DCBOOKS
Malayalam News Literature Website

സ്ത്രീ വിരുദ്ധത എത്ര ഭീകരമാണ് എന്നതിന്റെ തെളിവുകള്‍!

എച്ച്മുക്കുട്ടിയുടെ  ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക‘ എന്ന കൃതിക്ക്  സീബ എം എസ് എഴുതിയ വായനാനുഭവം

എച്ച്മുക്കുട്ടിയെക്കുറിച്ച്….

വേറിട്ടുമാത്രം കത്തിയമരുന്ന ശരീരങ്ങള്‍ , വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് എന്നീ നോവലുകള്‍ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ബ്ലോഗ്,ന്യൂസ് മാഗസിന്‍ എന്നിവയിലും എഴുതാറുണ്ട്.

ഭാവനയോ ഫാന്റസിയോ സ്വപ്നങ്ങളോ ഇല്ലാതെ ഒരു ഫോണ്‍ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതകുറിപ്പുകള്‍ ആണിത്. വായിച്ചു തുടങ്ങിയാല്‍ താഴെ വക്കാതെ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന അഖ്യാനരീതി. ഒരു സ്ത്രീജീവിതം എത്ര ദുഷ്‌കരമാണെന്ന് നമ്മെ Textബോധ്യപ്പെടുത്തുകയാണ് പൊള്ളുന്ന അനുഭവങ്ങളിലൂടെ ഈ എഴുത്തുകാരി ജാതിയോ മതമോ മാതാപിതാക്കളോ നമുക്ക് തെരഞ്ഞെടുക്കാനോ തീരുമാനിക്കാനോ കഴിയില്ല എന്ന യാഥാര്‍ഥ്യ ബോധത്തോടെ തമിഴ്ബ്രാഹ്മണ സ്ത്രീയായ അമ്മയോടും വിശ്വകര്‍മജനായ അച്ഛനോടും ഒപ്പം,അവരുടെ ജീവിതത്തിലെ ജാതി വേര്‍തിരിവില്‍നിന്നും ഉണ്ടായ അസ്വാരസ്യങ്ങള്‍ക്കിടയിലെ ബാല്യ കൗമാരങ്ങള്‍. ചെറുപ്പത്തില്‍ തന്നെ സുഹൃത്തും അധ്യാപകനും സാഹിത്യകാരനുമായ ജോസഫ് എന്ന പുരുഷനോട് തോന്നിയ ബഹുമാനം, ചില പ്രത്യേകസാഹചര്യത്തില്‍ വിവാഹിതരാകേണ്ടിവന്നപ്പോള്‍ ജീവിതം കല്ലുകള്‍ പതിച്ച ചാട്ടയുമേന്തി പുത്തന്‍ ഗൃഹപാഠങ്ങളുമായി എച്ച്മുക്കുട്ടിയെ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ അറിഞ്ഞതേയില്ല.  തീവ്ര പുരോഗമനവാദിയും മനുഷ്യപക്ഷ ചിന്തകനും എന്ന ആട്ടിന്‍തോല്‍ ജോസഫ് എന്നും അണിഞ്ഞിരുന്നു.

എച്ച്മുക്കുട്ടിയുടെ ദുരിതപൂര്‍ണമായ ഭര്‍ത്തൃ വീട്ടിലെ ജീവിതം, പ്രസവം, കുഞ്ഞിനെ വളര്‍ത്തല്‍, അതിനിടയിലെ പഠനം എന്നിങ്ങനെ ഓരോഘട്ടങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ നോവിക്കും. സ്ത്രീ പഠിപ്പും വിവരവും ഉദ്യോഗവും ഉള്ളവളെങ്കിലും, എത്രയോ കഴിവുള്ളവളെങ്കിലും സ്‌നേഹിച്ചു വിശ്വസിച്ച പുരുഷന്റെ അംഗീകാരവും സ്‌നേഹവും പിടിച്ചുപറ്റുക എന്നത് ഒരു ബാലികേറാമല തന്നെയാണെന്ന് എച്ചുമുക്കുട്ടിയുടെയും അമ്മയുടെയും ജീവിതം ഇവിടെ വരച്ചിടുന്നു.

അച്ഛനായാലും ഭര്‍ത്താവായാലും പുരുഷന്‍ പുരുഷന്മാത്രമാണല്ലോ എന്ന് പല ഘട്ടങ്ങളിലും നമ്മെ വേദനിപ്പിക്കും. ഒരു സൂര്യപ്രഭയോടെ സമൂഹത്തില്‍ നില്‍ക്കുന്ന പുരുഷനെതിരെയുള്ള സ്ത്രീയുടെ ആരോപണങ്ങള്‍ എത്രത്തോളം അടിച്ചമര്‍ത്തപ്പെടുന്നു എന്നും അതവളുടെ സ്വഭാവശുദ്ധിയെ വരെ ചോദ്യം ചെയ്യപ്പെടുന്നു എന്നതിനുമുള്ള തെളിവാണല്ലോ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ ഈ പുസ്തകം. സമൂഹവും കുടുംബവും തുടങ്ങി എല്ലാവരാലും കല്ലെറിയപ്പെട്ട ഒരു സ്ത്രീയെ മനസ്സിലാക്കുവാനും കൂടെ നില്‍ക്കുവാനും കഴിഞ്ഞ നല്ല പുരുഷബിംബങ്ങളും സുഹൃത്തുക്കളും ഉണ്ടെന്നുള്ളത് നമ്മെ ആശ്വസിപ്പിക്കുന്നു.

അവിശ്വസനീയമായി തോന്നുമെങ്കിലും ഏച്ചുമുകുട്ടിയുടെ ജീവിത കഥ വിശ്വസിക്കാതിരിക്കാനും കഴിയില്ല. അവള്‍ എന്ന മകളുടെ,അവളെന്ന അമ്മയുടെ, അവളെന്ന ഭാര്യയുടെ, അവളെന്ന കൂട്ടുകാരിയുടെ, അവളെന്ന സ്ത്രീയുടെ സഹനങ്ങള്‍ക്കൊടുവിലെ വിജയം നമ്മെ ആവേശപ്പെടുത്തും. ഉടഞ്ഞ വിഗ്രഹങ്ങളുടെയും വലിച്ചുകീറപ്പെട്ട മുഖംമൂടികളുടെയും കണക്കെടുപ്പുകൂടി കഴിഞ്ഞേ ഈ പുസ്തകവായന അവസാനിപ്പിക്കാന്‍ കഴിയു.

സാംസ്‌കാരിക കേരളം ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ട ജോസഫിന് കൂടെയാണ് നില്‍ക്കാന്‍ താല്‍പ്പര്യപ്പെട്ടത് എന്നുള്ളതും എന്നിലെ സ്ത്രീയെ ഞെട്ടിച്ചു. സ്ത്രീ വിരുദ്ധത എത്ര ഭീകരമാണ് എന്നതിനു തെളിവാണിതെല്ലാം. എല്ലാവരിലേക്കും എത്തേണ്ട പുസ്തകമാണിത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.