DCBOOKS
Malayalam News Literature Website

ആമി …പ്രൊഫ. ടി ജെ ജോസഫ് എഴുതുന്നു

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള തത്രപ്പാടിലാണ് ലോകജനത.സാമൂഹികമായ അകലം പാലിക്കുകയും വീടിനുപുറത്തിറങ്ങാതിരിക്കുകയുമാണ് ഒരു മുതിര്‍ന്ന പൗരന്‍റെ ഇപ്പോഴത്തെ കടമ.ആ ബോധ്യത്തില്‍ ഞാന്‍ അങ്ങനെ തന്നെ കഴിഞ്ഞുപോരുകയുമാണ്. അത്യാവശ്യമായി ബാങ്കില്‍ പോകേണ്ടിവന്നപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഈ ലോക്ഡൗണ്‍ കാലത്ത് ഞാന്‍ വീടിനു പുറത്തുപോയത്.

91 വയസ്സായ അമ്മയും 9 മാസം പ്രായമായ പേരക്കുട്ടിയും മകനും മരുമകളുമാണ് എന്നോടൊപ്പം വീട്ടിലുള്ളത്. വയസ്സായ അമ്മയും കൈക്കുഞ്ഞും ഉള്ള വീടായതിനാല്‍ കോവിഡ് നിയന്ത്രണമാര്‍ഗ്ഗരേഖകള്‍ കര്‍ശനമായി പാലിക്കാന്‍ ഞങ്ങള്‍ നിഷ്ക്കര്‍ഷ പുലര്‍ത്തുന്നു.
ലോക്ഡൗണ്‍ തുടങ്ങിയതില്‍പിന്നെ പുറത്തുള്ള ആരെയും വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചിട്ടില്ല. വീടിന്‍റെ ഉമ്മറവാതില്‍ പല ദിവസങ്ങളിലും തുറക്കാറേയില്ല. ഔട്ട്ഹൗസില്‍ എനിക്കു ഗാര്‍ഡായി വര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഞാന്‍ ഈ വീട്ടില്‍ തന്നെയുണ്ടോ എന്നറിയാനായി മൊബൈലില്‍ വിളിച്ച് എന്നെ അന്വേഷിക്കുകപോലുമുണ്ടായിട്ടുണ്ട് ലോക്ഡൗണിന്‍റെ ആദ്യനാളുകളില്‍.
ഈ അടച്ചിരിപ്പ് മറ്റുപലരെയുംപോലെ എനിക്ക് മടുപ്പോ വിരസതയോ ഉണ്ടാക്കുന്നില്ല. ചില സവിശേഷ സാഹചര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ മുമ്പും സ്വയമേവ ലോക്ഡൗണ്‍ തീര്‍ത്തിട്ടുള്ളതിനാല്‍ ഇന്നത്തെ സാഹചര്യം എനിക്ക് ‘പുത്തരി’ അല്ല താനും.
പുസ്തകവായനക്കാണ് ഞാന്‍ കൂടുതല്‍ സമയം ഇപ്പോള്‍ വിനിയോഗിക്കുന്നത്. സുഹൃത്തുക്കളോടും മറ്റും ഫോണില്‍ സംസാരിക്കുക, വാട്സാപ്പും ഫേയ്സ്ബുക്കും നോക്കുക, ടി വി വാര്‍ത്തകള്‍ കാണുക എന്നിവയിലൂടെ പുറംലോകത്തെ അറിയുകയും ചെയ്യുന്നു.
ഒരു പ്രൈവറ്റ് ഫേമില്‍ ജോലി ചയ്യുന്ന മകന്‍ മിഥുന് ഇപ്പോള്‍ ‘വര്‍ക്ക് ഫ്രം ഹോം’ ആണ്. ആഴ്ചയിലൊരിക്കല്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അവനാണ് മാര്‍ക്കറ്റില്‍ പോകുന്നത്.

അയര്‍ലണ്ടില്‍ നേഴ്സായി ജോലിചെയ്യുന്ന മകള്‍ ആമിയെക്കുറിച്ച് ഈ കോവിഡ് പശ്ചാത്തലത്തില്‍ ചെറിയൊരു ആധിയില്ലാതില്ല. ചെറുപ്പംമുതല്‍ മൃഗസ്നേഹി ആയിരുന്ന അവള്‍ക്ക് വെറ്റിനറി ഡോക്ടര്‍ ആകാനായിരുന്നു മോഹം. മൃഗങ്ങളെ പരിചരിക്കുന്നതിലും അഭിഗാമ്യം മനുഷ്യരെ പരിചരിക്കുന്നതാണെന്നും മറ്റും ഉപദേശിച്ച് അവളുടെ മനസ്സുമാറ്റിയത് ഞാനാണ്.
ആമി ഇപ്പോള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ കോവിഡ് രോഗികള്‍ ചികിത്സക്കായി എത്തുന്നുണ്ട്.രോഗവ്യാപനത്തിനെതിരെ മുന്‍കരുതലുകള്‍ ആദ്യഘട്ടത്തില്‍ വേണ്ടപോലെ സ്വീകരിക്കാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകരില്‍ ചില ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും ഇതിനോടകം കോവിഡ് ബാധിക്കുകയും ചെയ്തു.

മറ്റു രോഗങ്ങള്‍ ഉള്ളവരോട് ലീവെടുത്തുകൊള്ളാന്‍ ഹോസ്പിറ്റല്‍ അധികാരികള്‍ നേരത്തേ പറഞ്ഞതാണ്. ആ ആനുകൂല്യത്തിന്‍റെ മറവില്‍ ഐറിഷുകാരായ നേഴ്സുമാര്‍ പലരും അവധിയില്‍ പോയി. ജീവനക്കാര്‍ക്കും രോഗം ബാധിച്ച സാഹചര്യത്തില്‍ ഭയമോ, മാനസികസംഘര്‍ഷമോ ഉള്ളവര്‍ക്കും ലീവെടുക്കാമെന്ന് അധികാരികള്‍ അറിയിച്ചു. അങ്ങനെ ചെയ്താലോ എന്ന് ഞാനും ആമിയോട് ചോദിച്ചതാണ്. ‘പട്ടാളക്കാരനായ ഒരാള്‍ യുദ്ധമുണ്ടാകുമ്പോള്‍ തനിക്ക് പേടിയാണെന്നും പറഞ്ഞ് ലീവില്‍ പോകുന്നത് ശരിയാണോ?’ എന്നാണ് അവള്‍ എന്നോട് തിരിച്ചു ചോദിച്ചത്. ‘ഒരു നേഴ്സായ ഞാന്‍ എന്‍റെ ഡ്യൂട്ടിയില്‍ മുടക്കം വരത്തില്ല.രോഗം വന്നാല്‍ വരട്ടെ. അപ്പോള്‍ ക്വാറന്‍റൈനില്‍ പോകും’ അതാണ് അവളുടെ നിലപാട്.

ആമിയുടെ ഭര്‍ത്താവ് ബാനു(ബാലകൃഷ്ണ) നേഴ്സായി ജോലിചെയ്യുന്നത് ഒരു ‘ഓള്‍ഡ് ഏജ് ഹോമി’ലാണ്. ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അന്യോന്യം പകര്‍ന്ന് രോഗവാഹകരാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന അവര്‍ ഒരു വീട്ടിലാണെങ്കിലും രണ്ടുമുറികളിലാണ് ഇപ്പേള്‍ ഉറങ്ങാന്‍ കിടക്കുന്നത്.

ആമി ഇപ്പോള്‍ ജോലി ചെയ്യുന്ന ഗവ. ഹോസ്സ്പിറ്റലിലേയ്ക്ക് മാറിയിട്ട് ആറുമാസമേ ആയുള്ളു. അതിനാല്‍ ഈ വര്‍ഷം അവധികിട്ടി നാട്ടില്‍ വരാനായില്ല. അതിനാല്‍ ഈ ജൂണ്‍മാസത്തില്‍ അയര്‍ലണ്ടില്‍പോയി അവരെ കാണാന്‍ ഞാന്‍ പ്ലാനിട്ടിരുന്നു. ഒപ്പം, ലണ്ടനിലെ ചില ‘സഹൃദയക്കൂട്ടായ്മ’കളില്‍ പങ്കെടുക്കാനുള്ള ക്ഷണവും ഉണ്ടായിരുന്നതാണ്. അതൊക്കെ ക്യാന്‍സലാക്കേണ്ടിവന്നതില്‍എനിക്ക് തരിമ്പും ഇച്ഛാഭംഗമില്ല. അതിജീവനത്തിന്‍റെ ഈ പോരാട്ടവഴിയില്‍ എത്രയോ നിസ്സാരങ്ങളാണവ. നാം ജാഗരൂഗരായിരിക്കുക-അതല്ലേ വേണ്ടത്- നാം വിജയിക്കുക തന്നെ ചെയ്യും.

Comments are closed.