DCBOOKS
Malayalam News Literature Website

‘കനമേതുമില്ലാതെ’ സാം സാർ പറഞ്ഞ കഥകൾ

ഡോ. ബേബി സാം സാമുവലിന്റെ ‘കനമേതുമില്ലാതെ‘ എന്ന പുസ്തകത്തിന്
എംവി സുബീന എഴുതിയ വായനാനുഭവം

ഡോ. ബേബി സാം സാമുവൽ സാറിൻ്റെ ‘കനമേതുമില്ലാതെ‘ എന്ന പുസ്തകം ഒട്ടും കനമില്ലാതെയാണ് വായിച്ചു തീർത്തത്. പേര് പറയുന്ന പോലെ തന്നെ പുസ്തകത്തിൻ്റെ താളുകളിൽ വിരിഞ്ഞ കഥകളൊക്കെയും ഭാരങ്ങൾ നിറഞ്ഞ ഹൃദയങ്ങളെപ്പോലും കനമേതമില്ലാതെ, തൂവൽ പോലെ സ്പർശിക്കുന്നതാണ്. പുസ്തകം വായിച്ചു തീർന്നിട്ടും അതിൻ്റെ കൗതുകവും സന്തോഷവുമൊക്കെ ഒത്തിരി കനത്തിൽ ഇപ്പോഴും മനസ്സിലുണ്ട്. കഴിഞ്ഞ KLF ന് ശേഷം അടുത്തറിഞ്ഞ പ്രിയപ്പെട്ട എഴുത്തുകാരൻ്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് പല അധ്യായത്തിലും ഭാരമില്ലാതെ അദ്ദേഹം ഇറക്കിവെച്ചിരിക്കുന്നത്.

42 കഥകളടങ്ങിയ ഈ പുസ്തകത്തിൻ്റെ ഉള്ളറയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നമുക്ക് ചുറ്റിലും നമ്മൾ കണ്ടതും കേട്ടതും അറിഞ്ഞതുമായ ഒരുപാട് കഥാപാത്രങ്ങളെ കാണാൻ സാധിക്കും. സ്വന്തം ജീവിത പരിസരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള നിരീക്ഷണം കൊണ്ടും Textസാധാരണയിൽ നിന്നും വളരെ വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും ഇതിലെ ഓരോ കഥയും മികച്ചുനിൽക്കുന്നു. പണ്ട് ആരോ പറഞ്ഞ പോലെ, ഈ പുസ്തകം തുറന്നതോടൊപ്പം ഞാൻ ഒരു ജീവിതം കൂടെ തുറക്കുകയായിരുന്നു.

മേൽവിലാസം, സ്വാതന്ത്ര്യം, പ്രവാസം, അമ്മ, പ്രണയം, കാമം അങ്ങിനെ ഗ്രന്ഥകാരൻ്റെ ചുറ്റിലുമുള്ള ഒരുപാട് ജീവിത കഥകൾ. എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു പോവുന്ന ചില ജീവിത നിമിഷങ്ങൾ വെല്ലുവിളിയായവർക്കും, ഹൃദയത്തിൽ സങ്കടങ്ങളുടെയും നൈരാശ്യത്തിൻ്റെയും കനത്തഭാരവുമായി ഇരുളിൽ കഴിയുന്നവർക്കും എങ്ങിനെ കമേതമില്ലാതെ ജീവിക്കാൻ കഴിയുമെന്ന് സാം സാർ ഈ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.

ഒരു കുരുവിക്കുഞ്ഞിൻ്റെ ഭാരം മാത്രമുള്ള പ്രാണനെ ചുറ്റി ജീവിക്കുന്ന അഭിമാനികൾക്കാർക്കും ഇത്ര കനം പാടില്ല എന്നൊരു കവിതയുണ്ട്. മനസ്സുവെച്ചാൽ കുറേക്കൂടി ലാഘവത്തോടെ അതായത്, ഭാരങ്ങളൊന്നുമില്ലാതെ നമുക്ക് ജീവിക്കാമെന്ന് ഈ വരികൾ നമ്മോട് പറയുന്നുണ്ട്. ഒരു മഴക്കു ശേഷം കിളികൾ അവരുടെ കൊക്ക് കൊണ്ട് തൂവലിലെ വെള്ളം തെറിപ്പിച്ച് കളയുന്നത് കണ്ടിട്ടില്ലേ. ഇത്തിരി ഈർപ്പം കൊണ്ടുപോലും അവരുടെ ആകാശസഞ്ചാരം തടസ്സപ്പെട്ടേക്കാം. അത് കൊണ്ടായിരിക്കാം കിളികൾ അങ്ങിനെ ചെയ്യുന്നത്. ജീവിതാനന്ദത്തിൻ്റെ അടിസ്ഥാന താക്കോലുകളിലൊന്ന് സ്വയം ഗൗരവമായി എടുക്കാതിരിക്കുക എന്നതാണെന്ന് പുസ്തകത്തിലൂടെ എഴുത്തുകാരൻ സംവദിക്കുന്നുണ്ട്.

അവനവനെത്തന്നെ വലം ചുറ്റി സ്വയം കെണിയിലാവുന്ന ചിലന്തികളെപ്പോലെ വർത്തമാനകാലത്ത് നരകജീവിതം നയിക്കുന്നവരുണ്ട്. അവർ സ്വയം കെട്ടിയിടപ്പെട്ട ചരടുകളെ പൊട്ടിച്ച് കളയാൻ, സൗമ്യതയുള്ള വാക്കുകളെയാണ് പുസ്തകത്തിൽ സാം സാമുവൽ സാർ നിരത്തി വെച്ചിരിക്കുന്നത്. എന്നാൽ കനമേതുമില്ലാത്ത ജീവിതത്തെ, ചാർലി ചാപ്ലിൻ്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടിലൂടെ എഴുത്തുകാരൻ നിർവ്വചിക്കുന്നുണ്ട്. ക്ലോസപ്പിൽ ഒരു ദുരന്തമാവുന്ന ജീവിതം ലോങ്ങ് ഷോർട്ടിൽ തമാശയായി മാറുന്നത് അക്ഷരക്കൂട്ടങ്ങളിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നതാണ്. നാളത്തെ ജീവിതത്തെക്കുറിച്ച് വ്യാകുലപ്പെട്ട് ഇന്നത്തെ ജീവിതത്തിൽ പോലും സ്വസ്ഥതയെ സ്വയം നഷ്ടപ്പെടുത്തുന്ന, സമൂഹത്തിൽ സ്വയം ഒറ്റപ്പെട്ട അപൂർവ്വം മനുഷ്യരുടെ ജീവിതങ്ങളുമൊക്കെയായി ഈ പുസ്തകം ഹൃദയ സ്പർശിയാവുന്നു. പുസ്തകത്തിൻ്റെ രണ്ടാം ഉള്ളടക്കത്തിൽ ഈ എഴുത്തുകാരൻ അമ്മയെക്കുറിച്ച് പറയുന്നുണ്ട്. അമ്മയോളം സ്നേഹസമ്പന്നമായ മറ്റൊരാളില്ല. ആകാശത്തോളം പരപ്പും സമുദ്രത്തോളം ആഴവുമുള്ള ഏത് വറുതിയിലും, വെട്ടിച്ചുരുക്കലുകളോ തിരുത്തലുകളോ ആവശ്യമില്ലാത്ത സ്നേഹത്തിൻ്റെ ആൾ രൂപമാണ് അമ്മ എന്ന യാഥാർത്ഥ്യം ഗ്രന്ഥകാരൻ നമ്മോട് വിളിച്ചു പറയുന്നു.

പുസ്തകം വായിച്ചുകൊണ്ടിരുന്ന ഓരോ നിമിഷവും എപ്പോഴും ഓടിയണയാവുന്ന, എന്തുഭാരവും ഇറക്കിവെക്കാവുന്ന, സ്നേഹവും വിരഹവും കലഹവും അതിൻ്റെ ഏറ്റക്കുറച്ചിലുകളിൽ പകുത്തു നൽകാവുന്ന ഒരാളുടെ സാമീപ്യം എനിക്ക് അനുഭവപ്പെടാൻ പറ്റി. അതുപോലെ സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷ നൽകുകയും കൂടി ചെയ്യുകയാണ് ഈ എഴുത്തുകാരൻ. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം പുസ്തകത്തോടൊപ്പം അല്ലെങ്കിൽ അതിനേക്കാളുപരി ബേബി സാം സാമുവൽ സാറിനെ ഞാൻ വായിച്ചെടുത്തു. സഹോദരതുല്യനായ പ്രിയ സുഹൃത്തിന് തുലികത്തുമ്പിലൂടെ, ഇനിയും വഴിഞ്ഞൊഴുകുന്ന സ്നേഹത്തെക്കുറിച്ചെഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.