DCBOOKS
Malayalam News Literature Website

രാമായണഹൃദയം

അമ്പലപ്പുഴ രാജഗോപാൽ

പ്രഭാതത്തിന്റെ വർണ്ണരാജികളും സന്ധ്യയുടെ സുഖശീതളിമയും രാമന്റെ കഥ പാടുന്ന രാമായണമാസം.

കർക്കിടകത്തിന്റെ ദുരിതാന്ധത അകറ്റുവാൻ, ജീവിതത്തിന്റെ കഷ്ടതകളെ അകറ്റി ശ്രേഷ്ഠതയെ പുൽകുവാൻ,ധർമ്മാ ധർമ്മ വിവേചന ശേഷിയുള്ള മനുഷ്യവംശത്തിലെ ജാതിമതഭിന്നതകൾ ഏതുമില്ലാതെ അധർമ്മം വരാതെ സദാ ധർമ്മം പുലരുവാൻ, സത്യദർശനസമ്പൂർണ്ണമായ ധർമ്മം പരിരക്ഷിക്കപ്പെടുവാൻ രാമന്റെ അയനം ‘രാമായണം ‘ എന്ന പ്രാർത്ഥനയോടെ പ്രകീർത്തിക്കപ്പെടുന്നു.

നമ്മുടെ ഭവനങ്ങളിൽ പരിശുദ്ധിയുടെ നറുതിരി തെളിഞ്ഞു കത്തുന്നു. അജ്ഞാനതിമിരാന്ധതയിൽ നിന്നും വിജ്ഞാനത്തിന്റെ ദീപ്ത ഭാവം മനുഷ്യ മനസ്സിലേക്ക് ആവഹിക്കുന്നു. മനുഷ്യ മനസ്സിന്റെ രാമരാവണ ഭാവങ്ങളെ തന്മയത്വമായി ആദികവി വാല്മീകി അദ്ധ്യാത്മരാമായണത്തിൽ സമഞ്ജസമായി സമന്വയിപ്പിച്ചിരിക്കുന്നു. ഉൽകൃഷ്ടമായ ചിന്താശക്തിയുടെ നേട്ടവും നികൃഷ്ടമായ ചിന്താശക്തിയുടെ കോട്ടവും രാമന്റെ അയനത്തിൽ നിഷ്കൃഷ്ടമായി തന്നെ കാണാം.സർവ്വ ഗുണങ്ങളുടെയും വിളനിലമായ ശ്രീരാമചന്ദ്രന്റെ കഥയായ രാമായണം മനുഷ്യജീവിതത്തിന്റെ ശ്രേഷ്ഠ ഭാവങ്ങളിലേക്ക്…ഭാവനകളിലേക്ക്.. നമ്മെ ഉണർത്തുന്നു.

ധർമ്മം ഉടലെടുത്ത ഭഗവാനാണ് രാമായണത്തിന്റെ സൗന്ദര്യം.ധർമ്മ വിഗ്രഹം പൂണ്ട നിർമ്മല സ്വരൂപന്റെ ധന്യമായ ഗീതങ്ങൾ പാടുന്ന രാമായണം രാവിനെ പോലും പകൽ ആക്കുന്നു. ഭക്തിയുടെ സാന്ദ്രാനന്ദാനുഭൂതിയിൽ, നന്മയുടെ -ഗുണകാംക്ഷയുടെ- ശ്രേഷ്ഠവിചാരധാരയിൽ ഇരുട്ടിനെ പ്രകാശമാക്കുന്നു. അഹന്തയെ എളിമ ആക്കുന്ന രാമായണം, അജ്ഞതയെ വിജ്ഞാനമാക്കുന്ന രാമായണം, മനുഷ്യകഥാനുഗായിയായ,രസനിഷ്യന്ദിയായ, ആത്മാന്വേഷണ ത്വരയെ ഉദ്ദീപിപ്പിക്കുന്ന ‘അധ്യാത്മരാമായണം ‘ അധ്യയനം ചെയ്യുന്നവർക്ക് അദ്ധ്യാത്മജ്ഞാനം എന്നല്ല,മോക്ഷവും കൈവരുമെന്നു പറയുന്നെങ്കിൽ നരൻ നാരായണനാകും വിധം അവന്റെ ഹൃദയശുദ്ധിയെ വിപുലീകരിക്കുന്നിടത്താണ്.

ഭാരതത്തിലെ ഇതിഹാസങ്ങളിൽ യഥാർത്ഥ ജീവിതദർശനം വ്യക്തമാക്കുന്ന ‘രാമകഥ’ സുവിഖ്യാതവും ലോകത്തുതന്നെ പ്രഥമസ്ഥാനീയവും ആണ്.

അജ്ഞാനജഡിലവും അധികാരഭ്രമപൂർണ്ണവുമായ മനുഷ്യജീവിതത്തിന്റെ വെളിച്ചത്തിലേക്കുള്ള പ്രയാണത്തെ പ്രഘോഷണം ചെയ്യുന്ന രാമായണത്തിൽ 24,000 ശ്ലോകങ്ങളും ബാലകാണ്ഡം,അയോധ്യാകാണ്ഡം,ആരണ്യകാണ്ഡം,കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ ആറു കാണ്ഡങ്ങളും അടങ്ങിയിരിക്കുന്നു.സദാചാരം,കളങ്കരഹിതമാ യ സുഹൃത്ബന്ധം, ശ്രേഷ്ഠമായ പിതൃഭക്തി, വന്ദ്യമായ മാതൃഭക്തി, ഉൽക്കടമായ ആദർശനിഷ്ഠ,സ്വാർത്ഥരഹിതമായ സേവനശുദ്ധി, മാതൃകാപരമായ പാതിവ്രത്യ ശുദ്ധി എന്നിങ്ങനെ ഉൽകൃഷ്ടമായ കർമ്മ ഗുണങ്ങളുടെ സംശുദ്ധതയെ വിളംബരം ചെയ്യുന്ന രാമന്റെ അയനം. സീതാദേവിയുടെ ത്യാഗത്തിന്റെയും വിശുദ്ധിയുടെയും കഥ കൂടിയായ രാമായണം ജന്മംകൊണ്ട് ഗ്രസിച്ചിട്ടുള്ളതായ താപത്രയങ്ങളും ആധിവ്യാധികളും ദൂരത്ത് ആക്കുന്നു.

തമസാനദിയിലെ സന്ധ്യാസ്നാന വേളയിൽ വിരഹ വ്യഥിതമായ ക്രൗഞ്ച മിഥുനത്തിനെ കണ്ടുണ്ടായ ഹൃദയവ്യഥയാൽ ‘ആദികവി’, കാട്ടാളനെ ശപിച്ചു നിൽക്കവെ പ്രത്യക്ഷനായ ബ്രഹ്മാവ് വാല്മീകിയുടെ ശ്ലോകത്തിന്റെ രൂപത്തിൽ ശ്രീരാമകഥ രചിക്കാൻ ഉപദേശിച്ചനുഗ്രഹിച്ചു. ശ്രീരാമചന്ദ്രന്റെ ജീവിത ദശാസന്ധികൾ ബ്രഹ്മദേവൻ മഹർഷിയെ ധരിപ്പിച്ചു. ഉത്തരകാണ്ഡം ഉൾപ്പെടെ ഏഴു കാണ്ഡങ്ങളിലായി 500 അധ്യായങ്ങൾ കൊണ്ട് അലംകൃതമാണ് രാമായണം.

രാമായണങ്ങൾ വിവിധങ്ങൾ എന്നപോലെ രാമായണമാസാചരണം വിവിധ പ്രകാരേണയാണ് വിവിധയിടങ്ങളിൽ. മധ്യതിരുവിതാംകൂറിൽ അത്താഴത്തിനുശേഷം, കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ ക്ഷേത്രങ്ങളിലെ അത്താഴപൂജ കഴിഞ്ഞാണ് രാമായണപാരായണം തുടങ്ങുന്നത്. സന്ധ്യാ ദീപാരാധനയ്ക്കു ശേഷം ഉള്ള പൂജ ‘കർപ്പൂരാ രതിയും ‘ കഴിഞ്ഞ് ആണ് രാമായണം വായിക്കുന്നത്. ഇതിനു കാരണമായി ഒരു കഥയുണ്ട്. സന്ധ്യാനേരത്ത് ശ്രീരാമഭക്തനായ ശ്രീ ആഞ്ജനേയൻ കദളീവനത്തിൽ ഇരുന്ന് തന്റെ സർവ്വസ്വം ആയ ശ്രീരാമദേവനെ ധ്യാനിക്കുമ്പോൾ ഭഗവാൻ പൂർണമായും ഭക്ത ദാസനായി ആഞ്ജനേയ സ്വാമിക്ക് മനസ്സാ സമീപസ്ഥൻ ആയിരിക്കും എന്നാണ്. ആ മുഹൂർത്തത്തിൽ ഭഗവാൻ മറ്റൊന്നും ശ്രദ്ധിക്കുകയില്ല.അന്നേരങ്ങളിലെ മറ്റു പാരായണങ്ങളെല്ലാം വേണ്ടത്ര ഫലം കിട്ടുകയില്ല എന്നതാണ് കാരണം.

ഉത്തരകേരളത്തിൽ പ്രാത: സ്നാനാദികൾ കഴിഞ്ഞ് (കർക്കടകം ഒന്നിന്) നിലവിളക്ക് കൊളുത്തി രാമായണം പാരായണ സമാരംഭം കുറിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സന്ധ്യാസമയത്താണ്‌ പാരായണം ചെയ്യുക. മുൻകാലങ്ങളിൽ മുതിർന്നവർ, പ്രത്യേകിച്ച് മുത്തശ്ശിമാർ രാമായണം പാരായണം ചെയ്യുന്ന നേരങ്ങളിൽ അടുത്ത തലമുറയെ അതിനു പ്രാപ്തമാക്കത്തക്കവിധം വായിച്ചു കേൾപ്പിക്കുകയും അവരെക്കൊണ്ട് എല്ലാ ദിവസങ്ങളിലും രാമായണം അക്ഷരത്തെറ്റു കൂടാതെ സ്പുടമായി വായിക്കാൻ പഠിപ്പിക്കുകയും ചെയ്തു പോന്നു.കുടുംബങ്ങളിൽ എല്ലാം ഇത് പതിവുകാഴ്ചയായിരുന്നു. ഭാഷയോടും സംസ്കാരത്തോടും എന്ന പോലെ ആധ്യാത്മികതയോടും മമതയുണ്ടാക്കുവാൻ ആ തലമുറകളെ ഒട്ടൊന്നുമല്ല അത് സഹായിച്ചത്.

രാമായണം വായിക്കുന്നത് അന്തരീക്ഷത്തെ പരിശുദ്ധമാക്കുമാറ് അയൽപക്കത്ത് കേൾക്കത്തക്ക വിധം വേണമെന്നാണ്.ഏകപത്നീവ്രതനായ രാമന്റെയും രാമ രാമേതി രാമേതി ജപിക്കയും രാമനെ തന്നെ മനസ്സിൽ ചിന്തിക്കുകയും ചെയ്യുന്ന സീതാദേവിയുടെയും ചരിതം സാംസ്കാരിക ഗരിമയുടെ,കൂടുമ്പോൾ ഇമ്പം തുളുമ്പുന്ന ‘കുടുംബ’ത്തിന്റെ വിശുദ്ധിയുടെയും കഥയായതിനാൽ ഏവരും കേൾക്കുകയും ഏവരെയും കേൾപ്പിക്കുകയും ചെയ്യുക എന്ന മഹത്തായ സന്ദേശമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അശുദ്ധിയായ ശരീരത്തോടും അലക്ഷ്യമായ മനസ്സോടും മലിനമായ ചിന്ത വ്യാപരിക്കുന്ന ഹൃദയത്തോടും കൂടി രാമായണ പാരായണം ചെയ്യരുത്. ഒരു അധ്യായം പകുതി വെച്ചാണ് വായിച്ചു നിർത്തുന്നത് എങ്കിൽ വലതുഭാഗത്ത് വെച്ചും അധ്യായം മുഴുവൻ ആയിട്ടാണ് പാരായണം ചെയ്തു നിർത്തുന്നത് എങ്കിൽ എവിടെവച്ച് നിർത്തിയാലും അപാകം ഇല്ലെന്നുമാണ്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച രാമായണകൃതികള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.