DCBOOKS
Malayalam News Literature Website

ഞങ്ങളുടെ പെണ്‍ജീവിതം: ഡോ. ശ്രീകല മുല്ലശ്ശേരി എഴുതുന്നു

ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. ക്ലാസ്സിലെ മുഴുവന്‍ ആണ്‍കുട്ടികളുടെയും പേര് എനിക്ക് അറിയാമായിരുന്നുവെങ്കിലും എന്തെങ്കിലും ആവശ്യത്തിന് അവരോട് സംസാരിക്കാന്‍ ‘കുട്ട്യേ’ എന്ന് വിളിച്ചുകൊണ്ടാണ് അഭിസംബോധന ചെയ്യുക. ഞാന്‍ മാത്രമായിരുന്നില്ല ഒട്ടെല്ലാ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പ്പരം പേര് അറിയാമായിരുന്നിട്ടും ‘കുട്ട്യേ’ എന്ന വിളിയിലൂടെ അകലംകൂട്ടിക്കൊണ്ടിരുന്നു : വിദ്യാഭ്യാസകാലത്തെ സ്വന്തം അനുഭവങ്ങളിലൂടെ സമകാലിക വിഷയങ്ങള്‍ നിരീക്ഷണവിധേയമാക്കുകയാണ് ലേഖിക.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവര്‍മെന്റ് മോഡല്‍ ഹൈസ്‌കൂളിലെ യു.പി ക്ലാസ്സിലെ എന്റെ ആദ്യദിവസം. ക്ലാസ്സ്മുറിയിലേക്ക് കടന്നപ്പോള്‍ പല നിറത്തിലും തരത്തിലുമുള്ള ഉടുപ്പുകള്‍ ധരിച്ച കുട്ടികള്‍ മുന്‍ബെഞ്ചില്‍ ഇരിക്കുന്നു. സ്വല്‍പ്പം ലജ്ജയോടെയും പരിഭ്രമത്തോടെയും കൂടി ഞാന്‍ അവരെ നോക്കി. എന്നിട്ട് ആരോടും മിണ്ടാതെ നടുവിലെ ബെഞ്ചിലെ അറ്റത്തായി ഇരുന്നു. ക്ലാസ്സ് ടീച്ചര്‍ എല്ലാവരെയും സ്‌കൂള്‍ അസ്സെംബ്ലിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആണ്‍കുട്ടികള്‍ വരിവരിയായി മുന്നിലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ വരിവരിയായി പിന്നിലും അണിനിരന്നു. കുറച്ചു പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥന മൈക്കിലൂടെ ചൊല്ലി. ഒരിക്കല്‍ പോലും ആണ്‍കുട്ടികള്‍ പ്രാര്‍ത്ഥന ചൊല്ലുന്നതായി ഞാന്‍ എന്റെ സ്‌കൂള്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അത് പെണ്‍ശബ്ദങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണെന്ന ധാരണയാണ് ഇപ്പോഴും.

”പെണ്‍കുട്ടികള്‍ക്ക് മെറൂണ്‍ പാവാടയും ക്രീം ഷര്‍ട്ടും, ആണ്‍കുട്ടികള്‍ക്ക് മെറൂണ്‍ പാന്റും ക്രീം ഷര്‍ട്ടും. എട്ടാംക്ലാസ്സ് മുതല്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും അതേ നിറത്തിലുള്ള ചുരിദാര്‍ അല്ലെങ്കില്‍ ഇറക്കമുള്ളപാവാടയും. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇതിന് പുറമെ മെറൂണ്‍ തട്ടവും.” ശോശാമ്മ ടീച്ചര്‍ നെറ്റിചുളിച്ച് ഒരു കടലാസുതുണ്ട് കയ്യില്‍ പിടിച്ചുകൊണ്ട് പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ അസ്സെംബ്ലിയില്‍ മൈക്കിലൂടെ അലറി. പലതരം വേഷത്തിലും പലതരം നിറത്തിലും വന്നുകൊണ്ടിരുന്നവര്‍ സ്തബ്ധരായി.

ഇനിമുതല്‍ കളര്‍ഡ്രസ്സ് ഇടാന്‍ കഴിയില്ലലോ എന്ന ആശങ്കയായിരുന്നു ചിലര്‍ക്ക്. പക്ഷെ എന്റെ പിന്നിലായി നിന്ന അനിതയുടേയും ബിന്ദുവിന്റേയും സെറീനയുടെയും മുഖങ്ങളില്‍ ആയിരം വര്‍ണ്ണങ്ങള്‍ വിരിഞ്ഞുനിന്നിരുന്നു. കാരണം എനിക്കറിയാം; യൂണിഫോം ഇല്ലാത്ത മുന്‍വര്‍ഷങ്ങളിലെ എല്‍.പി. ക്ലാസ്സുകളില്‍ ആകെയുള്ള രണ്ടേരണ്ട് ഡ്രെസ്സുകള്‍ മാറി മാറി ധരിച്ചു വന്നവരായിരുന്നു അവര്‍. എന്റെ യൂണിഫോമിനായി ഞാന്‍ അച്ഛന്റെ ശമ്പളംവരാന്‍ കാത്തിരുന്നു.

യൂണിഫോം തയ്ക്കാന്‍ അനുവദിച്ച സമയത്തിനു ശേഷം യൂണിഫോം ഇടാത്തവരെ ചൂരല്‍ വടികൊണ്ട് അടിക്കുന്ന ഒരു പതിവുണ്ടായിരുന്നു. അങ്ങിനെ അടികൊണ്ടവരില്‍ ഒരിക്കലും സര്‍ക്കാര്‍ ജോലിക്കാരുടെ മക്കള്‍ ഉണ്ടായിരുന്നില്ല. സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നവരുടെയും അതേസ്‌കൂളിലെ അധ്യാപകരുടെയും മക്കളായിരുന്നു സ്‌കൂളില്‍ പകുതിയോളംപേരും. അതിന് അനുപാതമെന്നോണം കടുത്ത സാമ്പത്തികബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വീടുകളില്‍ നിന്നുള്ള കുട്ടികളും ഉണ്ടായിരുന്നു. ആ വിഭാഗത്തില്‍നിന്നുള്ള പലരും, യു പി ക്ലാസ്സിലെ ആ ചെറിയ കുട്ടികള്‍ മുതല്‍ പത്താംക്ലാസിലെ നല്ല വണ്ണവും പൊക്കവുമുള്ള കുട്ടികള്‍വരെ ചൂരല്‍പ്രയോഗത്തിനിരയായി.

യൂണിഫോം ധരിക്കാത്തവരെ സ്‌കൂള്‍ അസ്സെംബ്ലിയില്‍ യൂണിഫോം ധരിച്ച എല്ലാകുട്ടികളെയും മുന്നില്‍വെച്ചു പൊതിരെ തല്ലി. അടികൊണ്ട് വേദനിച്ചു പുളയുമ്പോള്‍ ”എന്നെ തല്ലരുതേ …” എന്ന് പറഞ്ഞുകൊണ്ട് കരഞ്ഞ ഒരാണ്‍കുട്ടിയുടെ മുഖം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. പക്ഷെ അന്ന് ആ രംഗം അധിക നേരം കണ്ടുനില്‍ക്കാന്‍ വയ്യാതെ ഞാനടക്കം പലരും കണ്ണുപൊത്തി നിന്നു. അങ്ങിനെ അധ്യാപകരുടെ ക്രൂരമായ അധികാര പ്രയോഗങ്ങളിലൂടെ യൂണിഫോം നടപ്പിലാക്കി. മെറൂണ്‍ കളര്‍ പാവാടയിലും ക്രീം ഷര്‍ട്ടിലുമുള്ള കുഞ്ഞു പെണ്‍കുട്ടികള്‍ മുതല്‍ അതേ കോമ്പിനേഷനില്‍ ചുരിദാര്‍ ധരിച്ച മുതിര്‍ന്നപെണ്‍കുട്ടികളും യൂണിഫോമിലേക്ക് ചേക്കേറി. പ്രായവ്യത്യാസത്തിന് അനുസരിച്ച് പെണ്‍കുട്ടികളുടെ യൂണിഫോം പാവാടയില്‍ നിന്നുംചുരിദാറിലേക്ക് മാറിക്കൊണ്ടിരുന്നു. ആണ്‍കുട്ടികള്‍ മാത്രം പ്രായവ്യത്യാസമില്ലാതെ പാന്റും ഷര്‍ട്ടും എന്ന യൂണിഫോമില്‍ തുടര്‍ന്ന് പോന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമ്പത്തിക അന്തരം ഇല്ലാതാക്കാന്‍ കൊണ്ടുവന്ന യൂണിഫോമിനിടയിലും വിവേചനാധികാരങ്ങള്‍ ലിംഗപരമായ പക്ഷപാതത്തിനായി ഉപയോഗിക്കപ്പെട്ടു. വല്യപെണ്‍കുട്ടികളുടെ മുഴുത്ത കാലുകള്‍ പാവടക്കടിയില്‍ കാണുന്നത് മോശമാണ് എന്ന് ഒരദ്ധ്യാപിക ക്ലാസ്സില്‍ പറഞ്ഞിരുന്നതിനാല്‍, പെണ്‍കുട്ടികള്‍ക്കിടയില്‍ തന്നെയുള്ള യൂണിഫോമിന്റെ വ്യത്യാസങ്ങളെ ഞാനും മനസിലാക്കിയത് ഒരു തരം സദാചാരപരമായ കണ്ണിലൂടെയാണ്. പിന്നീട് ഓരോ ദിവസവും സ്‌കൂള്‍വിട്ടുപോകുമ്പോള്‍ എന്നിലെ സദാചാരക്കണ്ണുകള്‍ മുഴുത്ത പെണ്‍കാലുകളെ തേടിയിരുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

Comments are closed.