DCBOOKS
Malayalam News Literature Website

കലഹിക്കുന്ന സ്‌നേഹം

ഷിബു.എസ് വയലകത്ത്

കരുതലും മനുഷ്യസ്‌നേഹവുമായിരുന്നു കെ ആര്‍ ഗൗരിയമ്മയുടെ രാഷ്ട്രീയജീവിതത്തിന്റെ മുഖമുദ്ര. ഒരു പത്രപ്രവര്‍ത്തകന്റെ അനുഭവം. ഒരു വാര്‍ഷികപ്പതിപ്പിന് അഭിമുഖം തയ്യാറാക്കാനാണ് ആലപ്പുഴയില്‍ ചാത്തനാട്ടെ കെ.ആര്‍ ഗൗരിയമ്മയുടെ വീട്ടില്‍ എത്തിയത്. ഫോണ്‍ വഴി മുന്‍കൂട്ടി അനുവാദം വാങ്ങിയാണ് എത്തിയതെങ്കിലും ഔപചാരികതകള്‍ എല്ലാം മാറ്റി വെച്ച് ഗൗരിയമ്മ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി.
എടോ ഇയാളുടെ വീട് എവിടാ …?
കൊല്ലത്താ …. കരുനാഗപ്പള്ളിയില്‍ ….
ഇയാള്‍ക്ക് ആലപ്പുഴയൊക്കെ അറിയാമോ …?
കുറച്ചൊക്കെ അറിയാം. ആര്യാട് ,കൊറ്റം കുളങ്ങര സ്‌കൂളില്‍ കേരള യൂണിവേഴ്‌സിറ്റി സെന്ററില്‍ ഒരു വര്‍ഷം ബി എഡിനു പഠിച്ചിട്ടുണ്ട്. അന്നിവിടെയൊക്കെ സഞ്ചരിച്ചിട്ടുണ്ട്..

തനിക്ക് അന്ധകാരനഴി അറിയാമോ …?
കേട്ടിട്ടുണ്ട് ….
അവിടെ പോയിട്ടുണ്ടോ ..?
ഇല്ല ….
താന്‍ അന്ധകാരനഴിയില്‍ പോയി ആ സ്ഥലമൊക്കെ കണ്ടിട്ടു വാ….അതാണെന്റെ നാട് ….എന്നിട്ടാകാം അഭിമുഖമൊക്കെ.

ചാത്തനാട്ടെ വീട്ടില്‍ നിന്നിറങ്ങി ഒരു ഓട്ടോ റിക്ഷയില്‍  നേരേ ആലപ്പുഴ KSRTC ബസ് സ്റ്റാന്‍ഡില്‍ എത്തി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അന്ധകാരനഴി ബോര്‍ഡു വച്ച് ഒരു ഓര്‍ഡിനറി ബസ് സ്റ്റാന്‍ഡില്‍ വന്നു. അതില്‍ ഒരു സീറ്റുപിടിച്ചു. ആലപ്പുഴയുടെ തീരദേശത്തുകൂടെ അന്ധകാരനഴിയിലെത്തി. അവിടമാകെ ചുറ്റിനടന്നു കണ്ടു. മുറുക്കാന്‍ കടയിലും ചായക്കടയിലും കയറിയിറങ്ങി ഗൗരിയമ്മയുടെ തറവാട്ടിനെപ്പറ്റി അന്വേഷിച്ചു. ഗൗരിയമ്മയുടെ അച്ഛനും വലിയ ഭൂഉടമയും വന്‍കിട കൃഷിക്കാരനുമായിരുന്ന കളത്തില്‍ പറമ്പില്‍ കെ.എന്‍. രാമനെയും തറവാടിനെയുംപ്പറ്റി നിരവധി കഥകള്‍ അവര്‍ പറഞ്ഞു. മനോഹരമായ കടലോര ഗ്രാമം. തഴച്ചുവളര്‍ന്ന് കായ്ഫലമുള്ള തെങ്ങുകള്‍ …. ഗൗരിയമ്മയുടെ വളര്‍ച്ചയ്ക്കു വളമേകിയ നാടിനെ മനസ്സില്‍ ആവാഹിച്ചു മടങ്ങി. രണ്ടാം ദിവസം ഉച്ച കഴിഞ്ഞ് ചാത്തനാട്ടെ വീട്ടിലെത്തി. എന്നെ കണ്ടപാടെ ഗൗരിയമ്മ ചോദിച്ചു:
അന്ധകാരനഴിയില്‍ പോയിരുന്നോ ….?

ഉവ്വ് ….
എടോ താന്‍ ചോറുണ്ടോ ….?
ഉണ്ടു.
എടീ …. അടുക്കളയിലേക്ക് നീട്ടി വിളിച്ചു. ഇയാള്‍ക്ക് ചായ കൊണ്ടു വാ…..

മൂന്ന് നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയും അതിന്റെ അച്ഛനും അമ്മയും കൂടി ഗൗരിയമ്മയെ കാണാന്‍ വന്നു. കുട്ടി അമ്മയെ കണ്ടപ്പോള്‍ ഓടിയടുത്തു വന്നു. നിന്നെ കണ്ടിട്ട് ഒരു പാട് നാളായല്ലോടീ…. എന്നു പറഞ്ഞ് ഗൗരിയമ്മ കുഞ്ഞിനെ വാത്സല്യത്തോടെ  ചേര്‍ത്തിരുത്തി അച്ഛനമ്മമാരോട് ജീവിത വിശേഷങ്ങള്‍ തിരക്കി . വീട്ടുകാരി ഭര്‍ത്താവിന്റെ ചില കുറ്റങ്ങള്‍ ഗൗരിയമ്മയോട് പറഞ്ഞു. അപ്പോള്‍ തന്നെ ഭര്‍ത്താവിനെ സ്‌നേഹപൂര്‍വ്വം ശാസിച്ചു.എന്നിട്ട് അവരോട് പറഞ്ഞു,’അവിടെ ചെന്ന് ചായ വാങ്ങി കുടിച്ചിട്ട് പോയാല്‍ മതി ‘

എടോ താന്‍ ചോദിക്ക് …. ഇവിടിങ്ങനെ ആളുകള്‍ വന്നും പോയും ഇരിക്കും …
അമ്മയുടെ ജീവിതത്തെപ്പറ്റിയുള്ള അഭിമുഖമാ…..

എന്റെ ജീവിതം എല്ലാവര്‍ക്കും അറിയാമല്ലോ … ഇനിയെന്താ…. പുതിയതായിട്ട് ?( ഗൗരിയമ്മയുടെ ജീവിതത്തില്‍ അധികം അറിയപ്പെടാത്ത ചില ഏടുകള്‍ പുറത്തു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അഭിമുഖ പദ്ധതി തയ്യാറാക്കിയത്)
അപ്പോള്‍ അറുപത് വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ വീട്ടിലേക്കു നടന്നുകയറി വന്ന് അമ്മയെ വണങ്ങി.

എന്താടാ …?

വീട്ടുകാരി മെഡിക്കലില്‍ കിടക്കുവാ …
എന്തു പറ്റിയതാ ….?

ഇന്നലെ രാത്രി കൊണ്ടുവന്നതാ വയറ്റുവേദന. ഇപ്പോ കുറച്ച് കുറവുണ്ട്.
നീ വല്ലോം കഴിച്ചോ….?

ഇല്ലെങ്കില്‍ അവിടെ ചെന്ന് വല്ലോം വാങ്ങിച്ച് കഴിക്ക് .. ഇത്തിരി കഞ്ഞി കുടിച്ചിട്ടാ വന്നത് … അയാള്‍ മറുപടി പറഞ്ഞു.
ഗൗരിയമ്മ അടുത്തിരുന്ന ബാഗ് തുറന്ന് കുറച്ച് പണമെടുത്തു അയാള്‍ക്ക് കൊടുത്തു. പണം വാങ്ങി വേഗത്തില്‍ മടങ്ങാനൊരുങ്ങിയ അയാളോട് എടാ ചായ കുടിച്ചിട്ട് പോ … ആശുപത്രീല് അവള് ഒറ്റയ്ക്ക് ആണ് , അടുത്ത് കിടക്കുന്നവരെ പറഞ്ഞേല്‍പ്പിച്ചാണ് ഞാനിങ്ങോട്ട് പോന്നത് എന്നും പറഞ്ഞ് ചായ കുടിക്കാന്‍ നില്‍ക്കാതെ അയാള്‍ മടങ്ങി.  അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ഗൗരിയമ്മ എന്നോട് പറഞ്ഞു

‘അവന്റെ രണ്ടു മക്കള്‍ക്ക് ഞാന്‍ ജോലി വാങ്ങിക്കൊടുത്തതാ ….ഇടയ്ക്കിടയ്ക്ക് വരും എന്റെ കയ്യില്‍ നിന്ന് ചില്ലറ എന്തെങ്കിലും കിട്ടണം. അതവന് ഒരു സന്തോഷമാ ….എനിക്കും സന്തോഷമാടോ ….’

‘എടോ എന്റെ ചേട്ടന്‍ കെ.ആര്‍.സുകുമാരന്‍  പാര്‍ട്ടിയുടെ നേതാവായിരുന്നു . സഖാവ് പി.കൃഷ്ണപിള്ളയും AKG യും എല്ലാം വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. എനിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് തന്നത് സഖാവ് പി.കൃഷ്ണപിള്ളയാണ്. പാര്‍ട്ടി നേതാക്കന്മാര്‍ മാത്രമല്ല ശ്രീനാരായണഗുരുവും കുമാരനാശാനും  തറവാട്ടില്‍ വന്നിട്ടുണ്ട്. പി.കൃഷ്ണപിള്ളയുടെ ഭാര്യ  തങ്കമ്മ കുറച്ചു കാലം വീട്ടിലുണ്ടായിരുന്നു. മീറ്റിംഗുകള്‍ക്ക് എന്റെ ഒപ്പം വരുമായിരുന്നു. നല്ല രീതിയില്‍ പ്രസംഗിക്കുമായിരുന്നു. ചെറിയ ചെറിയ വാചകങ്ങളില്‍ ഭംഗിയായി സംസാരിക്കുമായിരുന്നു. സഖാവിന്റെ മരണശേഷം  അവരെ വിവാഹം കഴിച്ചതിലുള്ള മകനാണ് ഏഷ്യാനെറ്റിലെ ഗോപകുമാര്‍ . ചേര്‍ത്തലയില്‍ തൊഴിലാളി സംഘടന രൂപീകരിച്ചത് ചേട്ടന്റെ നേതൃത്വത്തിലായിരുന്നു.

AKG ഗൗരിയമ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് അഭിമുഖത്തിന്റെ Focus.

AKG കാണാന്‍ എങ്ങനെയായിരുന്നു ?

പൊക്കം കുറവായിരുന്നു. കാലൊക്കെ ഇങ്ങനെ വളഞ്ഞിട്ടായിരുന്നു. അരക്കയ്യന്‍ ഷര്‍ട്ടാണിടുന്നത്.
AKG യോട് വര്‍ത്തമാനം ഒക്കെ പറയുമായിരുന്നോ …?എടോ : ചേട്ടനെ കാണാനാണ് അവരൊക്കെ വരുന്നത്. താനെന്തു ചോദിച്ചാലും AKG AKG എന്നും പറഞ്ഞിരിക്കുവാണല്ലോ.താന്‍ പോടാ …..ഇതൊക്കെ മതി.

രണ്ടാം ദിവസവും അഭിമുഖത്തിന്റെ focus ലേക്ക് എത്താന്‍ കഴിയാതെ താത് കാലികമായി ദൗത്യം അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു.

മൂന്നാം ദിവസം ഉച്ചയ്ക്ക് തന്നെ ഞാന്‍ ചാത്തനാട്ടെത്തി. കുളി കഴിഞ്ഞ് ഗൗരിയമ്മ എത്തിയതേയുള്ളൂ. എന്നെ കണ്ടപാടെതാന്‍ പോയില്ലേ ? എന്ന് ചോദിച്ചു.

ഊണ് കഴിച്ചിട്ട് പോകാമെന്നു വച്ചു.

ഇതെന്താ സത്രമാണോ ? വഴിയേ വരുന്നവര്‍ക്കും പോന്നവര്‍ക്കും എല്ലാം ഊണു കൊടുക്കാന്‍ …?
ഞാന്‍ നിശ്ശബ്ദനായി നിന്നു.

അടുക്കളയിലേക്ക് നീട്ടി വിളിച്ചു എന്നിട്ടു പറഞ്ഞു’ ഇയാള്‍ക്ക് ചോറ് കൊടുക്കു’.
ഊണ് കഴിഞ്ഞിരുന്ന എന്നെ ഗൗരിയമ്മ വീടിന്റെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു. വലിയ ഒരു മുറി നിറയെ TV തോമസിന്റെയും ഗൗരിയമ്മയുടെയും ചിത്രങ്ങളും ശ്രീകൃഷ്ണന്റെ ശില്പങ്ങളും ചിത്രങ്ങളും . മനസ്സ് വേവലാതിപ്പെടുമ്പോള്‍ ഞാന്‍ ഈ മുറിയില്‍ വന്ന് ഒറ്റയ്ക്കിരിക്കും. കൃഷ്ണനോട് ഇത്ര ഭക്തിയുണ്ടാകാന്‍ കാരണമെന്താണ് …?

മനുഷ്യന്റെ എല്ലാ സ്വഭാവ സവിശേഷതകളും കൂടി ചേര്‍ന്ന ദൈവമാണ് ശ്രീകൃഷ്ണന്‍. അതാണ് കൃഷ്ണ ഭക്തിയുടെ പൊരുള്‍.
പിറന്നാള്‍ ആഘോഷം കേമമാകാറുണ്ടല്ലോ…?

മിഥുന മാസത്തിലെ തിരുവോണ നാളിലാണ് എന്റെ ജനനം. അമ്മ അമ്പലത്തില്‍ പായസ വഴിപാട് നടത്തുമായിരുന്നു. ആ ഓര്‍മ്മയ്ക്ക് ഇവിടെ വരുന്നവര്‍ക്കെല്ലാം ഭക്ഷണവും പായസവും കൊടുക്കും. പ്രത്യേകിച്ച് ആരെയും ക്ഷണിക്കാറില്ല.
AKG യെപ്പറ്റിയുള്ള ചോദ്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച് ഗൗരിയമ്മയുടെ ഇഷ്ട്ട വിഷയങ്ങളിലേക്ക് സംഭാഷണങ്ങള്‍ വളര്‍ന്നു. അങ്ങനെ  ഞാന്‍ കരുതി വച്ചിരുന്ന ആ ചോദ്യം ചോദിച്ചു ?
AKG ഗൗരിയമ്മയെ വിവാഹം കഴിക്കാന്‍ ആലോചിച്ചിരുന്നോ ….?

ചേട്ടനോടാണ് AKG ആദ്യം പറഞ്ഞത് .  ചേട്ടന്‍ എന്നോടു വിവരം പറഞ്ഞു, AKG യോട് നേരിട്ടു സംസാരിക്കാന്‍ അവസരം ഒരുക്കി. എന്റെ തറവാട്ടില്‍ വച്ച് ഞങ്ങള്‍ സംസാരിച്ചു. AKG യുടെ ആഗ്രഹത്തിന് ഞാന്‍ ഇങ്ങനെ മറുപടി നല്‍കി.

‘ സഖാവ് എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തിനുള്ള സൗകര്യം നോക്കിയാണ്. ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹം കഴിക്കണമെങ്കില്‍ അവര്‍ തമ്മില്‍ ഇഷ്ട്ടം ഉണ്ടാകണം. മനസ്സും ശരീരവും അടുക്കണം. നമുക്കിടയില്‍ അങ്ങനെ ഒരിഷ്ട്ടമില്ല. സഖാവ് വലിയ നേതാവാണ്, സഖാവിനോട് എനിക്കു  ആദരവാണ്.’
അങ്ങനെ ആ വിവാഹ ആലോചന മുടങ്ങി.

ഗൗരിയമ്മയുടെ മനസ്സില്‍ നിറയെ സഖാവ് TV തോമസ് ആയിരുന്നു . ആശയപരമായി ഭിന്നിച്ച് രണ്ടു പാര്‍ട്ടികളില്‍ നില്‍ക്കുമ്പോഴും അവര്‍ക്കിടയില്‍ പ്രണയത്തിന്റെ ഒരു വന്‍ കടല്‍ അലയടിച്ചിരുന്നു.
ശ്രീകൃഷ്ണ ഭക്തിയും ആരാധനയും ഗൗരിയമ്മ ഒളിച്ചു വച്ചില്ല. ശ്രീകൃഷ്ണനെപ്പറ്റി വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു.

സ്‌നേഹം , കാരുണ്യം, അനുതാപം ഇവയെല്ലാം ഗൗരിയമ്മയില്‍ അന്തര്‍ലീനമായ സവിശേഷതകള്‍ ആയിരുന്നു. കലഹത്തിന്റെ മുഖംമൂടിക്കുള്ളില്‍ അതെല്ലാം ഒളിഞ്ഞുകിടന്നിരുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദങ്ങള്‍ സൃഷ്ടിച്ചു. പാര്‍ട്ടി എന്ന സങ്കുചിത ചിന്തയില്‍ സ്വയം തളച്ചിടാന്‍ ഗൗരിയമ്മ തയ്യാറായില്ല. അഭിപ്രായ ഭിന്നതകള്‍ മുഖത്തു നോക്കി കര്‍ക്കശമായി പറയാന്‍ അവര്‍ മടിച്ചില്ല . ജനങ്ങളില്‍ നിന്നും അവര്‍ നല്‍കിയ അളവറ്റ സ്‌നേഹത്തില്‍ നിന്നുമാണ് ഗൗരിയമ്മ ഊര്‍ജ്ജം കൊണ്ടത്. അനീതിക്കെതിരേ പോരാടുന്ന ഏതൊരാള്‍ക്കും കെ.ആര്‍ ഗൗരിയമ്മ എന്ന പേര് ഒരു കരുത്താണ്…..

Comments are closed.