DCBOOKS
Malayalam News Literature Website

നമ്മൾ വീണ്ടും കാണും: കെ എൻ പ്രശാന്ത് എഴുതുന്നു

വീട്ടിലിരിക്കാൻ തുടങ്ങിയതിന്റെഅ പന്ത്രണ്ടാം ദിവസം ഉച്ചയുറക്കത്തിൽ ഞാൻ മരിച്ചു പോയതായി സ്വപ്നം കണ്ടു.ചുറ്റും വന്നു ചിലക്കുന്ന പക്ഷികളെ കേൾക്കുന്നുണ്ടായിരുന്നു.പുറത്ത് പൊള്ളുന്ന വെയിലിന്റെ കനലാട്ടം.അതുവരെ ഒക്കെ അറിയുന്നുണ്ടായിരുന്നു.സ്വപ്നത്തിൽ ഞാൻ,ഞങ്ങൾ അക്കരമ്മലെ അമ്മ എന്നു വിളിച്ചിരുന്ന അച്ഛന്റെ ഇളയമ്മ കൊയ്തു തീരുന്നതും കാത്ത് ഏതോ ഒരു ലോകത്ത് ചാര നിറമുള്ള അറ്റമില്ലാത്ത വയൽക്കരയിൽ ഇരിക്കുകയായിരുന്നു. കർഷകത്തൊഴിലാളി ആയിരുന്ന അവർ ഒരു ദിവസം പണിയ്ക്കിടെ കൈപ്പാടിൽ കുഴഞ്ഞ് വീണ് മസ്തിഷ്കാഘാതം സംഭവിക്കും വരെ വയലിലും സനിമാടാക്കീസിലും ദൂരെയുള്ള അമ്പലങ്ങളിലും ഉത്സാഹത്തോടെ ആർക്കും ഒപ്പമെത്താൻ പറ്റാത്ത വേഗതയിൽ നടന്നു പോകുമായിരുന്നു.കൊയ്യുന്ന അക്കരമ്മലെ അമ്മയും ഞാനുമല്ലാതെ ആ ലോകത്ത് അപ്പോൾ ആരുമുണ്ടായിരുന്നില്ല.ഇടയ്ക്ക് അരിവാളു വീശൽ നിർത്തി അമ്മമ്മ എന്നെ നോക്കി.നീ എന്തേ ഈട? എന്ന മട്ടിൽ മുഖം ഉയർത്തി.ഞാൻ മരിച്ചു പോയി അമ്മമ്മേ എന്നു പറഞ്ഞ് മണ്ണിൽ വിരലുകൊണ്ട് വരച്ചു.ചിരിച്ചു കൊണ്ട് കറ്റകൾ കൂട്ടി കെട്ടിയ ശേഷം അത് തലയിലേക്ക് എടുത്തു വച്ചു കൊടുക്കാൻ അവർ എന്നെ അരികിലേക്ക് വിളിച്ചു.മണമില്ലാത്ത ആ വയക്കോൽ കെട്ട് തലയിലേറ്റിയപ്പോൾ അന്തംവിട്ടു നിൽക്കുന്ന എന്നെ കൈകാട്ടി പിറകേ വരാൻ പറഞ്ഞ് നടക്കാൻ തുടങ്ങി. പറക്കുന്ന വേഗതയിലാണ് അമ്മമ്മ നടന്നത്.പിറകേ നടന്ന ഞാൻ കിതച്ച് വീണ്ടും മരിക്കും എന്ന് തോന്നി.നടന്നു പോകുമ്പോൾ വയലിനറ്റത്ത് വലിയ ഒരു മതിൽ കണ്ടു. അതിനപ്പുറം എന്താണെന്നറിയാനുള്ള കൌതുകത്തോടെ ഞാൻ വലിഞ്ഞു കേറി.

‘ഈട വന്നാപ്പിന്ന അപ്രത്തേക്ക് നോക്കാൻ പാടില്ല.’ നോക്കുമ്പോൾ എൻറെ അടുത്ത് അക്കരമ്മലെ അമ്മ!.എന്നാലും കുഞ്ഞായിരുന്നപ്പോഴെന്ന പോലെ എന്റെന കുസൃതി അനുവദിച്ചു തന്നു.അപ്പുറത്ത് ആളുകളായിരുന്നു. അനവധി മുഖമില്ലാത്ത മനുഷ്യർ.വലിയ മതിലുകൾ അവരെ വേർതിരിച്ചിട്ടുണ്ട്.ഒരു മതിലിനകത്ത് പതിനായിരക്കണക്കിന് ആളുകൾ കുഞ്ഞുങ്ങളുടെ നിലവിളികളുടെ പശ്ചാത്തലത്തിൽ ഭക്ഷണത്തിനു വേണ്ടി വരി നിൽക്കുന്നു. മറ്റൊരിടത്ത് ചിലർ വലിയ കോഴികളെ കൊന്ന് തൊലിയുരിഞ്ഞ് തീക്കൂനിയിൽ ചുട്ട് അതിനു ചുറ്റും നൃത്തം വയ്ക്കുന്നു.ഭാഷ കണ്ടു പിടിക്കുന്നതിന് മുൻപ് നിലവിൽ ഉണ്ടായിരുന്ന ശബ്ദങ്ങൾ പുറപ്പെടുവിച്ച് അവർ അട്ടഹസിക്കുന്നു.താരതമ്യേന ഉയരം കൂടിയ മതിലിനകത്ത് മനുഷ്യർ വീടുകളിലെത്താൻ വെയിലും മഴയും മഞ്ഞും താണ്ടി നടക്കുന്നു.അവിടെയും കുഞ്ഞുങ്ങളുടെ കരച്ചിലാണ് കേൾക്കുന്നത്.വെറുതേ ഇരുന്ന് തിന്ന് മടുത്ത് ശുദ്ധവായു ശ്വസിക്കാൻ എന്ന മുദ്രാവാക്യവുമായി പുറത്തിറങ്ങിയ മനുഷ്യർ ആ മതിലിനകത്തേക്ക് കയറി അവരുടെ കരവാളിച്ച ശരീരങ്ങൾ ഛിന്നഭിന്നമാക്കുന്നു. മറ്റൊരിടത്ത് മരിക്കാറായ കുഞ്ഞിനേയും എടുത്ത് ഒരു അമ്മ ദൂരെയുള്ള ആസ്പത്രിയിലേക്ക് പായുന്നത് മദ്യശാലയ്ക്കു മുന്നിൽ അകലം പാലിച്ചു നിന്നവർ നിസ്സംഗരായി നോക്കുന്നു.അവർക്കു കണ്ണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എനിക്ക് തലചുറ്റി.ഞാൻ കുഴഞ്ഞു താഴേക്കു വീഴുമെന്ന് തോന്നിയതും അതുണ്ടായി.വിചാരിച്ചതിനേക്കാൾ ആഴമുണ്ടായിരുന്ന അഗാധതയിലേക്ക് ഞെട്ടിയുണർന്ന് സ്ഥലകാലഭ്രമത്തിൽ ചുറ്റും നോക്കി.മഞ്ഞ നിറത്തിലുള്ള സിമൻറ് ബഞ്ചിൽ ഞാൻ എത്രകാലമായി കിടക്കാൻ തുടങ്ങിയിട്ട്?.വിയർപ്പിൽ മുങ്ങിയ ശരീരത്തെ തണുപ്പിച്ച് ഒരു കാറ്റ് വീശി.പക്ഷികൾ അപ്പോഴും മരങ്ങളിൽ ഇരുന്ന് ചിലപ്പതികാരം പാടുന്നുണ്ട്.

തൊട്ടടുത്ത് പൂത്തു നിൽക്കുന്ന ചമ്പകമരത്തിലിരുന്ന് ഒരു കാക്കത്തമ്പുരാട്ടി ചിലച്ചു.നോക്കുമ്പോൾ മുന്നിലുള്ള വയലിൽ പ്രായമായ ഒരു സ്ത്രീ കൊയ്യുന്നുണ്ട്.ഉറക്കത്തിന്റെള തരിപ്പ് വിടാതെ ഞാൻ മുന്നോട്ട് നടന്നു.എന്തോ അനക്കം കേട്ടതു പോലെ അവർ തലയുയർത്തി നോക്കി.മുഖാവരണമിട്ട് പശുവിനു പുല്ലരിയുന്ന അവർ മുഖം മറയ്ക്കാത്ത എന്നെ തുറിച്ചു നോക്കി.ഞാൻ പതിയെ തിരിച്ചു നടന്നു.ഒരു മുണ്ടക്കോഴിയും അഞ്ചോളം കുഞ്ഞുങ്ങളും എന്നെ കടന്ന് കൂസലില്ലാതെ നടന്നു പേയി പൊന്തയിലേക്ക് കയറും മുൻപ് അമ്മക്കോഴി കഴുത്ത് ചെരിച്ച് എന്റെേ നേരെ നോക്കിയതായി തോന്നി.അയ്യായിരത്തോളം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ ഈ മണ്ണിൽ നിന്റെള വർഗം ഇങ്ങനെ പുളയ്ക്കുവാൻ തുടങ്ങിയിട്ട്,ഞങ്ങൾ അതിനും എത്രയോ മുൻപ് ഇവിടെ പറന്നും ചികഞ്ഞും നടപ്പുണ്ട്.നിനക്കു വേണ്ടിയാണ് ഭൂമിതന്നെ ഉണ്ടായത് എന്ന് അഹങ്കരിക്കുന്ന നിന്റെ. ഗതി നോക്കൂ എന്ന് ആ പക്ഷി പരിഹസിച്ചതാണെന്ന് തോന്നി.ലോക്ക്ഡൌൺ അയതിനു ശേഷം അന്നാണ് കടയിലേക്ക് പോകാൻ പുറത്തിറങ്ങുന്നത്.നിരത്തിലെ നിശ്ശബ്ദത എന്നെ ഭയപ്പെടുത്തി.മരിച്ചു പോയതു കൊണ്ട് എനിക്ക് ആരെയും കാണാൻ പറ്റാത്തതാണോ എന്ന ഭയത്താൽ ഞാൻ സ്വയം നുള്ളി നോക്കി.

മനുഷ്യന്റെ എല്ലാ അഹങ്കാരങ്ങളുടെയും കൊടിപ്പടങ്ങൾ വലിച്ചു കീറാൻ മാത്രം ശക്തിയുള്ള സൂക്ഷ്മാണു നിമിത്തം ഉണ്ടായ അടച്ചിരിക്കലിനെ ആദ്യം കൌതുകത്തോടെയാണ് കണ്ടത്.ഓർമ്മയുള്ളപ്പോൾ മുതൽ ഏകാന്തതയും ആളൊഴിഞ്ഞയിടവും ഒന്നും ചെയ്യാതെ മണിക്കൂറുകളോളം വെറുതെ ഇരിപ്പും ശീലമായതു കൊണ്ടാവണം ലോക്ഡൌൺ എന്ന് കേട്ടപ്പോൾ ആദ്യം ഒന്നും തോന്നിയില്ല.ഒരു കാലത്ത് പാതിരകഴിഞ്ഞാൽ വീടിനു മുന്നിലെ വയലിൽ തനിച്ചു ചെന്നിരുന്ന് നക്ഷത്രം നിറഞ്ഞ ആകാശം കാണാൻ വേണ്ടിമാത്രം ഞാൻ അലാറം വയ്ക്കാറുണ്ടായിരുന്നു.പക്ഷേ കടയിൽ ആളുകൾക്കിടയിൽ നിൽക്കുമ്പോൾ അവർ എത്രത്തോളം പരിഭ്രാന്തരാണെന്ന് അറിയുമ്പോൾ, വഴികളിൽ പോലീസുകാർ കൈ നീട്ടുമ്പോൾ( കൊറോണയെ പേടിച്ചല്ല പോലീസിനെ പേടിച്ചാണ് ആളുകൾ വീട്ടിലിരിക്കുന്നത് എന്ന് ഡോക്ടർ കുഞ്ഞബ്ദുള്ള),മംഗലാപുരത്തേക്ക് ചികിത്സതേടിപ്പോയി കിട്ടാതെ ശവശരീരമായി മടങ്ങേണ്ടി വന്ന ആർക്കും വേണ്ടാത്ത എന്റെി നാട്ടുകാരെ കാണുമ്പോൾ,ലോകത്തിന്റെആ പലയിടത്തും കുടുങ്ങിപ്പോയ കൂട്ടുകാരുടെ വിളികളും മെസേജുകളും വരുമ്പോൾ ഒക്കെ നമ്മൾ അതിജീവിക്കുമോ എന്നും ഇനി നമ്മൾ കാണുമോ എന്നും ഞാനും ചോദിച്ചു തുടങ്ങി.പേടിയുണ്ടോ എന്നാണ് പലരും ചോദിച്ചത്.പേടിയില്ലായിരുന്നു. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഈ ഭൂമി നഷ്ടമാകുമോ എന്ന സങ്കടം തൊണ്ട തടഞ്ഞ് ഉറഞ്ഞു നിന്നു.ആ ചോദ്യത്തിന് അർത്ഥം ഇല്ലെന്നറിയാം.പ്രപഞ്ചത്തിലെ ഏറ്റവും വികാസമുള്ള തലച്ചോറിന് ഉടമയായ ഹോമോസാപ്പിയൻസ് എന്ന ജീവിവർഗം അതിന്റെു ആവിർഭാവം മുതൽ ഭൂമിയുടെ നിലനിൽപ്പിനു ഭീഷണിയായ ഫ്രാങ്കൻസ്റ്റൈൻ ആണെന്ന് അറിയാഞ്ഞിട്ടല്ല.കുഞ്ഞുങ്ങളിലുള്ള പ്രതീക്ഷ കൊണ്ടായിരുന്നു ആ സങ്കടം.

കൊറോണ എന്നത് ഇഷ്ടപ്പെട്ട ബിയറിന്റെ പേരായിരുന്നു.മംഗലാപുരത്ത് ചെന്നപ്പോഴൊക്കെ ആ മെക്സിക്കനെ ചെറുനാരങ്ങ ചേർത്ത് സർബത്തിനേക്കാൾ രുചിയോടെ കുടിക്കാതെ മടങ്ങിയിട്ടില്ല.ജനുവരിയിൽ എന്നു ചൈനയിൽ നിന്നും വൈറസിനെക്കുറിച്ച് കേട്ടു തുടങ്ങിയ ആദ്യ ദിവസങ്ങളിൽ പയ്യന്നൂരിലെ ഒരു ബാറിൽ ചെന്ന് കൊറോണ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കളിയാക്കുന്നതാണെന്ന് കരുതി തുറിച്ചു നോക്കിയ വെയിറ്ററെയും കൂട്ടുകാരെയും അങ്ങനെ അല്ല എന്ന് ബോധ്യപ്പെടുത്താൻ പാടുപെടേണ്ടി വന്നു.ഇത്രയും പെട്ടെന്ന് ആ തമാശ കാര്യമാകും എന്നോ എല്ലാം നിശ്ചലമാക്കി കൊണ്ട് വുഹാനിൽ നിന്നും മനുഷ്യനു കാണാൻ പോലും പറ്റാത്ത ആ സൂക്ഷ്മഭീകരർ അശ്വമേധം നടത്തുമെന്നോ അന്ന് ആരെങ്കിലും കരുതിയോ!?.നമ്മുടെ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്നില്ല എന്നുള്ളത് ആശ്വാസം നൽകുന്ന കാര്യമായിരിക്കെ തന്നെ ഒരു ശ്രദ്ധയും കിട്ടാതെ അപകടങ്ങളിലും വിശപ്പിലും ആത്മഹത്യയിലും തീർന്നു പോകുന്ന ലക്ഷക്കണക്കനു ജനങ്ങളുടെ രാജ്യമായി മാറിയിരിക്കുന്നു ഇന്ത്യ .വിഭജിച്ച് ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തി നാടുകടത്താനുള്ള പരസ്യമായ നീക്കത്തിനും നിയമത്തിനും എതിരെയുള്ള വലിയ സമരമുഖത്തായിരുന്നു മഹാമാരിക്ക് തൊട്ടു മുൻപ് രാജ്യം.മനുഷ്യർ വാടിവീണു തീരുമ്പോഴും വെറുപ്പ് വിഭജനക്കാരിൽ നിന്നും വിട്ടു പോയിട്ടില്ല എന്നു കാണാം.ലോക് ഡൌൺ സമയത്ത് കുഞ്ഞിനു പാലുവാങ്ങാനും കുട്ടികൾക്ക് ഭക്ഷണത്തിനും പുറത്തു ചെന്ന് ആൾക്കൂട്ടത്തിന്റെ യും പോലീസിന്റെൽയും അക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ പേരുകൾ നോക്കിയാൽ അത് മനസ്സിലാകും.ഈ അടച്ചിരിപ്പുകാലം വെള്ളക്കാർക്ക് ഒരു ചോദ്യം പോലുമില്ലാതെ വളരെ എളുപ്പം പുറത്തിറങ്ങിന്ന കറുത്തവരെ വെടിവച്ച് വീഴ്ത്താനാള്ള ലൈസൻസ് ആണെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമ പറയുമ്പോൾ ലോകത്ത് സമാന അവസ്ഥകളിൽ പെട്ടു പോയ മനുഷ്യരെ നമുക്ക് കാണാനാകും.

കൊറോണയെ ഒരു പരിവർത്തകനായി കാണുന്ന കൂട്ടുകാരുണ്ട്.വർഷങ്ങളായി മനുഷ്യനെ മയക്കുമരുന്നു പോലെ മയക്കുന്ന മതങ്ങളും അവയുടെ നിർമ്മിതിയായ ദൈവങ്ങളും ആരാധനാലയങ്ങളും അടഞ്ഞു കിടക്കുകയും. അങ്ങനെ അല്ലാതെ ദൈവത്തിന്റെയ പേരിൽ ആളെക്കൂട്ടാൻ ശ്രമിച്ച പുരോഹിതർ അറസ്റ്റിലായതും കൌതുകത്തോടെയും ആവേശത്തോടെയും അവർ കാണുന്നു.ആർക്കും വേണ്ടാതെ കിടന്ന കാസർഗോഡ് ജില്ലയിലെ രോഗികൾക്ക് ആശ്വാസമായി വലിയ രണ്ട് ആശുപത്രികൾ(മെഡിക്കൽ കോളേജും ടാറ്റായുടെ ആശുപത്രിയും) തുറപ്പിക്കാൻ മാരകാണുവിനായി എന്ന് തമാശ ചേർന്ന ഗൌരവത്തിൽ അവർ പറയുന്നു.ആർഭാടത്തിൽ ആറാടിയ കല്ല്യാണങ്ങൾ ഉത്സവങ്ങൾ എന്നിവ വിരലിൽ എണ്ണാവുന്ന ആളുകളിലേക്ക് ഒതുക്കിയ ഇവൻ പരിഷ്കർത്താവല്ലാതെ ആര് എന്ന് അവർ ഉറക്കെ തന്നെ ചോദിക്കുന്നു.പെട്ടന്ന് ഒരു ദിവസം എല്ലാം പഴയ പടി ആയാൽ മനുഷ്യനിലെ വിഷം പതിയെ ഉയർന്ന് പഴയപടി ആകുകയും ബീഹാറിലെ ഗ്രാമങ്ങളിൽ നിന്ന് വർഷങ്ങൾക്കു ശേഷം കാണാൻ തുടങ്ങിയ ഹിമാലയത്തെ വീണ്ടും വിഷപ്പുക മൂടും പോലെ വെറുപ്പും വിദ്വേഷവും ആർഭാടവും പ്രകൃതി നശീകരണവുമായി അവൻ ഇറങ്ങും എന്നും അവർ നെടുവീർപ്പിടുന്നു.

ഇനി നമ്മൾ കണുമോ? എന്നതാണ് ഇപ്പോഴത്തെ ചോദ്യം.പല പുതിയ ആപ്പുകളും ‘കാണൽ’ സാധ്യമാക്കുന്നുണ്ടെങ്കിലും കൂടിയിരിപ്പിന്റെ് സുഖം അതിനില്ല.കാമുകിയെക്കാണാൻ തീവണ്ടിപ്പാതയിലൂടെ കിലോമീറ്ററുകൾ നടന്നു പോവുകയും പ്രണയപരവശനായി സാമൂഹിക അകലം തെറ്റിച്ച് ഉമ്മവയ്ക്കാൻ ശ്രമിച്ചതിനാൽ തിരസികൃതനായ യുവാവാണ് ഇപ്പോൾ നാട്ടിലെ തമാശകളിലെ കാഥാപാത്രം.അയാൾ ആ വേദനയുടെ ക്വാറൻറൈനിലാണ് എന്ന് കൂട്ടുകാർ ചിരിക്കുന്നു.ലോക്ഡൌൺ നീണ്ടു പോയപ്പോൾ സ്പാനിഷ് ഫ്ലൂവിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു.ലോക രാജ്യങ്ങൾ തമ്മിൽ ഇന്നത്തെ അത്രയൊന്നും ബന്ധമില്ലാതിരുന്ന കാലത്ത് ലോകരോഗവ്യാപന സാധ്യത കുറവായിരുന്നു എങ്കിലും ലോക് ഡൌൺ തന്നെയായിരുന്നു അന്ന് ആ വിപത്തിനെ മറി കടക്കാൻ സഹായിച്ചത്.വാക്സിനു മുൻപുള്ള വസൂരിവ്യാപനവും മനുഷ്യൻ നിയന്ത്രിച്ചത് അകന്നു നിന്നിട്ടായിരുന്നു.വുഹാനിലെ അടച്ചിടലിനെക്കുറിച്ചുള്ള ഞെട്ടിക്കുന്നതും എന്നാൽ അതിലൂടെയാണ് ചൈന അതി ജീവിച്ചത് എന്ന് തെളിയിക്കുന്നതുമായ ചൈനസ് നോവലിസ്റ്റ് ഫാങ് ഫാങിൻറെ ഡയറിക്കുറിപ്പുകൾ ഈ കാലത്തിൻറെ നേർ ചിത്രങ്ങളാണ്.

അകൽച്ചയെ ആയുധമാക്കി നമ്മൾ അതിജീവിക്കുമെന്ന് ഉറപ്പാണ്.നമ്മൾ വീണ്ടും കാണും.

Comments are closed.