DCBOOKS
Malayalam News Literature Website

‘ആടുജീവിതം’; പൃഥ്വിരാജും സംഘവും ജോർദാനിൽ നിന്നും തിരിച്ചെത്തി

ലോക്ക്ഡൗണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംഘവും തിരിച്ചെത്തി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അവർ തിരികെയെത്തിയത് . സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ  14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായാണ് സംവിധായകൻ ബ്ലെസി അടക്കമുള്ള 58 അംഗ സംഘം ജോർദാനിലേക്ക് പോയത്.

ജോർദാനിലെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്ന് താൻ ഉൾപ്പടെയുള്ള ചലച്ചിത്രപ്രവർത്തകരുടെ സംഘം സുരക്ഷിതരായി മടങ്ങി എത്തിയതിൽ ആശ്വാസമുണ്ടെന്ന് ആടുജീവിതം സിനിമയുടെ സംവിധായകൻ ബ്ലെസി പ്രതികരിച്ചു. സിനിമയുടെ ഇനിയുള്ള ഷെഡ്യൂളുകൾ സഹാറ മരുഭൂമിയിലും, ജോർദാനിലും പൂർത്തിയാക്കേണ്ടതുണ്ട്. സ്ഥിതി മെച്ചപ്പെട്ടാൽ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയ്യാറെടുക്കുമെന്നും ബ്ലെസി പറഞ്ഞു.

മാർച്ച് 16നാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം ജോർദാനിൽ തുടങ്ങിയത്. കോവിഡിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ 1ന് ചിത്രീകരണം മുടങ്ങിയിരുന്നു. തുടർന്ന് സുരേഷ് ഗോപി എംപിയുടെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടർന്ന് ഏപ്രിൽ 24നാണ് ചിത്രീകരണം പുനരാരംഭിച്ചത്.

Comments are closed.