DCBOOKS
Malayalam News Literature Website

അപരന്റെ മതവും ഭാഷയും തെറ്റാണോ?

ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

വെന്‍ഡി ഡോനിഗര്‍/ ഡോ. എച്ച്. പൂര്‍ണ്ണിമ മോഹന്‍

ലോകമതങ്ങളെ അന്തര്‍ദേശീയ തലത്തില്‍ കാണുന്ന, വ്യത്യസ്ത മതങ്ങളെ താരതമ്യപ്പെടുത്തി പരിശോധിക്കുന്ന ശ്രമങ്ങളെ സംശയദൃഷ്ടിയോടുകൂടിയാണ് പലരും വീക്ഷിക്കുന്നത്. ഭീഷണികളും വിലക്കുകളും ഏറിയേറി വരുന്നു. ഇത് മാനവികതയ്ക്കുതന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അപരന്റെ ഭാഷയും മതവും പഠിക്കുന്നത്, അല്ലെങ്കില്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് സഹിഷ്ണുതയോടെ കേള്‍ക്കാന്‍ പലര്‍ക്കും താല്‍പര്യമില്ല. ഞാനൊരു വെള്ളക്കാരിയാണ്. പക്ഷേ സംസ്‌കൃതത്തിലുള്ളത് പഠിക്കാനും പഠിപ്പിക്കാനും എനിക്കും ന്യായമായി അവകാശമുണ്ട്. നിങ്ങള്‍ ജനിച്ചതും വളര്‍ന്നതുമായ ഇടങ്ങളെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരിക്കണം എന്ന തിട്ടൂരങ്ങള്‍ ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല.

പ്രശസ്ത സംസ്‌കൃതപണ്ഡിതയും ഇന്‍ഡോളജിസ്റ്റും നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഷിക്കാഗോ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ വെന്‍ഡി ഡോനിഗര്‍ മഹാഭാരതത്തെ സസൂക്ഷ്മം പഠിച്ച അമേരിക്കന്‍ വംശജയാണ്. ഹാര്‍ഡ്വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്നും രണ്ട് പിഎച്ച് ഡികള്‍ നേടിയിട്ടുള്ള ഡോനിഗര്‍ കഴിഞ്ഞ അന്‍പതുവര്‍ഷങ്ങളായി അധ്യാപനരംഗത്തുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ-ബര്‍ക്കിലിയിലും അധ്യാപികയായിരുന്നിട്ടുണ്ട്. ഇന്ത്യന്‍ പുരാണേതിഹാസങ്ങളെക്കുറിച്ചും അതില്‍ മഹാഭാരതത്തിനുള്ള അദ്വിതീയസ്ഥാനത്തെക്കുറിച്ചും ബഹുഭാഷാപണ്ഡിതയും സംസ്‌കൃതപ്രൊഫസറുമായ ഡോ. പൂര്‍ണിമ മോഹനുമായി സംവദിക്കുകയാണ് പ്രൊഫസര്‍ ഡോനിഗര്‍.

ഡോ. എച്ച്. പൂര്‍ണിമ മോഹന്‍: സംസ്‌കൃതഭാഷയിലൂടെയും ഇന്ത്യന്‍ ഇതിഹാസങ്ങളിലൂടെയും മഹാഭാരതത്തിലൂടെയുമുള്ള താങ്കളുടെ വിസ്മയനീയവും അത്ഭുതകരവുമായ യാത്ര എപ്പോഴാണ് ആരംഭിച്ചത്?

വെന്‍ഡി ഡോനിഗര്‍: അതൊരു നീണ്ടകഥയാണ്. ‘അമേരിക്കന്‍ ഗേള്‍ ഇന്‍ ഇന്‍ഡ്യ’ എന്ന പേരില്‍ ഡല്‍ഹിയില്‍നിന്ന് ഞാനൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാന്‍ ഇന്ത്യയിലേക്ക് വരാനിടയായതെങ്ങനെയെന്ന് അതില്‍ പ്രതിപാദിക്കുന്നുണ്ട്. 1962-63 കാലങ്ങളില്‍ ഒരു പെണ്‍കുട്ടി തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഇന്ത്യയിലെത്തുന്നു. എന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു അത്. അക്കാലത്ത് ഇന്ത്യയില്‍ നിന്ന് വീട്ടിലേക്ക് ഞാനയച്ച നിരവധി കത്തുകള്‍ അമ്മ എടുത്ത് സൂക്ഷിച്ചു വച്ചിരുന്നു. പൊടിതട്ടിയെടുത്ത് കുറച്ചു വിശദീകരണങ്ങളൊക്കെ നല്‍കി ആ കത്തുകളെല്ലാം ഞാന്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് വരാനിടയായതും ഇവിടെ ചെലവഴിച്ചതുമായ കാര്യങ്ങളെല്ലാം ആ കത്തുകള്‍ നന്നായി വിശദീകരിച്ചു തരുന്നുണ്ട്. ഇന്ത്യയോടുള്ള പ്രത്യേകമായ താല്‍പര്യം എന്നില്‍ വളരെ നേരത്തേതന്നെയുണ്ടായിരുന്നു എന്നു വേണം കരുതാന്‍. ഇന്ത്യയെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ ആദ്യമായി എനിക്ക് നല്‍കിയതും അമ്മ തന്നെയായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ലാറ്റിന്‍ ഭാഷ എന്റെ ഇഷ്ടവിഷയമായിരുന്നു. ലാറ്റിന്‍ പഠിപ്പിച്ച അധ്യാപിക എന്നെ ഗ്രീക്ക് ഭാഷയിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന് പറയാം. ചിലപ്പോള്‍ എനിക്ക് സംസ്കൃതവും ഇഷ്ടമാകുമെന്നു പറഞ്ഞ് അതിലേക്ക് എന്നെ നയിച്ചതും ആ അധ്യാപികയാണ്. അങ്ങനെയാണ് ഞാന്‍ പ്രാചീന ഇന്ത്യയിലേക്കും സംസ്‌കൃതത്തിലേക്കുമൊക്കെ വരുന്നത്. അക്കാലത്ത് ഇ എം ഫോസ്റ്ററുടെ ‘പാസേജ് ടു ഇന്ത്യ’ വായിക്കാനുമിടയായി. ഉപനിഷത്തുകളുടെ ചില വിവര്‍ത്തനങ്ങളും ആയിടയ്ക്ക് ഞാന്‍ വായിച്ചിരുന്നു. പിന്തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് വായിച്ച വിവര്‍ത്തനങ്ങളൊക്കെ അതിഭീകരമായ വിവര്‍ത്തനങ്ങളായിരുന്നു എന്നിപ്പോള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും അന്നത് മികച്ചതായി തോന്നിയിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഹാര്‍ഡ് വാര്‍ഡിലെ റാഡ്ക്ലിഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഞാന്‍ ചേര്‍ന്നു. അങ്ങനെ 17 വയസ്സുള്ളപ്പോള്‍ സംസ്‌കൃതം പഠിക്കാനാരംഭിച്ചു. ഹാര്‍ഡ്‌വാര്‍ഡില്‍ പ്രൊഫസര്‍ ഡാനിയല്‍ ഇംഗല്‍സായിരുന്നു എന്റെ ആദ്യഗുരു. പിന്നീട് ഒരിക്കലും എനിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പഠിക്കാന്‍ തിരഞ്ഞെടുത്ത കാര്യങ്ങളില്‍ ഒട്ടും ഖേദിക്കേണ്ടിയും വന്നിട്ടില്ല. സംസ്‌കൃതപഠനത്തെക്കാള്‍ മറ്റൊന്നിലും ഒരുകാലത്തും എനിക്ക് താല്‍പര്യമുണ്ടായിട്ടില്ല.

പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

 

Comments are closed.