DCBOOKS
Malayalam News Literature Website

പ(ക.) യുടെ ചരിത്ര താളുകളിലൂടെ!

ജുനൈദ് അബൂബക്കറിന്റെ ഏറ്റവും പുതിയ നോവല്‍പ(ക.) -യ്ക്ക്  റവ.തോമസ് ബേബി
എഴുതിയ വായനാനുഭവം

ജുനൈദ് അബൂബക്കറിന്റെ നോവൽ പ(ക.) എന്ന നോവലിനെ വായനയ്ക്കു വിധേയം ആക്കുമ്പോൾ രണ്ടു കാര്യങ്ങൾ അവഗണിച്ചു കടന്നു പോകാൻ സാധ്യമല്ല . ഒന്ന് വേഗതയേറിയ ഭാഷ, വിവരണങ്ങൾ വളരെ ചെറുതാണ് വാക്കുകൾ ദുർഗ്രാഹ്യമാകാതെ കൊച്ചു കൊച്ചു വാക്കുകളിലൂടെ കഥ അല്ല കഥകൾ പറഞ്ഞു പോകുന്നു. രണ്ടാമത് അല്പം സംവാദങ്ങൾ ആവിശ്യമുള്ള ഒന്നാണ് അത് ” എഴുത്തുകാരന്റെ സർഗ്ഗാത്മകത, ഭാവന ” എന്നൊക്കെ വേണമെങ്കിൽ പറയാം . എഴുത്തുകാരന്റെ സർഗ്ഗാത്മകത എന്നത് എപ്പോഴും ഒരു വലിയ “ഇണ്ടാസ്” ആയി അവതരിപ്പിക്കുന്ന എഴുത്തുകളും അഭിമുഖങ്ങളും ആണ് കാണാറുള്ളത് . എന്നാൽ ആ ” ഇണ്ടാസുകളേ ” വലിച്ചു കീറുന്ന ശൈലിയാണ് എഴുത്തുകാരൻ ഈ നോവലിൽ പിന്തുടരുന്നത് .എഴുത്തുകാരന്റെ സർഗ്ഗാത്മകത,വായനക്കാരോട് ചേർന്നും സംവദിച്ചും പോകുന്ന ശീലങ്ങളിലൂടെ പുത്തൻ വഴികളാണ് തുറക്കപ്പെടുന്നത്.വായനക്കാരിൽ നിന്നും അന്യമായ ഏതോ ലോകത്തു നിന്ന് തനിക്കു മാത്രം കിട്ടുന്ന ഒന്നായി സർഗ്ഗാത്മകത മാറുന്നില്ല. മറിച്ചു എഴുത്തുകാരനും വായനക്കാരനും സമ്മേളിക്കുവാൻ സാധിക്കുന്ന ഇടങ്ങളുടെ ലോകമാക്കി സർഗാത്മകതയെ മാറ്റിത്തീർക്കുവാൻ ശ്രമിക്കുന്ന പരിശ്രമങ്ങളാണ് ഈ നോവൽ .അതിനാൽ എഴുത്തുകളിലും വായനകളിലും മാറിവരുന്ന ശീലങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നോവൽ കൂടി ആയി ഇതിനെ കാണണം .

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പാതിപ്പാടത്തിന്റെ വെളിപ്പെടുത്തലുകൾ

പാതിപ്പാടം എന്ന ഉൾനാടൻ ഗ്രാമം. അവിടെ നടക്കുന്ന സംഭവവികാസങ്ങൾ അതിലുടെ ഉണ്ടായി വരുന്ന പട്ടികമ്പനി എന്ന ഗുണ്ടാ സംഘത്തിന്റെ കഥയാണ് ഈ നോവൽ പറയുന്നത്.ഒരു ദേശത്തിന്റെ അല്ലെങ്കിൽ പ്രദേശത്തിന്റെ കഥകൾ “നന്മ മരങ്ങളിലൂടെ ” വായിക്കുവാനും അറിയാനും ആഗ്രഹിക്കുന്ന വായനയുടെ സദാചാര നിർമ്മിതികൾക്കാണ് ഈ നോവൽ ഒരു മറു വായന ആയി മാറുന്നത്. ” ഗുണ്ടാ സംഘം ” എന്ന ആശയം അതിന്റെ ഉപയോഗങ്ങൾ എങ്ങനെയാണു പ്രയോഗത്തിൽ വരുന്നത് എന്ന് വിശദമായി എഴുതുന്നുണ്ട്. കലുങ്കുകളിലും റോഡുകളിലും വായനശാലകളും ഇരിക്കുന്നവരും സംസാരിക്കുന്നവരും വൈകുന്നേരം റോഡിലൂടെ നടക്കുന്ന പെൺകുട്ടികളും എല്ലാം സദാചാരം തെറ്റിക്കുന്ന നമ്മളെ സംബന്ധിച്ച് “ഗുണ്ടാ സംഘങ്ങളാണ്”. ഒരു വിശേഷ സാഹചര്യത്തിൽ മറ്റു ചിലരുടെ വ്യാഖ്യാനങ്ങളിലൂടെ ഗുണ്ടകൾ ആയി മാറുന്ന ചെറുപ്പക്കാരുടെ ജീവിതകഥകൾ കൂടിയാണ് ഇത് . എന്നാൽ ആ ജീവിത കഥ വെറും ചില മനുഷ്യരുടെ കഥ മാത്രം ആയി തീരാതെ ഒരു ദേശത്തിന്റെ ചരിത്രങ്ങൾ, അവിടുത്തെ ഓർമ്മകൾ, അങ്ങനെ ഒരുപാടു വെളിപ്പെടുത്തലുകളിലേക്കു ആണ് കടന്നു പോകുന്നത്. കഥകൾ ഒരു വ്യക്തിയിലോ, ഒന്നിൽ അധികം വ്യക്തികളിലോ കേന്ദ്രീകരിക്കുന്ന രചനാ സങ്കേതങ്ങൾക്കു അപ്പുറത്തു കഥകൾ വെളിപ്പെടുത്തലുകൾ ആയി മാറുന്നു. ആ വെളിപ്പെടുത്തലുകളിൽ ഏറ്റവും വലിയ ഒരു വെല്ലുവിളി എന്നത് എങ്ങനെ ആണ് ഒരു ഗുണ്ടാ സംഘത്തിലുടെ കഥ പറയുക എന്നത് ആണ് . Textഎന്നാൽ ആ വെല്ലുവിളിയെ എങ്ങനെ കഥപറച്ചിലിന്റെ പുത്തൻ സങ്കേതം ആക്കി മാറ്റം എന്ന് കൂടി ഈ പുസ്തകം കാട്ടിത്തരുന്നു . അത് വെളിവാക്കിത്തരുന്നത് ഈ ഗുണ്ടാ സംഘത്തിന്റെ തുടക്കം എങ്ങനെ എന്ന് എഴുത്തുകാരൻ കാട്ടുന്ന ഒരു ഭാഗം ഉണ്ട്. എന്നാൽ ആ ഭാഗത്തെ “അശ്ലീലം” എന്ന് അടയാളപ്പെടുത്താവുന്ന വായനക്കാരന്റെ കണ്ണിൽ നിന്നും വായനയുടെ, എഴുത്തിന്റെ പുത്തൻ തലത്തിലേക്ക് ഉയർത്തുന്നതാണ് ശൈലി. ആ ശൈലി എഴുത്തുകാരന്റെ ശൈലി എന്നതിൽ നിന്നും പാതിപ്പാടത്തിന്റെ വെളിപ്പെടുത്തലുകൾ എന്ന ശൈലിയിലേക്ക് ഉയർത്തപ്പെടുന്ന അതി സൂക്ഷ്മതയാർന്ന പ്രക്രിയകൾ ആണ് ഈ നോവൽ നമുക്ക് മുൻപിൽ ഒരുക്കുന്നത്.അത് കൊണ്ട് ആ പാതിപ്പാടത്തിന്റെ ഉടലിൽ വിരിയുന്ന കഥകളെ വാക്കുകളും ജീവിതങ്ങളും കവിതകൾ കൊണ്ടും അണിയിച്ചു ഒരുക്കുന്ന സൂക്ഷ്മ വാസനകൾ ആണ് നടക്കുന്നത്. വെള്ളിലയുടെ വീടും അണ്ണന്റെ കാളക്കെട്ടും മാർത്താണ്ഡന്റെ ചായക്കടയും പാർട്ടി ഓഫീസും പാതിപ്പാട് ആറും എല്ലാം വെളിപ്പെടുത്തലിന്റെ,ഒരു പിറവിയുടെ നോവായി മാറുന്നു

വാക്കുകളും ജീവിതവും

ഈ നോവലിന്റെ വലിയൊരു സവിശേഷത എന്നത് ഇതിന്റെ ഭാഷയാണ്. കൊച്ചു കൊച്ചു വാക്കുകളിലൂടെ കടഞ്ഞെടുക്കുന്ന ജീവിതം അല്ലെങ്കിൽ ജീവിതം വരയ്ക്കുന്ന ഭാഷകളാണ് ഉള്ളത് . ആ ഭാഷ നൽകുന്ന വാക്കുകൾ ഈ നോവലിൽ തുടക്കം മുതൽ കാണാൻ സാധിക്കും . തുടക്കത്തിൽ പറയുന്ന പോലെ അട്ടാശേരി അണ്ണന്റെ അക്ഷരങ്ങൾ പിഴക്കുമ്പോൾ അത് പുതിയ വാക്കായി മാറ്റി (കഠിനമായ പണിയിടങ്ങളിൽ ഉത്സാഹത്തിനു ഉപയോഗിക്കുന്ന വാക്ക് ) ഉപയോഗിക്കുന്നത് പോലെ തന്നെയാണ് നോവലും വാക്കിനേയും ഭാഷ എന്നതിനെയും പെറുക്കി എടുക്കുന്നത്. ഉദാഹരണമായി ഈ നോവലിലെ തന്നെ ചില വാക്കുകൾ, വരികൾ നോക്കാം. “കണ്ടത്തിന്റെ നടുക്കൂടെ പാതിപ്പാട് ആറ് വെള്ളിലയുടെ നെഞ്ച് പോലെ വിരിഞ്ഞു ഒഴുകുന്നു “, “എന്തെല്ലാമോ വർത്തമാനങ്ങൾ പറഞ്ഞു.വെള്ളില ഒരു പെണ്ണല്ലാതായി. ഞങ്ങളുടെ കൂട്ടത്തിലെ ഒരാളായി മാറി.ഞങ്ങൾ ഒരു കമ്പനി ആയി”. ഇങ്ങനേ എത്രയോ കൊച്ചു വാക്കുകളിൽ കൂടെ ജീവിതങ്ങൾ കോറി വരക്കുകയാണ്. ഇന്ന് നമ്മുടെ വാക്കുകൾ,ഭാഷകൾ,വർത്തമാനങ്ങൾ എല്ലാം ലിംഗ ബോധ്യങ്ങളുടെ അധികാര ഇടത്തിൽ നിൽക്കുമ്പോൾ ആ അധികാര ഇടത്തെ ഇല്ലായ്മ ചെയ്യുന്ന വാക്കുകളും വർത്തമാനങ്ങളും നിർമ്മിച്ച് സംഘ ബോധ്യങ്ങളുടെ “കമ്പനി ” എന്ന ഇടം ,വാക്കിന്റെയും ജീവിതത്തിന്റെയും ഒന്നാകലിന്റെ കമ്പനി ഇടങ്ങൾ നെയ്തെടുക്കുകയാണ് ഇവിടെ. കൂട്ട് ചേരലിന്റെ, ഒന്നാകലിന്റെ അല്ലെങ്കിൽ “കൂട്ടത്തങ്ങളുടെ” വാക്കുകളും ജീവിതവും ഊടും പാവും നൽകി വായിക്കാൻ ശ്രമിക്കുകയാണ്. ഒറ്റപ്പെടലിന്റെ ,ഒറ്റപ്പെടുത്തലുകളുടെ ഈ ലോകത്തിൽ പട്ടി കമ്പനി പ (ക.) കൂട്ടത്തങ്ങളുടെ ലോകങ്ങൾ നിർമ്മിക്കയാണ്. അത് നമുക്ക് ഈ നോവലിന്റെ തലക്കെട്ടിൽ നിന്നും തന്നെ മനസിലാക്കാം. പട്ടി കമ്പനി എന്ന വാക്ക് തന്നെ ഒരു “വികസിത സമൂഹം ” കേൾക്കാൻ ആഗ്രഹിക്കാത്ത പേരാണ്. രണ്ട് ആ വാക്കിനെ ഒരു വിശേഷ രീതിയിൽ എഴുതുമ്പോഴും വായിക്കപ്പെടുന്നത് “പക” എന്നാണ് . അതായതു ഒരു പൊതുസമൂഹം സ്വീകരിക്കാൻ,കേൾക്കാൻ ആഗ്രഹിക്കാത്ത എന്തോ ഒന്നിനെ എടുത്തു അതിലൂടെ കൂട്ടത്തങ്ങളുടെ വാക്കുകളും ജീവിതങ്ങളും അപനിർമ്മിക്കുകയാണ്. ഒരു ആദർശ സമൂഹ നിർമ്മിതി എന്നതിനേക്കാൾ ഒരു സമൂഹം ഏങ്ങനെ നിർമ്മിക്കപ്പെട്ട് ഇരിക്കുന്നു. അതിനെ വായിക്കാനും അതിലൂടെ ജീവിതത്തിൽ പുത്തൻ തുടക്കങ്ങൾ കുറിക്കാനുമാണ് എഴുത്തുകാരൻ വായനക്കാരെ പ്രേരിപ്പിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ശവക്കോട്ടകൾ നിർമ്മിക്കുന്ന ലോകങ്ങൾ

ഒരു സവിശേഷ സാഹചര്യത്തിൽ സമൂഹം തന്നെ ഗുണ്ടകളാക്കി മാറ്റപ്പെടുന്നവർക്ക്‌, അവരെ നാണം കെടുത്തിയും,ശപിച്ചും പുറത്തേക്കു വിടുമ്പോൾ അവരെ ചേർക്കുന്നത് മരണപ്പെട്ടവരുടെ ഇടങ്ങളാണ്. അതായത്, ശവക്കോട്ടകൾ ഓർമ്മകൾ മണ്ണിലേക്ക് ചേർക്കപ്പെട്ടവരുടേതാണ്. നോവലിലെ കഥാപാത്രങ്ങൾ പൊതു ഇടങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടവർ ആകുമ്പോൾ അവരെ സ്വീകരിക്കുന്നത് ശവക്കോട്ടകൾ ആണ് . പൊതു ഇടങ്ങളിൽ നിന്ന് ഒറ്റപ്പെട്ടവരും ബോധലോകത്തിനു വേണ്ടാത്ത ഇടങ്ങളുമായ ശവക്കോട്ടകളും ചേർന്നാണ് ഈ നോവലിൽ പുതിയ ഓർമ്മകളുടെ ലോകങ്ങൾ നിർമ്മിക്കുന്നത്. ഏഴാം അധ്യായത്തിൽ തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് ” ഞങ്ങൾ കൂടുതൽ സമയവും വായനശാലയിലും മറ്റുമായി കവലയിൽ തന്നെ കൂടി . സന്തോഷവും സങ്കടവും വരുമ്പോൾ കരിമാത്തുച്ചിറ ശവക്കോട്ടയിലും. അതായത് വേർപാടുകൾ ഉണ്ടാകുമ്പോൾ തള്ളിക്കളഞ്ഞു മനുഷ്യ ഓർമ്മയിൽ നിന്ന് തന്നെ അകന്നു പോകുന്ന ജീവിതങ്ങളുടെ കൂടെ നിന്ന് ജീവിതത്തിന്റെ സന്തോഷങ്ങളെയും സങ്കടങ്ങളെയും പങ്കുവെക്കുന്ന പട്ടിക്കമ്പനിയിലെ മനുഷ്യരുടെ ഇടമായി ശവക്കോട്ടകൾ മാറുന്നു. ഭീതിയുടെയും മരണത്തിൻെറയും മാത്രം ഇടം ആക്കി അകറ്റിനിർത്തുന്ന ഇടങ്ങളെ,ചിന്തകളെ , മനുഷ്യ ജീവിതങ്ങളോട് ചേർത്ത് വായിച്ചു സങ്കീർണമായ പുതിയ ഇടങ്ങളെ പറ്റി,ജീവിതത്തിലെ സങ്കീർണമായ ബന്ധങ്ങളെ വായിക്കാനുള്ള ശ്രമം കൂടിയാണ് .ശവക്കോട്ടകളിൽ നിന്നാണ് അവർ സമൂഹത്തെപ്പറ്റിയുള്ള പുത്തൻ വായനകൾ തന്നെ നടത്തുന്നത്. അടിയന്തിരാവസ്ഥ എന്നതിനെ നോക്കി കാണുന്നത്,കൂടെയുള്ള കൂട്ടുകാരന്റെ ‘അമ്മ തമിഴ് നാട്ടുകാരനോടൊപ്പം പോകുമ്പോൾ തടഞ്ഞു നിർത്തുന്ന കൂട്ടുകാർക്കു മുൻപിൽ “അവരെന്റെ അമ്മയാടാ എവിടെങ്കിലും പോയി അവർ രക്ഷപ്പെടട്ടേ “എന്ന് പറയുന്നതു നമ്മൾ നിർമ്മിച്ച ഒരു പൊതു ഇടത്തിന്റെ, ബന്ധങ്ങളുടെ സ്ര്യഷ്ടി അല്ല . മറിച്ചു സൂക്ഷ്മമായ സങ്കീർണ ബന്ധങ്ങളുടെ തലത്തിൽ നിന്നുമാണ് ഉണ്ടാകുന്നത്. ശവക്കോട്ടകൾ നൽകുന്ന ഒരു സൂക്ഷ്മമായ തിരിച്ചറിവ് ഉണ്ട് അത് ഇങ്ങനെയാണ് “ഇത്രയും വർഷം ഒരുമിച്ചു ഒന്ന് പോലെ നടന്നിട്ടും കുടെയുള്ളവരെക്കുറിച്ചു ഒന്നുമറിയത്തില്ലല്ലോ എന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത് ” . ഇത്തരം തിരിച്ചറിവുകൾ എന്നാണ് നമുക്ക് തന്നെയുണ്ടാകുന്നത്. തിരിച്ചറിവിന്റെ, ഓർമ്മകളുടെ ലോകങ്ങളാണ് ഈ നോവൽ തുറന്നു തരുന്നത്. പ്രതികാരത്തിന്റെയും ലഹരിയുടെയും കഥ എന്നതിനേക്കാൾ പാതിപ്പാടം എന്ന ദേശത്തെ, അവിടുത്തെ ബന്ധങ്ങളെ,കൂടുതൽ തുറവിയിലേക്ക് നയിക്കുന്ന,ശവക്കോട്ടകളെ പോലും പുത്തൻ ജ്ഞാനോദയത്തിന്റെ ഇടമാക്കി മാറ്റുന്ന വായനാലോകങ്ങളാണ് ഈ നോവൽ സമ്മാനിക്കുന്നത്.

ഓമൊട്ടേൻ രചിക്കുന്ന ചരിത്രങ്ങൾ

നോവലിൽ അപ്രധാന കഥാപാത്രം എന്ന് തോന്നിപ്പിക്കുമെങ്കിലും ഈ നോവലിന്റെ കഥ എന്നതിനെ മുന്നോട്ടു കൊണ്ട് പോകുന്നത് ഓമൊട്ടേൻ ആണ് . പട്ടിക്കമ്പനിയെ പറ്റിയും അവരുടെ എതിരാളികളെ പറ്റിയും വീര സാഹസിക കഥകൾ പറഞ്ഞു മനുഷ്യരെ കേൾപ്പിക്കലാണ് പ്രധാന പണി . എന്നാൽ ഒടുവിൽ ആകുമ്പോഴേക്കും എതിരാളികളുടെ മാത്രം വീര സാഹസിക കഥകൾ പറയുന്ന ഒരാൾ മാത്രം ആയി മാറുന്നു . നോവലിസ്റ്റ് തന്നെ കഥാപാത്രത്തെ പറ്റി പറയുന്നത് “അവന് ഓരോ കാലങ്ങളിലും ആരാധിക്കാൻ ഓരോരുത്തരെ വേണം .ആദ്യം ജയൻ ആയിരുന്നെങ്കിൽ പിന്നെയത് മോഹൻലാൽ ആയി.ഇപ്പോൾ സ്റാൻലിയും . …….പലതും വിശ്വസിക്കാൻ പ്രയാസം എന്നാൽ ആ നാട്ടുകാർ അത് വിശ്വസിക്കുകയും പുതുതായി ആ നാട്ടിൽ വരുന്നവരോട് അതെല്ലാം പൊടിപ്പും തൊങ്ങലും ചേർത്ത് പുതിയ പുതിയ രൂപത്തിൽ പറഞ്ഞു നടക്കുകയും ചെയ്തു. ഓമൊട്ടേൻ താൻ നിർമ്മിക്കുന്ന കഥകളിലൂടെ നാട്ടുകാർക്ക് വായിക്കാൻ പാകത്തിൽ പുതിയ വീര ചരിത്രങ്ങൾ നിർമ്മിച്ച് കൊടുക്കയാണ്. നാട്ടുകാർ അത് പുതിയ ഭാവത്തിൽ മറ്റു പലരിലേക്കും. ഇതും ചരിത്ര നിർമ്മാണങ്ങളാണ്. എഴുത്തുകാരൻ അൽപം ഹാസ്യത്തിന്റെ മേമ്പൊടി ചേർക്കുന്നുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന, നടത്തിക്കൊണ്ടിരിക്കുന്ന ചരിത്ര നിർമ്മാണങ്ങളോട് ചേർത്ത് വായിച്ചേ മതിയാകു.വീര സാഹസിക കഥകളും പുത്തൻ അടയാളങ്ങളും എല്ലാം ചേർത്ത് അവതരിപ്പിക്കപ്പെടുന്നത് രണ്ടു കയ്യും നീട്ടി വാങ്ങി വായിക്കാനും അത് മറ്റൊരു ഭാവത്തിൽ നമ്മൾ തന്നെ കൈ മാറാനും നിയോഗിക്കപ്പെടുന്ന അവസ്ഥയിൽ ശെരിക്കും പറഞ്ഞാൽ നമ്മൾ എല്ലാം തന്നെ ഓമൊട്ടേൻ ആയി മാറ്റപ്പെടുകയാണ്. ഈ ഓമൊട്ടേൻ ശൈലിയെ പലപ്പോഴും നെഗറ്റീവ് ആയി എതിർക്കുകയോ അല്ലെങ്കിൽ കഥകൾ പറഞ്ഞു ചിരിച്ചു തള്ളുകയോ ആയിരിക്കാം പൊതുവെ ചെയ്യുന്നത്. പക്ഷെ ഓമൊട്ടേൻ അപ്പോഴും പുതിയ പുതിയ കഥകൾ അല്ല ചരിത്രങ്ങൾ നിർമ്മിക്കുന്ന തിരക്കിൽ ആയിരിക്കും. പൊതു സമൂഹം ആ കഥ വെള്ളം തൊടാതെ കൈ മാറ്റം ചെയ്യാൻ തയ്യാറായും നില്കും. ഇതിനേക്കാൾ നന്നായി ഇന്നത്തെ ഇന്ത്യൻ സാഹചര്യം വിവരിക്കാൻ പറ്റുമോ എന്ന് സംശയമാണ്.

പ(ക.)നല്കുന്ന സങ്കീർണ്ണ വായനകൾ

നോവലിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന പട്ടിക്കമ്പനിയെ ഒരു ആദർശ നായക നായികാ കഥാപാത്രങ്ങൾ എന്ന രീതിയിൽ അല്ല അവതരിപ്പിക്കുന്നത്.പകരം മനുഷ്യ സ്വഭാവങ്ങളോട് സങ്കീർണ്ണതകളിൽ കൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. അവിടെ നേരിടുന്ന പ്രയാസങ്ങളിൽ ഇടപെടുന്നവരായും ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുന്നവരായും എന്നാൽ അതെ സമയം പൊതു സമൂഹം ഇഷ്ടപ്പെടാത്ത പല കാര്യങ്ങളിലും ഇടപെടുന്നവരായും കഥാപാത്രങ്ങൾ മാറുന്നു .അതിനു അർഥം ചില എളുപ്പ വായനകളിലൂടെ ശരി ,തെറ്റ് എന്ന എളുപ്പ വഴികളിലൂടെ ഈ നോവലിനെ വായിച്ചെടുക്കാൻ സാധ്യമല്ല എന്നാണ് . വായനക്കാർക്ക് വേണമെങ്കിൽ പ്രതികാരത്തിന്റെ,പകയുടെ വാതിൽ തുറക്കുന്ന ചില “ഗുണ്ടാ ജീവിതങ്ങളുടെ” കഥ പറയുന്ന ഒരു നോവൽ മാത്രമായി ഇതിനെ വായിച്ചെടുക്കാൻ പറ്റും. എന്നാൽ അതിനപ്പുറമായി ഈ നോവൽ അടയാളപ്പെടുത്തുന്നത് സങ്കീർണ്ണമായ ചില ജീവിതങ്ങളാണ്,സത്യങ്ങളാണ്,രാഷ്ട്രീയമാണ്,ആത്മീയതയാണ്. വെറുമൊരു
പകയുടെയും പ്രതികാരത്തിന്റെയും കഥ മാത്രമായി വായിച്ചു പോകാൻ ഈ നോവലിലൂടെ സാധിക്കില്ല. കാലഘട്ടത്തിന്റെ, ആ ഗുണ്ടാ സംഘത്തിന്റെ, പാതിപ്പാടത്തിന്റെ ഇടത്തിന്റെ സങ്കീർണ്ണമായ വായനകളിലേക്കാണ് എഴുത്തുകാരൻ നമ്മെ കൂട്ടികൊണ്ട് പോകുന്നത്.ആ കുട്ടിക്കൊണ്ടുപോകലിന്റെ ലോകങ്ങൾ കാണാതെ പോകാൻ പറ്റില്ല .

അതിനാൽ നോവലിനെ ചില കള്ളികളിൽ ഒതുക്കി നിർത്തി വായിച്ചു പോകുക മാത്രം ചെയ്യാതെ അതിന്റെ തുറന്ന ലോകങ്ങളിലേക്ക് പ്രവേശിക്കുകയാണ് വായനക്കാർക്ക് ചെയ്യാൻ സാധിക്കുന്നത്. പ(ക.)യുടെ സങ്കീർണ്ണ ലോകങ്ങളിലേക്ക്, രചനാ സങ്കേതങ്ങളിലേക്ക് ഇറങ്ങി നില്ക്കാൻ സാധിക്കട്ടെ. എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട് ; ചന്ദ്രിക

 

 

Comments are closed.