DCBOOKS
Malayalam News Literature Website

രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യജനാധിപത്യവും

അമിതമായ ആത്മവിശ്വാസവും സംഘടനാദൗര്‍ബല്യങ്ങളും സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളുമാണ് തങ്ങളുടെ പരാജയ കാരണങ്ങളായി ഐക്യജനാധിപത്യമുന്നണി എടുത്തുകാണിക്കുന്നത്. ശബരിമലയും അഴിമതിആരോപണങ്ങളുമൊന്നും ഗുണം ചെയ്തില്ലെന്ന് വിലയിരുത്തുന്നു

കെ.എം. സലിംകുമാര്‍

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വിലയിരുത്തുമ്പോള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പലതുകൊണ്ടും ജനാധിപത്യതത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായിരുന്നുവെന്ന് പറയാവുന്നതാണ്. അതിന് കേരളീയര്‍ നല്കിയ അംഗീകാരമാ
ണ് ചരിത്രം എന്നു വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാംവരവ്.
സംഘപരിവാറിനോടും കോണ്‍ഗ്രസിനോടുമൊപ്പം അവരേക്കാള്‍ വാശിയോടെ സാമ്പത്തിക സംവരണത്തിനുവേണ്ടി നിലകൊണ്ട പിണറായി സര്‍ക്കാരിനെ കാണാതെയല്ല ഇതു പറയുന്നത്.: കേരളത്തില്‍ ഇടതുജനാധിപത്യമുന്നണിക്ക് തുടര്‍ഭരണം കിട്ടിയതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നു.

തിരഞ്ഞെടുപ്പുകളിലും സര്‍ക്കാര്‍ രൂപീകരണത്തിലുംമാത്രം ശ്രദ്ധിക്കുന്നതാണ് മലയാളികളുടെ ശരാശരി ജനാധിപത്യഅവബോധം. അഞ്ചാണ്ടുകൂടുമ്പോള്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പുകളെ രാഷ്ട്രീയ മാമാങ്കമായി മാറ്റുവാന്‍ പാര്‍ട്ടികളെയും മുന്നണികളെയും സഹായിക്കുന്നത് ഈ അവബോധമാണ്. രണ്ടു മുന്നണികള്‍ മാറിമാറി ഭരിക്കുന്ന ഒരു രാഷ്ട്രീയക്രമത്തെയാണ് നാലു പതിറ്റാണ്ടിലേറെക്കാലമായി കേരളീയര്‍ ജനാധിപത്യത്തിന്റെ കരുത്തായി കാണുന്നത്. ഈ ക്രമത്തിനുള്ളിലാണ് തുടര്‍ഭരണം ജനാധിപത്യവിരുദ്ധമാണെന്ന കാഴ്ചപ്പാട് തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാത്തവര്‍ക്കിടയില്‍നിന്നുപോലും ഉയര്‍ന്നുവന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഏകകണ്ഠമായെടുക്കുന്ന തീരുമാനങ്ങള്‍പോലും ചിലപ്പോള്‍ ജനാധിപത്യപരമാകണമെന്നില്ല. ജനാധിപത്യത്തിന്റെ അളവുകോല്‍ തിരഞ്ഞെടുപ്പു pachakuthira dcbooksരാഷ്ട്രീയത്തിലെ ജയപരാജയങ്ങള്‍ മാത്രമായിരിക്കുവാന്‍ പാടില്ല; ഭരണഘടനാതത്ത്വങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു ജീവിക്കുവാന്‍ ജനങ്ങള്‍ക്ക് എത്രമാത്രം കഴിയുന്നുവെന്നതായിരിക്കണം. അതിനോട് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എത്രമാത്രം നീതിപുലര്‍ത്താനാവുന്നുണ്ടെന്ന കാര്യവും.

ഇത്തരമൊരു സമീപനത്തില്‍ നിന്ന് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വിലയിരുത്തുമ്പോള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പലതുകൊണ്ടും ജനാധിപത്യതത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായിരുന്നുവെന്ന് പറയാവുന്നതാണ്. അതിന് കേരളീയര്‍ നല്കിയ അംഗീകാരമാണ് ചരിത്രം എന്നു വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം
വരവ്. സംഘപരിവാറിനോടും കോണ്‍ഗ്രസിനോടുമൊപ്പം അവരേക്കാള്‍ വാശിയോടെ സാമ്പത്തിക സംവരണത്തിനുവേണ്ടി നിലകൊണ്ട പിണറായി സര്‍ക്കാരിനെ കാണാതെയല്ല ഇതു പറയുന്നത്. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ സമീപനവും ജനപക്ഷ വികസന പരിപാടികളുമാണ് തുടര്‍ഭരണത്തിന് ഇടയാക്കിയത് എന്നാണ് എല്‍.ഡി.എഫ്. നേതൃത്വം വിലയിരുത്തുന്നത്. അമിതമായ ആത്മവിശ്വാസവും സംഘടനാദൗര്‍ബല്യങ്ങളും സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളുമാണ് തങ്ങളുടെ പരാജയ കാരണങ്ങളായി ഐക്യജനാധിപത്യമുന്നണി എടുത്തുകാണിക്കുന്നത്. ശബരിമലയും അഴിമതിആരോപണങ്ങളുമൊന്നും ഗുണം ചെയ്തില്ലെന്ന് വിലയിരുത്തുന്നു. ദലിത്-പിതന്നാക്കന്മാരോടൊപ്പം മധ്യ- തെക്കന്‍ കേരളത്തിലെ മുസ്‌ലിങ്ങളും ഇടതുപക്ഷത്തേക്കു മാറി. 55 ശതമാനം സീറ്റുകളും യുവാക്കള്‍ക്കു നല്‍കിയെങ്കിലും പ്രതീക്ഷിച്ച ഗുണം കിട്ടിയില്ല. മുമ്പും മുന്നണിക്കു നേതൃത്വം നല്‍കിയ ഭാരതീയ ജനതപാര്‍ട്ടി തങ്ങളുടെ പരാജയത്തെ നോക്കിക്കണ്ടത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്രഏജന്‍സികളുടെ അന്വേഷണം തിരിച്ചടിയായെന്നും വിലയിരുത്തുന്നു. ഭാരതീയ ധര്‍മ്മ ജനസേനപോലുള്ള സഖ്യശക്തികളുടെ ദയനീയമായ പ്രകടനങ്ങളും തിരിച്ചടിയായി.

ഈ മൂന്ന് വിലയിരുത്തലുകളില്‍ നിന്ന് വ്യക്തമാകുന്നൊരു കാര്യം എല്‍.ഡി.എഫ്. പൊതുവേ മതനിപേക്ഷതയുടെ ഫ്രെയിമില്‍നിന്ന് തങ്ങളുടെ വിജയത്തെ വിലയിരുത്തുവാന്‍ ശ്രമിക്കുമ്പോള്‍ യു.ഡി.എഫ്., എന്‍.ഡി.എ. മുന്നണികള്‍ തങ്ങളുടെ പരാജയത്തെ വിലയിരുത്തുവാന്‍ ശ്രമിക്കുന്നത് സാമുദായിക സമവാക്യങ്ങള്‍ക്കുള്ളില്‍നിന്നാണ് എന്നതാണ്. രാഷ്ട്രീയ ജനാധിപത്യ കേരളത്തിന്റെ വര്‍ത്തമാന വ്യവസ്ഥയുടെ സൂചകമായി ഈ വിലയിരുത്തലുകളെ നോക്കിക്കാണാവുന്നതാണ്. ജനാധിപത്യത്തിന്റെ സാധ്യതകളോടൊപ്പം ജനാധിപത്യവിരുദ്ധതയുടെ കരുത്തും തുറന്നുകാട്ടുന്നതാണ് ഈ വിലയിരുത്തലുകള്‍. മതനിരപേക്ഷതയുടെ വിജയത്തെക്കുറിച്ചു പറയുമ്പോഴും ജനാധിപത്യ വിരുദ്ധ സാമൂഹ്യനിര്‍മ്മിതികളായ ജാതിയും മതവുമൊന്നും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചില്ലെന്ന് ഇടതുപക്ഷത്തിനും പറയാനാവില്ല. കേരളീയ സമൂഹത്തില്‍ ഇന്നും പ്രബലമായി നിലനില്ക്കുന്ന ജനാധിപത്യവിരുദ്ധ ഘടകങ്ങളുടെ രാഷ്ട്രീയ സംയോജനത്തിലൂടെ തിരഞ്ഞെടുപ്പു നേട്ടമുണ്ടാകുവാന്‍ യു.ഡി.എഫും – എന്‍.ഡി.എ. യും ശ്രമിച്ചപ്പോള്‍ ഇത്തരം ഘടകങ്ങളില്‍ നിന്ന് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് ആഭിമുഖ്യമുള്ളവരെ കണ്ടെത്തി മതനിരപേക്ഷതയുടെ ഫ്രെയിമില്‍ വ്യാഖ്യാനിക്കുവാനാണ് ഇടതുപക്ഷം ശ്രമിച്ചത്.

സുപ്രധാനമായൊരു കാര്യം ഈ നിമസഭാ തിരഞ്ഞെടുപ്പുനടന്ന സാമൂഹികസാഹചര്യമാണ്. മനുഷ്യവംശത്തെയാകെ മരണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണപോലൊരു മഹാമാരിയുടെ കാലത്താണ് തിരഞ്ഞെടുപ്പുനടന്നത്. അതുകൊണ്ടുതന്നെ ഏതൊരു ജനതയുടെയുമെന്നതുപോലെ കേരളീയരുടെയും ഒന്നാമത്തെ പരിഗണന സര്‍ക്കാര്‍ എങ്ങനെയാണ് ഈ ദുരന്തത്തില്‍നിന്ന് തങ്ങളെ സംരക്ഷിക്കുവാന്‍ ശ്രമിച്ചത് എന്നതുതന്നെയായിരുന്നു. ജീവനോടുള്ള കരുതലായിരുന്നു അത്. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ മൗലികചേതന അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ജീവന്റെ മൂല്യത്തിലാണ്. മനുഷ്യജീവനു വില കല്പിക്കാത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതല്ല, ആട്ടി പുറത്താക്കപ്പെടുന്നതാണു കണ്ടത്. അമേരിക്കയ്ക്കു പിന്നാലെ ലക്ഷക്കണക്കിനു മനുഷ്യരെ (ഇതെഴുതുമ്പോള്‍ അഞ്ചുലക്ഷത്തിലേറെ)മരണത്തിനു വിട്ടുകൊടുത്ത മനുഷ്യവിദ്വേഷിയായ ബ്രസീലിയന്‍ ഭരണാധികാരി ജയ്ര്‍ ബോല്‍സാനാരോയെ പുറത്താക്കുന്നതിനായി ഇപ്പോഴും ജനങ്ങള്‍ പ്രക്ഷോഭം തുടരുകയാണ്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടവരായിരുന്നു കേരളത്തിലെ പ്രതിപക്ഷങ്ങള്‍. അവരുടെ സമീപനങ്ങളും ഭാഷയും ഇടപെടലുകളുമെല്ലാം സംശയകരമായിരുന്നു. ഭരണവിരുദ്ധവികാരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇക്കൂട്ടര്‍ സര്‍ക്കാരിന്റെ മാനവികമായ സമീപനത്തെ കുറച്ചുകാണുകയും കടന്നാക്രമിക്കുകയും ചെയ്തു. കോവിഡ് തടയാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ പുച്ഛിച്ചുതള്ളി. കോവിഡിനെതിരായ യുദ്ധത്തില്‍ ചില്ലിക്കാശുപോലും കൊടുത്തു സര്‍ക്കാരിനെ സഹായിക്കരുതെന്ന് മുന്നറിയിപ്പു നല്‍കി. കോവിഡിനെതിരായ യുദ്ധത്തിന് നേതൃത്വം നല്കിയ ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജയെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ പേരില്‍ അന്തര്‍ദ്ദേശീയസമൂഹം പ്രകീര്‍ത്തിച്ചപ്പോള്‍ കേരളത്തിലെ പ്രതിപക്ഷ നിരകളുടെ മുന്നില്‍നിന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോവിഡ്‌റാണി എന്നു വിളിച്ച് ആക്ഷേപിച്ചു. ഇതിന്റെ പിന്നാലെ ബി.ജെ.പി. നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി.മുരളീധരന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡിയറ്റ് എന്നു വിളിച്ച് പരിഹസിച്ചു. മാനവികതയുടെ തലത്തില്‍നിന്ന് സാമൂഹ്യരാഷ്ട്രീയ കാര്യങ്ങളെ നോക്കിക്കാണുന്ന ആര്‍ക്കും ഇത്തരം സമീപനങ്ങള്‍ അംഗീകരിക്കുവാന്‍ കഴിയുമായിരുന്നില്ല. മനുഷ്യന്‍ പ്രത്യാശ തേടുമ്പോള്‍ അവര്‍ക്കുമേല്‍ മൂര്‍ച്ചയുള്ള മുള്ളുകള്‍ വിതറുന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനാവില്ലായിരുന്നു. മനുഷ്യത്വരഹിതവും സങ്കുചിതവുമായ ഇത്തരം കക്ഷിരാഷ്ട്രീയ ജല്പനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുന്നതാണു തിരഞ്ഞെടുപ്പില്‍ കണ്ടത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  സെപ്റ്റംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.