DCBOOKS
Malayalam News Literature Website

കവി കെ.വി. തിക്കുറിശ്ശി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ.വി. തിക്കുറിശ്ശി കോവിഡ് ബാധിച്ച് മരിച്ചു. 88 വയസായിരുന്നു. കവിതാസമാഹാരം, ബാലസാഹിത്യം, ജീവചരിത്രം, യാത്രാവിവരണം  എന്നിവ രചിച്ചിട്ടുണ്ട്.

മാർത്താണ്ഡം തിക്കുറിശ്ശി പട്ടത്തോട്ടത്തും വീട്ടിലായിരുന്നു വി.വി. കൃഷ്ണവർമൻനായർ എന്ന കെ.വി. തിക്കുറിശ്ശിയുടെ ജനനം. കന്യാകുമാരി ജില്ലാ വിഭജനത്തിന്റെ കാലത്താണ് തിരുവനന്തപുരം തന്റെ കർമമേഖലയായി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്. 1957ൽ കാട്ടാക്കട ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സാൽവേഷൻ ആർമി സ്കൂളിലും ജോലിചെയ്തു. 1988ൽ വിരമിച്ചു.

കേരള സാഹിത്യ അക്കാദമിയിൽ 3 തവണ അംഗമായിരുന്നു. കേരള സംഗീത നാടക അക്കാദമിയിലും കേരള കലാ മണ്ഡലത്തിലും അംഗമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. ‘ഭക്രാനംഗൽ’ എന്ന ഖണ്ഡകാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കന്യാകുമാരി മലയാള സമാജത്തിന്റെ ‘അക്ഷര ലോകം’ അവാർഡ്, ആറ്റുകാൽ ‘കൃഷ്ണായന പുരസ്ക്കാരം’, തിരുമല കുശക്കോഡ് മഹാദേവ പുരസ്ക്കാരം, കുണ്ടമങ്കടവ് ദേവി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

Comments are closed.