DCBOOKS
Malayalam News Literature Website

ലീലയിലെ ചെമ്പകഗന്ധവും വനഭാഗഭംഗിയും!

കീർത്തി വിദ്യാസാഗർ

ലീലാ  കാവ്യത്തെ ചെമ്പകപ്പൂവ് എന്നാണ് കാവ്യ രചയിതാവായ കുമാരനാശാൻ വിശേഷിപ്പിച്ചത്; പ്രകടമായ സൗരഭ്യവും ഉജ്ജ്വലമായ കാന്തിയുമുള്ള ചെമ്പകപ്പൂവ്.  ശാന്തമായ സുഗന്ധവും ഉദാരമായ ശോഭയും ഉള്ള ഒരു താമരപ്പൂവ് ആയിട്ടാണ് നളിനിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ലീലാ കാവ്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം; ഒരു ബിംബം; ഒരു പ്രതീകം; ഒരു മഹനീയ സാന്നിധ്യം ആണ് ചെമ്പകപ്പൂവ്. ലീലാമദനന്മാരുടെ പ്രണയത്തിന് ചെമ്പകപ്പൂവിനെ പോലെ ലഹരിപിടിപ്പിക്കുന്ന മാദകസൗരഭ്യം ആണുള്ളത്. ലീലാമദനന്മാരുടെ പൂർവ്വ പ്രണയകഥ കവി കാവ്യത്തിൽ വർണ്ണിക്കാതെ  ചെമ്പകപൂവിൽ  സമർഥമായത് സംഭൃതമാക്കിയിരിക്കുന്നു.  ലീലാ  കാവ്യത്തിൽ ഉടനീളം ചെമ്പക സുഗന്ധം പ്രചരിക്കുന്നുണ്ട്. ചെമ്പകവനവും ചെമ്പകമരവും ചെമ്പകപ്പൂവും ചെമ്പകഗന്ധവും കവി കൽപനയിൽ നട്ടുപിടിപ്പിച്ചു, വിരിഞ്ഞ്  സൗരഭ്യം പരത്തിയതാണ്.

അന്യപരിണീതയായിട്ടും കാലദേശങ്ങളുടെ വ്യവധാനം കൊണ്ട് തിരോഹിതമാകാതെ അവശേഷിക്കുന്ന തീവ്രാനുരാഗം മദനനിദിധ്യാസകുതുകിനിയായ ലീലയെ മദനനിവാസവാസിതമായ  വനാന്തരത്തിൽ എത്തിക്കുന്നു. വിധുര വലാകകൾ പോലെ വിന്ധ്യാടവിയിൽ  ലീലയും മാധവിയും മദനനെ അന്വേഷിച്ച് അങ്ങുമിങ്ങും അലഞ്ഞു. സാഗരോന്മുഖിയായ് സസ്വര  രേവാനദി പാർശ്വവർത്തി ആയി ചരിക്കുന്ന അവിടെ, അവളെ എതിരേറ്റത് രൂക്ഷമായ ചെമ്പക ഗന്ധം ആയിരുന്നു.

‘സുഖദമയി! വരുന്നിതെങ്ങുനിന്നോ

സഖീ, യിത ചെമ്പകഗന്ധമെന്തു ചിത്രം!

മുഖരസമിതു മാറ്റി മിന്നുകല്ലി?

നിഖിലവനാവലി നിദ്രവിട്ടപോലെ’

ലീല ചെമ്പകപ്പൂവിന്റെ  ഗന്ധമേറ്റ്  അടിമുടി കോരിത്തരിച്ച്  ആഹ്ലാദത്തിൽ മതിമറന്ന് പാടുകയാണ് .  ആ വിഭ്രമാത്മക നിമിഷത്തിൽ ലീലയുടെ മനസ്സിന്റെ വിഹ്വലത പ്രദർശിപ്പിക്കുകയാണ് ഇവിടെ. തന്റെ പ്രിയനായ മദനന്റെ  സാന്നിധ്യം അവൾ  ആ പുഷ്പഗന്ധത്തിലൂടെ  തിരിച്ചറിഞ്ഞു. വനപദ്ധതിയിൽ മദനനെ  അന്വേഷിക്കുമ്പോൾ ലീലയ്ക്ക് തീർച്ചയായിരുന്നു, ചെമ്പക ഗന്ധം എവിടെയുണ്ടോ അവിടെ മദനനുണ്ടാകുമെന്ന്.

‘ എവിടെ മണമിതുത്ഭവിപ്പുവങ്ങേ –

ന്നവിതഥ ജീവിതദൈവതം വസിപ്പൂ!’

ടി.എസ് എലിയറ്റിന്റെ  പ്രശസ്തമായ ‘തരിശുഭൂമി’ യിലെ (Waste Land) ഹയസിന്ത  പൂക്കളെ ഓർമ്മിപ്പിക്കുന്ന ഒരു കല്പനയാണ് ചെമ്പകപ്പൂവ്.  ഹയസിന്തപ്പുവ് പ്രണയത്തിന്റെയും പെണ്ണിന്റെയും പ്രതീകമാണ്.

വനഭാഗഭംഗി അലൗകികമായ കാന്തിപ്രസരം ചൊരിഞ്ഞ് വായനക്കാരെ വ്യാമുഗ്ധരാക്കുന്നു. സ്വർഗീയമായ കാവ്യാന്തരീക്ഷവും ഉണ്ടാക്കുന്നു. ‘നർമ്മദോർമ്മീ  പരിചയശൈത്യമിയെന്ന മന്ദവായു ‘ ഹേമപുഷ്പ സുഗന്ധം വഹിച്ചുകൊണ്ട്, ഹിതകരമായി, ഹൃതഹൃദയയായി കടന്നുവരുമ്പോൾ ലീലയുടെ മനസ്സിലെ വിസ്മൃതിയുടെ ആവരണം തകർത്തുകൊണ്ട്, മറഞ്ഞിരിക്കുന്ന ഓർമകളെ ഉണർത്തുന്നു ;  കാലവും ജീവിതവും അവളിൽ ഏതെങ്കിലും രീതിയിൽ പൂർവാനുരാഗവിസ്മൃതി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ!

ചെമ്പക പൂവിന്റെ മഹത്വവും കവി വർണ്ണിക്കുന്നുണ്ട്.

‘ കുസുമശബള കാന്തിയാം നഭസ്സിൽ

പ്രസൃമരമാം സ്ഫുടചമ്പകാതപത്താൽ

അസമയരമണീയമത്രേ കണ്ടേ?

സുസഖി! യുഷസ്സുഷമയ്ക്ക് നിത്യഭാവം’

ചെമ്പക പൂക്കളുടെ പൊന്നൊളി വനാന്തരങ്ങളിൽ പരക്കുകയാൽ അസമയത്തും അവിടെ പ്രഭാതകാന്തിക്ക്  ശാശ്വത ഭാവം കൈവന്ന പോലെ തോന്നും. ഉഷശ്ശോഭ പ്രഭാതത്തിൽ അല്പനേരം മാത്രമേ നിലനിൽക്കുകയുള്ളൂ. ചെമ്പക പൂക്കളുടെ കാന്തി പ്രസരം ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

അകാരണമായി മദനൻ  ചെമ്പകപ്പൂവിനെ ഇഷ്ടപ്പെട്ടു. അതുപോലെതന്നെ ലീലയെയും. ഒരർത്ഥത്തിൽ  ലീലയും  ചെമ്പകപൂവ് തന്നെയാണ്. ലീല വിവാഹിതയായി പോയപ്പോൾ ഉന്മാദിയായി നാടുവിട്ടോടിയ മദനൻ  എത്തിച്ചേർന്നതും  വിന്ധ്യാടവിയിലെ ചെമ്പകവനത്തിലായിരുന്നു. ചെമ്പകപ്പൂവിലൂടെ  ലീലയുടെ സാന്നിധ്യം അവൻ അനുഭവിച്ചു. പൂക്കളിൽ അതുല്യകാന്തിയോട് കൂടിയ ചെമ്പകവും  സ്ത്രീകളിൽ ലീലയും ആയിരുന്നു മദനനു  ഈ ലോകത്തിൽ പ്രിയപ്പെട്ടവർ. ‘നവചെമ്പകോത്സുകനാണ് ‘ മദനൻ എന്ന് ലീല പറയുന്നുണ്ട്.

അവസാനം ലീലാമദനന്മാർ   രേവയുടെ അഗാധഹ്രദങ്ങളിൽ തിരോഭവിച്ചതിനു ശേഷവും ഒരു പ്രതീകമായി ചെമ്പകം പ്രത്യക്ഷപ്പെടുന്നുണ്ട്.

‘രവി ജലധിയിലാശു മുങ്ങി, രേവാ-

സവിധവനങ്ങളിൽ നിന്നു രശ്മി നീങ്ങി;

പവനനുമഥ വിട്ടു ചെമ്പകത്തെ

ഭുവനവുമപ്പൊഴുതപ്രസന്നമായി ‘

രവിയും രശ്മിയും പോലെ അഭേദ്യമായ ലീലാമദനന്മാരുടെ ബന്ധമാണ് ഈ വരികളിൽ അഭിവ്യഞ്ജിക്കുന്നത്.  മദനൻ രേവയിലെ അഗാധതയിൽ വിലയിച്ചപ്പോഴുള്ള സൂര്യാസ്തമയ വർണ്ണനയാണ് ഇവിടെ.  സൂര്യൻ സമുദ്രത്തിൽ മുങ്ങി. രേവാ നദീതടങ്ങളിൽ നിന്ന് സൂര്യരശ്മിയും നിശ്ശേഷം നീങ്ങി. ‘പവനനുമഥ വിട്ടു ചെമ്പകത്തെ ‘, മന്ദമാരുതൻ ചെമ്പകത്തെ ഉപേക്ഷിച്ചു. ലോകം മുഴുവൻ ഇരുട്ടിലാണ്ടു. സൂര്യനെ വിട്ട് രശ്മിക്ക് നിലനിൽപ്പില്ല. ചെമ്പകഗന്ധം വഹിക്കുന്നത് വായുവാണ്. ചെമ്പകത്തെ വായു ഉപേക്ഷിച്ചു. നായികയായ ലീലക്ക് മദനനെ  വിട്ടു ജീവിക്കാനാകില്ല. ഇവിടെ പരാമൃഷ്ടമായ ബന്ധങ്ങളെല്ലാം പരസ്പരപൂരകങ്ങളാണ്. ലീലയുടെ മരണം ആസന്നമായി എന്ന സൂചനയും ഇവിടെയുണ്ട്. ചെമ്പകം ലീലയും പവനൻ മദനനുമാണെന്നുള്ള പ്രതീതി ഉണ്ടാക്കുന്നു.

സഹൃദയ മനസ്സിൽ നിഗൂഢമായ രസാനുഭൂതികൾ ഉണർത്തുന്ന വികസ്വര കൽപ്പനയാണ് ചെമ്പകപ്പൂവ്. ആവർത്തനത്തിന്റെ  ഓരോ നിമിഷത്തിലും പുതുമ പടർത്തുന്ന പ്രതിഭാപ്രകാശം ചെമ്പകപ്പൂവിനെ വൈചിത്ര്യ ഭാസുരമാക്കുന്നു.  വികാരോദ്ദീപകവും വിമർദ്ദഹൃദ്യവുമായ കവി കൽപ്പനയിൽ വിരിഞ്ഞ,അലൗകിക കാന്തി അഭംഗുരം ആയി പ്രകാശിക്കുന്ന അമൃത നിഷ്യന്തിയായ ഹേമ മഞ്ജരിയുടെ പരിമളം, അപ്രതിഹതമായി പ്രസരിക്കുമ്പോൾ,  കാവ്യ രസവും അവ്യാഹതമായി… അവിച്ഛിന്നധാരയായി പ്രവഹിക്കും. ഇത് ആശാൻ കവിതയിലെ പരിസ്ഥിതിദർശനം കൂടിയാണ്.

കുമാരാനാശാന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.