക്കാം.

5. മരണത്തിനായി ഉപയോഗിച്ച രീതിയെക്കുറിച്ചും സന്ദർഭത്തെ കുറിച്ചും വളരെ വിശദമായി എഴുതുന്നതും പറയുന്നതും ഒഴിവാക്കണം. അതുപോലെതന്നെ മരിക്കാനായി തെരഞ്ഞെടുത്ത സ്ഥലത്തെ പേര് പറഞ്ഞു വിളിക്കുന്നത് ഒഴിവാക്കാം. ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും സൂയിസൈഡ് പോയിൻറ് എന്ന് പറയുന്ന സ്ഥലങ്ങൾ ഉണ്ട്. ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കാം. അതുപോലെ ഇതേ സ്ഥലത്ത് മുൻപും മരണങ്ങൾ നടന്നിട്ടുണ്ട് എന്ന രീതിയിൽ വാർത്തകളും കണക്കുകളും കൊടുക്കുന്നതും ഒഴിവാക്കാം.

6. വാർത്താ തലക്കെട്ടുകളിൽ ആത്മഹത്യ എന്ന വാക്ക് കഴിവതും ഒഴിവാക്കാൻ ശ്രമിക്കാം അതോടൊപ്പം ആത്മഹത്യയ്ക്ക് ഉപയോഗിച്ച രീതിയും സ്ഥലവും ഒഴിവാക്കണം.

7. മരണത്തെക്കുറിച്ചുള്ള ചിത്രങ്ങളോ വീഡിയോയോ നൽകുമ്പോൾ കൂടുതൽ കരുതൽ വേണം. മരിച്ച ആളുടെ ഐഡന്റിറ്റി പുറത്ത് വരുന്ന രീതിയിലുള്ള വാർത്തകൾ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ ആത്മഹത്യാ കുറിപ്പുകളും വാർത്തയായി നൽകാൻ പാടില്ല.

8. പ്രമുഖരായ വ്യക്തികളുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധവേണം. അമിതമായ കാൽപ്പനിക വൽക്കരണവും മഹത്വ വൽക്കരണവും ആത്മഹത്യ എന്നത് ഒരു പരിഹാരമാർഗമാണ് എന്ന് സമൂഹം ചിന്തിക്കുന്നതിന് കാരണമാകും. അവർക്ക് മരിക്കാം എങ്കിൽ എന്തുകൊണ്ട് എനിക്കും പറ്റില്ല എന്ന് ആളുകൾ ചിന്തിക്കാം. മരണ കാരണത്തെ കുറിച്ച് ഊഹാപോഹങ്ങൾ നടത്തുന്നതും ഒഴിവാക്കണം.

9. മരിച്ച വ്യക്തിയുടെ ചിത്രം വലിയ പ്രാധാന്യത്തോടെ/മുൻപേജിൽ പബ്ലിഷ് ചെയ്യുന്നത് ഒഴിവാക്കണം.

10. മരിച്ച ആളുകളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആവശ്യമായ സ്വകാര്യതയും പരിഗണനയും നൽകണം. മരണത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ തേടുന്നതും, മാധ്യമ ചർച്ചകളിൽ അവരെ വിളിക്കുന്നതും ഒഴിവാക്കാം. അടുത്ത വ്യക്തിയുടെ മരണം മൂലം കഷ്ടപ്പെടുന്ന ആളുകളുടെ വേദന ഇത്തരം പ്രവർത്തികൾ കൂട്ടാം.

11. ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അപകടസാധ്യത ഉണ്ട് എന്നുള്ള കാര്യം ഓർക്കണം. അവർക്ക് ആവശ്യമായ പരിഗണനയും മറ്റു സേവനങ്ങളും ഉറപ്പാക്കണം.

♠️മുൻപ് അച്ചടിമാധ്യമങ്ങൾക്ക് ലഭിച്ചിരുന്ന സ്ഥാനം ഇപ്പോൾ വിഷ്വൽ മീഡിയക്കും ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ സോഷ്യൽ മീഡിയയും വളരെ ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്.

♥️വിരളമാണെങ്കിലും ആത്മഹത്യകളെ കാല്പനിക വൽക്കരിക്കുന്ന പ്രവണത സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇതൊക്കെ ആത്മഹത്യകൾ കൂട്ടാൻ കാരണമാകും. അച്ചടി- ശ്രവ്യ-ദൃശ്യ മാധ്യമങ്ങൾക്ക് ബാധകമായ കാര്യങ്ങളെല്ലാം സോഷ്യൽമീഡിയയിലും ബാധകമാണ്.

♦️റെസ്പോൺസിബിൾ ആയ ഒരു സോഷ്യൽ മീഡിയ വക്താവാണ് നിങ്ങളെങ്കിൽ അൽപം നിയന്ത്രണം പാലിക്കുന്നത് എപ്പോഴും നന്നായിരിക്കും. മരണങ്ങളിലും ആത്മഹത്യകളിലും എല്ലാവർക്കും വ്യസനമുണ്ട്. ആർക്കും വ്യസനം ഉണ്ടാവാതിരിക്കില്ല. കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടുന്ന, അറിയുന്ന ആൾക്കാർ മരിക്കുമ്പോൾ സ്വാഭാവികമായും കൂടുതൽ പേർക്ക് വ്യസനം ഉണ്ടാവും. അത്തരം സന്ദർഭങ്ങളിൽ അനുശോചനം രേഖപ്പെടുത്തുമ്പോൾ ഒരല്പം മിതത്വം പാലിക്കുന്നത് നന്നായിരിക്കും.

♦️അതുകൊണ്ട് മരിച്ചവ്യക്തിയുടെ ചിത്രങ്ങളും വൈകാരികതയും കാല്പനിക വൽക്കരണവും സോഷ്യൽ മീഡിയയിൽ ഒഴിവാക്കുന്നതാണ് അഭികാമ്യം.

♥️മാനസിക ആരോഗ്യത്തെ കുറിച്ച് ശരിയായ വിവരങ്ങൾ പങ്കു വയ്ക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാനസികാരോഗ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിൽ ഇത് വളരെ സഹായകമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആത്മഹത്യകൾ പോലെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവർത്തനം വഴി ആളുകളുടെ സുരക്ഷ ഉറപ്പാക്കാനും, അതോടൊപ്പം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സഹായം ഉറപ്പാക്കാനും നമുക്ക് കഴിയണം. ആത്മഹത്യയെയും, ആത്മഹത്യാ കാരണങ്ങളെയും നമുക്ക് ഒരുമിച്ച് നേരിടാം.

എഴുതിയത് Jithin T Joseph, Jinesh PS
Info clinic

Comments are closed.