DCBOOKS
Malayalam News Literature Website

തിരിഞ്ഞു കൊള്ളുന്ന ഏറുകൾ!

ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവലിന്  സജി കെ. എഴുതിയ വായനാനുഭവം

“അധികാരത്തിനെതിരെയുള്ള മനുഷ്യൻ്റെ സമരം ,മറവിയ്ക്കെതിരെയുള്ള ഓർമ്മയുടെ സമരം തന്നെയാണ് ” എന്ന് മിലൻ കുന്ദേര പറഞ്ഞത് അസ്തിത്വത്തിൻ്റെ പര്യവേഷകൻ എന്ന രീതിയിൽ നോവലിസ്റ്റ് നടത്തുന്ന ചരിത്രപരമായ അന്വേഷണം കൂടിയാണ് ഒരു യഥാർത്ഥ നോവൽ എന്ന ആശയത്തിലാണ് . ചരിത്രത്തേയും അധികാരത്തേയും അടിസ്ഥാനമാക്കി വി എം ദേവദാസ് എഴുതിയ നോവലാണ് .” ഏറ് ”  നഗരമദ്ധ്യത്തിലെ ഓടിട്ട വീട് മിത്താവുകയും അതിനെ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ആവരണം കൊണ്ട് മൂടുകയും ചെയ്തു കൊണ്ട് ചരിത്രത്തെ കഥാകാരൻ അപനിർമ്മിക്കുന്നു . അവിടേയ്ക്ക് അധസ്ഥിത കീഴാള ദളിത്  സാമൂഹിക ക്രമങ്ങളുടെ അസ്വസ്തമായ ജീവിതത്തെ ഏറായി കൊണ്ടുവരുന്നു. സവർണ്ണ ജാതിയുടെ , വരേണ്യവർഗ്ഗത്തിൻ്റെ വിമർശനം കീഴാള ജീവിതത്തിൻ്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന തരത്തിൽ ആവിഷ്കരിക്കുക എന്ന ബോധത്തിലേയ്ക്ക് എത്തിച്ചേരുന്നു. (ജാതി കൊണ്ടോ ജോലി കൊണ്ടോ തന്നെ പേരു ചൊല്ലി വിളിക്കാനുള്ള വലിപ്പമൊന്നും താമിക്കില്ലന്നാണ് ശ്രീധരൻ്റെ ഊറ്റം – ഏറ് പേജ് 19 ) പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ശ്രീധരൻ  തൊട്ടുകൂടായ്മയുടെ, അധികാര ശ്രേണിയുടെ കാവലാളാകുന്നത് അങ്ങനെയാണ്. നോവലിൻ്റെ ആദ്യം മുതൽ തന്നെ പാരമ്പര്യാധിഷ്ഠിതമായ ഒരുവൻ്റെ അല്ലങ്കിൽ ഒരു രാജ്യത്തിൻ്റെ വരേണ്യത്വം തെളിഞ്ഞ് നില്പുണ്ട് .ശ്രീധരൻ തൊഴിലിൻ്റെ , ജീവിതത്തിൻ്റെ ഭാഗമായി കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുടെ ജീവിത സൂക്ഷ്‌മാപഗ്രഥനം നടത്തിയാൽ ഈ വരേണ്യത്വം മുഴച്ച് നില്ക്കുന്നത് കാണാം . കല്ലും കവണയും പാരമ്പര്യായുധമായി ഉപയോഗിച്ച് ഒരു രാജ്യ ചരിത്രവും നാട്ടു ചരിത്രവും നിർമ്മിച്ചെടുക്കുകയാണിവിടെ കഥാകാരൻ . ദൈവത്തിൻ്റെ ദായക്രമത്തിൽ ചാത്തൻ അധസ്തിതൻ്റേ യും ദൈവം വരേണ്യൻ്റേതുമായിരുന്നു . “ദൈവത്തിൽ വിശ്വാസമുണ്ടങ്കില് ചാത്തന്നിലും വിശ്വാസമുണ്ടാകണം സാറേ . ചാത്തനും ദൈവമാണ് ‘ എന്ന് സുഗുണൻ പറയുന്നത് അതിൻ്റെ അടിസ്ഥാനത്തിലാണ്. ഗോല്യാത്ത് ആൻറണി അപ്രകാരം ബലഹീനതയുടെ രൂപകമാകുന്നു . ആ ബലഹീനതയുടെ മറ്റൊരു പാഠഭേദമാകുന്നു ഈച്ചരവാര്യരും. ഈ ബലഹീനത ശാരീരികമല്ല , മാനസികമാകുന്നത് അധികാരത്തിൻ്റെ മറ്റൊരു ഒളിപ്പിച്ച പ്രത്യയശാസ്തമാണ് . പോലീസിൻ്റെ കവണക്കല്ലേറിൽ രണ്ടു പേരും ഒരുപോലെ നിസ്സഹായരാകുന്നു , അതിൻ്റെ രാഷ്ട്രീയ സ്വഭാവം മലിനമായ ചരിത്രമായിരുന്നു എന്ന് ഗോലിയാത്ത് ആൻറണിയിലൂടെ പറയുകയാണ് കഥാകാരൻ .” എന്നെത്തിരക്കി വീട്ടിൽ അവൻ്റെ അച്ഛൻ വാര്യര് വന്നിട്ടുണ്ടാർന്നു .കൊക്കിന് ത്രാണിയുണ്ടങ്കില് കോയമ്പത്തൂരേയ്ക്ക് എഴഞ്ഞങ്കിലും പോയി സാക്ഷിക്കൂട്ടില് കയറിയിരിക്കും” – ഗോലിയാത്ത് ആൻ്റണി വിരൽ ചൂണ്ടുന്നത് ഭരണകൂടവും അധികാരവർഗ്ഗവും സമ്പന്നരും ചേർന്ന് തമസ്കരിച്ച ചരിത്രത്തെ കണ്ടെത്താനാണ്. ചരിത്രത്തിൻ്റെ പുനർനിർമ്മാണമല്ല കഥാകാരൻ ലക്ഷ്യം വയ്ക്കുന്നത് , ചരിത്രം മധ്യവർത്തി , സമ്പന്ന , വരേണ്യവർഗ്ഗ നിർമ്മിതിയാണന്ന പാരമ്പര്യത്തെ ഇല്ലാതാക്കുകയാണ് . ചരിത്രത്തെ കീഴാള ,ദളിത്, പാർശ്വവല്കൃതരിലൂടെ അവതരിപ്പിക്കാനുള്ള ശ്രമം വസ്തുനിഷ്ഠമെന്ന് പറയപ്പെടുന്ന ചരിത്രത്തിൻ്റെ എതിർവശത്തിൻ്റെ നിർമ്മാണമാണ്.  അതായത് നേർകാഴ്ചകൾക്ക് അപ്പുറമുള്ള ചരിഞ്ഞതും വർത്തുളവുമായ (കാണാതെ പോയ) വീക്ഷണത്തെ നിർമ്മിച്ചെടുത്ത് പരിഷ്കരിക്കുക . ഗോല്യാത്ത് ആൻറണി ,ഹസൈനാര് ,സുജാതയും മക്കളും , മഞ്ഞുണ്ട ബോബൻ , മഹാദേവൻ മേസ്തിരി ,രമേശൻ ,ഷാജി എന്നീ കഥാപാത്രങ്ങൾ ചരിത്രത്തിൻ്റെ മറ്റൊരു വീക്ഷണത്തെ നിർമ്മിക്കുന്ന കഥാപാത്രങ്ങൾ ആണ് .

Text“എതിരെ വന്ന കാറ് അടുത്തെത്തിയപ്പോൾ ഹോണടിച്ചതും ശ്രീധരൻ ഒന്നു ഞെട്ടി .തൊട്ടു മുന്നിലായി വഴിയിലുള്ള കുഴിയിൽ നിന്ന് ഒഴിവാകാൻ അയാൾ ഓടിച്ചിരുന്ന ബൈക്ക് ഇടത്തോട്ട് വെട്ടിച്ചു. ഇനിയെങ്ങോട്ട് പോകണമെന്നറിയാതെ ബൈക്ക് ആളോടൊപ്പം നേരേ പൊന്തക്കാട്ടിലേയ്ക്ക് ചെന്ന് മറിഞ്ഞു ” വി.എം ദേവദാസിൻ്റെ “ഏറ്” എന്ന നോവൽ ആരംഭിക്കുന്നത് ഈ പൊന്തക്കാട്ടിൽ നിന്നാണ് . ഇതേ പൊന്തക്കാട്ടിൽ അഭയം പ്രാപിച്ചാണ് കൂട്ടക്കല്ലേറിൽ നിന്ന് ശ്രീധരൻ നോവലിൻ്റെ അവസാനം മരണത്തിൽ നിന്ന് രക്ഷപ്പെടുന്നതും. മനുഷ്യൻ അധികാരം കൊണ്ട് സൃഷ്ടിക്കുന്ന കവചങ്ങൾങ്ങൾക്കപ്പുറം മറ്റൊരു രക്ഷാ സ്ഥാനം തേടുന്നുണ്ട് . അടിസ്ഥാനപരമായി വീടെന്ന സുരക്ഷിത സ്ഥാനം തന്നെയാണ് . അവിടേയ്ക്കാണ് എവിടെ നിന്നന്നറിയാതെ കല്ലുകൾ വന്നു വീഴുന്നത് . അതോടെ സുരക്ഷിതമെന്ന് കരുതുന്നിടത്തൊക്കെ വിള്ളലുകൾ വീഴുന്നു. മലർന്ന് കിടന്ന് ആ ചെറിയ സുഷിരങ്ങളിലൂടെ ആകാശ നക്ഷത്രങ്ങളെ കാണുമ്പോഴാണ് സൂക്ഷമത്തിൽ നിന്നവൻ സ്ഥൂലത്തിലെത്തിച്ചേരുന്നത് . അങ്കലാപ്പും സംത്രാസവും ഭയവും ആകാംഷയും ഒരേ പോലെ അവിനിലെ അഭിമാനിയിൽ കടന്നു കയറും . പിന്നെ ചെയ്യുന്നതും പറയുന്നതും അത്തരമൊരു വ്യവഹാരാധിഷ്ഠിത മനുഷ്യനിലൂടെയായിരിക്കും . അതോടെ തൻ്റെ ചരിത്രം തിരക്കുന്ന , അതിലെ ശരിതെറ്റുകളെ വിശകലനം ചെയ്യുന്ന , മാപ്പപേക്ഷിക്കുന്ന , അഭിമാനം കൊള്ളുന്ന , വിരേചനത്തിൻ്റെ വഴിയിലായിരിക്കും അയാൾ . ഏറെന്ന വി.എം ദേവദാസിൻ്റെ നോവൽ അവനവനെ തിരയുന്ന ശ്രീധരന്മാരുടെ കഥയാണ് .

ഏറ് ഒരു ഓർമ്മപ്പെടുത്തലാണ് ,അവനവനിലെ സത്വ ബോധത്തെ തിരുത്തലാണ് . ശ്രീ നാരായണഗുരുവും ,ഗലീലിയോയും ഈ ആത്മബോധത്തെ തിരിച്ചറിഞ്ഞവരാണ് . മരണശേഷവും നടുവിരൽ ഉയർത്തി തൻ്റെ നിലപാടുകൾക്ക് സത്യനിഷ്ഠത നല്കാൻ പാകത്തിൽ നവലോകത്തിൻ്റെ പാപബോധത്തിലേക്ക് ,അറിവില്ലായ്മയിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്നു ഗലീലിയോയുടെ ജീവിതം .അദ്ദേഹം മരണശേഷവും എറിഞ്ഞ അറിവിൻ്റെ കല്ലുകൾ നൂറ്റാണ്ടുകൾക്കിപ്പുറവും ഒരു സമൂഹത്തിൻ്റെ തിരുത്തൽ ശക്തിയായി നില്ക്കുന്നു . നാരായണ ഗുരുവിൻ്റെ  വാക്കുകൾ , പ്രവർത്തനങ്ങൾ എന്നിവ ആത്മരതിയെ ഇല്ലാതാക്കാനുള്ള ജീവപാഠങ്ങളാകുന്നു . ചാത്തനെ നിയന്ത്രിക്കുന്ന ആജ്ഞാശക്തിയുടെ ഉറവിടമായി കഥയിൽ അദ്ദേഹം കടന്നു വരുന്നത് അതുകൊണ്ടാണ് .അദ്ദേഹത്തിൻ്റെ ഏറുകൾ അധമ ചിന്തകൾക്കും അനാചാരങ്ങൾക്കും എതിരെയായിരുന്നു. ചരിത്രപരമായി വിരുദ്ധ ദേശങ്ങളിലെ, വിരുദ്ധമതങ്ങളിലെ അജ്ഞത ബാധിച്ച മാനവന് നേരേയുള്ള ഏറുകളാണ് ഇവരുടെ ചിന്തകൾ എന്നു പറയാം .

ജീവശാസ്ത്ര പരമായി ഏറ്റവും ഭയമുള്ള മൃഗമാണ് മനുഷ്യൻ . മറ്റെന്തിനെക്കാളും അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഒരേറായിരിക്കും അവൻ ഏറ്റവും കൂടുതൽ ഭയപ്പെടുക . ആര്? എന്തിന്? എവിടെ നിന്ന് ? എന്നീ ചിന്തകൾ അവനിലെ മാനസികാരോഗ്യത്തെ തകർത്തു കളയും .എതിരാളിയെ ഇല്ലാതാക്കാൻ അവനിലെ ശാരീരിക ശേഷിയെ ഇല്ലാതാക്കുന്നതിൻ മുമ്പ് അവനിലെ ഇച്ഛാശക്തി (മാനസിക ബലം) ഇല്ലാതാക്കുക എന്നത് വളരെ പഴയ രാജതന്ത്രമായിരുന്നു. കാലൻ ശ്രീധരനിലെ അധികാരത്തിൻ്റെ സുരക്ഷാവലയവും സമാധാന ജീവിതവും പെൻഷനാകുന്നതോടെ നഷ്ടപ്പെടുന്നു . കുടുംബത്തോടൊപ്പം ഇനിയുള്ള കാലവും സമാധാനമായി ജീവിക്കാമെന്ന് അയാൾ തീരുമാനിക്കുന്നതിൽ തെറ്റില്ല . അധികാരത്തിൻ്റെ സംരക്ഷണത്തിൽ നിന്ന് ശ്രീധരൻ എത്തിച്ചേരുന്നത് കുടുംബത്തിൻ്റെ സംരക്ഷണവലയത്തിലേയ്ക്കാണ് .അവിടെ ഭാര്യയും മക്കളുമടങ്ങുന്ന സ്വച്ഛമായ ജീവിതം കാംഷിക്കുന്നുണ്ടങ്കിലും അത് അദ്ദേഹത്തിന് ലഭിക്കുന്നില്ല ,സ്വാഭാവികമായും വീട് കവചിത വസ്തുവായി മാറുന്നു . അവിടം തുരന്നാണ് ഒരേറ് വന്ന് വീഴുന്നത് .ശ്രീധരൻ്റെ ശരീരത്തിലേയ്ക്ക് കഥാന്ത്യത്തിലല്ലാതെ കല്ല് വീഴുന്നില്ല . കവചിതമെന്ന് മനുഷ്യൻ കരുതുന്ന രൂപകങ്ങളെ തകർക്കുകയും യഥാർത്ഥ മനുഷ്യനെ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന ആദി രൂപത്തിലേയ്ക്കാണ് ഏറ് എന്ന നോവൽ എത്തി നില്ക്കുന്നത്. പ്രതിയാക്കപ്പെട്ട ഒരുവൻ തന്നിലെ അലങ്കാരങ്ങൾ വലിച്ചെറിയുകയും ഭാവനയും സ്വപ്നങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്നത് അത്തരമൊരു ‘ഏറി’ ൻ്റെ ഫലമാണ് .  പല കാലങ്ങളായി പ്രതിസ്ഥാനത്ത് എത്തപ്പെട്ടവർ ഓടിക്കൊണ്ടേയിരിക്കയാണ് . രക്ഷപ്പെടാനുള്ള വെപ്രാളവും , വഴിതേടലും ,സൂക്ഷ്മ ബുദ്ധിയും എപ്പോഴും ഒരു പ്രതിയായ ഒരുവനിൽ ഉണ്ടായിരിക്കും , അവൻ്റെ സൂക്ഷ്മതയ്ക്ക് ലാഘവത്തോടെ തടസ്സം നില്ക്കുന്നവനായിരിക്കും ഒരു പോലീസ് ഉദ്യോഗസ്ഥൻ . ഈ ജ്ഞാനബുദ്ധിയെ വിപരീത തലത്തിൽ ഉപയോഗിച്ചിരിക്കുന്ന നോവലാണ് ” ഏറ് ” . കടുത്ത സംത്രാസത്തോടെ സമാധാന ജീവിതം നയിക്കുന്ന  പഴയ ‘ പ്രതി ‘ കളിലേയ്ക്ക് ഓടുന്ന നായകനായി ശ്രീധരൻ മാറുന്നു .കല്ല് തന്നിലേയ്ക്ക് തിരിയുന്ന ബൂമറാങ്ങ് ആണന്ന തിരിച്ചറിവ് ഇവിടെയുണ്ടാകുന്നു.” നോവലിസ്റ്റ് ചരിത്രകാരനോ പ്രവാചകനോ അല്ല അസ്തിത്വത്തിൻ്റെ പര്യവേക്ഷകനാണ് ” എന്ന് മിലാൻ കുന്ദേര പറയുന്നത് ഇവിടെ ചേർത്തു വയ്ക്കാവുന്നതാണ്.

” അനുസരണയുള്ള യൊരു പോലീസുകാരൻ അതാതു കാലത്ത് എന്തൊക്കെയാകാമോ ….. ഞാനതൊക്കെയായിട്ടുണ്ട് .പിന്നെ പോലീസിലെ പണിയാകുമ്പോ എടപെട്ട നൂറ് കേസുണ്ടങ്കില് അതില് തൊണ്ണൂറെണ്ണത്തിലും ആവശ്യക്കാർക്ക് വേണ്ട സംരക്ഷണവും നീതിയുമൊക്കെ കിട്ടാൻ അവരുടെ കൂടെ നിന്നിട്ടുണ്ടാകും. അഞ്ചോ പത്തോ കേസില് പല കാരണങ്ങളാലും ചെല തിരിമറികളും കണ്ണടയ്ക്കലുമൊക്കെ നടന്നിട്ടുണ്ടാകും. പക്ഷേ , സർവ്വീസ് കഴിഞ്ഞാപ്പിന്നെ ഒരു പോലീസുകാരൻ ഓർക്കണതും പേടിക്കണതുമൊന്നും പരാതിക്കാർക്ക് നീതി കിട്ടിയ മുക്കാലേ മുങ്ങാണാ കേസുകളെ കുറിച്ചാവില്ല …… മറിച്ച് ആ ബാക്കിയിരിപ്പായ അഞ്ചോ പത്തോ എണ്ണമായിരിക്കും. അതീ തൊഴിലിൻ്റെ യൊരു ശാപാണ് മാഷേ ” –  അധികാരത്തിൻ്റെ എല്ലാ അഴുക്കുകളും വിനിമയം ചെയ്യുകയും കർശനമായി നടപ്പാക്കുകയും ചെയ്യുന്നവർ ഭരണ വർഗ്ഗത്തിൻ്റെ കാവലാളന്ന് ഘോഷിക്കുന്ന രാഷ്ട്രീയക്കാരല്ല മറിച്ച് പോലീസുകാരാണ്. നടപ്പാക്കലിൻ്റെ ദോഷവശങ്ങൾ മരണം വരെ ഒരേറായി അവനെ തുടരുകയും അതിനെ കുടഞ്ഞെറിയുവാനുള്ള ശ്രമം പോലും അവനിൽ ആരോപണമായി മാറുകയും ചെയ്യുന്നു. അത് മറ്റൊരു കലാപത്തിന് വഴിയൊരുക്കുന്നു , അപ്പോഴും ഭരണ വർഗ്ഗം നീതിയുടെ സംരക്ഷണവലയത്താൽ സുരക്ഷിതരായി തുടരുകയും ചെയ്യുന്നു. മറ്റൊരു വർഗ്ഗത്തെ കൊണ്ട് കലാപം നടത്തിക്കുന്നത് ഉപരിവർഗ്ഗത്തിൻ്റെ സൂക്ഷ്മ രാഷ്ട്രീയ ബോധമാണ് . അപ്രകാരം മറഞ്ഞിരിക്കുന്ന അധികാര ,സമ്പന്ന വർഗ്ഗത്തിൻ്റെ കാമനകൾക്ക് ഏറിനെ ഭയമില്ല . ഇൻഡ്യൻ രാഷ്ട്രീയത്തിൻ്റെ പൊള്ളത്തരങ്ങളും ,അതൊളിപ്പിക്കുന്ന ബൗധിക വ്യാപാരങ്ങളും ഏറ് എന്ന നോവലിൻ്റെ രാഷ്ട്രീയ വശമാണ് .

ഒരാൾ തന്നെ ഒരേ സമയം ഇരയും വേട്ടക്കാരനും ആകുന്നു എന്നതാണ് ഏറിൻ്റെ മറ്റൊരു പ്രത്യേകത. അധികാരത്തിൻ്റെ വേട്ടക്കാരൻ പതിയെ പഴയ ഇരകളിലേയ്ക്ക് സ്വയം ഇരയായി എത്തിച്ചേരുന്നു. മറ്റൊരു വേട്ടക്കാരൻ പഴയ തൻ്റെ ഇരകളിൽ അന്വേഷിക്കുന്ന അയാൾ സ്വത്വബോധത്തിൻ്റെ തലത്തിലേയ്ക്കുയരുന്നു. ആയുധം അധികാരത്തിൻ്റെ അടയാളമായിരുന്നപ്പോൾ ഉണ്ടായിരുന്ന വേട്ടക്കാരൻ്റെ ധാർഷ്ട്യം സഹവർത്തന സ്വഭാവം നേടുന്നു. ലോകമെമ്പാടുമുണ്ടായിരുന്ന അധികാര പ്രമർത്തന്മാർക്ക് ഉണ്ടായിരുന്ന ഈ സ്വഭാവം ശ്രീധരനിൽ ആരോപിച്ച് ആഗോളവ്യാപ്തിയുള്ള വേട്ടക്കാരൻ മാരെ കഥാകാരൻ പുനഃസൃഷ്ടിക്കുന്നു. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ അശോക് മോച്ചിയും കത്തിമുനക്ക് മുന്നില്‍ ജീവന് വേണ്ടി കൈകൂപ്പുന്ന കുത്തുബ്ദീന്‍ അന്‍സാരിയും ഒരേ വേദിയില്‍ ഒരുമിച്ചിരുന്ന് പരസ്പരം സ്നേഹം പങ്കിടുന്ന മറ്റൊരു കാഴ്ചയുമുണ്ട് . ഇത് ചരിത്രത്തിൻ്റെ (കാലൻ ശ്രീധരൻ്റെ ) മറ്റൊരു വശമാകുന്നു .

വ്യക്തിയിൽ സമൂഹത്തിലേയ്ക്കുള്ള യാത്ര സഹനത്തിൻ്റേയും , വ്യക്തി ശുദ്ധിയുടേയും ,സ്നേഹത്തിൻ്റേതുമാണ്. ഇവിടെ തീറ്റപ്രിയനായ പഴം വിഴുങ്ങി പത്മനാഭൻ നായരുടെ മകൻ കാലൻ ശ്രീധരൻ അനുഭവിക്കുന്ന വ്യക്തിയധിഷ്ഠിത ഒരു പ്രശ്നം കലാപമായി മാറുന്ന കാഴ്ചയാണ് ഏറിലുള്ളത്  .ലോകത്തെ വലിയ വിപ്പവങ്ങളും യുദ്ധങ്ങളും ആരംഭിച്ചിട്ടുള്ളത് ഇത്തരം വ്യക്തിനിഷ്ഠമായ പ്രശ്നത്തിൽ നിന്നാണ് .ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു യെന്ന പ്രാദേശിക വിഷയമാണല്ലോ ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായത് . ഏറ് വിനിമയം ചെയ്യുന്നത് ഇത്തരം സാമൂഹിക വിപത്തിൻ്റെ കാലുഷ്യമാണ്. തൻ്റെ വീടിന് കല്ലെറിഞ്ഞവനെ കണ്ടെത്തിക്കഴിഞ്ഞു എന്ന് സി സി റ്റിവി ക്യാമറ സ്ഥാപിച്ച അപ്പു പറയുമ്പോഴും യുദ്ധസമാനമായ ആക്രമണത്തിൻ്റെ തീവ്രതയിൽ കാലൻ പ്രഭാകരൻ അത് ചെവികൊടുക്കാതെ പോകുന്നു. ഇതു തന്നെയാണ് മനുഷ്യ വിപത്തിലെയ്ക്ക് നയിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം . ആർക്കും സമചിത്തതയോടെ പ്രശ്നങ്ങളെ കാണാൻ കഴിയുന്നില്ല . ഇൻഡ്യൻ രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങളുടെ മെറ്റഫർ ആണ് കഥാന്ത്യം എന്നു പറയാം ,അതിലെ സൂക്ഷ്മ ബുദ്ധി രാഷ്ട്രീയ തന്ത്രജ്ഞനാണ് പൊറിഞ്ചു മാഷ് . എറിയേണ്ടതെവിടെയെന്നും കൊള്ളേണ്ടതെവിടെയെന്നും കൃത്യമായ നിർവ്വചനമുള്ള ചാണക്യനാണയാൾ .

നാടിൻ്റെ ചരിത്രം , സംസ്കാരം , വർത്തമാനചലനങ്ങൾ , സാമൂഹികത എന്നിവയെ കൂട്ടിയിണക്കുന്നതിനും നാടിൻ്റെ ജനകീയ ചരിത്രത്തിൻ്റെ ഭാഗമാകുകയും ചെയ്യുന്ന ഇടമാണ് ചായക്കട . ഏറിൻ്റെ ആദ്യ റിപ്പോർട്ടിംഗ് നടക്കുന്നത് ഈ ചായക്കടയിലാണ്. പൊറിഞ്ഞു മാഷ് അവസാനം ഒരു കലാപത്തിന് തിരികൊളുത്തുന്നതും ഇതേ ചായക്കടയിൽ ആണ്. ജഡത്വത്തെ ചലനാത്മകമാക്കുന്ന ഇത്തരം ഇടങ്ങൾ ഗ്രാമീണതയുടെ പൊതുബോധമാണ് . വീടെന്ന സ്വകാര്യ ഇടത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നം ചായക്കട എന്ന പൊതു ഇടത്തിലെ ചർച്ചയായി മാറിയതാണ് കഥാന്ത്യത്തിലെ കലാപത്തിലേയ്ക്ക് നയിച്ചത് . എറിനെ സംബന്ധിച്ച് ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണ് .  കുടുംബം , വസ്തു തർക്കം ,തൊഴിൽ ,മന്ത്രവാദം ,ചാത്തൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലേയ്ക്ക് ശ്രീധരനെ ഓടിക്കുന്നത് ചായക്കടയിലെ ചർച്ചയിൽ നിന്നാണ്.  വീടിനൊപ്പം പ്രധാനമായ കഥാപാത്രമാണ് ഈ ചായക്കടയും . തികച്ചും വിരുദ്ധമായ ഘടകങ്ങളാണി വയ്ക്കുള്ളത് . വീട് ഏകാന്തമായ ഒന്നിനെ വഹിക്കുന്ന നിശബ്ദതയാണങ്കിൽ ചലനാത്മകമായ ശബ്ദമാണ് ചായക്കട , ഒരു വ്യക്തിയധിഷ്ഠിത നിശബ്ദ വിഷയം ചലനാത്മക സമൂഹിക വിഷയമാക്കി മാറ്റുന്നതിൽ ഇവയ്ക്ക് കാര്യമായ പങ്കുണ്ട്. അതായത്  വ്യക്തിനിഷ്ഠ കലാപത്തിൻ്റെ സാമൂഹിക ഇടപെടലുകളെ കുറിച്ച് ‘ഏറ് ‘ ചർച്ച ചെയ്യുന്നുണ്ട്. ചരിത്രം നോവലിൻ്റെ ആഖ്യാന പാഠത്തിൽ സന്നിഹിതമാകുന്ന ഉത്തരാധുനിക നോവലുകളുടെ തുടർച്ച തന്നെയാണ് ‘ഏറ് ‘ എന്ന നോവലും .

ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

 

 

Comments are closed.