DCBOOKS
Malayalam News Literature Website

പ്രവാസിമലയാളിയും പ്രവാസിബംഗാളിയും

ജോസഫ് കെ ജോബ്

ബംഗാളി എന്ന സംജ്ഞ പല ഭാഷക്കാരുടെ, ദേശക്കാരുടെ, സ്വഭാവക്കാരുടെ, മനോഭാ
വക്കാരുടെ സംഘാതമാണ്. അവരില്‍ ഈ നാടിനെ സ്‌നേഹിക്കുന്നവരുണ്ടാകാം, വെറു
ക്കുന്നവരുണ്ടാകാം, പ്രശംസിക്കുന്നവരും ശപിക്കുന്നവരുമുണ്ടാക്കാം. നാടുവിട്ടു പോകാ
ന്‍ ആഗ്രഹിക്കുന്നവരും ഈ നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടാ
കാം. ഇവിടുത്തെ ഭാഷയെ സ്‌നേഹിക്കുന്നവരുണ്ടാക്കാം. ഇവിടുത്തെ മനുഷ്യരെ സ്‌നേഹിക്കുന്നവരുണ്ടാകാം. ഇവിടുത്തെ കലകളെയും സിനിമകളെയും സ്‌നേഹിക്കുന്നവരും ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ സ്‌നേഹിക്കുന്നവരും ഇവിടുത്തെ പ്രബുദ്ധതയെ സ്‌നേഹിക്കുന്നവരുണ്ടാകാം. ഒറ്റ മുഖമല്ല അവര്‍ക്കുള്ളത്.

കോഴിക്കോട് എന്‍ ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഗവ. ഹൈസ്‌കൂളില്‍ പഠിച്ച് എസ് എസ് എല്‍ സി പരീക്ഷ ജയിച്ച റോക്ഷത്ത് ഖാത്തൂന്‍ എന്ന ബംഗാളി പെണ്‍കുട്ടി തന്റെ സ്‌കൂളിലെ
മലയാളിക്കുട്ടികളെ പിന്നിലാക്കി ഫുള്‍ എ പ്ലസ് നേടിയ ഒരു വാര്‍ത്ത കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതു കണ്ടു. റോക്ഷത്ത് ഖാത്തൂന്റെ ഫുള്‍ എ പ്ലസിന് പത്തരമാറ്റുണ്ടാകുന്നത് ആ സ്‌കൂളില്‍ മറ്റാര്‍ക്കും ഫുള്‍ എ പ്ലസ് ലഭിച്ചില്ല എന്നതിനാലാണ്. ആ കുട്ടിയുമായി നടത്തുന്ന അഭിമുഖത്തില്‍ അവള്‍ പറഞ്ഞ ഒരു കാര്യം ‘ബംഗാളി അല്ലേ നീ’ എന്നു പറഞ്ഞ് സ്‌കൂളിലെ മറ്റു കുട്ടികള്‍ അവളെ കളിയാക്കാറുണ്ട് എന്നതാണ്. ബം
ഗാളിയാണെന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂ എന്നാണ് റോക്ഷത്ത് തന്നെ കളിയാക്കിയവരോട് മറുപടി പറയുന്നുണ്ടെങ്കിലും അപഹസിക്കപ്പെട്ടു എന്നൊരുഭാവം pachakuthiraഅവള്‍ക്ക് വിട്ടുമാറുന്നില്ല. റോക്ഷത്തിനെപ്പോലെ കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന നിരവധി അന്യസംസ്ഥാനക്കാരുടെ മക്കളുണ്ടാവാം. അവരുടെ ഇടയില്‍ നിന്ന് മലയാളത്തില്‍ പോലും ഏ പ്ലസ് കിട്ടുന്ന കുട്ടികള്‍ ഉണ്ടായിയെന്നും വരാം. ഈ കുട്ടികളെയൊക്കെ ‘ബംഗാളി’ എന്ന് വിളിച്ച് അപമാനിക്കാമോ? അല്ലെങ്കില്‍ എപ്പോള്‍ മുതലാണ് ‘ബംഗാളി’ എന്നത് അപമാനദ്യോതകമായ പ്രയോഗമായി മലയാളികള്‍ ഉപയോഗിച്ചു തുടങ്ങിയത്? ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി വന്ന്, കുടുംബമായി താമസിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം നടത്തുകയും ചെയ്യുന്നവരോട് ഇത്രമേല്‍ പുച്ഛവും വെറുപ്പുമൊക്കെയുണ്ടാകാന്‍ എന്താവും കാരണം? എന്തടിസ്ഥാനത്തിലാണ് ഈ മനുഷ്യരോട് അവഗണനയും അസഹിഷ്ണുതയും അയിത്തവുമൊക്കെ മലയാളികള്‍ കാണിക്കുന്നത്?

കൊറോണാവിളയാട്ടത്തിന്റെയും അടച്ചിരിപ്പിന്റെയും ഒന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ നഗരത്തൊഴിലാളികള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് കൂട്ടപലായനം നടത്തിയതിന് കഴിഞ്ഞവര്‍ഷം നാം സാക്ഷികളായിരുന്നു. ഗ്രാമത്തിലേക്കുള്ള എളുപ്പവഴി തേടി തീവണ്ടിപ്പാളങ്ങളിലൂടെ സഞ്ചരിച്ചവരില്‍ ചിലര്‍ ആ പാളങ്ങളിലൂടെ വന്നെത്തിയ ട്രെയിനിനടയില്‍പ്പെട്ട് മരിച്ചു പോയ ദുരന്തവും നാം കണ്ടു. ആഴ്ചകളോളം കാല്‍നടയാത്ര ചെയ്ത് തളര്‍ന്നു വീണു മരിച്ചവരും നിരവധിയായിരുന്നു. ജീവനും കൊണ്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് രക്ഷപ്പെട്ടവരില്‍ നമ്മുടെ സംസ്ഥാനത്തു ജോലി ചെയ്തവരുമുണ്ട്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി വന്നവര്‍ കിട്ടിയതുമെടുത്ത് ഓടിപ്പോകാന്‍ ശ്രമിക്കുമ്പോള്‍ കേരളീയനല്ലാത്ത യതീഷ് ചന്ദ്ര എന്ന ഒരു ഐ പി. എസ് ഓഫീസര്‍ ഇവിടുത്തുകാരെക്കൊണ്ട് ഏത്തമിടീപ്പിക്കുന്ന തിരക്കിലായിരുന്നു. ‘കൊറോണ പരത്തുന്ന ചില മലയാളികളെ’ ലാത്തി വീശിയും ഏത്തമീടിപ്പിച്ചും ശിക്ഷിച്ചു നന്നാക്കണമെന്ന സദുദ്ദേശമേ ആ ഉദ്യോഗസ്ഥനുണ്ടായിരുന്നുള്ളു. ഇത്തരം സിവില്‍ സര്‍വീസ് യജമാനന്മാരുടെ മുന്നില്‍ ഏത്തമിടാനെന്നല്ല, കമിഴ്ന്നു വീഴാനും മടിക്കില്ല എന്ന് മലയാളികള്‍ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. അവര്‍ ഉത്തരേന്ത്യക്കാരോ മലയാളം പറയാന്‍ കഷ്ടപെടുന്നവരോ ആണെങ്കില്‍ നിലംകുഴിച്ച് അതിലിറങ്ങിനിന്ന് ബഹുമാനം കാണിക്കാനും നാം ഒരുക്കമാണ്. മലയാളികള്‍ അങ്ങനെയൊക്കെയാണ്ഭായ്. റോക്ഷത്തിനെപ്പോലെയുള്ള മിടുക്കികളെ ‘ബംഗാളി’ എന്ന് വിളിച്ച് കളിയാക്കുകയും യതീഷ് ചന്ദ്രയെപ്പോലെയുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരെ പൂവിട്ട് പൂജിക്കുകയും ചെയ്യും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തൊഴിലെടുക്കാന്‍ വന്നു ചേര്‍ന്നവര്‍ മുപ്പത്തിയഞ്ചുലക്ഷത്തിലധികം പേരുണ്ടാകും. യു.പി, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഇവരെല്ലാം ബംഗാളികളല്ല എന്നൊക്ക നന്നായി അറിയുന്നവരാണ് ‘പ്രബുദ്ധമലയാളി’കള്‍. പറയാനുള്ള എളുപ്പം കൊണ്ടാകണം, എല്ലാവരെയും ചേര്‍ത്ത് ബംഗാളികള്‍ എന്ന് വിളിച്ചു. പിന്നെ അതൊരു ശീലമായി. ഇന്നിപ്പോള്‍ കേരളത്തിലെ സമ്പന്ന മധ്യവര്‍ഗ്ഗത്തിനു വേണ്ടി ശാരിരീകാധ്വാനം ആവശ്യ
മുള്ള ജോലികള്‍ ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും ഇവര്‍ തന്നെ. നമ്മുടെ കെട്ടിടനിര്‍മ്മാണമേഖലയും വ്യവസായ മേഖലയും ഹോട്ടലടക്കമുള്ള വ്യാപാരമേഖലയും കാര്‍ഷികമേഖലയും ഇന്ന് പിടിച്ചുനില്‍ക്കുന്നത് കുടിയേറ്റത്തൊഴിലാളികളെ കൊണ്ടാണെന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നിട്ടും മലയാളിയുടെ അവഹേളനത്തിന്റെ, അവജ്ഞയുടെ, അസഹിഷ്ണുതയുടെ മറുപേരായി പുതിയ കാലം ‘ബംഗാളി’ എന്നതിനെ അടയാളപ്പെടുത്തുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ആഗസ്റ്റ്  ലക്കം ലഭ്യമാണ്‌

Comments are closed.