DCBOOKS
Malayalam News Literature Website

തികച്ചും ആസ്വാദ്യകരമായ മലയാള പരിഭാഷ!

ആധുനിക തമിഴ് സാഹിത്യത്തിലെ ക്ലാസിക് നോവല്‍ കല്‍ക്കിയുടെ, ‘പൊന്നിയിന്‍ സെല്‍വന്‍’  നോവലിന്റെ മലയാള പരിഭാഷയ്ക്ക് ബാബു വിജയാനന്ത് എഴുതിയ വായനാനുഭവം

രാജരാജ ചോളന്‍ എന്ന ചോള ചക്രവര്‍ത്തിയുടെ പേര് കേള്‍ക്കാത്തവര്‍ ഭാരതത്തില്‍ ഉണ്ടാവാനിടയില്ല. രാജ രാജ ചോളന്‍ ചക്രവര്‍ത്തിയാവുന്നതിന് മുമ്പേ അറിയപ്പെട്ടിരുന്നത് പൊന്നിയിന്‍ സെല്‍വന്‍ എന്നും അരുള്‍ മൊഴി വര്‍മ്മനെന്നുമാണ്. അദേഹത്തിന്റെ ആദ്യകാല ചരിത്രം വിവരിക്കുന്ന നോവലാണ് പൊന്നിയിന്‍ സെല്‍വന്‍ . കല്‍ക്കി കൃഷ്ണ മൂര്‍ത്തി തന്റെ കല്‍ക്കി വീക്ക്‌ലിയില്‍ ഖണ്ഡശയായി എകദേശം മൂന്നര വര്‍ഷത്തോളം പ്രസിദ്ധീകരിച്ചാണ് ഈ നോവല്‍ വായനക്കാരിലേക്കെത്തിച്ചത്.

തമിഴ് സാഹിത്യത്തിലെ ഒരു ക്ലാസിക് പുസ്തകമായിട്ടാണിതിനെ വിശേഷിപ്പിക്കുന്നത്. ഇന്നത്തെ കാലത്തും നിരവധി വായനക്കാരുള്ള പുസ്തകം പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലേക്ക് ഈ നോവലിനെ പരിഭാഷപ്പെടുത്തിയത് ഡി സി ബുക്‌സിനു വേണ്ടി ജി സുബ്രഹ്മണ്യമാണ്.

ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്, ഗെയിം ഓഫ് ത്രോണ്‍സ് മുതലായ ബുക്ക് സീരീസുകളുമായി സാമ്യം തോന്നുമെങ്കില്‍ അവയിലെല്ലാമുള്ള മായികതയോ മാന്ത്രികതയോ ഈ നോവലില്ല. യഥാര്‍ത്ഥ മനുഷ്യരുടെ പോരാട്ടങ്ങളുടെ കഥയാണിതെന്നതും ബുദ്ധിയും ശക്തിയുമുപയോഗിച്ച് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി അവര്‍ മെനയുന്ന തന്ത്രങ്ങളും പോരാട്ടങ്ങളും നോവലിനെ മനോഹരമാക്കുന്നു.

മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ മാര്‍ത്താണ്ഡവര്‍മ്മയേക്കാള്‍ കൂടൂതല്‍ തന്ത്രങളും പോരാട്ടങ്ങളും നടത്തുന്നത് അനന്തപത്മനാഭനും സുഭദ്രയും എന്നത് പോലെ ഈ നോവലിലും പ്രധാനമായും വന്ദ്യദേവനും നന്ദിനിയുമാണ് പ്രധാന കഥാഗതികള്‍ നിയന്ത്രിക്കുന്നത്.
സുന്ദര ചോള ചക്രവര്‍ത്തിക്ക് പ്രായാധിക്യം കൊണ്ട് കാലുകള്‍ തളര്‍ന്ന കാരണം കോട്ടയ്കുള്ളില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ സംരക്ഷണം പഴുവെട്ടിയാര്‍ സഹോദരങ്ങളുടെ കയ്യിലാണ്. കീരീടാവകശി ആദിത്യ കരികാലനും ഇളയ രാജ കുമാരന്‍ അരുള്‍ മൊഴിവര്‍മ്മനും ഒരോരോ പടയോട്ടങ്ങള്‍ കാരണം അദ്ദേഹത്തിന്റെ കൂടെയില്ല. മകള്‍ കുന്തവയാണ് നാട്ടിലുള്ളത്. അതിനിടെ തന്റെ വയസ് കാലത്ത് മൂത്ത പഴുവെട്ടിയാര്‍ വിവാഹം ചെയ്ത സുന്ദരിയും മായാ മോഹിനിയുമായ നന്ദിനി വന്നതോടെ ആകെ കലുക്ഷിതമാവുന്നു രാജ കൊട്ടാരം. യുവരാജാവിനെയും ജനങ്ങളുടെ കണ്ണിലുണ്ണിയുമായ അരുള്‍മൊഴിവര്‍മ്മനെയും മറികടന്ന് ഇവരുടെ ചെറിയച്ഛനായ മധുരാന്തകന്‍ രാജ്യം നേടാന്‍ ശ്രമിക്കുന്നു. ഇതിനിടെയില്‍ അദിത്യ കരികാലന്റെ സേവകനായെത്തുന്ന വാണര്‍ കുല രാജകുമാരന്‍ വന്ദ്യദേവന്‍, പ്രധാന മന്ത്രിയുടെ ചാരനുമായ ആഴ്വാകുടിയാന്‍ നമ്പി, തോണിക്കാരി പൂങ്കുഴലി ,രവിദാസന്‍, അമുദന്‍, വാനതി , മണിമേഖല മുതലായ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ തങ്ങളുടെ ഭാഗങ്ങള്‍ക്കായി നടത്തുന്ന പോരാട്ടങ്ങളുടെ കഥ.

മലയാളത്തില്‍ ചില ആറ്റികുറുക്കലുകള്‍ നടത്തിയെങ്കിലും സാഹിത്യഭംഗി പോരാതെ അവതരിപ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം. സമയം ഉണ്ടാക്കി ഇരുന്ന ഇരുപ്പിന് വായിച്ചു തീര്‍ത്തു. മനോഹരമായ നോവല്‍ നിങ്ങള്‍ക്ക് ഒരു അനുഭൂതിയാവും എന്നതില്‍ അത്ഭുതമില്ല. നോവല്‍ പെട്ടെന്ന് തീര്‍ന്നു പോയതായി നിങ്ങള്‍ക്ക് തോന്നാം. അതെക്കുറിച്ച് നോവലിന്റെ അവസാനം നോവലിസ്റ്റ് തന്നെ വിശദീകരിക്കുന്നുണ്ട്.

കല്‍ക്കിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’; പേപ്പര്‍ ബാക്ക് കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

Comments are closed.