DCBOOKS
Malayalam News Literature Website

ദൂരെ ഒരു ചെണ്ടയുടെ ആരവം കേട്ടാൽ നെഞ്ച് തുടിക്കും, അത് മാക്കം ഭഗവതീടെ തോറ്റം ആവുമോ!

അംബികാസുതന്‍ മാങ്ങാടിന്റെ  ‘മാക്കം എന്ന പെണ്‍തെയ്യം‘ എന്ന പുസ്തകത്തിന് ശശിധരൻ എഴുതിയ വായനാനുഭവം

“ശ്രീ പൊലിക പൊലികാ,
ഭഗവതിയേ പൊലികാ
ദീപം പൊലികാ, ഭഗവതിയേ പൊലികാ,
വെച്ചെരിയുന്ന നന്താർ വിളക്കും പൊലികാ, ഇട്ടാരാധിച്ച പൂവോട് പുഷ്പം പൊലികാ, നാട് പൊലികാ ഭഗവതിയേ സ്വരൂപം പൊലികാ
നാടോടി വാഴും ജന്മഭൂമിയും പൊലികാ… ”
(മാക്കതെയ്യത്തിന്റെ തോറ്റാരംഭത്തിലെ വരികൾ )

തെയ്യം എന്നാൽ ദൈവം.

“തെയ്യം ഒരു കലാരൂപം മാത്രമല്ല. നിറന്ന വിശ്വാസത്തിന്റെയും അനുഷ്ഠാന രൂപം തന്നെ. ഉത്തര മലബാറിന്റേതാണെങ്കിലും ലോകോത്തരവും വർണ്ണശബളവുമായ വെളിച്ചപ്പെടൽ. ”

അതിക്രൂരമാം വിധം അപമൃത്യുവിനിരയായ കീഴാളനോ ആൺ കൊയ്മയുടെ ക്രൂരതയിൽ ജീവനറ്റ് പോയ സ്ത്രീയോ ആണ് Textഒട്ടു മിക്കപ്പോഴും തെയ്യങ്ങളായി പുനർജ്ജനിച്ചു ഉലകിനും നാട്ടുകൂട്ടത്തിനും പൈതങ്ങൾക്കും അനുഗ്രഹം ചൊരിയാൻ തിരുമുടിയണിഞ്ഞു വേഷം കെട്ടിയാടുന്നത്. മേലാളന്റെ അനീതിക്ക് ഇരയായ പുരുഷൻ എന്നും ദളിതൻ ആയിരുന്നു. പക്ഷെ സ്ത്രീയെ സംബന്ധിച്ച് കീഴളായെന്നോ മേലാളയെന്നോ വ്യത്യാസം ഉണ്ടായിരുന്നില്ല. മുച്ചിലോട്ടമ്മയെന്ന തെയ്യമായി മാറിയ കന്യക ബ്രാഹ്മണ കുലജാതയായിരുന്നു. കൊല്ലിനും കൊലക്കും അധികാരം ഉണ്ടായിരുന്ന നായർ ജന്മി കുടുംബത്തിലെ യുവതിയായിരുന്നു മാക്കതെയ്യമായി മാറിയിരുന്നത്.

തോറ്റപാട്ടുകൾ സാധാരണ ജനങ്ങളിൽ എത്തിചേരുന്നതിൽ ചില പരിമിതികൾ ഉണ്ട്. പഴയൊരു കാവ്യം വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാവാം. മലയാളത്തിലെ ഉദാത്തമായൊരു പഴമ്പാട്ടിനെ പുതിയ വായനക്കാരെ പരിചയപ്പെടുത്താനുള്ള കരുതൽ. മാക്കതോറ്റത്തിന്റെ പുനരാഖ്യാനം ഏവർക്കും പ്രാപ്യമായ് നോവൽ രൂപത്തിൽ സമർപ്പിക്കുന്നു അംബികസുതൻ മാങ്ങാട്.

‘മാക്കം എന്ന പെൺതെയ്യം ‘.

രണ്ടു രണ്ടര നൂറ്റാണ്ടു മുൻപത്തെ കേരളത്തിന്റെ സാംസ്കാരിക ചരിത്രം അടയാളപ്പെടുത്തുന്നവയാണ് തോറ്റംപാട്ടുകൾ. മരുമക്കത്തായം, പ്രാചീന വേഷം, ആട ആഭരണങ്ങൾ, ആചാരങ്ങൾ, ഭക്ഷണരീതികൾ, നെല്ലിനങ്ങൾ, മരങ്ങൾ, ചെടികൾ, പൂക്കൾ, കിളികൾ.. ഇവയൊക്കെ പുതിയ വായനക്ക് അനുഭവം നൽകാൻ നോവലിസ്റ്റിനു കഴിയുന്നു.

നോവലിലേക്ക് വന്നാൽ, കടവങ്കോട് മാക്കം തെയ്യം പാട്ടിന്റെ പുനരാഖ്യാനം എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ, മാക്കം എന്ന യുവതിയായ അമ്മയും രണ്ട് മക്കളും അനുഭവിക്കേണ്ടിവരുന്ന ഹൃദയഭേദകമായ മഹാദുരിതങ്ങൾ , ദാരുണമായ അന്ത്യം ഇവയാണ് നമ്മെ വായനക്ക് ശേഷവും ഒരു നോവായി പിന്തുടരുക.

ഉണ്ണിച്ചെറിയക്ക് പന്ത്രണ്ട് ആൺ മക്കൾക്ക് ശേഷം ആറ്റു നോറ്റു വൃതം നിന്ന് ഭഗവതീ കാടാക്ഷത്താൽ കുടുംബം കുറ്റിയറ്റു പോകാതെ (മരുമക്കത്തായം എന്ന് നേരത്തെ സൂചന ) കാക്കാൻ കിട്ടിയ പെൺകുഞാണ് മാക്കം. ഉണ്ണിച്ചെറിയയുടെ പ്രസവശുശ്രൂഷക്ക് വേണ്ട ഈറ്റില്ലവും അനുസാരികളും അത്യുത്സാഹപൂർവ്വം ഒരുക്കുന്നത് പന്ത്രണ്ട് ആൺ മക്കളാണ്. അതോ അതിലേറെയോ ഉത്സാഹത്തിലാണ് പിന്നീട് മുതിർന്ന മാക്കത്തിനു വേണ്ടിയും ഇക്കാര്യങ്ങൾ ഈ പന്ത്രണ്ടു പേരും ചെയ്യുന്നത്. ഉണ്ണിച്ചെറിയയുടെ ഗർഭകാല പീഡകളും മനോനിലകളും വള്ളി പുള്ളി തെറ്റാതെ മാക്കവും പിന്നീട് അനുഭവിക്കുന്നുണ്ട്. പെണ്ണ് തുടർച്ചയാണ്.

മാക്കം പൊന്നോമനയായി വളരുന്നു. എഴുത്ത് പഠിച്ചു. അവൾക്കു ഇനിയും ഏറെ പഠിക്കാൻ മോഹമുണ്ട്. പക്ഷേ.. കൊണ്ടതും കൊടുത്തതും കണക്കെഴുതാൻ ഓള് പഠിച്ചല്ലോ, അത് പോരെ.,

ആക്കാലത്തെ തായ വ്യവസ്ഥയിൽ ഒരു നായർ തറവാടിന്റെ ഉള്ളിൽ ഒരു പെൺകുട്ടി വളർന്നു വരുന്നത്തിന്റെ നേർചിത്രം കഥയിൽ കാണാം. ഉത്തര മലബാറിലെ കാമനെ പൂരത്തിന് വയ്ക്കുന്ന അനുഷ്‌ടാനത്തിന്റെ മനോഹരമായ വിവരണം നോവൽ കാട്ടുന്നുണ്ട്. മുതിർന്ന് യുവതിയായി രണ്ട് ഓമനമക്കളുമായി കഴിയുന്ന മാക്കവും മക്കളും നാത്തൂൻമാരുടെ ഉപജാപതിനാൽ സ്വന്തം സഹോദരന്മാരാൽ സദാചാരകൊലക്കു ഇരയാവുന്നതും തെയ്യമായി ഉയിർക്കുന്നതും നോവായി അനുഭവിപിച്ച് നോവൽ അവസാനിക്കുന്നു.

നോവൽ വായിച്ചു മടക്കി, ദൂരെ ഒരു ചെണ്ടയുടെ ആരവം കേട്ടാൽ നെഞ്ച് തുടിക്കും അത് മാക്കം ഭാഗവത്തീടെ തോറ്റം ആവുമോ.

മാക്കം എന്ന പെണ്‍തെയ്യം വാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.