DCBOOKS
Malayalam News Literature Website

ഒരു യഥാര്‍ഥ വായനക്കാരന്റെ ജീവിതത്തിന്റെ സാഫല്യം: ഉണ്ണി ആര്‍.

ഉണ്ണി ആര്‍.

ഒന്നുറക്കെത്തൊട്ടാല്‍ ദാ, ഞാനീ വിരലിലേക്കങ്ങ് ഒട്ടിപ്പോകുമോ എന്നു നാണംകുണുങ്ങുന്ന, വെളുത്തു വെളുത്ത് മെലിഞ്ഞ കടലാസുകള്‍ കെട്ടിപ്പിടിച്ചിരിക്കുന്ന ചുവന്ന പുറംചട്ടയുള്ള പുതിയ നിയമത്തിന്റെ കോപ്പികള്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നതിന്റെ ഒരാഴ്ച കഴിഞ്ഞ് ക്ലാസ് മുഴുവന്‍ വിതരണം ചെയ്യപ്പെട്ടു. വെറുതേ കിട്ടിയ പുസ്തകത്തിന്റെ ചന്തവും മണവും ഓരോ കുട്ടിയും ആര്‍ത്തിയോടെ ആസ്വദിച്ചു. ക്രിസ്തുമത വിശ്വാസികളായ കുട്ടികള്‍ ഭക്തിപൂര്‍വം തങ്ങളുടെ പുസ്തകങ്ങള്‍ക്കിടയിലേക്ക് ആ കുഞ്ഞന്‍ ബൈബിളിനെ സൂക്ഷിച്ചുവെച്ചു. Textഞാനും വായിച്ചു. നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയ നിയമം. അടുത്ത താളില്‍, മത്തായി എഴുതിയ സുവിശേഷം. എന്നാല്‍ അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി എന്നു വായിച്ചുതുടങ്ങി ദാവീദ് എത്തുമ്പോഴേക്ക് അടുത്ത അക്ഷരം താഴേക്ക് ചാടിക്കഴിഞ്ഞിരിക്കുന്നു! പാഠപുസ്തകങ്ങളിലും മറ്റും ശീലിച്ച കടലാസിന്റെ ഇടത്തേയറ്റത്തുനിന്ന് വലത്തേയറ്റത്തേക്കു നീളുന്ന അക്ഷരങ്ങളെ പാതിയില്‍ മുറിച്ച് ഒരു വേലി കെട്ടിയിരിക്കുന്നു. ഓരോ അക്ഷരത്തിനും ഇടതും വലതുമായി ഒന്ന്, രണ്ട് എന്നീ അക്കങ്ങള്‍ ഭടന്മാരെപ്പോലെ കാവല്‍ നില്ക്കുന്നു. ഒന്നും മനസ്സിലായില്ല. പക്ഷേ, വിചിത്രമായ ഭാഷ, കാണാത്തതരം കടലാസ്, ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഗന്ധം. എല്ലാറ്റിലുമുപരി മുതിര്‍ന്ന ഒരാളുടെ കൈത്തലത്തിനോളം പോന്ന ഒരു സൗജന്യപുസ്തകം. വീട്ടിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ചുവപ്പന്‍ നിറത്തിനൊപ്പം പുതിയനിയമവും കൂട്ടിവെച്ചു. രണ്ടു ചുവപ്പന്‍ പുസ്തകങ്ങള്‍! വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചറിഞ്ഞ വൈരുധ്യത്തിനെ ഒരു നിറത്തിന്റെ സമീകരണം
കൊണ്ട് കൂട്ടിവെച്ച കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കത. പിന്നീട് പല നിറങ്ങളായിപ്പെരുകിയ പുസ്തകക്കൂട്ടങ്ങളെ നോവലെന്നോ കവിതയെന്നോ വര്‍ഗീകരിക്കാതെ ചേര്‍ത്തുവെച്ചപ്പോള്‍ പുസ്തകങ്ങളുടെ ലോകം വൈചിത്ര്യങ്ങള്‍കൊണ്ട് സമ്പന്നമായ മറ്റൊരു ആവാസവ്യവസ്ഥയാണെന്നു തിരിച്ചറിഞ്ഞു. പുസ്തകങ്ങള്‍ അപ്രത്യക്ഷമായാല്‍ ചരിത്രം അപ്രത്യക്ഷമാകുമെന്നും അപ്പോള്‍ മാനവരാശിയാകെ അപ്രത്യക്ഷമാകുമെന്നും വിശ്വസിക്കുന്ന വായനക്കാരുടേതായ ഒരു സമാന്തരലോകം ഈ ഭൂമിയിലുണ്ടോ? സാമാന്യയുക്തിക്ക് വിചിത്രമെന്നു തോന്നിക്കുന്ന ശീലങ്ങളും ഇഷ്ടങ്ങളുമല്ലേ അവിടെ അധികവും?

ചാള്‍സ് ഡിക്കന്‍സിന്റെ പിക് വിക്പേപ്പേഴ്‌സ് വായിച്ചു കഴിഞ്ഞുവല്ലോ എന്നുള്ളത് തന്റെ ജീവിതത്തിലെ
വലിയ ദുരന്തങ്ങളിലൊന്നായി ഫെര്‍ണാണ്ടോ പെസ്സോവ സങ്കടപ്പെടുന്നുണ്ട്. ഇനിയൊരിക്കലും ആ നോവലിലേക്കു തിരിച്ചുപോയി ആദ്യമായിട്ടെന്നപോലെ വായിക്കാന്‍ കഴിയില്ലല്ലോ എന്നുള്ളതാണ് അദ്ദേഹത്തെ
ദുഃഖിതനാക്കിയത്. അപാരമായ ഭ്രാന്തും യുക്തിരഹിതമെന്നു തോന്നിയേക്കാവുന്ന ഭാവനകളുംകൊണ്ടു
നെയ്‌തെടുത്ത മനസ്സാണ് ഈ ജീവികള്‍ക്ക് (പുസ്തകപ്പുഴു) സമാന്തരമായ ജീവിതം സാധ്യമാക്കുന്നത്.
ആല്‍ബര്‍ട്ടോ മാംഗ്വല്‍ പണ്ടു വായിച്ച പുസ്തകങ്ങള്‍ വീണ്ടും വായിക്കാനെടുത്ത അനുഭവത്തെ ഇങ്ങനെ എഴുതുന്നു: ഞാന്‍ ജീവിച്ച ലോകത്തിന്റെ സങ്കീര്‍ണവും അനേകം അടരുകളുള്ളതുമായ ഭൂതകാലപരിസരത്തെ
അതിന്റെ അസ്വസ്ഥതകളും ആകുലതകളും എങ്ങനെയാണ് പുസ്തകങ്ങളില്‍ പ്രതിഫലിപ്പിക്കുന്നത്എന്നു കണ്ട് ഞാനാകെ സ്തബ്ധനായി. ചിലപ്പോള്‍ ഒരു നോവല്‍ഭാഗം പണ്ടു പത്രത്തില്‍വന്ന ഒരു ലേഖനത്തെ പെട്ടെന്ന് ഓര്‍മിപ്പിച്ചു. അതിലെചില അനുഭവങ്ങള്‍ മറവിയിലേക്കുപാതികയറിപ്പോയ കാര്യങ്ങളെ ഓര്‍മയിലേക്കു വലിച്ചിട്ടു.

ഉണ്ണി ആറിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.