DCBOOKS
Malayalam News Literature Website

ഒരിടത്ത് തറഞ്ഞു പോയ കവിതയുടെ നിശ്ചലതയ്ക്ക് സഞ്ചാരത്തിന്റെ ഗതിവേഗം പകരുന്നവയാണ് ഇതിലെ വരികൾ.

READERS REVIEW

കലേഷിന്റെ ‘ആട്ടക്കാരി’ ഇന്നലെ കൈയിലെത്തി. പേരിലെ സൂചനയ്ക്ക് സമാനമായി ആട്ടത്തിലേതു പോലുള്ള ചലനങ്ങളാണ് ഈ കവിതകളുടെ പൊതുസ്വഭാവം. അത് ഉടലുകളുടേത് മാത്രമല്ല. ഇതിലെ സ്ഥലകാലങ്ങളും അവസ്ഥകളും സംഭവങ്ങളുമെല്ലാം അടിമുടി ചലനാത്മകമാണ്. ഒരിടത്ത് തറഞ്ഞു പോയ കവിതയുടെ നിശ്ചലതയ്ക്ക് സഞ്ചാരത്തിന്റെ ഗതിവേഗം പകരുന്നവയാണ് ഇതിലെ വരികൾ.

ഇതിലെ സ്ഥലം പ്രധാനമായും നഗരം തന്നെയാണ്. അത് ഒരു സാങ്കല്പിക നഗരമല്ല. ഏറെക്കാലമായി കവി ജീവിച്ചു വരുന്ന കൊച്ചിയാണ്. നോബർട്ട് പാവന റോഡ്, കതൃക്കടവ് പാലം,തൃക്കാക്കര, ചമ്പക്കരപ്പാലം, കലൂർ , മുല്ലശ്ശേരി കനാൽ റോഡ്, ബ്രോഡ് വേ ,മേത്തർ ബസാർ , ഷേണായീസ് തിയേറ്റർ, എം.ജി.റോഡ് എന്നിങ്ങനെ കൊച്ചി നഗരവും പരിസരങ്ങളും പലനിലകളിൽ ഇതിലെ കവിതകളിൽ നിറയുന്നുണ്ട്. ഈ സ്ഥലങ്ങൾ ഭൂപടത്തിൽ അടയാളപ്പെട്ടു കിടക്കുന്ന നിശ്ചല ബിന്ദുവായല്ല, മറിച്ച് നിരന്തര സഞ്ചാരത്താൽ പരസ്പരം തൊട്ടും വിട്ടും കിടക്കുന്ന ഇടങ്ങളുടെ സജീവതയായാണ് ഈ കവിതകളിൽ സാന്നിധ്യപ്പെടുന്നത്. ഗ്രാമീണ പരിസരങ്ങളിൽ രൂപം കൊണ്ട കവിതകളും അടഞ്ഞ സ്ഥലരാശിയിൽ ഉറഞ്ഞു നിൽക്കാതെ ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കുള്ള സഞ്ചാരത്തെ തന്നെയാണ് രേഖപ്പെടുത്തുന്നത്. ഗ്രാമത്തിൽ നിന്ന് നഗരത്തിലേയ്ക്കും തിരിച്ചുമുള്ളതും ഗ്രാമത്തിനോ നഗരത്തിനോ ഉള്ളിൽത്തന്നെയുള്ള രണ്ടിടങ്ങൾക്കിടയിലുള്ളതുമായ യാത്രകൾ ഈ കവിതകളിലുണ്ട്.

ഈ സഞ്ചാരം , ആട്ടക്കഥയിൽ പലതുകൊണ്ടും പരസ്പരം കലരാനാവാത്ത കാമുകീകാമുകന്മാരുടെ വിരുദ്ധ ധ്രുവങ്ങളിലേയ്ക്കുള്ള ഓട്ടമാണെങ്കിൽ പായുന്നൊരാൾക്കൂട്ടത്തിൽ ഒരാളിൽ കലരുന്ന ഒരാൾക്കൂട്ടത്തിന്റെ, സ്ഥലകാലങ്ങൾ കുഴയുന്ന വേറൊരു ചലനമാണ്. കടൽലീലയിലാവട്ടെ പ്രത്യക്ഷമായ യാത്ര മകനുമായി ധനുഷ്കോടിക്ക് പോകുന്ന പിതാവിന്റേതാണെങ്കിലും രണ്ട് ദേശങ്ങളുടേയും ഭാഷകളുടേയും സംസ്കാരങ്ങളുടേയും തലമുറകളുടേയും തമ്മാമ്മിലുള്ള വരത്തു പോക്കുകളുടെ ഒരു മറുകാലം അതിന്റെ ആദൃശ്യത്തിലുണ്ട്. കോഴിക്കൃഷിയിലാണെങ്കിൽ പലതരം ചലനങ്ങളുടെ സംഘാതമാണുള്ളത്. മല്ലപ്പള്ളിച്ചന്തയിൽ പോയി വരുന്ന ഡാഡിയുടെ പതിഞ്ഞ താളത്തിലുള്ള നടത്തം കടന്ന് കോഴിക്കൂടുണ്ടാക്കുന്നതിന്റെ തട്ടുമുട്ടുകളിലേയ്ക്ക് പടരുന്ന അതിന്റെ ആയം ചടുലമായ ചുവടുകളിൽ അയൽപക്ക പിടകളിലേയ്ക്ക് പറന്നിറങ്ങുന്ന പുരുഷ കാമനകളുടെ അങ്കക്കലിയിലേയ്ക്ക് കൊട്ടി(ത്തി)ക്കേറുന്നതിന്റെ താളഭേദങ്ങൾ അനുഭവിച്ചറിയാൻ കഴിയും ആ കവിതയിൽ. ആണത്ത ഹുങ്കുകളുടെ ചെവിയിൽ ഇളകുന്ന കോഴിത്തൂവലിന്റെ കറക്കത്തിൽ അവസാനിക്കുന്ന ആ കവിതയിൽ രണ്ട് തലമുറയിലെ ആണുങ്ങൾ പരസ്പരം കൈമാറുന്ന ഒരു നോട്ടമുണ്ട് – അതിൽ കോഴിത്തൂവലിന്റെ ചലനം ചെവിക്ക് നൽകുന്ന സുഖത്തെ മറയ്ക്കുന്ന സ്വയം പരിഹാസത്തിന്റെ ഒരു ചിരി ഒളിഞ്ഞിരിക്കുന്നു. ഒരിക്കൽ നടക്കാനാകാതിരുന്ന വഴിയിലൂടെ കാറോടിച്ച് പോകുന്ന ഒരുവനാണ് ഹോൺ എന്ന കവിതയിൽ. തുലഞ്ഞു പോയ ദൈവങ്ങൾക്ക് പകരം വന്ന പുതിയ ദൈവങ്ങളെ മറികടന്ന്, ജാതീയ വിലക്കുകൾ വഴി തടഞ്ഞ ഭൂതകാലത്തെയും മോട്ടോർ വാഹനങ്ങൾക്ക് കാരണമായ ശാസ്ത്രസാങ്കേതിക വിദ്യയുടെ തുടർച്ചയിലുള്ള പുത്തൻ കാലത്തെയും നേർക്കുനേർ നിർത്തുന്നുണ്ട് ആ കവിത.

ആനുകാലികങ്ങളിൽ വന്നപ്പൊഴേ മികച്ച വായന കിട്ടിയവയാണ് ഇതിലെ ഏതാണ്ടെല്ലാ കവിതകളും. ആട്ടക്കഥ, കടൽലീല, കോഴിക്കൃഷി, ഹോൺ , ചങ്ക് , അടമുട്ടകൾ ഇങ്ങനെ പോകും ഇതിൽ എന്റെ ഇഷ്ടത്തിന്റെ മുൻഗണനകൾ. യഥാക്രമം എസ്.ഹരീഷിന്റെയും ഡോ.രേഖാരാജിന്റെയും അവതാരികയും പഠനവും ഈ പുസ്തകത്തിലുണ്ട്.

ആട്ടക്കാരനെയും ആട്ടക്കാരിയേയും തിരയുന്ന നോട്ടപ്പാടിലാണ് ഹരീഷിന്റെ ഊന്നലെങ്കിൽ ഇതിലെ കലർപ്പിന്റെ സാമൂഹികതയാണ് ഡോ. രേഖാരാജ് ചൂണ്ടിക്കാണിക്കുന്നത്.

ഗദ്യവും പദ്യവും വേറിട്ടും രണ്ടും ഇടകലർന്നും വരുന്ന ഈ കവിതകളിൽ നാടൻ താളങ്ങൾക്കൊപ്പം ഏകതാനമല്ലാത്ത ഗദ്യത്തിന്റെ താളപ്പലമകളുടെ കലർപ്പുകളുണ്ട്. ആഖ്യാനരൂപത്തിൽ മാത്രമല്ല മുമ്പേ സൂചിപ്പിച്ചതുപോലെ പലകാലങ്ങളുടെ, ഇടങ്ങളുടെ , ഭിന്ന സാമൂഹികതകളുടെ, ചരിത്രത്തിന്റെയൊക്കെ കലർപ്പുകളുടെ സഞ്ചാരമാണ് ഈ കവിതകളിലാകെ.

എല്ലാവരും വായിക്കുമല്ലോ.

Comments are closed.