DCBOOKS
Malayalam News Literature Website

ജീവിതത്തിന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ട് നില്‍ക്കുമ്പോഴും ഒരു സാമൂഹ്യജീവിയായി കഴിയാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥ

ജീവിതത്തിന്റെ തുരുത്തുകളിൽ ഒറ്റപ്പെട്ട് നില്ക്കുമ്പോഴും ഒരു സാമൂഹ്യജീവിയായി കഴിയാൻ വിധിക്കപ്പെട്ട മനുഷ്യരുടെ കഥ പറയുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ ‘9’ എന്ന നോവലിന് പുസ്തകവിചാരം എന്ന ബ്ലോഗ്‌സ്‌പോട്ടില്‍ പ്രസിദ്ധീകരിച്ച വായനാനുഭവം.

കാലവും ദേശവും കുറെ മനുഷ്യമനസ്സുകളും വിശാലമായ കാന്‍ വാസ്സില് കൃത്യമായി അടയാളപ്പെടുത്തുമ്പോഴാണ് നല്ല നോവലുകള്‍ ജനിക്കാറ്. സ്വന്തം ദേശം തന്നെ ആണെങ്കില്‍, ജന്മലബ്ധമായ ആത്മാന്വേഷണങ്ങളിലൂടെ മുന്നേറുന്ന രചനാരീതിയാണെങ്കില്‍ അതിന്റെ ആസ്വാദ്യതയും ഏറും. പാരിസ്ഥിതിക വിവേകവും ഹരിതബോധവും ഉള്ള ഒരു പിടി മനുഷ്യര്‍ നമുക്ക് ഉണ്ടായിരുന്നുവെന്ന് ഇന്നത്തെ തലമുറ കണ്ടുപിടിച്ച് രേഖപ്പെടുത്തുമ്പോഴാണ് അത്തരം ജന്മങ്ങള്‍ക്ക് അര്ത്ഥങ്ങളുണ്ടാവുന്നതും.

ഹൈറേഞ്ച് എന്ന പ്രകൃതിയുടെ അനിതര സാധാരണമായ കാലാവസ്ഥയിലെ ഈ നോവല്‍ (‘9’) സുസ്മേഷ് ചന്ത്രോത്ത് എന്ന യുവ കലാകാരന്‍ മലയാളത്തിന് നല്കുമ്പോള്‍ ഇത്തരം ധാരാളം ദൗത്യങ്ങള്‍ നിര്‍‌വഹിക്കുന്നുമുണ്ട്. ദീപക് എന്ന യുവാവ് കേട്ടതും കണ്ടതും അനുഭവിച്ചതുമായ മുഹൂര്‍ത്തങ്ങള്‍ക്ക് കാലപരിധി അത്രയേറെയില്ലെങ്കിലും വന മര്‍മ്മനിഗൂഢമായ കാട്ടുവഴികളെ തൂര്‍ന്നെടുത്തു നാട്ടുവഴികളാക്കിയ കുറേ കുടിയേറ്റങ്ങള്‍ ഇവിടെ അനാവൃതം ചെയ്യപ്പെടുന്നു.

നോവലിന്റെ BLURB-ല്‍ പറഞ്ഞിരിക്കുന്നത് വായിക്കുമ്പോള്‍, ഒറ്റപ്പെടല്‍ അനുഭവിയ്ക്കുന്ന ധാരാളം കഥാപാത്രങ്ങള്‍ നോവലില്‍ ഉണ്ടെന്ന് തോന്നും. ഹൈറേഞ്ചിന്റെ പ്രകൃതി പശ്ചാത്തലവും കേരള ചരിത്രവും ചേര്‍ത്ത് കഥയെ യാഥാര്‍ത്ഥ്യത്തോട് അടുപ്പിക്കുവാന്‍ നോവലിസ്റ്റ് പരിശ്രമിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ മേലനങ്ങി പണിയെടുക്കുന്ന സ്വഭാവവിശേഷം ഇന്നത്തെ കൈയേറ്റ മാഫിയക്കാര്‍ക്ക് പഠിയ്ക്കാനൊരു ചരിത്രമായി ഈ നോവല് പലയിടത്തും സഹായം നീട്ടുന്നു.

ഒറ്റപ്പെടല്‍ മറ്റൊരു മാനസികാവസ്ഥയായി മാറുന്ന രീതിയാണെവിടെയും കൂട്ടായ്മയുടെ വിജയം കുടിയേറ്റ കാലത്തുണ്ടായിരുന്നെന്നും അതിന് മൂലകാരണം സ്വന്തം നാട്ടിലെ സ്വന്തം ആളുകളുടെയിടയിലെ ഒറ്റപ്പെടലാണെന്നും സാമാന്യമായി പറയാം.

Textഅടിക്കാട് വരെ നനയാത്ത മഴപോലെ ജീവതം നിരര്ത്ഥകമാവുമെന്ന് നോവലിസ്റ്റ് ഒരിടത്ത് പറയുന്നുണ്ട്. അടിക്കാട് കത്തുന്നത് അണയ്ക്കാനാവാതെ നിസ്സഹമയമായി നില്ക്കുന്ന അനേക ജീവതത്തെയും കാണാനാവുന്നുണ്ട് ഇവിടെ.

പുരോഗതിയും വികസനവും നാടിന്റെയും നാട്ടാരുടെയും മുഖവും ഛായയും മാറ്റുന്ന കാലഘട്ടം വ്യക്തമായി രേഖപ്പെടുത്താന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു. പോലീസുകാരുടെ നിക്കര്‍, കൂര്‍ത്ത തൊപ്പി, യൂണിഫോം പാന്റും ക്യാപ്പും ആകുന്നതും ഇടുക്കി ആര്‍ച്ച് ഡാം തറക്കല്ലിടലും ഒക്കെ ഓര്‍ക്കുക.

ദീപക് എന്ന ചെറുപ്പക്കാരന് തോന്നുന്ന എതിര്‍ലിംഗ മണം മുതല്‍ അബ് നോര്‍മല്‍ മനസ്സിന്റെ ഉടമയായ അഥവാ അരാജക മനസ്സിന്റെ ഉടമയായ ചെറുപ്പക്കാരനിലേക്കുള്ള വളര്‍ച്ചയില്‍ തോന്നുന്ന ഫെറ്റിഷ് മാനസികാവസ്ഥ വരെ വിശദമായി വിവരിക്കുമ്പോള്‍ പുതുതലമുറയിലെ കഥാകാരന്മാര്‍ ആഗ്രഹിക്കുന്ന എരിവും പുളിയും ചില അധ്യായങ്ങള്‍ക്ക് കൈവരികയും അത് സര്‍ക്കുലേഷന് കൂട്ടാന്‍ ഉപകരിയ്ക്കുകയും ചെയ്യുന്നുണ്ട്. (Page 78-79)

പെണ്മൂത്രഗന്ധം ആര്‍ത്തിയോടെ വലിച്ചെടുക്കുന്ന ദീപക് –

ഭാഷയുടെ വിരുതില്‍ മനോഹരമായ വരികളെ കാണാതെ പോകരുത് –

”ഉമ്മുസല്മയുടെ ഉദിച്ചു വരുന്ന മൂലഭാഗത്ത് കവിളമര്‍ത്തി ദീപക് പൊന്തക്കാടുകളില്‍ കിടന്നു. ആകാശവെളിച്ചത്തെ പൊന്തയ്ക്കുള്ളിലേക്ക് ആവാഹിച്ച് സ്തന്യമാക്കി അവന്റെ ചുണ്ടുകളെ അവള്‍ തൃപ്തിപ്പെടുത്തി.” (Page 82)

ഈ നോവലില് ശ്രദ്ധേയമായ ഒരു അധ്യായം – “ആകാശവും ഭൂമിയും ഭരിക്കുന്ന വൃക്ഷങ്ങള്‍” ആണ് – ”കെ.എസ്.ഇ.ബി. ഇന്സ്പെക്ഷന്‍ ബംഗ്ലാവിന്റെ മുറ്റത്തെ ബദാം കാടുകളില്നിന്ന് ഏതൊക്കെയോ രഹസ്യപ്പൂവുകളുടെ ഉന്മാദമുയര്‍ത്തുന്ന ഗന്ധം രാവും പകലും ഉയര്‍ന്നു. പൂവുകളുടെ മണം മാത്രമല്ല, ഇലകളുടെ മണം, മരങ്ങളുടെ മണം, കാറ്റുപൊട്ടിച്ചെടുക്കുന്ന കൊമ്പുകളുടെ മണം. ഒപ്പം ക്വാര്‍ട്ടേഴ്സ് മുറികളില്‍ പകല്നേരങ്ങളില്‍ ഗത്യന്തരമില്ലാതെ തനിച്ചു വീഴ്ത്തപ്പെടുന്ന തരുണബീജങ്ങളുടെ ഗന്ധം.” (Page 115)

വര്‍ഷങ്ങളായി സ്കൂളിലെ രാഷ്ട്രീയം നിയന്ത്രിക്കുന്ന KSU യും SFI യും ആണ് എന്ന വാക്യം ചരിത്രത്തിന്റെ ഭാഗം ആകുന്നതായി ഈ കാലത്ത് ആ വരി വായിക്കുമ്പോള്‍ തോന്നും. അന്നത്തെ സ്കൂളന്തരീക്ഷം അതീവ രസകരമായി വര്‍ണ്ണിക്കപ്പെടുന്നത് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് അപ്രാപ്യമായിക്കഴിഞ്ഞതും കൂടിയാണ് എന്നോര്‍ക്കുമ്പോള്‍ ആ ചാപ്റ്റര്‍ കൂടുതല്‍ സുന്ദരമാകുന്നു-

ആമാണ്ടിയുടെ മുഖത്ത് ഈ ലോകത്തിന്റേയും പാതാളത്തിന്റേയും മുഴുവന് ഏകാന്തതയും കാണാന് പറ്റും – മുന്നിലെ മഹാശൂന്യതയെ ധ്യാനിച്ച് ഒരു തരം മുടന്തന് നൃത്തച്ചുവടുള്ള നടത്തം – (Page 141)

തൂവാനത്തെ ആദ്യത്തെ പെണ്‍ഭ്രാന്തിയെ മഹാലക്ഷ്മി വരെ വിട്ടുകളയുന്നില്ല നോവലിസ്റ്റ് – സൂക്ഷ്മതയോടെ കാന്‍വാസ് നിറക്കുന്നു നോവലിസ്റ്റ് എന്നര്‍ത്ഥം.

ദീപക്ക് ഉമ്മുസല്‍മ്മമാരുടെ ബാല്യത്തിന്റെ ശബ്ദരേഖയായി ഒന്നേ രണ്ടേ മൂന്നേ നാലേ……… ആലിഫ്, ബാഹ്, താഗ്, സാഹ് -ശ്രദ്ധിക്കുക വരികളിങ്ങനെ..

“ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍ മാത്രം അടുത്തുകാണാന്‍ കിട്ടുന്ന ഉമ്മുസല്മയെക്കുറിച്ച് ദീപക് ഓര്‍ത്തു നിന്നു. കൈകാലുകള്‍ ഉരുണ്ട് അവളിപ്പോള്‍ പതിവിലും സുന്ദരിയായിട്ടുണ്ട്. കുളികഴിഞ്ഞ് തല മറയ്ക്കാതെ വരുമ്പോള്‍ കറുത്തു നനഞ്ഞ മുടി തന്നില്‍ അടിമുടിയൊരു ചലനമുണ്ടാക്കും. ദീപക് തനിക്കുവേണ്ടി ഒന്നു പുഞ്ചിരിച്ചു. ഓത്തുപള്ളിക്കൂടം വിട്ടുകഴിഞ്ഞ് വയല്‍വരമ്പിലൂടെ പണ്ടവള്‍ വരുമ്പോള്‍ കൂട്ടിക്കൊണ്ടുവരാന്‍ പാതിവഴിയില്‍ ദീപക് കാത്തുനില്ക്കാറുണ്ടായിരുന്നു. അവളുടെ തലയിലെ മഞ്ഞ തട്ടത്തില്‍ വയലിലെ കാറ്റുരസുമ്പോള്‍ സ്ലേറ്റും പുസ്തകവുമടക്കിപ്പിടിച്ച ഇടംകൈ അവള്‍ തലയ്ക്കുമേലെ വയ്ക്കും. എന്നിട്ട് ചൊല്ലിക്കൊണ്ടോടും:

ആലിഫ്, ബാഹ്, താഹ്, സാഹ്………
ദീപക് അവളുടെ പിന്നാലെ എണ്ണിക്കൊണ്ടോടും.
ഒന്നേ, രണ്ടേ, മൂന്നേ, നാലേ………..
അവരുടെ ബാല്യത്തിന്റെ ശബ്ദരേഖയായിരുന്നു അത്.” (Page 148)

ഇന്ന് കാണാനാവാത്ത മതനിരപേക്ഷ ബാല്യകാല സഖത്വം ഈ “എണ്ണിക്കൊണ്ട് ഓടലോടെ” കൃത്യമായി സുസ്മേഷ് വരച്ചു കാണിക്കുന്നു. ഇവയൊക്കെ ഒരു കൃതാര്‍ത്ഥനായ എഴുത്തുകാരന്റെ ദര്‍ശന പുണ്യം വിളിച്ചുപറയുന്നവ തന്നെ. ഈ ഒറ്റപ്പെടലിലും സാമൂഹ്യ ജീവിതത്തിന്റെ കയ്പേറി കഴിയുമ്പോഴും ആത്മഹത്യ ചെയ്യാനാവാത്ത ഒത്തിരി മനുഷ്യരുണ്ട് ഇതില്‍ –

ആത്മഹത്യയ്ക്ക് കലശലായി ആഗ്രഹിക്കുന്ന സരോജയെ കള്ളന്‍ വെളുത്ത അന്ത്രു ആശ്വസിപ്പിക്കുന്നത് ശ്രദ്ധിക്കുക.

”ആത്മഹത്യയെന്നാല്‍ ഉച്ചയ്ക്ക് മനുഷ്യമ്മാര്‍ ഒറങ്ങാന്‍ തീരുമാനിക്കുന്നതാണ്. മനുഷ്യമ്മാരെ മുഴുവന്‍ കണ്‍കുളിര്‍ക്കെ കാണാന്‍ പറ്റണ പകല്‍‌വെട്ടത്തിലെന്തിനാണ് നമ്മള്‍ ഒറങ്ങണമെന്ന് വിചാരിക്കുന്നത്. വല്ല പ്രാന്തുമൊണ്ടോ? ”

വെളുത്ത അന്ത്രുവിന്റേതോ നായാട്ടുകാരന്‍ ഇച്ചിരയുടേതോ ആരുടെതെന്നറിയാതെഉള്ളില്‍ വളരുന്ന കുഞ്ഞ് സരോജക്കു തന്നെ അഴിച്ചെടുക്കാനാവാത്ത ആശയക്കുഴപ്പമായും നിസ്സഹായതയായും വളരുന്നത് വായനക്കാരില്‍ ഉദ്യോഗം, വളര്‍ത്തുന്നുണ്ട്. പക്ഷേ ദൈവവും പിശാചും തന്റെ വയറ്റിലൂറുന്നതില്‍ മത്സരിക്കുന്നതിന്റെ ക്ലൈമാക്സ് ഗര്‍ഭം കലക്കി ചാവാന്‍ സരോജ തന്നെ തീരുമാനിച്ചതാവുമ്പോള്‍ മനുഷ്യ നിസ്സഹായതയുടെ മൂര്‍ധന്യാവസ്ഥ തിരിച്ചറിയപ്പെടുന്നു.

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് സുപ്രിയയുടെ ഗര്‍ഭഛിദ്ര ശേഷമുള്ള ദീപക്കിനോടൊത്ത ദിവസത്തിന്റെ വിവരണം ആണ്.

ആ വരികള്‍ ശ്രദ്ധിച്ചു വായിച്ചാലും –

“സുപ്രിയ യാത്രപറഞ്ഞ് നീങ്ങി. വഴിയരികില്‍ നിന്നുകൊണ്ട് കേട്ടറിഞ്ഞ അറിവുകളുടെ തളര്‍ച്ചയില്‍ ദീപക് ഒന്നുമാത്രം പ്രാര്ത്ഥിച്ചു:

”ഇതോടുകൂടി എല്ലാ കാലത്തേക്കുമായി സുപ്രിയയുടെ വയറിനെ തരിശാക്കിയിടരുതേ. അതെനിക്ക് വേണ്ടതാണ്.”

ഇതായിരുന്നു ഇപ്പോള്‍ തന്നോടൊപ്പം പാര്‍ക്കുന്ന സുപ്രിയയുടെ കഥ. ‘സ്വപ്നകുടീര’ത്തിലെ കിടപ്പുമുറിയില്‍ ഏകനായി കിടക്കുമ്പോള്‍ ദീപക് ഓര്‍ത്തു. ആ സുപ്രിയയെയാണ് താന്‍ ജീവിതത്തിലേക്ക് ഉപാധികളില്ലാതെ വീണ്ടെടുത്തത്. അവള്‍ അതിനോട് ഇപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല. അതിനാല്‍ കൂടെക്കിടക്കുമ്പോഴും സ്നേഹിക്കുമ്പോഴും അവള്‍ എവിടേക്കോ കുതറിമാറുന്നുണ്ട് ”. ( Page 208 )

പ്രത്യക്ഷത്തില്‍ യുക്തിഭംഗം തോന്നുന്ന ഒരു സംഭാഷണം ഈ നോവലിന്റെ തുടക്കത്തില്‍ ഉണ്ട് – ”ദീപക് നാട്ടിലേക്ക് തിരിക്കുമ്പോല്‍ തമിഴത്തിയായ സുപ്രിയ ചോദിക്കുന്നു –

” സെരി, റൊമ്പ, ലേറ്റാ കുംന്നാ ഉന്‍ ഫോണ് നമ്പര്‍ കൊട്. ഉനക്ക്അങ്കെ നിറയെ പ്രച്നങ്ങള്‍ ഇരിക്ക് ദ് നാലെ നീ എന്നെ കൂടി മറന്നിടുവേ………”

വിവാഹം കഴിയാതെ കൂടെക്കഴിയുന്ന പെണ്ണിന് ദീപക്കിന്റെ നമ്പര്‍ അറിയില്ല എന്നത് അവിശ്വസനീയമായിരിക്കുന്നു. ഇത് നോവലിസ്റ്റിന് പറ്റിയ ഒരു ചെറിയ അശ്രദ്ധ എന്നു കരുതി തള്ളിക്കളയാം – മൊബൈല്‍ ഫോണില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കാന്‍ ഒരു പെണ്ണിന് അത്ര പ്രയാസമുള്ള കാര്യമല്ലല്ലോ –

നോവല്‍ വായിക്കുമ്പോള്‍ പേജ് നമ്പര്‍ നോക്കിയാല്‍ വായനക്കാര്‍ ഞെട്ടും എല്ലാപേജിലും മുകള്‍ഭാഗത്ത് ”ഒന്പത്” എന്നെഴുതിയതു കണ്ട്.

മലയാള നോവല്‍ ചരിത്രത്തില് പേജ് നമ്പറും നോവലിന്റെ പേരും ഡിജിറ്റുകള്‍ ആയ ആദ്യ സംഭവം. പക്ഷേ ഈ പേരിടീല്‍ ഒരു പ്രത്യേകതയ്ക്ക് വേണ്ടി മാത്രമാണ്. ഒറ്റയ്ക്ക് നില്ക്കുന്ന ഏറ്റവും വലിയ അക്കം ”ഒന്‍പത്” ആയതിനാലാണ് ഈ നോവലിന്റെ പേര് അതിന് വന്നതെന്ന ന്യായം വെറും ബാലീശമായ ഒന്നു മാത്രം. ഒന്നു മുതല് പൂജ്യം വരെ എന്ന സിനിമയുടെ ടൈറ്റില് ടെലിഫോണുമായി ബന്ധപ്പെട്ടതാണല്ലോ – അതിന്റെ ക്രമം തെറ്റിയ അക്കമത്രയും ടെലിഫോണ്‍ നമ്പര്‍ പാഡിനെ ഓര്‍മ്മിയ്ക്കും പോലെ.

ഈ നോവല് പേര്‍ ”ഒന്പത്” നോവലിസ്റ്റ് ഉദ്ദേശിക്കും പോലെ ടൈറ്റില്‍ എഫക്ടീവ് ആയില്ല- ഒരു കൗതുകത്തിനപ്പുറം.

ഒറ്റയ്ക്കു നില്ക്കുന്ന സംഖ്യകളില്‍ അവസാനത്തെ അക്കം തന്നെ താനാണെന്ന് ദീപക്കിന് തോന്നുന്ന ഗണിതയുക്തിയും ദുര്‍ബലം ആണ്. അടൂരിന്റെ ‘അനന്തരം’ എന്ന ചലച്ചിത്രത്തിലെ അവസാന രംഗം മനസ്സിലേക്ക് ഓടി വരുന്ന ഒരു ചിത്രത്തോടെ നോവല്‍ അവസാനിക്കുന്നത്- കല്പടവ് കയറുന്നതും ഇറങ്ങുന്നതും സിനിമയില്‍ ഒരു പെണ്‍കുട്ടി യഥാക്രമം ഒറ്റസംഖ്യകള്‍ മാത്രം എണ്ണിയും വീണ്ടും ഇരട്ടസംഖ്യകള്‍ മാത്രം എണ്ണിയും ആണ്. അത്തരം ‘അനന്തര’ സാധ്യതകള്‍ ഇല്ലാതെ തന്നെ പ്രത്യാശയുടെ ഋതു ദീപക്കിന്റെ കൂട്ടിനെത്തുന്നുണ്ടല്ലോ –

ഒന്‍പത് ഒറ്റപ്പെടലിന്റെ കഥയാണ്. ദീപക് അത്ര യുക്തിഭദ്രമല്ലാത്ത ഒരു ഗണിത വിചാരത്തിന്റെ കൂട്ട് പിടിച്ച് താനാണ് അവസാനത്തെ ഒറ്റയ്ക്ക് നില്ക്കുന്ന സംഖ്യ എന്ന് വെറുതേ വിചാരിക്കുകയാണ്. അയാള്‍ ഒറ്റപ്പെടുന്നത് വായനക്കാര്‍ക്ക് വലിയ അനുഭവം ആകുന്നുമില്ല. ഋതു എന്ന വളര്‍ത്തുമകള്‍ കൂട്ടിനെത്തുന്ന സ്വപ്നചിന്ത അയാളില്‍ ആശ്വാസം വയ്ക്കുന്നുണ്ട് ദീപക്കിന്.

ഒരു നോവലിന്റെ ടൈറ്റില്‍ ഇത്ര ദുര്‍ബലമായ ഒരു ഗണിത കൗതുകത്തിന്റെ പുറത്തായിരുന്നു എന്ന തിരിച്ചറിവ് ഈ നോവലിന്റെ പോരായ്മ തന്നെയാണ്.

ഒറ്റപ്പെടുന്ന അവസാന കണ്ണി എന്ന സങ്കല്പത്തിലും എത്രയോ നല്ല ഒരു ലോജിക് എനിയ്ക്ക് തോന്നുന്നത് മറ്റൊന്നാണ്..

വായിച്ചു നീങ്ങുമ്പോള്‍ മനസ്സില്‍ അവശേഷിക്കുന്ന ഹൈറേഞ്ച് കഥക്കൂട്ടുകള്‍ നിറഞ്ഞ ”ഒന്‍പതി”ന്റെ പര്യായപദം ‘നവം’ എന്ന് വായിയ്ക്കുവാന് പ്രേരിപ്പിക്കുന്നു. ഈ ‘ഒന്‍പത്’ന് ഞാനൊരു നിര്‍വചനം നല്കാന്‍ ധൈര്യപ്പെടുകയാണ് ”നവം” – ഒരു പുതുമഉദ്ദേശിക്കുന്ന, പുതു ഉദ്ദേശ്യമായി ആഗ്രഹിക്കപ്പെടുന്ന ഈ നോവല് ‘ഒന്‍പത്’ ‘നവം’ എന്ന പദത്തിന് പര്യായമായി നില്ക്കും എന്ന് തീര്‍ച്ച.

അടിക്കാട് വരെ നനയാന്‍ കാരണമാകുന്ന മഴപോലെ ഒരനുഭവം വായനാസമൂഹത്തിന് നല്കാന് നോവലിനാവുന്നുണ്ട്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  സുസ്‌മേഷ് ചന്ത്രോത്തിന്റെ  കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.