DCBOOKS
Malayalam News Literature Website

ആത്മസംഘര്‍ഷങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ജീവിതസാക്ഷ്യം

കവര്‍ച്ചക്കാരനെതിരെ എന്ന പോലെ വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ?’
ബൈബിള്‍,ലൂക്കാ സുവിശഷം.

ഇസ്‌ലാമിക തീവ്രവിഭാഗക്കാര്‍ ജോസഫ് മാഷിന്റെ കൈവെട്ടി, കോതമംഗലം രൂപതയും തൊടുപുഴ ന്യൂമാന്‍ കോളേജ് അധികാരികളും ചേര്‍ന്ന് അദ്ദേഹത്തിന്റെ തലയും…അറ്റുപോകാത്ത ഓര്‍മ്മകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഉണര്‍ന്ന ചിന്ത അതായിരുന്നു.

‘വിവേകമില്ലാത്ത തലകള്‍’ വെട്ടിനീക്കപ്പെടട്ടെയെന്ന ശീര്‍ഷകത്തില്‍ അന്നാളില്‍ ഒരു പ്രമുഖ ദിനപത്രത്തില്‍ ലേഖനമെഴുതിയത്, കത്തോലിക്കാ സഭയിലെ അന്നത്തെ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരുന്ന, പിന്നീട് വൈദികനായ ഒരു പുരോഹിതനാണ്.

രണ്ടു കൂട്ടര്‍ക്കും പക്ഷേ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കാരണം, താല്ക്കാലികമായ തിരിച്ചടികളും ചവിട്ടിയരക്കലുകളുമെല്ലാം ഉണ്ടാക്കാമെങ്കിലും, സത്യത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോ. കൂരിരുളിന്റെ കാര്‍മേഘപാളികളെ ഭേദിച്ച് സൂര്യനൊരു വിനാഴികയില്‍ ഉദിച്ചു പ്രകാശിക്കുക തന്നെ ചെയ്യും.

ഒന്നു സങ്കല്പിച്ചു നോക്കു നിങ്ങള്‍, ആരോഗ്യദൃഡഗാത്രരായ ഒരു കൂട്ടം ആളുകള്‍ ഒരാളെ തടഞ്ഞു നിറുത്തിയിട്ട് അയാളുടെ ദേഹമാസകലം വാക്കത്തിയും മഴുവും ഉപയോഗിച്ച് മാരകമായ തരത്തില്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു. വെട്ടേറ്റ് അയാളുടെ വലതുകാല്‍ തൂങ്ങി, വലതു കൈപ്പത്തി അറ്റു ദൂരേക്ക് തെറിച്ചു പോയി.

ഈ സമയം ദൂരേ നിന്നൊരാള്‍ ഓടി വന്ന് ഒരു വലിയ വാള്‍ ഇദ്ദേഹത്തിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുന്നു. മരണമുഖത്തേക്ക് താഴ്ന്നുകൊണ്ടിരിക്കേ അയാള്‍ തന്നെ കുത്തിയതാരാണെന്ന് അര്‍ദ്ധ ബോധത്തോടെ നോക്കുന്നു. സ്വന്തം പിതാവായിരുന്നു അതെന്ന് അയാള്‍ തിരിച്ചറിയുന്നു…’ഇനിയൊരു സ്വഭാവികചോദ്യം. ഈ രണ്ടു കൂട്ടരില്‍ ആരാണ് അയാളുടെ യഥാര്‍ത്ഥ ശത്രു? അതിനുള്ള ഉത്തരമാണ് ഈ പുസ്തകത്തിലുള്ളത്.

പക്ഷേ അപ്പോഴെക്കും സ്വന്തം ജീവനേക്കാള്‍ മൂല്യമുള്ള സൗഭാഗ്യങ്ങള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. സ്‌നേഹിച്ച് സംരക്ഷിച്ചു നിറുത്തേണ്ടവര്‍ തന്നെ അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. ഹൃദയത്തിലേക്ക് കൊടും ചതിയുടെ വാള്‍ കുത്തിയിറക്കി…തീര്‍ന്നില്ല, ‘വിവേകമില്ലാത്ത തലകള്‍ മുറിച്ചുനീക്കപ്പെടട്ടെ”എന്ന് സ്വന്തം മനോഗതം പ്രകടിപ്പിക്കുന്ന,തലക്കെട്ടില്‍ ഒരു ലേഖനവും എഴുതി.

മുസ്‌ലിം സമുദായം പറഞ്ഞാല്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന ആണത്തം കെട്ട ഔദാര്യവും പ്രകടിപ്പിച്ചു. അക്രമണത്തെ ആ സമുദായത്തില്‍പ്പെട്ട സംഘടനകളും വ്യക്തികളും അപലപിച്ചപ്പോള്‍, നിഗൂഢത പേറുന്ന വെള്ളക്കുപ്പായക്കാര്‍ പിന്നെയും കളങ്ങള്‍ മാറി ചവിട്ടിക്കൊണ്ടിരുന്നു. ഇത്തരത്തിലുള്ള ക്രൂരത നിറഞ്ഞ നടപടികളുടെ അനന്തരഫലമായ അനുഭവങ്ങളാണ് ആ അധ്യാപകന്‍ ഇക്കണ്ട കാലമത്രയും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

പ്രൊഫ.ടി ജെ ജോസഫിന്റെ വലതുകരം ച്ഛേദിച്ച് ദേഹമാസകലം വെട്ടി കശക്കിയെറിഞ്ഞ, മതത്തിന്റെ പേരിലുള്ള തീവ്രവര്‍ഗ്ഗീയ വിഭാഗത്തെക്കുറിച്ചൊന്നും ഇനി പറയുന്നതില്‍ അര്‍ത്ഥമില്ല. ചെയ്ത തെറ്റിന് അവരെല്ലാം നിയമപരമായി വിചാരണക്ക് വിധേയരായി ശിക്ഷാവിധി ഏറ്റുവാങ്ങിക്കഴിഞ്ഞു എന്നു മാത്രമല്ല,. അവരുടെ ഭ്രാന്തമായ അക്രമത്തിന് വിധേയനായ ജോസഫ് മാഷ് അവര്‍ക്ക് മാപ്പും നല്‍കിക്കഴിഞ്ഞല്ലോ. ജാതി ഫാഷിസത്തിന്റെ ആ ഇരുണ്ട സംഭവം പരിഷ്‌കൃതരുടെയും പുരോഗമന ചിന്തയുടെയും രാഷ്ട്രീയ പ്രബുന്ധതയുടെയും സര്‍വ്വോപരി വിദ്യഭ്യാസത്തിന്റെയും അട്ടിപ്പേറുകിടക്കുന്നുവെന്ന് ഗര്‍വ്വ് നടിക്കുന്ന കേരളത്തിലാണ് നടന്നതെന്ന വലിയ ഓര്‍മ്മപ്പെടുത്തല്‍ ഇന്നും അവശേഷിക്കുന്നു.

അദ്ദേഹത്തിന്റെ ജീവിത വഴിത്താരയില്‍ കൂടെ നില്‍ക്കേണ്ടവരടക്കം ആരെല്ലാമോ ചേര്‍ന്ന് കാത്തുവച്ചിരുന്ന കൊടും ചതിയുടെയും പാതകങ്ങളുടെയും ഞെട്ടിപ്പിക്കുന്ന ജീവിത സാക്ഷ്യങ്ങളാണ് ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’എന്ന ആത്മകഥയിലൂടെ അദ്ദേഹം പറയുന്നത്. അതും, നല്ല തെളിമയുള്ളതും സ്വച്ഛവുമായ ശുദ്ധ മലയാളത്തില്‍. കൈപ്പത്തി വെട്ടിയെറിഞ്ഞവരല്ല ഇതിലെ യഥാര്‍ത്ഥ കുറ്റക്കാര്‍. അവരെ മറപറ്റി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കിയവരുണ്ട്. മാഷിന്റെ നെഞ്ചിലേക്ക് വഞ്ചനയുടെയും നെറികേടിന്റെയും കൊടുവാള്‍ കുത്തിയിറക്കിയവര്‍.

അവരൊന്നും ഒരു വിചാരണയ്‌ക്കോ നല്ല കുമ്പസാരത്തിനോ പോലും വിധേയരായിട്ടില്ല എന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെയും യഥാര്‍ത്ഥ ക്രൈസ്തവ ദര്‍ശനവ്യാപനത്തിന്റെയും ബലഹീനതയും കുറവുമാണ് ചൂണ്ടിക്കാണിക്കുന്നത്. വിവാദ പരാമര്‍ശം അടങ്ങുന്ന ചോദ്യത്തിന്റെ തുടര്‍ഭാഗമായ മറ്റൊരു ചോദ്യം, ഒരു അയില മീന്‍ മുറിച്ചാല്‍ എത്ര കഷ്ണമാക്കാമെന്നാണ്. മൂന്നു കഷ്ണമെന്ന് എത്രവട്ടം ഞാന്‍ പറഞ്ഞുവെന്നാണ് അതിന് കഥാപാത്രമായ ദൈവം പറയുന്ന ഉത്തരം. ഇത്, ക്രൈസ്തവ വിശ്വാസത്തിലെ പരിശുദ്ധ ത്രിത്വത്തെ അപമാനിക്കലാണെന്ന് സ്വയം നിരൂപിച്ച ക്രൈസ്തവ പുരോഹിതന്‍, ജോസഫ് മാഷിന്റെ കൈ വെട്ടിയെറിഞ്ഞവരേക്കാള്‍ അപകടകാരിയായ വര്‍ഗ്ഗീയ തീവ്രവാദിയാണ്. ടി.ജെ.ജോസഫ് സാറിന്റെയത്രയും പരീക്ഷീണിതനായ ഒരു അധ്യാപകന്‍ ഈ ലോകത്തൊരിടത്തും കാണുകയില്ല.

കൂടെ നില്‍ക്കേണ്ടവര്‍ തന്നെ, ആദ്യം സുരക്ഷിതത്വത്തിന്റെ പേരില്‍ മാറ്റിനിറുത്തിയിട്ട് പിന്നെ ലജ്ജാലേശമില്ലാതെ തള്ളിപ്പറഞ്ഞതാണ് ആ ദൈനതയുടെ പ്രധാന കാരണം. എല്ലാം ശരിയാക്കിത്തരാം എന്ന് ആശ്വസിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടിട്ട്, തുടരെത്തുടരെ സസ്‌പെന്‍ഷനും ഒടുവില്‍ പിരിച്ചുവിടല്‍ നോട്ടീസും നല്‍കിയ അഭിനവ നീതിശാസ്ത്രജ്ഞര്‍ അദ്ദേഹത്തെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ ശ്രമിച്ചു. നിയമപരമായി അദ്ദേഹത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍
ആ അധ്യാപകന്റെ മരണത്തെ ആഗ്രഹിച്ചവരായിരുന്നോ? അങ്ങനെ സംശയിക്കുന്നവരെ എങ്ങനെയാണ് കുറ്റം പറയുക? അദ്ദേഹം ഇല്ലാതാക്കപ്പെട്ടാല്‍ പകരം കോഴ വാങ്ങി പുതിയ നിയമനം നടത്താമെന്നായിരുന്നോ ആ നിഗൂഢ ലക്ഷ്യം?

പറഞ്ഞു വരുമ്പോള്‍ ഇസ്‌ക്കറിയോത്തായിലെ യൂദാസ് എത്ര നിസാരന്‍. മുപ്പത് വെള്ളിക്കാശിന് തന്റെ ഗുരുനാഥനെ ഒറ്റിയ അയാള്‍, യഹൂദ പുരോഹിതരാല്‍ താന്‍ കബിളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ നിമിഷം ആ പണം തിരികെ നല്‍കി യേശുവിനെ രക്ഷിക്കാന്‍ തുനിഞ്ഞു. അതിലും പരാജയപ്പെടുകയാല്‍, ആത്മ നൈരാശ്യം മൂത്ത് അക്കല്‍ദാമയില്‍ക്കയറി തൂങ്ങി മരിച്ചു. അതിലൂടെ, ഒറ്റുകാരനാണെങ്കിലും മന:സാക്ഷിയുള്ളവനാണ് താനെന്ന്, യൂദാസ് തെളിയിച്ചു. ഒരര്‍ത്ഥത്തില്‍ അതൊരന്തസ്സ് തന്നെ. ടി.ജെ ജോസഫ് സാറിന്റെ കാര്യത്തില്‍ നുണയില്‍ നിന്നും നുണകളിലേക്കും അവിടെ നിന്നും പെരും കള്ളങ്ങളിലേക്കുമാണ് കൊച്ചച്ചന്‍ മുതല്‍ മെത്രാനച്ചന്‍ വരെ യാതൊരു ന്യായീകരണവുമില്ലാതെ സഞ്ചരിച്ചത്.

അതിലേക്കായി എന്നേ മൂര്‍ച്ച നഷ്ടപ്പെട്ട വജ്രായുധമായ, ഇടയലേഖനങ്ങള്‍ വരെ ഇറക്കി. ദൈവഭയവും മന:സാക്ഷിയുള്ള വൈദികര്‍ അതവരുടെ പള്ളികളില്‍ വായിച്ചില്ല. ചിലര്‍ സ്വയം എഡിറ്റ് ചെയ്ത് വായിച്ചെന്ന് വരുത്തി. ഇനിയുള്ളവര്‍ ഉത്തമ ചെമ്മരിയാടുകളായി മാറി. രണ്ടു ഭാഗങ്ങളിലായി 431 പേജുകളുള്ള പുസ്തകത്തിലെ 300 പുറങ്ങളിലെ ഒന്നാം ഭാഗത്തെ വായന, ആത്മസംഘര്‍ഷങ്ങള്‍ പകര്‍ന്നു തരുന്നവയാണ്. ഒരു കത്തോലിക്കാ കലാലയത്തില്‍ നടക്കുന്ന മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യവിരുദ്ധമായ നിലപാടുകളുടെയും െ്രെകസ്തവ ദര്‍ശനങ്ങളുടെയും നഗ്‌നമായ ലംഘനങ്ങളാണ് അതിലെ പ്രതിപാദനം.

അക്രമത്തിനിരയായ ഒരാള്‍ അതും ഒരു കോളേജ് അധ്യാപകന്‍ സ്വന്തം സ്ഥാപനത്തില്‍ നിന്നും അനുഭവിക്കുന്ന അവഗണനകളുടെയും നിന്ദനങ്ങളുടെയും ക്രൂരമായ ചരിത്രം. ബിഷപ്പിന്റെയും പുരോഹിതന്റെയും കാല്‍ക്കല്‍ വീണ് മാപ്പു പറഞ്ഞിട്ടും കാരിരുമ്പിനേയും തോല്‍പ്പിക്കുന്ന മനസ്സുമായി, ഒരാശ്വാസവാക്കു പോലും പറയാതെ, അവഗണിച്ചും പരിഹസിച്ചും പുറംകാലിന് തൊഴിക്കുംപോലെ പെരുമാറി ഈ ശ്രേഷ്ഠതനയര്‍.

സഹോദരന്‍ തെറ്റു ചെയ്താല്‍ ഏഴേഴുപത് പ്രാവശ്യം ക്ഷമിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നവരാണിങ്ങനെ പെരുമാറിയതെന്നോര്‍ക്കണം. ജോസഫ് മാഷിനെ തിരിച്ചെടുക്കണമെന്ന് ഈ ലോകം തന്നെ ഒറ്റക്കെട്ടായി പറഞ്ഞിട്ടും അതൊന്നും കേട്ട ഭാവം നടിക്കാതെ അരമനയില്‍ സുഖലോലുപരായി ഉണ്ടുറങ്ങിക്കഴിഞ്ഞവര്‍, പക്ഷേ, അവര്‍മൂലം മാനസിക രോഗിണിയായ ഒരു സ്ത്രി, മാഷിന്റെ ഭാര്യ ഇതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോള്‍ ഭയന്നു പോയി. കാരണം അതിനും കാരണക്കാര്‍ അവര്‍ തന്നെയാണല്ലോ. ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ കുടുംബത്തെ ഒന്നു താങ്ങിനിര്‍ത്താന്‍ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നിന്നുകൊണ്ട് കൂലിവേലക്കാരിയാകാന്‍ വരെ മനസ്സുകാട്ടിയ ഒരു പാവം വീട്ടമ്മയായിരുന്നവര്‍. ഒടുവില്‍ വി.എസ് അച്യുതാനന്ദനടക്കമുള്ളവരുടെ ശക്തമായ ഇടപെടല്‍ മൂലം യാതൊരു ഗന്ത്യന്തരവുമില്ലാതെ മാഷിനെ തിരികെയെടുക്കുന്നതിലും ഉണ്ടായി നാണംകെട്ട തരംതാണ ചെയ്തികള്‍.

മാര്‍ച്ച് മാസം 31-ന് റിട്ടയര്‍ ചെയ്യുന്ന അദ്ദേഹത്തിന് 27-ന് രാത്രി എട്ടുമണിക്കാണ് നിയമനോത്തരവ് നല്‍കിയത്. ഉത്തരവുമായെത്തിയ മഹാന്‍ ആ നേരമത്രയും വീടിന്റെ തൊട്ടടുത്തുള്ള പാസ്റ്റല്‍ സെന്ററില്‍ പാത്തിരുന്നു. എട്ടു മണിക്ക് നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശമുണ്ടായിരുന്നെത്രെ. അത്രയും നേരം കൂടി ആ കുടുംബം തീ തിന്നട്ടെയെന്നായിരിക്കണം, നാടൊട്ടാകെ ഓടി നടന്ന് കുടുംബ നവീകരണ പ്രബോധനം നടത്തുന്ന ഇവരുടെ വിശുദ്ധ ലക്ഷ്യം.

28-ന് രാവിലെ കോളേജിലെത്തിയ മാഷിന് നിറഞ്ഞ ശൂന്യതയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. കുട്ടികള്‍ക്ക് അവധി നല്‍കി, ഇയാള്‍ ക്ലാസെടുക്കുന്നതൊന്നു കാണണമല്ലോ. വനിതാ പ്രൊഫസര്‍മാര്‍ക്കായി മാത്രം ഒരു പ്രത്യേക യോഗം, അവര്‍ക്കു മുമ്പില്‍ ഇയാള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണണമല്ലോ. പുരുഷാധ്യാപകര്‍ക്കായി, സര്‍വ്വകലാശാല പരീക്ഷയില്‍ ഇന്‍വിജിലേഷന്‍ ഡ്യൂട്ടി. ഇയാളെ സ്വീകരിക്കാന്‍ ഒരു പട്ടിക്കുഞ്ഞു പോലും ഇവിടെ ഉണ്ടാകരുതെന്ന്…ഇതിനിടെ കണ്ട, പ്രിയശിഷ്യനടക്കമുള്ള പുരോഹിതന്‍മാര്‍ക്കെല്ലാം ഇരുണ്ട മുഖങ്ങള്‍.

പിറ്റേന്ന് ശനി പിന്നെ ഞായര്‍, തിങ്കളാഴ്ച മുപ്പത്തിയൊന്നാം തീയതി. അന്നു പക്ഷേ ഒരു സംഭവം ഉണ്ടായി. യാത്ര പറഞ്ഞിറങ്ങവേ, അനധ്യാപക വിഭാഗത്തിലെ ഒരു ജീവനക്കാരി ധൈര്യപൂര്‍വ്വംഓടി വന്ന് മാഷിന്റെ വലതുകൈപ്പത്തിയില്‍ ചുംബിച്ചു. അതെ, ലോക സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു ആ സ്ത്രീ. അതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ നമുക്കു മുന്നിലുണ്ട്. ജോസഫ് മാഷ് അക്രമിക്കപ്പെടുമെന്നും ചിലപ്പോള്‍ വധിക്കപ്പെടുമെന്നും തന്റെ അധികാരികള്‍ക്ക് മുന്നറിവുണ്ടായിരുന്നു എന്നൊരു നിഗമനം മാഷ് പങ്കുവെക്കുന്നുണ്ട്.

അത്യന്തം ഗൗരവതരമായ ഈ നിരീക്ഷണം അന്വേഷിക്കപ്പെടേണ്ടതായിരുന്നു. കുറഞ്ഞ പക്ഷം മാഷിനെയെങ്കിലും അറിയിച്ചിരുന്നെങ്കില്‍. ഈ നിഷ്ഠുര കൃത്യം തന്നെ ഉണ്ടാകുമായിരുന്നില്ല.
അതെങ്ങനെ?

സ്വന്തം വികാരി അച്ചന്‍ പോലും അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ വന്നത്, ഒപ്പീസു ചൊല്ലി ‘കേസ് ‘ അവസാനിപ്പിക്കാനുള്ള വ്യഗ്രതയുമായിട്ടായിരുന്നു. അന്നേ മരിച്ചു പോയെങ്കില്‍…എന്ന പുരോഹിത മോഹഭംഗം ആ നിരാശാബോധത്തോടെ പുറത്തുചാടിയ സന്ദര്‍ഭവും പിന്നീട് ഉണ്ടായല്ലോ. മാഷിനായി ഒപ്പീസു ചൊല്ലാന്‍ അവരെല്ലാവരും പ്രത്യാശയോടെ കാത്തിരുന്നു എന്നതാണിപ്പോള്‍ തെളിവാക്കപ്പെടുന്നത്.

അനുദിനമെന്നോണം അരമനയിലും കോളേജിലും വിളിച്ച്, അധികാരികള്‍ക്ക് മാഷിനോടുള്ള നിഷേധ മനോഭാവം മനസിലാക്കിയ അക്രമകാരികളോട് ഒരിക്കലെങ്കിലും അനുരഞ്ജനത്തിന്റെ ഒരു വാക്ക് പറയാന്‍ അവര്‍ മനസ്സു കാട്ടിയില്ല. ഞങ്ങള്‍ കയ്യൊഴിഞ്ഞു കഴിഞ്ഞു. നിങ്ങള്‍ ഇഷ്ടംപോലെ ചെയ്‌തോളൂ എന്ന സന്ദേശമാണ് ഇതിലൂടെ സഭാ അധികൃതര്‍ നല്‍കിയത് എന്നാണ് മാഷ് വ്യക്തമാക്കുന്നത്.

മനുഷ്യസ്‌നേഹികളായ മഹാ വ്യക്തിത്വങ്ങളുടെയടക്കം പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ നേടിയ അദ്ദേഹം കാര്യങ്ങള്‍ സത്യസന്ധമായി മാത്രം തുറന്നു പറയുന്നതിലൂടെ സ്വഭാവികമായും പ്രകടമാക്കുന്ന ആകാംഷയും വികാരവിക്ഷോഭവവും ഇതിലെ ഓരോ വാക്കിലും അന്തര്‍ലീനമായിട്ടുണ്ട്. മലയാളത്തിന്റെ മഹാകവികളിലൊരാളും ജ്ഞാനപീഠജേതാവുമായ ഒഎന്‍വി കുറുപ്പ്, ജോസഫ് മാഷിനെ അഭിവാദ്യം ചെയ്തുകൊണ്ടെഴുതിയിരിക്കുന്ന മനോഹരമായ ഒരു കവിത ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഒട്ടുമിക്ക സഭാ വിഭാഗങ്ങളിലെയും ഏതാനും ചില ക്രൈസ്തവ അധികാരികളിലും, സ്ഥാപനങ്ങളിലും അനുദിനമെന്നോണം വര്‍ദ്ധിച്ചു വരുന്ന ധനാര്‍ത്ഥിയുടെയും അധികാര മോഹങ്ങളുടെയും ദുര്‍ഗന്ധപൂരിതമായതും ശാപഗ്രസ്തവുമായ വര്‍ത്തമാനകാലത്ത് അസീസിയിലെ ഫ്രാന്‍സിസുമാര്‍ വീണ്ടും, നവോത്ഥാനത്തിന്റെ കാഹളം മുഴക്കേണ്ട കാലമായിരിക്കുന്നു.

പ്രൊഫ. ടി.ജെ.ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥയ്ക്ക് ബോബന്‍ വരാപ്പുഴ എഴുതിയ വായനാനുഭവം

Comments are closed.