DCBOOKS
Malayalam News Literature Website

പലതരം പേരുള്ള പേരറിവാളര്‍

എം.എസ്. ബനേഷ്‌

ജൂണ്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച  ലേഖനത്തില്‍ നിന്നും

കെട്ടിച്ചമച്ച കേസുകള്‍ക്കും രാജ്യദ്രോഹഭാവനകള്‍ക്കും കേസ് ഡയറികള്‍ക്കുമിടയില്‍, രാജ്യമെങ്ങും ആയിരക്കണക്കിന് പേരറിവാളന്മാര്‍ അവരുടെ യൗവ്വനവും ജീവിതവും
എരിഞ്ഞുതീര്‍ക്കപ്പെട്ട് ഇപ്പോഴും കഴിയുകയാണ്. എല്ലാവര്‍ക്കും അര്‍പ്പുതമ്മാളിനെപ്പോലെ ജാഗ്രതയുള്ള അമ്മമാരില്ല. നിയമയുദ്ധവും സാംസ്‌കാരിക യുദ്ധവും നടത്താന്‍ കഴിയുന്ന രാഷ്ട്രീയസാമൂഹ്യ ജാഗ്രതയുടെ ഇച്ഛാശക്തിയുള്ള ഒരു കൂട്ടം മനുഷ്യരെയെങ്കിലും ഇക്കാലം ഭയരഹിതരായി ആഗ്രഹിക്കുന്നു.

തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ പേരറിവാളനെ കാണാന്‍ പോകുന്നതിന്റെ തലേന്ന് കൊച്ചിയില്‍ ഒരു പകല്‍മുഴുവന്‍ അമ്മ അര്‍പ്പുതമ്മാള്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരുന്ന രണ്ടായിരത്തിപ്പതിമൂന്ന് ഡിസംബറിലെ അവസാന പകലുകളിലൊന്ന്. രാജീവ് ഗാന്ധി കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന്റെ നിര്‍ബന്ധിത തടവ് അപ്പോഴേക്കും ഇരുപത്തിരണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു. Pachakuthiraഅതായത് ഏത് നിമിഷവും തന്നെ ഭരണകൂടം തൂക്കിലേറ്റും എന്ന തിരിച്ചറിവോടെ, ഭീതിയോടെ, നിവര്‍ന്നുകിടക്കാന്‍ ഇടമില്ലാത്തൊരു സെല്ലില്‍ ഒരു മനുഷ്യനെ അടച്ചിട്ടിട്ട് ഇരുപത്തിരണ്ട് വര്‍ഷമായിരുന്നുവെന്ന് അര്‍ത്ഥം.

അതിനും ഒരു മാസം മുമ്പ്, എ.ജി. പേരറിവാളന്‍ എന്ന മനുഷ്യന്റെ ജീവനെയും ജീവിതത്തെയും എത്ര നിസ്സാരമായും കരുണാരഹിതമായുമാണ് ഭരണകൂടവും അന്വേഷണോദ്യോഗസ്ഥരും പത്തൊമ്പതാം വയസ്സുമുതല്‍ തൂക്കുകയറിന്‍ തുമ്പത്ത് രണ്ട് ദശാബ്ദത്തിലധികം തടവിലിട്ടിരിക്കുന്നത് എന്ന് തെളിയിച്ചുകൊണ്ട് മുന്‍ സിബിഐ എസ്.പി, വി. ത്യാഗരാജന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട് കൃത്യം ഇരുപതു ദിവസം കഴിഞ്ഞപ്പോള്‍ പേരറിവാളനെ അറസ്റ്റ് ചെയ്ത് ടാഡ കോടതിയുടെ കസ്റ്റഡിയില്‍ വച്ച് ഭീകരമായി മര്‍ദ്ദിച്ച സിബിഐ സംഘത്തിലെ അംഗമായിരുന്നു ത്യാഗരാജന്‍.

എല്‍ടിടിഇ പ്രവര്‍ത്തകനായ ശിവരശന് താന്‍ വാങ്ങി നല്‍കിയ രണ്ട് ബാറ്ററികള്‍ രാജീവ് ഗാന്ധിയെ കൊല്ലാന്‍ വേണ്ടിയായിരുന്നുവെന്നോ, ബെല്‍റ്റ് ബോംബ് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നോ ഒന്നും തനിക്കറിയില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിനിടെ പേരറിവാളന്‍ തന്നോട് പറഞ്ഞതെന്ന് ത്യാഗരാജന്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് പശ്ചാത്താപത്തിന്റെ ഭാഷയില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ പേരറിവാളന്റെ ആ മൊഴി രേഖപ്പെടുത്താതെ പകരം, ബാറ്ററി വാങ്ങിയത് ബോംബുണ്ടാക്കാനാണെന്ന് തനിക്കറിയാമായിരുന്നുവെന്ന് പേരറിവാളന്‍ പറഞ്ഞുവെന്ന രീതിയിലാണ് ത്യാഗരാജന്‍ എഴുതിച്ചേര്‍ത്തത്. കുറ്റസമ്മതമൊഴി ദുര്‍ബലമാകാതിരിക്കാനും കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്ന് പൊതുസമൂഹത്തിന് മുന്നില്‍ പ്രതീതിയുണ്ടാക്കാനും ഒരന്വേഷണ ഉദ്യോഗസ്ഥന്‍ നീചമായി നടത്തിയ തിരിമറി. ആ തിരിമറിക്ക് ജീവിച്ചിരിക്കുന്ന ഈ ഉദ്യോഗസ്ഥന്‍ ശിക്ഷയുടെ ഭാഗമാകേണ്ടതല്ലേ എന്ന ചോദ്യം ഇവിടെ നിന്ന് പൊരിയട്ടെ. നക്‌സല്‍ വര്‍ഗ്ഗീസിനെ വെടിവെച്ചുകൊന്ന കേസില്‍ രാമചന്ദ്രന്‍ നായരുടെ പില്‍ക്കാലവെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുന്‍ പോലീസുദ്യോഗസ്ഥനായ ലക്ഷ്മണയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നതിന്റെ ഓര്‍മ്മ പ്രചോദനമായി ഉള്ളതുകൊണ്ടാണ് ആ ചോദ്യം ഇവിടെ നിന്ന് പൊരിയട്ടെ എന്നെഴുതിയത്.

ത്യാഗരാജന്റെ തിരിമറിയുടെ വേദനയും അത് അപ്പോളെങ്കിലും അയാള്‍ വെളിപ്പെടുത്തിയത് മൂലം പേരറിവാളന്റെ മോചനം സാധ്യമായേക്കുമെന്ന പ്രതീക്ഷയും കൊച്ചിയില്‍ വച്ച് കാണുമ്പോള്‍ അര്‍പ്പുതമ്മാളിന്റെ മുഖത്തുണ്ടായിരുന്നു. നിരപരാധിത്വം തെളിയിച്ച് മകനെ ജയില്‍മോചിതനാക്കുകയെന്ന അത്ഭുതത്തിന് വേണ്ടി സഞ്ചി നിറയെ അപേക്ഷകളുമായി രാജ്യമെങ്ങും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിയമജ്ഞരെയും തേടി യാത്രകള്‍ ചെയ്യുകയായിരുന്നു ആ നാളുകളില്‍ അര്‍പ്പുതമ്മാള്‍. ആ ഏകാന്ത നീതിയാത്രകളുടെ തുടര്‍ച്ചയായിട്ടായിരുന്നു കൊച്ചിയിലേക്കുള്ള വരവ്. വൃത്തിയുള്ളതെങ്കിലും തിളക്കങ്ങളൊന്നുമില്ലാത്ത ഒരു പഴയ സാരി. കോട്ടണ്‍ ബ്ലൗസ്. ഒരു തോള്‍സഞ്ചി. വലിയ കറുത്ത ഫ്രെയിമുള്ള കണ്ണട.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂണ്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍  ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.