DCBOOKS
Malayalam News Literature Website

‘പ്രതീക്ഷ’; അജി മാത്യു കോളൂത്ര എഴുതിയ കവിത

പാഴ്നിലം പോലെ ശൂന്യമായ തുണ്ട് കടലാസ്.

നിസംഗമായ വെള്ള നിറം. . . .

ഒരൽപ്പം മഷിക്കറുപ്പണിയുവാൻ. .
വെളുപ്പിലോരൽപം നിറമണിയുവാൻ
അത് കൊതിച്ചു. . .

വെളുപ്പിന്റെ ഉടലിളക്കുന്ന അക്ഷരങ്ങൾ പുണരുവാൻ
ഒരു പേനയുടെ കിരു കിരാ ശബ്ദം ശ്രവിക്കുവാൻ
അക്ഷരങ്ങളുടെ അഴകളവും വാക്കുകളുടെ പുഞ്ചിരിയുമറിയുവാൻ അത് വെറുതെ കൊതിച്ചു.

ഒരു ശിശുവിന്റെ അർത്ഥമില്ലാത്ത വരകളാലോ ,
ഒരു കൗമാരക്കാരന്റെ, വരവിട്ട് പായുന്ന അക്ഷരങ്ങൾക്കൊണ്ട് മുറിവേറ്റോ

ഒരു യുവാവിന്റെ, സ്നേഹം വമിക്കുന്ന വാക്കുകളിൽ അനുരക്തയായോ

മാസക്കണക്കുകളുടെ സൂചികകളിൽ ആശങ്കാകുലയായോ,
ശുഭ്രനിറം പുതപ്പിച്ച ഏകാന്തത ഇല്ലാതെയാക്കാൻ അതാഗ്രഹിച്ചു

ആരെങ്കിലും എന്തെങ്കിലും വെറുതെ കുറിക്കുവാൻ
വെറുതെയെങ്കിലും തന്റെ ഉടലിൽ ഒരു വിരൽചിത്രം വരയ്ക്കുന്ന കാലം കാത്ത്
തുലികത്തുമ്പാൽ അക്ഷരങ്ങളുടെ നീലസിന്ധുരമണിയിക്കുവാൻ ആളേ കാത്ത് അത് കാത്തിരുന്നു.

എടുക്കപ്പെടുവാൻ, എഴുതപ്പെടുവാൻ അങ്ങനെ പ്രണയിക്കപ്പെടുവാൻ. . .

കാറ്റിലൊരു പട്ടമായി പാറിപ്പറക്കുന്നതും,
ഒരിളം മഴയിൽ നനഞ്ഞു കുളിരണിയുന്നതും ആർക്കോ ചൂട് പകരാൻ ചാരമായി എരിഞ്ഞടങ്ങുന്നതും സാരമില്ലായിരുന്നു പക്ഷെ
ഒരു മഷിപൊട്ടാലെങ്കിലും കളങ്കപ്പെടാതെ,
ഒരു വരപോലുമേൽക്കാതെ വെള്ളയായി, ആത്മാവില്ലാതെ മരിക്കുവാൻ അത് ഭയപ്പെട്ടു.

ആ ഭയത്തിന്റെ നിഴലിൽ, ഇറ്റ് വീണ കണ്ണീരിനും വെള്ള നിറം.
ഭയത്തിന്റെ ഹൃദയശൂന്യതക്ക് വീണ്ടുമൊരു വെള്ളത്തിളക്കം.

നിറമണിയാതെ അരൂപിയായി തകർന്നുവീഴാൻ വയ്യാ. . .
നിരർത്ഥകമായ ഒരു വിലാപം. . .
കാതുകൾക്ക് കേൾക്കാനാകാത്ത കടലാസ്സിന്റെ പ്രലാപം. .

കാത്തിരുന്നവരാരും വന്നില്ല,
വെള്ളയിൽ ജീവൻ തുടിക്കുന്ന ഒരയാളങ്ങളും പിറന്നില്ല.

പ്രതീക്ഷകൾ അവയുടെ പടംപൊഴിച്ചു,
കടലാസ് തന്റെ ഇതൾ പൊഴിച്ചു.. .

എന്നും ഭയപ്പെട്ടത് പോലെ ആത്മാവില്ലാതെ തന്നെ.

അജി മാത്യു കോളൂത്രയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.