DCBOOKS
Malayalam News Literature Website

സത്യാനന്തര ഇന്ത്യ

സിയര്‍ മനുരാജ്

സത്യാനന്തര ലോകത്തിന്റെ മറ്റൊരു പ്രത്യേകത ഭരണകൂടവും കുത്തക മുതലാളിത്തവും അധീശവര്‍ഗ്ഗത്തിന്റെ മതവും കൈകോര്‍ക്കുന്നു എന്നതാണ്. മൂന്നു കൂട്ടരുംപരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നു. ജനാധിപത്യത്തെ ഒരു ജീവിതചര്യ എന്ന നിലയില്‍ നിലനിര്‍ത്തുന്ന അതിന്റെ എല്ലാ സ്ഥാപനപരമായ ചട്ടക്കൂടുകളെയും ഇല്ലാതാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്തുകൊണ്ടാണ് സത്യാനന്തര ലോകത്തെ ഭരണകൂടങ്ങള്‍ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നത്‌.

സത്യാനന്തരം (Post-Truth) എന്ന പദത്തിന് ഇന്ന് വന്നു ഭവിച്ചിട്ടുള്ള അര്‍ഥത്തില്‍ ആദ്യമായി ആ പദം ഉപയോഗിച്ചത് 1992-ല്‍ സ്റ്റീവ് ടെസീച്ച് എന്ന അമേരിക്കന്‍ നാടകകൃത്തായിരുന്നു. 2004-ല്‍ റാല്‍ഫ് കേയ്‌സ് സത്യാനന്തര കാലം എന്ന പേരില്‍ ഒരു പുസ്തകംതന്നെ എഴുതി. 2016ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനില്‍ തിരഞ്ഞ പദമായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി തിരഞ്ഞെടുത്തത് ‘Post truth” ആയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു സത്യാനന്തര കാലത്തെ നിര്‍വചിക്കുന്നത് ”പൊതുജനാഭിപ്രായത്തെ Pachakuthira Digital Editionനിശ്ചയിക്കുന്നതിലും സ്വാധീനിക്കുന്നതിലും വസ്തുതകളേക്കാള്‍ (Factual truths) പ്രാധാന്യവും മേല്‍ക്കൈയും ആളുകളുടെ വിശ്വാസങ്ങളുമായി വൈകാരികമായി ചേര്‍ന്ന് നില്‍ക്കുന്ന (appeals to emotion and personal belief ) അഭിപ്രായങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ലഭിക്കുന്ന സാഹചര്യം എന്നാണ്.”

സത്യാനന്തരം എന്നത് ഇപ്പോള്‍ പൊട്ടിമുളച്ച ഒരാശയം ആയിരുന്നില്ല. ഒരുകാലത്ത് നമ്മളിതിനെ പ്രൊപ്പഗാണ്ട എന്നു വിളിച്ചിരുന്നു. അങ്ങനെയൊരു പദപ്രയോഗം കൂടാതെതന്നെ ആ പദം പ്രസരിക്കുന്ന ആധുനിക അര്‍ഥത്തെ ഏറ്റവും തീവ്രമായി പ്രകടിപ്പിച്ച എഴുത്തുകാര്‍ ആണ് ജോര്‍ജ്ജ് ഓര്‍വെല്ലും ഹന്ന അരെന്റും. ലീ മക്കിന്റയര്‍ പറയുന്നത് ആധുനിക ലോകത്തില്‍ സത്യാനന്തരകാലം പ്രകടമാകുന്നത് വസ്തുതകളെ നിഷേധിച്ചുകൊണ്ടല്ല മറിച്ച് അവരവരുടെ വിശ്വാസപ്രമാണങ്ങളെ കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കാന്‍ പറ്റുന്ന വസ്തുതകളെ സ്വീകരിക്കുകയും അല്ലാതുള്ളവയെ തള്ളിക്കളഞ്ഞുകൊണ്ടുമാണ് എന്നാണ്. അമേരിക്കന്‍ എഴുത്തുകാരനായ ഡാനിയല്‍ ഡിന്നെറ്റ് എഴുതുന്നത്: ”ഇന്നത്തെ മനുഷ്യര്‍ക്ക് സത്യത്തോടും വസ്തുതകളോടും കൂറില്ലെന്നും വസ്തുതകളുടെ വെളിച്ചത്തില്‍ ലോകത്തെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അവര്‍ക്ക് താത്പര്യം ഇല്ലെന്നുമാണ്.” അമേരിക്കന്‍ തത്ത്വചിന്തകനായ ഹാരി ഫ്രാങ്ക്ഫുര്‍ട് ‘On Bullshit” എന്ന തന്റെ പുസ്തകത്തില്‍ കള്ളം പറയുന്നവനെയും ബുള്‍ഷിറ്റ് പറയുന്നവനെയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടു പറയുന്നത് ഇങ്ങനെയാണ്: ”കള്ളം പറയുന്ന ആള്‍ക്ക്താന്‍ പറയുന്നത് കള്ളം ആണെന്നറിയാം. താന്‍ പറയുന്ന കള്ളത്തിന്റെ മറുപുറത്ത് ഒരു സത്യം ഉണ്ടെന്നും അയാള്‍ക്കറിയാം. ആ യാഥാര്‍ത്ഥ്യത്തെ അയാള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ബുള്‍ഷിറ്റിങ് പറയുന്ന ആളെ സംബന്ധിച്ചിടത്തോളം അയാള്‍ പറയുന്നതാണ് ശരി. അതിനപ്പുറം മറ്റൊരു ശരി ഉള്ളതായി അയാള്‍ കരുതുന്നേ ഇല്ല.” മറ്റൊരു സത്യത്തിന്റെ സാധ്യതയെപ്പോലും തള്ളിക്കളഞ്ഞുകൊണ്ട് മണ്ടത്തരങ്ങള്‍ വസ്തുതയെന്ന മട്ടില്‍ പറയുന്നതിനെയാണ് ഹാരി ഫ്രാങ്ക്ഫുര്‍ട്ട് ‘ബുള്‍ഷിറ്റിങ്’ എന്നു വിളിച്ചത്.

പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

 

Comments are closed.