DCBOOKS
Malayalam News Literature Website

‘എത്രയും പ്രിയപ്പെട്ടവള്‍ക്ക്- ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’, ഫെമിനിസത്തിന് ഒരു കൈപ്പുസ്തകം: ബെന്യാമിന്‍

We have begun to raise daughters more like sons, but few have a courage to raise our sons more like our daughters – Gloria Steinem.

ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ഉജ്വലമായ ആശയങ്ങൾ പകർന്നു നൽകുന്ന ഈ പുസ്‌തകത്തിനു ഒരു ആമുഖക്കുറിപ്പ് എഴുതിക്കൊണ്ട് ഇതിന്റെ ഭാ‍ഗമാകാൻ പ്രിയസുഹൃത്ത് ദിവ്യ എസ്. അയ്യർ ക്ഷണിക്കുമ്പോൾ അതിനു എനിക്കുള്ള യോഗ്യത എന്തെന്ന് ഞാൻ ചാഞ്ഞും ചരിഞ്ഞും കിടന്നാലോചിക്കുകയുണ്ടായി. ഞാൻ അടിമുടി സ്ത്രീസ്വാതന്ത്ര്യ വാദി ആണെന്നും ഫെമിനിസ്റ്റ് ചിന്തകളെ കലർപ്പില്ലാതെ പിന്തുണയ്ക്കുന്നവൻ ആണെന്നും ഉള്ള എന്റെ ആൺ‌അഹന്തയുടെ ബലൂണിനെ പൊട്ടിച്ചു കളയാൻ ഈ പുസ്തകത്തിന്റെ ഒന്നാം വായന തന്നെ സഹായിച്ചു എന്നത് മാത്രമാണ്  ഈ പുസ്തകത്തിനോട് ചേർന്നിരിക്കാൻ എനി ക്കുള്ള ഏക യോഗ്യത എന്നാണ് എനിക്ക്  കിട്ടിയ ഉത്തരം.

സമ്പൂർണ്ണമായും പുരുഷാധിപത്യക്രമം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് കടുത്ത ശിക്ഷണത്തിന്റെയും ബോധപൂർവ്വമുള്ള പ്രവർത്തികളുടെയും പിൻബലമില്ലാതെ അങ്ങനെ സമത്വസുന്ദരമായ ഒരു മനോഹരലോകത്തെക്കുറിച്ച് ചിന്തിക്കുകപോലും സാധ്യമല്ല എന്നതാണ് സത്യം. അല്ലെങ്കിൽ `എനിക്കെന്താണ് ഒരു കുഴപ്പം’ എന്ന് ഉറച്ചു വിശ്വസിക്കുകയും കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെപ്പോലെ `സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അനു വദിച്ചു കൊടുക്കുന്ന കുടുംബമാണ് നമ്മുടേത്’ എന്ന് അഭിമാനിച്ചു നടക്കുകയും ചെയ്‌തുകള യും. അത്തരം ചില ചിന്തകളെ വേരോടെ പിഴുതുകളയുവാൻ ഫെമിനിസ്റ്റ് ആശയങ്ങളുടെ കാ തൽ നാം തേടിപ്പോകേണ്ടതുണ്ട്. ഓ ഫെമിനിസമോ, അതെന്താണെന്ന് എനിക്കറിയാം, അതേ പ്പറ്റി ഏറെയൊന്നും പറയാൻ നിൽക്കേണ്ട എന്നാവും ആൺപെൺ വ്യത്യാസമില്ലാതെ നമ്മിൽ ഭൂരിപക്ഷവും ഇപ്പോൾ ചിന്തിക്കുക. കാരണം കഴിഞ്ഞ പല പതിറ്റാണ്ടുകളായി നാം പലകോ ണുകളിൽ നിന്നുകൊണ്ട്  പഠിച്ചിട്ടും വിശകലനം ചെയ്തിട്ടും അന്ധന്മാർ കണ്ട ആനയെപ്പോലെ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ആശയങ്ങളിൽ ഒന്നാണ് ഫെമിനിസം. പുരുഷനെ സമ്പൂർണ്ണ മായും നിരാകരിക്കലും നിഷേധിക്കലുമാണ് അതിന്റെ രീതിയെന്ന് നാമെല്ലാം ധരിച്ചു വശരാ യിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പുരുഷാധിപത്യ ക്രമത്തിന്റെ കെണിയിൽ പെട്ടുപോയ ആ ണും പെണ്ണും ഒരേപോലെ അതിനെ മുൻ‌‌വിധിയോടെ സമീപിക്കുന്നു. അഹങ്കാരത്തിന്റെയും നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആശയങ്ങളെയാണ് അത് വഹിക്കുന്നത് എന്ന് വെറു തെ ഉറപ്പിക്കുന്നു. അങ്ങനെ അത് മുന്നോട്ട് വയ്ക്കുന്ന സമത്വത്തിന്റെ മനോഹരമായ ആശയത്തെ കാണാൻ ശ്രമിക്കാതെ പോകുന്നു.

ഞാൻ അടുക്കള പണി ചെയ്യുന്ന ആളാണ്, എനിക്ക് പാചകവും വീട് പരിപാലനവും നന്നായി അറിയാം. എന്നൊക്കെ വളരെ അഭിമാനപൂർവ്വം പൊതുവേദികളിലും അഭിമുഖങ്ങളിലും പറയു ന്ന ആളാണ് ഞാൻ. പക്ഷേ അത് എന്റെ ഇഷ്ടപ്രകാരമുള്ള  തിരഞ്ഞെടുപ്പാണ് എന്നിടത്താണ് അതിൽ കൊട്ടിഗ്ഘോഷിക്കാൻ ഒന്നുമില്ല എന്ന് ഞാൻ മനസിലാക്കുന്നത്. ശരിയാണ്, ഞാൻ അടുക്കള പണി ചെയ്യും. ഭാര്യ വീട്ടിലില്ലാത്തപ്പോൾ. അല്ലെങ്കിൽ എനിക്ക് സൗകര്യമുള്ളപ്പോൾ.  എനിക്കിഷ്ടമുള്ളടിത്തേക്ക് എല്ലാം ഞാൻ യാത്ര ചെയ്യും. സൗകര്യം പോലെ തിരിച്ചു വരും. എ ന്റെ ഇഷ്ടപ്രകാരം അടുക്കള പൂട്ടുകയും തുറക്കുകയും ചെയ്യും. അതായത് എന്റെ എഴുത്തി നെയും സഞ്ചാരത്തെയും സ്വാതന്ത്ര്യത്തെയും കൂടുതൽ ആസ്വദിക്കുന്നതിനുവേണ്ടി ഞാൻ ഇഷ്ടത്തോടെ സ്വീകരിച്ചതാണ് എന്റെ അടുക്കളപ്പണികളും ഗൃഹപരിപാലനവും. എന്നാൽ കേരള ത്തിലെ എത്ര സ്ത്രീകൾ സ്വന്തം ഇഷ്‌ടപ്രകാരം അടുക്കള പണികളിലേക്ക് ഇറങ്ങിപ്പോകു ന്നുണ്ട്?  എത്ര സ്ത്രീകൾക്ക് സ്വന്തം ഇഷ്ടപ്രകാരം മാത്രം ഒരുദിവസമെങ്കിലും അടുക്കള പൂട്ടാൻ അധികാരമുണ്ട്?  അതിനുപോലും കുടുംബത്തിന്റെ സമയവും സന്ദർഭവും സൗകര്യവും നോ ക്കേണ്ടിവരും എന്നിടത്താണ് എന്താണ് പുരുഷാധിപത്യസമൂഹം എന്ന് നമുക്ക് മനസിലാവുന്ന തും എന്റെ വീരാഭിമാനങ്ങൾ ഒക്കെ പുകയായി മാറുന്നതും.

അടുത്തിടെ ഇറങ്ങിയതിൽ വളരെയധികം നിരൂപകപ്രശംസ പിടിച്ചുപറ്റുകയും സോഷ്യൽ മീഡി യയിലെ സ്ത്രീസമത്വവാദികളായ പുരുഷന്മാർ ആഘോഷിക്കുകയും ചെയ്‌ത സിനിമ ആണല്ലോ `The Great Indian Kitchen’. എല്ലാ പുരുഷന്മാരും കണ്ടിരിക്കേണ്ട ചിത്രം, ഇതാണ് നമ്മുടെ അമ്മ, ഭാര്യ, സഹോദരിമാർ അടുക്കളയിൽ അനുഭവിക്കുന്ന നരകയാതന എന്നൊക്കെ ഫേ സ്ബുക്കിൽ പോസ്റ്റിട്ടതല്ലാതെ എത്ര പുരുഷന്മാർ അടുക്കളപ്പണികൾ സ്വയം ഏറ്റെടുത്ത് സ്വന്തം സ്ത്രീയെ ആ ചിത്രമൊന്ന് സ്വസ്ഥതയോടുകൂടി കാണുന്നതിന് സമയമനുവദിച്ചു? കേരളത്തി ലെ എത്ര സ്ത്രീകൾക്ക് ഒരു മണിക്കൂർ നാല്പത് മിനുറ്റു മാത്രം നീളുന്ന ആ ചിത്രം, ഇടയ്ക്കെല്ലാം `പോസ്’ അടിച്ചു നിറുത്തി വീട്ടാവശ്യങ്ങൾക്ക് വേണ്ടി ഓടിയ ശേഷം,  `എപ്പിസോഡുകൾ’ ആയി അല്ലാതെ, ഒറ്റയിരുപ്പിൽ കാണാൻ സാധിച്ചു? എന്നൊക്കെ അന്വേഷിക്കുമ്പോഴാണ് നമ്മൾ പറ ഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീപുരുഷ സമത്വത്തിന്റെ ഉള്ളിലെ പൊള്ളത്തരം വെളിപ്പെട്ടു വരുന്ന ത്. ആലസ്യങ്ങളിലും വിനോദങ്ങളിലും ഇരുന്നു തീർക്കാനുള്ളതാണ് പുരുഷന്റെ ജീവിതമെന്നും അവനുവേണ്ടി പകലന്തിയോളം ഓടിത്തീർക്കാനുള്ളതാണ് പെൺജീവിതങ്ങൾ എന്നും നാം ധരി ച്ചിരിക്കുന്നു. ആ ധാരണയ്ക്ക് ഇളക്കം തട്ടുന്ന ഒരു ചിന്താപദ്ധതികളെയും നാം ഒരുകാരണവശാ ലും സമൂഹം വച്ചുപൊറുപ്പിക്കുകയുമില്ല.

സിനിമകളും സാഹിത്യവും അവബോധ ക്ലാസുകളും ഒക്കെ ഒരു ഭാഗത്ത് പുരോഗമ ആശയങ്ങ ൾ മുന്നോട്ട് വയ്ക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുമ്പോൾ ഒരു ചുവടുപോലും മുന്നോട്ട് നടക്കാൻ ത്രാണിയില്ലാതെ പുരുഷാധിപത്യക്രമത്തിന്റെ തടവറയിൽ കഴിയുകയാണ് കേരളീയസമൂഹം. മൂന്നാല് വർഷങ്ങൾക്കുമുൻപ്‌ ഒരു ദേശിയ ഏജൻസി നടത്തിയ സർവ്വേപ്രകാരം കേരളത്തിലെ ഏതാണ്ട് എഴുപത് ശതമാനത്തോളം സ്ത്രീകളും ഗാർഹികപീഡനത്തെ പിന്തുണക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുകയുണ്ടായി. അനുവാദമില്ലാതെ പുറത്തു പോയാൽ, സംശ യം തോന്നിയാൽ, തർക്കിച്ചാൽ, നന്നായി പചകം ചെയ്യാതിരുന്നാൽ, ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചാൽ ഒക്കെ തങ്ങളെ മർദ്ദിക്കാൻ ഭർത്താക്കന്മാർക്ക് `അവകാശം’ ഉണ്ട് എന്നവർ വിശ്വസിക്കുന്നു. എങ്ങനെയാണ് വളർന്നു വരുന്ന സാഹചര്യങ്ങൾ ഒരു വ്യക്തിയെ സ്വാധീനി ക്കുന്നതെന്നും അവർ കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുന്നതെന്നും അവർ അതിന്റെ നിസ്സഹായ കരായ അടിമകളായി മാറുന്നത് എന്നതിന്റെയും നല്ല ഉദാഹാരണങ്ങളിൽ ഒന്നാണിത്. ഈ സാമൂഹിക പശ്ചാത്തലത്തിലാണ് നാം കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതും അവരോട് ഓ രോ നിമിഷവും ഇടപെട്ടുകൊണ്ടിരിക്കുന്നതും. ഈ സാഹചര്യങ്ങൾക്കിടയിലേക്കാണ് ഓരോ കുഞ്ഞും വന്നു പിറക്കുന്നത്. അവരതെല്ലാം കണ്ടനുകരിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കൃത്യ മായി ശിക്ഷണമില്ലാതെ, പരിശീലനമില്ലാതെ അവർക്ക് ഈ മുൻ‌ധാരണകളിൽ നിന്ന് പുറത്തു കടക്കുവാൻ സാധിക്കുകയില്ല.

എന്നാൽ ഇന്നും നമ്മുടെ എല്ലാ ഉപദേശങ്ങളും നിർദ്ദേശങ്ങളും പഴികളും പെൺകുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാണ്. അതത്രയും അവളെ വീടകത്തിൽ തളച്ചിടാൻവേണ്ടി മാത്രമുള്ളതാ ണ്. സദചാരത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും പേ രുകളാണ് ആ തളച്ചിടലിനുവേണ്ടി നാം ഉപയോഗിക്കുന്നത്. പ്രശസ്ത തമിഴ് കവയത്രി ലീന മണിമേഖലൈയുടെ`തേവിടിശ്ശി’ എന്ന കവിതയിൽ `തേവിടിശ്ശി എന്ന വാക്ക് ആദ്യമായി കേട്ട പ്പോൾ എനിക്ക് വയസ് പത്ത്, ഉള്ളാടകളില്ലാതെ വാതിൽപ്പടി താണ്ടി എന്നതായിരുന്നു കാരണം’ എന്നെഴുതുന്നുണ്ട്. `പള്ളിക്കൂടത്തിൽനിന്ന് വീട്ടിലേക്ക് സന്ധ്യക്ക് തിരിച്ചെത്താൻ വൈകിയനേ രം, ചോറ്റുകലം അടുപ്പത്ത് വച്ച് കളിയിൽ മുഴുകി സ്വയം മറന്നനേരം, കൾപോളകൾ കവിഞ്ഞ് കണ്മഷി എഴുതിയ നേരം, ചില പ്രണയങ്ങൾ സ്വീകരിച്ച നേരം, ചിലത് തിരസ്കരിച്ച നേരം, വയ സ് കൂടിക്കൂടി വരുന്തോറും ആ വിളിക്കുള്ള കാരണങ്ങൾ മാറിമാറി വന്നു. ഇപ്പോഴുള്ള മുഖ്യ കാരണം കവിതയെഴുത്താണെന്ന് കരുതുന്നു’ എന്ന് ആ കവിത തുടർന്ന് പറയുന്നു. പുരുഷൻ കല്പിച്ചു നൽകിയ ഏതു വിലക്കുകളെയും സ്വബുദ്ധിയാൽ മറികടക്കുന്നവൾ എന്നും പഴി കേൾ ക്കാൻ വിധിക്കപ്പെട്ടവളാണ്.

സമൂഹത്തിന്റെ ഇത്തരം കേടുവീണ മനോഭാവങ്ങൾ കൊണ്ട് സർഗാത്മകമായ കഴിവുകളുള്ള എത്രയോ പെൺകുട്ടികൾക്ക് അവരുടെ കഴിവുകൾ പുറംലോകത്തിനെ അറിയിക്കാതെ കുഴി ച്ചുമൂടേണ്ടി വരുന്നു. കവിതകൾ എഴുതിയ ഡയറി വിവാഹത്തലേന്ന് കുഴിച്ചിടേണ്ടിവന്ന പെൺ കുട്ടിയുടെ അനുഭവം പെട്ടെന്ന് മനസിലേക്ക് ഓടിയെത്തുകയാണ്. വിവാഹിതയാവുന്നു എന്ന ഒറ്റ കാരണത്താൽ ഡയറി മാത്രമല്ല ചിലങ്കയും പേനയും ബ്രഷും ക്യാമറയും ജോലിയും യാത്ര കളും സൗഹൃദങ്ങളും തുടങ്ങി ഫേസ്ബുക്ക് പേജ് വരെ ഉപേക്ഷിക്കേണ്ടി വരുന്ന പെൺകുട്ടിക ളാണ് നമുക്ക് ചുറ്റുമുള്ളത്.

പെണ്ണ് എന്നാൽ അടുക്കളയിലും കിടപ്പറയിലും മാത്രമായി ഒതുങ്ങേണ്ടവൾ മാത്രമാണെന്നും അവളിൽനിന്ന് പൊതുഇടത്തിലേക്ക് നീളുന്ന എല്ലാ നാമ്പുകളെയും ഛേദിച്ചു കളയേണ്ടതുണ്ടെ ന്നുമുള്ള വിചാരം ഇന്നും ചിലരിൽ രൂഢമൂലമായി നിലനിൽക്കുന്നു എന്നതിൽ നാം വല്ലാതെ ഖേദിക്കണം. സർഗ്ഗാതമതയുള്ള ഒരു സ്ത്രീയ്ക്ക് അനുവദിച്ചുകിട്ടേണ്ട ഒരു ഇടത്തെക്കുറിച്ച് വെർ ജീനിയ വൂൾഫ് `A room of one’s own’ എന്ന കൃതിയിൽ ശക്തിയുക്തം പറയുന്നുണ്ടല്ലോ. പുരുഷന് സ്വന്തമായി ഓഫീസ് മുറിയും വായനാമുറിയും പാനോപചാരമുറിയും ഉള്ളപ്പോൾ എത്രവീടുകളിലെ സ്ത്രീകൾക്ക് സ്വതന്ത്രമായി ഇരുന്നൊന്ന് വായിക്കാൻ, എഴുതാൻ സ്വപ്‌നം കാണാൻ ഒരു മൂലയെങ്കിലും ഉണ്ട് എന്നന്വേഷിക്കുന്നത് കൗതുകമുള്ള കാര്യമായിരിക്കും.

ഇന്ന് സ്ത്രീകൾ ചെന്നെത്താത്തതും അവൾക്ക് അപ്രാപ്യവുമായ മേഖലകൾ ഒന്നും തന്നെയില്ല. ഉണ്ടെങ്കിൽ അത് കൈമാറാ‍ൻ പുരുഷൻ തയ്യാറാവാത്തതുകൊണ്ട് മാത്രമാവനേ തരമുള്ളൂ‍. എങ്കിലും സ്ത്രീയെ ഒരുപടി കുറഞ്ഞവളായി പരിഗണിക്കാനുള്ള ഒരു പ്രവണത എങ്ങനെയൊ ക്കെയോ നമ്മുടെ പുരുഷാധിപത്യസമൂഹം നമ്മുടെയൊക്കെ മനസുകളിൽ അടിച്ചേല്പിച്ചിട്ടുണ്ട്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും അതിന്റെ പ്രചാരകർ ആയിരിക്കുന്നു എന്നതാണ് കൗ തുകകരമായ കാര്യം. വീട്ടുകാര്യങ്ങളിൽ  സ്ത്രീയെ `സഹായിക്കുന്ന’ പുരുഷനെ `പെൺകോ ന്തൻ’ എന്നു വിശേഷിപ്പിക്കാനും അത്യാവശ്യം പാചകം അറിയാവുന്ന പുരുഷനെ ആശ്ചര്യ ത്തോടെയും അദ്ഭുതത്തോടെയും ആരാധനാപൂർവ്വവും പ്രകീർത്തിക്കാനും മുന്നിൽ നിൽക്കു ന്നതും സ്ത്രീകൾ തന്നെ. അവൻ സ്വഭാവികമെന്നോണം അവനിൽ നിക്ഷിപ്‌തമായ കടമ നിർവ്വ ഹിക്കുന്നു എന്ന് ചിന്തിക്കാനുള്ള മനോഭാവത്തിലേക്ക് നാം വളർന്നിട്ടില്ല എന്നു സാരം. അങ്ങനെ വളരുകയും പുരുഷൻ വീടിനുള്ളിൽ പണി ചെയ്യുന്നത് ഒരു അദ്ഭുതമായി കാണാതിരിക്കുക യും ചെയ്യുമ്പോഴാണ് ഫെമിനിസം വിഭാവനം ചെയ്യുന്ന യഥാർഥ സമത്വത്തിൽ നാം എത്തി എന്ന് കരുതാനാവുക.

ചെറുതെങ്കിലും, നമ്മുടെയിടയിൽ നിലനിൽക്കുന്ന ചിന്തകളെ തകർത്തുകളയുന്നതിൽ അണു ബോംബിന്റെ പ്രഹരശേഷിയാണ് ചിമമാന്‍ഡ എൻ‌ഗോസി അദീച്ചി എന്ന നൈജീരിയൻ എഴു ത്തുകാരിയുടെ ഈ ഗ്രന്ഥത്തിനുള്ളത്. കെയ്റ്റ് മിലെറ്റ്,  ജെർമെൻ ഗ്രീർ, സിമൊൻ ദ് ബുവ, വെ ർജീനിയ വൂൾഫ്, സിൽവിയ പ്ലാത്ത്, ടോണി മോർസൻ, ആലീസ് വാക്കർ, മായ ആഞ്ചലോ, ഡോറിസ് ലെസിംഗ്,  ഫാത്തിമ മെർസിനി, ആമിന വദൂദ് എന്നിങ്ങനെ ഫെമിനിസ്റ്റ് ആശയങ്ങ ൾക്കും ഫെമിനിസ്റ്റ് സാഹിത്യത്തിനും രൂപം നൽകുകയും അതിന്റെ പ്രായോചകരായി നിലകൊ ള്ളുകയും ചെയ്ത ലോകോത്തര പ്രതിഭകളുടെ നിരയിൽ നിൽക്കാൻ കെല്പുള്ള എഴുത്തു കാരിയാണ് ചിമമാന്‍ഡ എൻ‌ഗോസി അദീച്ചിയും.  ആഫ്രിക്കൻ വംശജരും കറുത്ത വർഗ്ഗക്കാരു മായ എഴുത്തുകാർ പൊതുവെയും അവരിൽ പെൺ എഴുത്തുകാർ പ്രത്യേകിച്ചും ഏകാധിപത്യ ഭരണകൂടങ്ങൾക്കും ആണധികാര കേന്ദ്രങ്ങൾക്കും വംശീയ വിവേചനത്തിനും എതിരെ രൂക്ഷ മായ ഭാഷയിൽ തൂലിക ചലിപ്പിക്കുന്നവരാണ്. അവരിൽ താരതമ്യേന പുതിയ എഴുത്തുകാരായ അമിനാറ്റ ഫോർന, തേയി സലാസി, മാസ മാംഗിസ്റ്റേ, ബർനാർഡിൻ എവറിസ്റ്റോ എന്നിവരുടെ നിരയിൽ വരുന്ന എഴുത്തുകാരിയാണ് അദീച്ചിയും. അവരുടെ `Purple Hibiscus, Half of a Yell ow Sun, Americanah’ എന്നീ നോവലുകൾ വളരെയധികം നിരൂപണശ്രദ്ധയും പുരസ്കാര ങ്ങളും നേടിയവയാണ്. അതിന്റെ തുടർച്ച എന്നുപോലെ വേണം കത്തിന്റെ രൂപത്തിൽ എഴുത പ്പെട്ട ഈ ലഘുരചനയെ നാം കാണാൻ. എത്രയൊക്കെ ഫിക്ഷനുകൾകൊണ്ട് അടയാളപ്പെടു ത്തിയാലും പറയാൻ കഴിയാതെ പോകുന്ന, മനസിൽ പുകഞ്ഞു കിടക്കുന്ന, ചില ആശയങ്ങളാണ് ലേഖനങ്ങളോ പഠനങ്ങളോ ഒക്കെയായിട്ട് നോവലിസ്റ്റുകൾ പുറത്തെത്തിക്കുന്നത്. അവ രുടെ ജീവിതവീക്ഷണവും സാമൂഹികബോധവും പലപ്പോഴും നോവലുകളിൽ അല്ല, ലേഖനങ്ങ ളിൽ ആയിരിക്കും അടയാളപ്പെട്ടു കിടക്കുക. ഫെമിനിസം എന്ന ആശയത്തെ ദൂരെനിന്ന് നോക്കികണ്ട് അവ്യക്തതയോടെ എഴുതുകയല്ല, സത്യസന്ധമായി അതിനുള്ളിൽ ജീ‍വിച്ചുകൊ ണ്ട് അതിനെ നമുക്ക് പകർന്നു തരികയാണ് അദീച്ചി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ പു സ്തകം നൽകുന്ന ആശയങ്ങൾ തെളിഞ്ഞതാണ്. ലളിതമാണ്. ഫെമിനിസത്തെ സംബന്ധിച്ച നമ്മുടെ മുൻ‌ധാരണകളെ അഴിച്ചുകളയാൻ സഹായിക്കുന്നതുമാണ്.

ശീലങ്ങളിൽ ഉറച്ചുപോയ മനുഷ്യരെ മടക്കിക്കൊണ്ടു വരിക അത്ര എളുപ്പമല്ല, അവരോട് വേറിട്ട ആശയങ്ങൾ പങ്കുവയ്ക്കുക എന്നത് കതിരിൽ വളം വയ്ക്കുന്നതുപോലെ ഗുണമില്ലാത്ത കാര്യമാണ്. പകരം ചെറുതിലേ കുട്ടികളെ തുല്യതാബോധത്തോടെയും തുല്യാവകാശികളായും വളർത്തി ക്കൊണ്ടു വരുകയും അങ്ങനെ ഒരു ബോധ്യം അവരിൽ രൂഡമൂലമാക്കുകയും ചെയ്യുക എന്ന താണ് സാമൂഹികാരോഗ്യമുള്ള ഒരു ഭാവിസമൂഹത്തെ വാർത്തെടുക്കുന്നതിൽ ഏറ്റവും കരണീ യമായ മാർഗം. പെൺകുട്ടി ആയിപ്പോയി എന്നതിന്റെ കാരണത്താൽ സ്വപ്‌നം കാണുന്നതിൽ നിന്ന് പിന്നോട്ടു പോകാതിരിക്കാൻ, വ്യക്തി എന്ന നിലയിൽ എവിടെയും തന്റേതായ ഇടം സ്ഥാ പിച്ചെടുക്കാൻ, ചോദ്യങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ പറയാനും ഉള്ള ധീരതയിലേക്ക് ഉയ രാൻ, ജീവിതവിജയത്തിനു ബാഹ്യരൂപവും സൗന്ദര്യവും പ്രധാനഘടകമല്ലെന്ന് പഠിപ്പിക്കാ‍ൻ, വി വാഹം എന്ന ലക്ഷ്യത്തെ മാത്രം ലാക്കാക്കി അല്ല പെൺകുട്ടികൾ വളരേണ്ടത് എന്നറിയാൻ, പെണ്മയെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകളെ മറികടക്കാൻ, ആൺകുട്ടി യാണ് എന്നതിനാൽ പ്രത്യേക പരിഗണനകളും ഇളവുകളും ഇല്ലെന്നും വീടിനുള്ളിൽ അവനും തുല്യമായ ചുമതലാബോധം ഉണ്ടെന്നും ഒക്കെ തെളിമയോടെ പറഞ്ഞു കൊടുക്കാൻ ഈ പുസ്തകം സാഹായിക്കും. സ്ത്രീകളെ, പ്രത്യേകിച്ച് അമ്മമാരെ ആണ് ഇത് അഭിസംബോധന ചെയ്യുന്നതെങ്കിലും താൻ ഇതുവരെ ജീവിച്ചുവന്ന ജീവിതക്രമത്തിന്റെ പൊള്ളത്തരം മനസിലാ ക്കുന്നതിൽ പുരുഷനെയും സഹായിക്കുന്ന ഗ്രന്ഥമാണിത്.

വ്യത്യസ്തവും ആശയഗാംഭീര്യവുമുള്ള ഈ പുസ്തകം പരിഭാഷപ്പെടുത്തി മലയാളത്തിലെ വായ നക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നത്  പ്രിയപ്പെട്ട സുഹൃത്ത് ദിവ്യ ആണെന്നത് എന്നെ കൂടു തൽ ആഹ്ലാദചിത്തനാക്കുന്നു.  പെൺകുട്ടി എന്നതിൽ അഭിമാനിക്കുന്ന,  ആഗ്രഹിച്ച മേഖലകൾ എല്ലാംകൈയ്യെത്തിപ്പിടിക്കുകയും എത്തിയ മേഖലയിൽ എല്ലാം വിജയം വരിക്കുകയും ചെ യ്ത, സ്വതന്ത്രമായ നിലപാടുകൾ സ്വീകരിക്കുകയും വ്യക്തതയുള്ള കാഴ്ചപ്പാടുകൾ സൂക്ഷി ക്കുകയും ചെയ്യുന്ന, ഒരു മാതൃകാവ്യക്തിത്വമാണ് ദിവ്യ എന്നതാണ് ഈ പുസ്തകം പരിഭാഷ പ്പെടുത്തുന്നതിൽ അവരെ ഏറ്റവും യോഗ്യതയുള്ളതാക്കുന്നത്. കുടുംബജീവിതത്തിന്റെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെയും തിരക്കുകൾക്കിടയിലും ഇതിന്റെ പരിഭാഷയ്ക്ക് വേണ്ടി സമയം കണ്ടെത്തിയ ദിവ്യയ്ക്ക് എല്ലാവിധ അനുമോദനങ്ങളും അർപ്പിച്ചുകൊണ്ട് ഈ പുസ്തക ത്തിന്റെ വായനയിലേക്ക് നിങ്ങൾ ഓരോരുത്തരെയും ക്ഷണിച്ചുകൊള്ളുന്നു.

ബെന്യാമിന്‍

പുസ്തകം  വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

ബെന്യാമിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.