DCBOOKS
Malayalam News Literature Website

പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്ത നാടകകൃത്ത് പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു. മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ Textസാന്നിദ്ധ്യമാണ്. പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍, ഛായാമുഖി എന്നീ പുസ്തകങ്ങൾ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവും പ്രസാദവും ആര്‍ദ്രമായ മനുഷ്യ ബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍ . മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച ആ നാടകങ്ങള്‍ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല, മറിച്ച് മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ച് അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ മനോവിമലനത്തിനുള്ള സ്വാധിനാശിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് ഈ നാടകങ്ങളിലൂടെ സംഭവിക്കുന്നത്.

ഛായാമുഖി അടക്കം ഒട്ടേറെ നാടകങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.  തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്.

മകരധ്വരജൻ, മഹാസാഗരം, മണികർണിക അടക്കം നിരവധി ഹിറ്റ് നാടകങ്ങൾ ഒരുക്കി. നാടക ടിക്കറ്റ്, പ്രശാന്ത് നാരായണന്റെ നാടകങ്ങൾ, ഭാരതാന്തം ആട്ടക്കഥ, ഛായാമുഖി എന്നിവയാണ് കൃതികൾ. ഭാസന്‍റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം വിവിധ ഭാഷകളിൽ സംവിധാനം ചെയ്തു.

തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ഇരിങ്ങോള്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. Textകോളമിസ്റ്റ്, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍, നാടകരചയിതാവ്, സംവിധായകന്‍, ആട്ടക്കഥാകൃത്ത് എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനാണ്. പതിനേഴാം വയസ്സില്‍ ഭാരതാന്തം ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി. തൊപ്പിക്കാരന്‍, അരചചരിതം, ബലൂണുകള്‍, ജനാലയ്ക്കപ്പുറം, വജ്രമുഖന്‍, മണികര്‍ണ്ണിക, ഛായാമുഖി, മകരധ്വജന്‍ (കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ പിന്തുണയോടെ), ചിത്രലേഖ, കറ തുടങ്ങി 30-ഓളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. ടാഗോറിന്റെ തപാലാഫീസ്, ഷേക്‌സ്പിയറിന്റെ ഹാംലെറ്റ്, ഭാസ മഹാകവിയുടെ ഊരുഭംഗം, ദൂതഘടോത്കചം, സ്വപ്നവാസവദത്തം (കര്‍ണ്ണാടക സര്‍ക്കാരിന്റെ ക്ഷണപ്രകാരം ധാര്‍വാഡ് രംഗായണയ്ക്കുവേണ്ടി), എം.ടി. വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി ദേശാഭിമാനി പത്രത്തിനുവേണ്ടി മഹാസാഗരം തുടങ്ങിയവ പ്രധാന സംവിധാന സംരംഭങ്ങള്‍. 2004-ല്‍ സംഗീത നാടക അക്കാദമിയുടെ മികച്ച നാടകരചനയ്ക്കുള്ള പുരസ്‌കാരം, 2011-ല്‍ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം, 2015-ല്‍ എ.പി. കളയ്ക്കാട് പുരസ്‌കാരം, 2016-ല്‍ അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

Comments are closed.