DCBOOKS
Malayalam News Literature Website

നീലനിറമുള്ള കൊലപാതകങ്ങള്‍

ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ മാത്രം പുറത്തറിഞ്ഞ, കോഴിക്കോട് ജില്ലയിലെ കൂടത്തായി തുടര്‍കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, വിഷപ്രയോഗത്താലുള്ള നരഹത്യയെയും സയനൈഡിന്റെ ഉപയോഗത്തെയും പ്രവര്‍ത്തനത്തെയുംപറ്റി ചരിത്രപരമായ ചില പരാമര്‍ശങ്ങളും ശാസ്ത്രീയമായ ചിന്തകളുമാണ് പ്രശസ്ത ഫൊറന്‍സിക് സര്‍ജന്‍ ഡോ.ഷെര്‍ലി വാസു എഴുതിയ ഈ ലേഖനത്തില്‍.

ആദിമകാലംമുതല്‍തന്നെ രോഗങ്ങള്‍ മനുഷ്യനെ അലട്ടിയിരുന്നതിനാല്‍ രോഗചികിത്സയ്ക്കായി വിവിധ വസ്തുക്കളും രീതികളും പരീക്ഷിച്ചുവന്നിരുന്നു. ഇന്ത്യ, ചൈന, ഗ്രീസ്, സുമേരിയ ഇവിടെയെല്ലാംതന്നെ ഔഷധശാസ്ത്രത്തോടൊപ്പം വിഷശാസ്ത്രവും (Toxicology) വിഷവൈദ്യവും കാലികമായി പരിഷ്‌കരിക്കപ്പെട്ടു. ഭക്ഷ്യവിഷബാധയും രോഗബാധയും തിരിച്ചറിയാന്‍ പ്രയാസമാണെന്ന അറിവും ഉണ്ടായിരുന്നു. സാന്ദര്‍ഭികമായാവാം പല കൊടിയ വിഷങ്ങളും കണ്ടെത്തിയിരുന്നത്. പിന്നീട് അത് വേട്ടമൃഗങ്ങളെയും ശത്രുക്കളെയും കൊല്ലാനായി ഉപയോഗപ്പെടുത്തി. വിഷങ്ങളെപ്പറ്റിയുള്ള അറിവ് സാമൂഹികപദവിയും ധനസ്ഥിതിയും ഉയര്‍ത്തി. മനുഷ്യകഥയെന്നാല്‍ എന്തിനെയും വെട്ടിപ്പിടിക്കാനുള്ള നിതാന്ത പരിശ്രമത്തിന്റെയും അത്യാര്‍ത്തിയുടെയും ചതിവിന്റെയും കൊലയുടേതുമൊക്കെക്കൂടിയാണല്ലോ. വധശിക്ഷകള്‍ നടപ്പിലാക്കാന്‍ പരസ്യമായും (ഉദാ: ഹെം ലൊക് ഉപയോഗിച്ച് സോക്രട്ടീസ്), സ്വയംഹത്യയ്ക്കും (ഉദാ: ആസ്പ് സര്‍പ്പദംശനത്താല്‍ ക്ലിയോപാട്ര റാണി), ഗുപ്തമായി രാഷ്ട്രീയശത്രുവിനെ വകവരുത്താനും (ഉദാ. റോമന്‍ രാജ്യത്തെ നിരവധി മരണങ്ങള്‍), കുടുംബസ്വത്തിനായും രഹസ്യമായും മാരകവിഷപ്രയോഗങ്ങളുണ്ടായി.

ക്രിസ്തുവിന് 200 വര്‍ഷം മുന്‍പ് മുതല്‍ ക്രിസ്തുവിന് പിന്‍പ് 1500 വര്‍ഷംവരെയുള്ള കാലഘട്ടത്തിനെ മദ്ധ്യകാലഘട്ടം (Medieval Times) എന്നു പറയുന്നു. ഈ കാലഘട്ടത്തില്‍ സസ്യങ്ങള്‍ ഉപയോഗിച്ചു ചികിത്സ നിര്‍ദ്ദേശിച്ചിരുന്ന Druid എന്ന വൈദ്യന്‍, അപ്പോത്തിക്കിരിയെന്ന രാസവസ്തുചികിത്സകന്‍, തത്ത്വചിന്തകരായ ഭിഷക്കുകള്‍, ബാര്‍ബര്‍(സര്‍ജന്‍) എന്ന കൈപ്രയോഗക്കാര്‍-ഇവരൊക്കെയായിരുന്നു ചികിത്സകരും വിഷഹാരികളും. താഴ്ന്ന ലോഹങ്ങള്‍ സ്വര്‍ണമാക്കി പണം കൊയ്യാമെന്നു ധരിച്ച് വിവിധ ‘രാസപരീക്ഷണങ്ങളി’ലേര്‍പ്പെട്ടിരുന്ന ഭ്രാന്തന്‍ ശാസ്ത്രകാരന്മാരായ ആല്‍ക്കെമിസ്റ്റുകള്‍, മിസ്റ്റിക്കുകള്‍, ഗൂഢക്രിയകള്‍ നടത്തുകയും രോഗം ആത്മാക്കള്‍ വരുത്തുന്നതാണെന്ന് വിശ്വസിപ്പിക്കുകയും ആത്മാക്കളോടു സംവദിക്കാന്‍ കഴിയുമെന്ന് ധരിപ്പിക്കുകയും മറ്റും ചെയ്യുന്ന മന്ത്രവാദികള്‍ അഥവാ ആഭിചാരകര്‍ തുടങ്ങിയവര്‍ ചികിത്സാരംഗത്ത് നിലയുറപ്പിച്ചിരുന്നു (Witch Doctor). ദുര്‍മന്ത്രവാദിനികളായ സ്ത്രീകളും രംഗം കൊഴുപ്പിച്ചു. ഇവര്‍ ഉമ്മത്തിന്‍ കായും ചെട്ടിമല്ലിപ്പൂക്കളും വിവിധ മൃഗങ്ങളുടെ സ്രവങ്ങളുമൊക്കെ ഉപയോഗിച്ചു ശരീരലേപനം നടത്തി രഹസ്യഭാഗങ്ങളില്‍ ചൂല്‍ത്തണ്ട് കയറ്റി ഉന്മാദയാത്രയൊക്കെ നടത്തുന്ന രീതികള്‍ പിന്തുടര്‍ന്നു. കുട്ടികളെ തട്ടിയെടുത്ത് മന്ത്രവാദത്തിനായി കൊലപ്പെടുത്തി.അതിനാല്‍ Witch Hunting എന്ന വേട്ടയാടലും നിരന്തരം ഉണ്ടായി. ആളുന്ന തീയില്‍ നീളന്‍ കമ്പുകള്‍ ഉപയോഗിച്ച് കുത്തിപ്പിടിച്ചു നടത്തുന്ന ആള്‍ക്കൂട്ടക്കൊലയിലാണ് ഇത് അവസാനിക്കുക. ധാരാളം മനോരോഗികള്‍ ഇപ്രകാരം കൊലചെയ്യപ്പെട്ടിരുന്നു. ഇവ്വിധം കൊലചെയ്യപ്പെട്ടവരില്‍ ഒരാളായിരുന്നു ജൊവാന്‍-ഒഫ്-ആര്‍ക്ക്.

ഇന്ത്യയില്‍ ആയുര്‍വേദമെന്ന, തികച്ചും പരിഷ്‌കൃതവും തത്ത്വാധിഷ്ഠിതവുമായ ചികിത്സാരീതിക്കൊപ്പം മന്ത്ര-തന്ത്രചികിത്സയും പ്രചാരത്തിലിരുന്നു. അയല്‍ക്കാരിലോ ബന്ധുവിലോ രോഗത്തിന്റെ കാരണം ആരോപിച്ച് അയാളുടെ മെഴുകുപ്രതിമയില്‍ സൂചികള്‍ കയറ്റുകയും സാത്താനോട് ‘ഇയാള്‍ക്കീവിധം വരുത്തണം’ എന്ന് അപേക്ഷിക്കുകയും ചെയ്തു. പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ തലതിരിച്ച് ചൊല്ലുക, യന്ത്രച്ചരടുകളും മറ്റും ധരിക്കുക, വിചിത്ര സസ്യ-രസക്കൂട്ടുകള്‍ ചേര്‍ന്ന മരുന്നുകള്‍ കഴിക്കുക, ധ്യാനം-ഉപവാസം തുടങ്ങിയവയാണ് ഇവരുടെ സാധാരണരീതികള്‍. ഇതിന് ‘ബ്ലാക്ക് മാസ്’ എന്നു പറയും. ഇത്തരം ചികിത്സാ ‘ചടങ്ങുകള്‍’ വികസിതരാജ്യങ്ങളില്‍പ്പോലും തികച്ചും നിന്നുവെന്ന് കരുതാന്‍ വയ്യ. 2017 ഒക്‌ടോബര്‍ 26-ന് ഇംഗ്ലണ്ടിലെ വോസ്റ്റര്‍ പ്രദേശത്ത് സാല്‍മണ്‍മത്സ്യങ്ങള്‍ അണുബാധിതമായ പ്ലാങ്ടനുകള്‍ ഭക്ഷിച്ചതിനാല്‍ സെവേണ്‍നദിയില്‍ വിബ്രിയോ കോളറ (Vibrio Cholera non 01/non 0139 ഇനം) ഉണ്ടായി. അതിനെ പ്രതിരോധിക്കാന്‍ ഇത്തരം ചടങ്ങുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. ‘ഷമാനിസം’ എന്ന ഇത്തരം രീതികള്‍ ഇന്ത്യയിലും ഉണ്ട്. അതിനാല്‍തന്നെ പരിഷ്‌കൃതമനസ്‌കരുടെ ഇടയില്‍തന്നെ അപരിഷ്‌കൃത മനസ്‌കരും ഉണ്ട് എന്നു കരുതാം.

ഇന്ത്യന്‍ പുരാണത്തിലും വിഷപ്രയോഗങ്ങള്‍ പരാമര്‍ശവിധേയമായിട്ടുണ്ട്. കൃഷ്ണനെ ‘മന്ദനം’ എന്ന വിഷം പുരട്ടിയ മുലയൂട്ടി വധിക്കാന്‍ നിയോഗിക്കപ്പെട്ട പൂതന, ശിശുവിനെ മുലയൂട്ടിയതിനാല്‍ തിന്മകള്‍ പോയ്മറഞ്ഞ് സൗമിനിയായതായ കഥയുണ്ട്. ഗാന്ധാരദേശത്തുനിന്ന് ശകുനി കൊണ്ടുവന്ന വിഷം മധുരപലഹാരത്തില്‍ ചേര്‍ത്തു നല്‍കിയത് കഴിച്ചു മയങ്ങിയ ഭീമസേനനെ നദിയിലെറിഞ്ഞതും വാസുകിയും സര്‍പ്പങ്ങളും തങ്ങളുടെ ദംശനത്താല്‍ വിഷം ഹരിച്ചതും മറ്റൊരു കഥ. വിഷം പുരട്ടിയ അസ്ത്രം കാലില്‍ തറച്ച് കൃഷ്ണന്‍ സ്വര്‍ഗസ്ഥനായതുമൊക്കെ ഇതില്‍പ്പെടും.

കൂടത്തായി തുടര്‍കൊലപാതകക്കേസുകളില്‍ പ്രതിയായ ജോളി

അര്‍ത്ഥശാസ്ത്രം എഴുതിയ കൗടില്യന്‍ (ചാണക്യന്‍) ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തമൗര്യന്റെ ജീവസംരക്ഷണത്തിനായി നിത്യേന ഭക്ഷണത്തില്‍ ചെറിയ രീതിയില്‍ വിഷം ചേര്‍ത്ത് പ്രതിരോധം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഈ ഭക്ഷണത്തില്‍ ഇതറിയാതെ ഒരിക്കല്‍ പങ്കുചേര്‍ന്ന റാണി ദധുര മരിച്ചപ്പോള്‍ ഉദരം പിളര്‍ന്ന് ചാണക്യന്‍ ശിശുവിനെ പുറത്തെടുത്തു. ശിശുവിന്റെ ശിരസ്സില്‍ ഒരുതുള്ളി വിഷം വീണതിനാല്‍ ശിശുവിന് അദ്ദേഹം ബിന്ദുസാരന്‍ എന്ന് നാമകരണം നടത്തി. പ്രശസ്തനായ ഈ രാജാവിന്റെ മകനാണ് അശോകചക്രവര്‍ത്തി. കൗടില്യന്‍ കിണര്‍ജലം വിഷം കലര്‍ത്തി മലീമസമാക്കുന്നത് ഒരു യുദ്ധതന്ത്രമായി നിര്‍ദ്ദേശിച്ചിരുന്നു.

സുശ്രുതസംഹിതയില്‍ കിണറും ജലവും മാത്രമല്ല ആഹാരപാനീയങ്ങള്‍, മധു, സൗന്ദര്യവര്‍ധകവസ്തുക്കള്‍, വസ്ത്രം, കിടക്ക, ആഭരണം ഇവയിലൊക്കെ വിഷം കലരാമെന്നു സൂചിപ്പിക്കുന്നു. അഗഥ തന്ത്രമെന്നാണ് വിഷശാസ്ത്രം ഭാരതത്തില്‍ അറിയപ്പെടുന്നത്. വിവിധ ഭേഷജങ്ങള്‍ക്കൊപ്പം മാത്രാവിശേഷങ്ങളും വിഷസസ്യങ്ങളും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു ഇതില്‍.

സന്ദര്‍ഭവശാല്‍ മറ്റൊന്നുകൂടി പറയേണ്ടതുണ്ട്. സ്റ്റീലിന് (steel) ബലവും തിളക്കവുമേറ്റാനായി വ്യവസായത്തില്‍ സയനൈഡ് (cyanide) ഉപയോഗിച്ചുവരുന്നുണ്ട്. ഇരുമ്പയിര് കലര്‍ന്ന മണ്ണും മുള കത്തിച്ച കരിയും തമിഴ്-തെലുങ്ക്-ശ്രീലങ്ക ദേശത്തൊക്കെ സര്‍വസാധാരണമായ ആവാരം (Avaram Senna-ഇത് തെലുങ്കാനയുടെ സംസ്ഥാന പുഷ്പമാണ്.) ചെടിയുടെ ഇലകളും ചൂളയില്‍ വേവിച്ച് ഒന്നാംതരം ഇരുമ്പ് ലഭ്യമാക്കാനുള്ള വിദ്യ ഈ നാടുകളില്‍ ക്രിസ്തുവിന് 6 നൂറ്റാണ്ട് മുന്‍പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. (മുനി സാന്ദീപനി ശിഷ്യര്‍ക്കിത് നിര്‍ദ്ദേശിച്ചെങ്കിലും ഇതു പ്രയോഗത്തിലാക്കി ചെമ്പുകൊണ്ടുള്ള അക്കാലത്തെ അസ്ത്രങ്ങളെ ഭേദിക്കാന്‍ തക്ക കാഠിന്യമുള്ള ഉരുക്കുകൊണ്ടുള്ള വജ്രായുധം ഉണ്ടാക്കാനുള്ള ക്ഷമ കൃഷ്ണന്‍മാത്രമാണ് കാട്ടിയതെന്നും ഈ കൃഷ്ണന്‍ തോണികളില്‍ ചേരനാട് (കേരളം) സന്ദര്‍ശിച്ചിരുന്നതായും പ്രശസ്ത രചയിതാവായ ഖാണ്ഡേക്കര്‍ പരാമര്‍ശിച്ചതായി ഓര്‍ക്കുന്നു). തമിഴ്‌നാട്, തെലങ്കാന, താമ്രപര്‍ണി (ശ്രീലങ്ക) തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്ന് ഈ സ്റ്റീല്‍ (Wootz steel) വൂട്‌സ് അഥവാ ഹിന്ദ്‌വാനി അഥവാ തെലുഗു സ്റ്റീല്‍, അറബികള്‍ കപ്പല്‍ കയറ്റി ലോകവ്യാപാരം നടത്തി. പ്രസിദ്ധമായ ‘ഡമാസ്‌കസ് കത്തികള്‍’ ഈ സ്റ്റീല്‍കൊണ്ടുള്ളതാണ്. അറബിഭാഷയിലൊരു പ്രയോഗമുണ്ട്. ”ഇന്ത്യന്‍ മറുപടി നല്‍കുക” എന്ന്. അതിമൂര്‍ച്ചയുള്ള ഇന്ത്യന്‍ വാളുപയോഗിച്ച് തല വെട്ടിമാറ്റുന്നതിനെയാണിത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ രാജാക്കന്മാര്‍ക്ക് ഗൂഢവിഷപ്രയോഗം വേണ്ടിവരാത്തതിന്റെ കാരണം പ്രധാനമായും കരളുറപ്പുള്ള ഇന്ത്യന്‍ വാളുകളാണെന്നും കാണാം.

ക്രിസ്തുവിനു മുന്‍പ് 63-ാമാണ്ടില്‍ മരണപ്പെട്ട Mathridates VI (പേര്‍ഷ്യനില്‍ മിത്രദത്തന്‍) പോന്റസ്-അര്‍മേനിയ മൈനറിന്റെയും രാജാവായിരുന്നു. ശത്രുവിഷബാധയെ നിരന്തരം ഭയന്നിരുന്ന രാജാവ് കുറ്റവാളികളില്‍ വിഷത്തിന്റെ പ്രവര്‍ത്തനവും പ്രതിവിഷത്തിന്റെ ഗുണവുമെല്ലാം നിരന്തരം പരീക്ഷണം നടത്തി വന്നു. ചന്ദ്രഗുപ്തനെപ്പോലെ നിത്യവും വിഷം ചെറിയ മാത്രയില്‍ ഭക്ഷിച്ചും വന്നു. മിത്രദേഷ്യം (Mithridatium) എന്ന സസ്യജന്യവസ്തുക്കളാലൊരു കൂട്ടുമരുന്നും കണ്ടുപിടിച്ചു, വിഷഹാരത്തിലേക്കായി. അന്ത്യകാലത്ത് അദ്ദേഹത്തിന്റെ രാജ്യം കീഴടക്കിയ റോമക്കാര്‍ അത് കൈക്കലാക്കുകയും ലാറ്റിനിലേക്കു വിവര്‍ത്തനം ചെയ്യുകയും അതുവഴി ഈ അറിവുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആദ്യകാലത്തിന് ഉപയോഗപ്രദമാവുകയും ചെയ്തു. 7000-ത്തിലധികം വിഷങ്ങള്‍ ക്രിസ്തുവിനു പിന്‍പ് ഒന്നാം നൂറ്റാണ്ടില്‍ പ്ലിനി (Pliny the Elder) വിവരിച്ചിട്ടുണ്ട്.

അറബികളാണ് Al-cohol എന്ന മദ്യം കണ്ടുപിടിച്ചത്. രാജാക്കന്മാരുടെ വിഷവും വിഷങ്ങളുടെ രാജാവും എന്ന് പേരുകേട്ട ആര്‍സനിക് (സംഖ്യം) എന്ന മാരകവിഷവും കണ്ടുപിടിച്ചത് അവര്‍തന്നെ. അവര്‍ കപ്പല്‍യാത്രക്കാരും കച്ചവടക്കാരുംകൂടി ആയതിനാല്‍തന്നെ ലോകമൊട്ടാകെ ഈ വസ്തുക്കളും വന്നു ചേര്‍ന്നു. ഇത് വളരെ മുന്‍പാകണം. കാരണം, വൈദ്യശാസ്ത്രപിതാവ് ഹിപ്പോക്രാറ്റസ് ക്രിസ്തുവിന് 370 വര്‍ഷം മുന്‍പ് സംഖ്യം (ഹിന്ദിയില്‍ ഹാരതാല്‍) ഖനിപ്രവര്‍ത്തകര്‍ക്ക് മാരകരോഗം വരുത്തുന്നതായി പറഞ്ഞിട്ടുണ്ട്.
1495-ല്‍ ഫ്രാന്‍സിലെ ചാള്‍സ് ആറാമന്‍ രാജാവ് 50,000 സ്പാനിഷ് പടയാളികളുമായി നേപ്പിള്‍സ് രാജ്യം ആക്രമിച്ചു. അവിടെ തങ്ങി ‘കുരിശുയുദ്ധം’ നടത്താനായിരുന്നു ഉദ്ദേശ്യമെങ്കിലും തദ്ദേശീയരും ചാള്‍സിന്റെ പടയാളികളും വന്‍തോതില്‍ രോഗബാധിതരായി. Great pox അഥവാ ഫ്രഞ്ച് പോക്‌സ് (small pox വസൂരിയാണെന്നോര്‍ക്കുക) എന്ന മഹാമാരിയായ Syphilis ന്റെ പുറപ്പാടായിരുന്നു അത്. പില്‍ക്കാലത്ത് ഈ മാരകരോഗത്തിനും sleeping sickness എന്നറിയപ്പെടുന്ന ട്രിപനോസോമിയാസിസിനും ലുക്കീമിയ (രക്താര്‍ബുദം)യുടെ ചികിത്സയ്ക്കായും മറ്റും ഈ മാരകവിഷം ഉപയോഗിച്ചിട്ടുണ്ട്.

സംഖ്യം, രാജാക്കന്മാരുടെ വിഷമാണെന്നു പറഞ്ഞുവല്ലോ. പാവപ്പെട്ടവര്‍, സാധാരണക്കാര്‍ അവരുടെ ചെറിയ കുടിപ്പക തീര്‍ക്കാനും അസൂയയാലുമൊക്കെയും വിഷപ്രയോഗം നടത്തിയിരുന്നു. അതിലൊന്ന് കൈവിഷം (Love Potion) ആണ്. കൊലയല്ല വശീകരണമാണ് ഉദ്ദേശ്യം. മാരകവിഷമായി പലപ്പോഴും വീടിനു ചുറ്റുവട്ടത്തും മറ്റുമുള്ള ചെടികളാണ് ഇതിന് ഉപയോഗിച്ചു വന്നത്. ഇത് ഗ്രാമങ്ങളിലായിരുന്നു കൂടുതലും. ഇത്തരം പ്രസിദ്ധമായ വിഷച്ചെടികളാണ് Deadly Nightshade (ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും മറ്റും കുടുംബബന്ധുവാണിത്). കടും ഊതനിറത്തിലുള്ള ചെറുമണിക്കായ്കള്‍. വീഞ്ഞിലും മറ്റും ചേര്‍ത്താല്‍ അറിയില്ല. ഉന്മാദത്തിലേക്കും അബോധാവസ്ഥയിലേക്കും മരണത്തിലേക്കും മറ്റും എത്തിക്കും. അപസ്മാരമോ ഹിസ്റ്റീരിയയോ ഭ്രാന്തോ ആണെന്നാണ് മറ്റാളുകള്‍ക്ക് തോന്നുക. Dhatura Stramonium എന്ന ഉമ്മത്തിന്‍കായിലും (ഉന്മാദം) ഇതിനു സമാനമായ വിഷവസ്തുവുണ്ട്. കായയിലെ അരികള്‍ പൊടിച്ച് ലഡ്ഡുവിലും മറ്റും ചേര്‍ത്ത്, ട്രെയിന്‍ കൊള്ളയടിക്കാന്‍ ഇന്ത്യയില്‍ ഇന്നും ഉപയോഗിച്ചുവരുന്നു.

ഈജിപ്തുകാര്‍ Mandraka എന്ന മേന്തോന്നിക്കിഴങ്ങുപോലൊന്നും കാരീയം (Lead), കറുപ്പ് (Opium) തുടങ്ങിയവയും ആപ്രിക്കോട്ട് പരിപ്പുകള്‍ വാറ്റിയ വിഷവും ഉപയോഗിച്ചിരുന്നു. വാറ്റിയെടുക്കുക (Distallation) അറബ്‌ലോകത്തിന്റെ സംഭാവനയാണ്. റോമിലാവട്ടെ നീറോയുടെ മുന്‍ഗാമി ക്ലോഡിയസ് അദ്ദേഹത്തിന്റെ അന്തിമ ഭാര്യയായ ആഗ്രപ്പിന നല്കിയ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് മരിച്ചതായി കരുതപ്പെടുന്നു. വിഷമുള്ള കൂണാണ് നല്കിയത്. നീറോയും വിഷപ്രയോഗത്തില്‍ പിന്നിലായിരുന്നില്ല. തന്റെ അര്‍ദ്ധസഹോദരനെത്തന്നെയും വകവരുത്തിയതായാണ് കേള്‍വി. ഉപയോഗിച്ചത് സയനൈഡ് കലര്‍ന്ന എനിമ…

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം നവംബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.