DCBOOKS
Malayalam News Literature Website

വിവര്‍ത്തനത്തിന്റെ വിവര്‍ത്തനം

ഈ കൃതിയില്‍ അധ്യായങ്ങള്‍ക്ക് പേരില്ല. ഏഴുദിവസത്തെ കഥയായിട്ടാണ് കൃതി അവതരിപ്പിച്ചിരിക്കുന്നത്.

ഇറ്റാലിയൻ നോവലിസ്റ്റും സാഹിത്യസൈദ്ധാന്തികനുമായ ഉംബെർത്തോ എക്കോയുടെ ‘റോസാപ്പൂവിന്റെ പേര്’  എന്ന പുസ്തകത്തിന്റെ വിവര്‍ത്തക ഡോ.രാധിക സി. നായരുമായി പാര്‍വ്വതി എം നടത്തിയ അഭിമുഖം

വിവര്‍ത്തനത്തിനൊരുമ്പെടുന്നവരെ ഭയപ്പെടുത്തുന്ന ഒരു രചനയായി ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നതെന്തുകൊണ്ട്?

‘വിവര്‍ത്തനത്തിന്റെ വിവര്‍ത്തനത്തിന്റെ വിവര്‍ത്തനത്തിന്റെ വിവര്‍ത്തനത്തിന്റെ വിവ
ര്‍ത്തനം.’ അതാണ് ഉംബെര്‍ത്തോ എക്കോയുടെ ‘ദ നെയിം ഓഫ് ദ റോസ്’ എന്ന വിഖ്യാതനോവലിന്റെ ഈ മലയാള പരിഭാഷ. ലോകത്തെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള ‘റോസാപ്പൂവിന്റെ പേര്’ എന്ന ഈ കൃതി വിവര്‍ത്തനത്തിനൊരുമ്പെടുന്നവരെ ഭയപ്പെ
ടുത്താനും പരിക്ഷീണരാക്കാനും പോന്ന രചനയാണ്. മരണാസന്നനായ അഡ്‌സോ എന്ന ജര്‍മനിക്കാരനായ ബെനഡിക്‌ടൈന്‍ ക്രൈസ്തവസന്ന്യാസി ലത്തീന്‍ഭാഷയില്‍ രചിച്ച കൈയെഴുത്തുപ്രതിയുടെ വിവര്‍ത്തനത്തിന്റെ വിവര്‍ത്തനമായാണ് ‘റോസാപ്പൂവിന്റെ പേര്’ ഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. ഇറ്റലിയിലെ ഒരു ബെനഡിക്‌ടൈന്‍ സന്ന്യാസിമഠത്തില്‍ 1327 Textനവംബറില്‍ അരങ്ങേറിയതും താന്‍കൂടി സാക്ഷിയായിരുന്നതുമായ കൊലപാതകപരമ്പരയെപ്പറ്റി പ്രാചീന ലത്തീനില്‍ എഴുതിയ ആ ഓര്‍മ്മക്കുറിപ്പിന് പതിനെട്ടാം നൂറ്റാണ്ടില്‍ ഒരാള്‍ അന്നത്തെ ലത്തീനില്‍ നടത്തിയ പുനരാവിഷ്‌കാര(അതും വിവര്‍ത്തനംതന്നെ)ത്തിന് പത്തൊമ്പതാംനൂറ്റാണ്ടില്‍ മറ്റൊരാള്‍ നടത്തിയ ഫ്രഞ്ച് വിവര്‍ത്തനത്തിന്റെ ഇറ്റാലിയന്‍ വിവര്‍ത്തനമായാണ് ഉംബെര്‍ത്തോ തന്റെ നോവല്‍ അവതരിപ്പിക്കുന്നത്. Il nome della rose എന്ന ഇറ്റാലിയന്‍ കൃതിക്ക് he Name of the Roseലെ എന്ന പേരില്‍ വില്യം വീവര്‍ നടത്തിയിട്ടുള്ള ഇംഗ്ലിഷ് വിവര്‍ത്തന(1983)ത്തിന്റെ മലയാളം വിവര്‍ത്തനമാണ് ‘റോസാപ്പൂവിന്റെ പേര്’.

ക്രിസ്തുമതത്തിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കുപരിയായി ഈ നോവല്‍ പറഞ്ഞുവയ്ക്കുന്നത് എന്താണ്?

അരിസ്‌റ്റോട്ടില്‍ തന്റെ വിശ്രുതരചനയായ ‘കാവ്യമീമാംസ’ യുടെ രണ്ടാം ഭാഗമായി എഴുതിയതെന്നു വിശ്വസിക്കപ്പെടുന്നതും ഒരിക്കലും കണ്ടുകിട്ടിയിട്ടില്ലാത്തതുമായ കോമഡിയെപ്പറ്റിയുള്ള പുസ്തകവും സന്ന്യാസിമഠത്തിലെ കൊലകളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന സന്ന്യാസിമാരില്‍ ഷെര്‍ലക് ഹോംസിന്റെയും വാട്‌സന്റെയും ഛായയും മഠത്തിലെ അന്ധനായ ലൈബ്രേറിയനില്‍ ആധുനികകാലത്തെ അര്‍ജന്റൈന്‍ കഥാകൃത്തായ ഹോര്‍ഹെ ലൂയി ബോര്‍ഹസിന്റെ ഛായയും വായനക്കാര്‍ക്കു കാണാന്‍ കഴിയും.
കൊലപാതകകഥയും ക്രിസ്തുമതത്തിലെ ആഭ്യന്തരസംഘര്‍ഷങ്ങളുടെ കഥയും മാത്രമല്ല ഈ പുസ്തകം, ഗ്രന്ഥാലയം, വ്യാഖ്യാനത്തിന്റെ പരിമിതി, തെറ്റിവായന, ചിരി എന്നിവയുടെ കഥയുംകൂടിയാണ് ‘റോസാപ്പൂവിന്റെ പേര്’ എന്ന കൃതി. മധ്യകാലവിശ്വാസവും ഉത്തരാധുനിക സന്ദേഹവും ഈ നോവലില്‍ ഇടകലരുന്നു.

അഞ്ചു തവണ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണല്ലോ റോസാപ്പൂവിന്റെ പേര്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ വിവര്‍ത്തക എന്ന നിലയ്ക്ക് നേരിട്ട വെല്ലുവിളി എന്താണ്?

ഈ വിവര്‍ത്തനകൃതി പൂര്‍ത്തിയാക്കാന്‍ നിരവധി വര്‍ഷത്തെ കഠിന പരിശ്രമം ആവശ്യമായി വന്നു. ഇംഗ്ലിഷ് വിവര്‍ത്തനകൃതിയെ ആധാരമാക്കിയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. കൃതിയില്‍ പ്രാചീന ഗ്രീക്ക്, പ്രാചീനലത്തീന്‍, ജര്‍മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്
തുടങ്ങിയ ഭാഷകളിലെ വാക്യങ്ങള്‍, വാക്കുകള്‍, ഉദ്ധരണികള്‍, പാരഗ്രാഫ് എന്നിവ നിരവധിയുണ്ട്. ഇംഗ്ലിഷ് പരിഭാഷ വായിച്ചിട്ടുള്ള മലയാള വായനക്കാരുടെ വായനയെ തടസ്സപ്പെടുത്തിയിട്ടുള്ളതോ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുള്ളതോ ആയ ഇത്തരത്തിലുള്ള അനേകം പ്രയോഗങ്ങളെ മലയാളത്തിലേക്ക് മാറ്റുക എന്ന പ്രയാസകരമായ പ്രശ്‌നത്തെ മറികടക്കാന്‍ എനിക്ക് കുറേയധികം സമയം ആവശ്യമായി വന്നു. ഈ ഭാഷാ പ്രയോഗങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ അടുത്തതിലേക്ക് കടക്കാന്‍ പറ്റുള്ളൂ എന്ന അവസ്ഥയുണ്ടായിരുന്നു. ആ ഭാഷകളിലെ പ്രയോഗങ്ങള്‍ മലയാളലിപിയില്‍ നല്കിയശേഷം തുടര്‍ന്ന് മലയാളവിവര്‍ത്തനം നല്‍കുന്നതാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ള രീതി. വിവര്‍ത്തനത്തെ കുറ്റമറ്റതാക്കാന്‍ ഞാന്‍ പൂര്‍ണ്ണമായും ശ്രമിച്ചിട്ടുണ്ട്.

അധ്യായവിഭജനം പോലും പ്രത്യേകത നിറഞ്ഞതാണല്ലോ?

ഈ കൃതിയില്‍ അധ്യായങ്ങള്‍ക്ക് പേരില്ല. ഏഴുദിവസത്തെ കഥയായിട്ടാണ് കൃതി അവതരിപ്പിച്ചിരിക്കുന്നത്. അതാത് സമയത്തെ പ്രാര്‍ത്ഥനാക്രമമായിട്ടാണ് അധ്യായങ്ങളെ
വിഭജിച്ചിരിക്കുന്നത്. അത് നമ്മുടെ നാട്ടിലെ പ്രാര്‍ത്ഥനക്രമങ്ങളുമായോ സമയ ക്രമമായോ ബന്ധമുള്ളതല്ല. ആ പ്രാര്‍ത്ഥനാ ക്രമങ്ങളെ എങ്ങനെ അവതരിപ്പിക്കാം എന്നതും ഒരു ചലഞ്ച് തന്നെയായിരുന്നു. എന്റെ അയല്‍ക്കാരനും ബഹുഭാഷാവിദഗ്ധനും ബൈബിള്‍പണ്ഡിതനുമായ ജി. സുശീലന്‍, ബൈബിളിനെപ്പറ്റി ‘വേദശബ്ദരത്‌നാകരം’ എന്ന ബൃഹദ് ഗ്രന്ഥം രചിച്ച പണ്ഡിതനായ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബു പോള്‍ എന്നിവര്‍ ക്രിസ്തു
മതസംബന്ധമായ സംശയങ്ങള്‍ പരിഹരിച്ചു തന്നു. കൂടാതെ ഇറ്റാലിയന്‍ ചരിത്രകാരന്‍ പ്രൊഫസര്‍ ഫെദറിക്കോ റൊമിനിസ്, ഡോ. ആര്‍. കെ. ജയശ്രീ, ദേവപ്രസാദ് ജോണ്‍, ഫാദര്‍ ജോര്‍ജ് കുരുക്കൂര്‍, ജോസഫ് തെങ്കുഴി, ബാബു തളിയത്ത്, എം.സി. ഗണേഷ് എന്നിവരും ഈ കൃതിയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി കൂടെനിന്നിട്ടുണ്ട്.

വിവര്‍ത്തനം എങ്ങനെയാണ് ഒരു ചലഞ്ചാകുന്നത്?

ഡിക്ഷ്ണറിയുണ്ടെങ്കില്‍ ചെയ്യാവുന്ന ഒരു കാര്യമല്ല വിവര്‍ത്തനം. വിവര്‍ത്തന കൃതിയുടെയും (ഇംഗ്ലിഷില്‍നിന്ന്) വിവര്‍ത്തന ഭാഷയുടെയും (മലയാളത്തിലേക്ക്) ഡിക്ഷ്ണറിയുണ്ടെങ്കില്‍ ഏതൊരു വ്യക്തിക്കും വിവര്‍ത്തനം ചെയ്യാന്‍ സാധിക്കും എന്ന മൂഢധാരണ പലര്‍ക്കുമുണ്ട്. ജ്യോഗ്രഫിക്കലായ മാറ്റങ്ങളുണ്ട്. ഭക്ഷണം, വസ്ത്രധാരണം, ആചാരാനുഷ്ഠാനങ്ങള്‍, ഗന്ധം, രുചി എന്നീ എല്ലാ കാര്യങ്ങളിലും വ്യത്യസ്തതയുണ്ട്. ഒരു വിവര്‍ത്തക കൃതി വായിക്കുമ്പോള്‍ വായനക്കാരന്‍ ആഗ്രഹിക്കുന്നത് ആ പ്രദേശത്തെ അറിയാന്‍ വേണ്ടിയാണ്. അതു മനസ്സിലാക്കാന്‍ വേണ്ടിയായിരിക്കണം വിവര്‍ത്തനകൃതി. വിവര്‍ത്തകര്‍ പോലും അതു മനസ്സിലാക്കി വേണം വിവര്‍ത്തനം തയ്യാറാക്കാന്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.