DCBOOKS
Malayalam News Literature Website

ജീവിതത്തിന്റെ ബഹുത്വം

‘പിതൃനാരസ്യന്‍’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവം ആര്‍.ഉണ്ണിമാധവന്‍ എഴുതുന്നു

ആത്മാന്വേഷണങ്ങളിലൂടെയുള്ള അനുഭവമഥനങ്ങളാണ് പിതൃനാരസ്യന്‍ എന്ന എന്റെ നോവലില്‍ ജീവിതത്തിന്റെ എഴുത്തായി മാറിയത്. മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന അന്വേഷണവും തുടര്‍ന്നുള്ള എഴുത്തിന്റെയും സൃഷ്ടിതത്ത്വത്തിലൂടെയാണ് പിതൃനാരസ്യന്‍ നോവലായി വളര്‍ന്നതും. ഉത്തരകര്‍ണ്ണാടകത്തിലെ ഇടുഗുഞ്ചി, ബിലാക്കൂര്‍, ഗുണവന്ത ഗ്രാമങ്ങളിലേക്ക് പല തവണ സഞ്ചരിച്ച് ചരിത്രവുമായി ഒത്തുനോക്കിയാണ് പ്രാരംഭ ഭൂമിക തിട്ടപ്പെടുത്തിയത്. അജ്ഞാത കര്‍ത്തൃത്വമായ
ബ്രഹ്മപ്രതിഷ്ഠാകാവ്യം മുതല്‍ പുരാരേഖകള്‍, മിത്തുകള്‍, കേട്ടറിവുകള്‍ എന്നിവയിലൂടെ സ്വബോധ്യത്തിലൂന്നിനിന്നാണ് നോവലിന്റെ സഞ്ചാരപഥം ആരംഭിച്ചത്. ദേശവിമോചന സമരങ്ങള്‍, കര്‍ഷക-കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍, തീവ്ര ഇടതുപക്ഷ ചലനങ്ങള്‍, എന്നിവയില്‍ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പിന്നീട് അന്യവത്കരിക്കപ്പെടുകയും നിശ്ശബ്ദരാക്കുകയും ചെയ്തവരെ ആഖ്യാനത്തിന് നിയുക്തരാക്കിയത് ശുദ്ധമായ അനുഭവങ്ങള്‍ എഴുത്താക്കി മാറ്റാന്‍വേണ്ടിയായിരുന്നു.

ബ്രാഹ്മണ ജീവിതപരിസരമാണ് പിതൃനാരസ്യന്‍ എന്ന നോവലിന്റെ പശ്ചാത്തലം. ഇതിലെ കേന്ദ്രകഥാപാത്രമായ നാരസ്യന്‍ ഒറ്റമനുഷ്യനല്ല. കവിനാരസ്യത്തില്‍നിന്നും ഒന്നിടവിട്ട തലമുറകളിലൂടെ വര്‍ത്തമാന കാലത്തെ സഖാവ് നാരസ്യനില്‍ എത്തിച്ചേര്‍ന്നവര്‍. സാമുദായിക ചുറ്റുപാടുകളില്‍നിന്നുള്ള കഥാഖ്യാനം ഒരു പാതകമല്ലെന്ന് ഞാന്‍ കരുതുന്നു. ഒന്നാമതായി അത് എനിക്ക് ഏറ്റവും സുപരിചിതമായ ജീവിതമേഖലയാണ്. രണ്ടാമതായി, ഈ നോവലിന്റെ ആഖ്യാനത്തില്‍ ഉടനീളം ജീവിതത്തിന്റെ ഉത്പതിഷ്ണുത്വം ഞാന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്റെ നോവലുകളില്‍ സപിണ്ഡിയുടെയും ശിരസിയുടെയും തുടര്‍ച്ചതന്നെയാണ് പിതൃനാരസ്യന്‍ എന്ന
നോവലും.

നോവലിലെ നാരസ്യന്മാര്‍ എനിക്ക് അപരിചിതരല്ല. അവര്‍ എന്റെ ദേശത്തുനിന്നും ഒരേ വഴിയിലൂടെ കടന്നുവന്ന് Textജീവിതത്തിന്റെ ചുരുക്ക് ഓതിയവരാണ്. നിഷ്‌കാമികളും നിസ്വാര്‍ത്ഥരുമായ അവരുടെ പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതമാണ് ഞാന്‍ ഈ നോവലിലൂടെ അനാവരണം ചെയ്തത്. കാലനിയോഗത്തിലും ജീവിതത്തിന്റെ ഉപാസിയിലും ബന്ധനസ്ഥയാണ് ഇതിലെ മറ്റൊരു കഥാപാത്രമായ പാത്തൂത്ത. ജീവിതത്തില്‍ മറ്റൊരു പേരിലാണെങ്കിലും ബാല്യത്തിലെ മനസ്സില്‍ ആഴ്ന്നുതറച്ച പാത്തൂത്തയുടെ മാതൃതാവഴികള്‍ എന്നെ ആവേശം കൊള്ളിച്ചിരുന്നു. മതേതരത്വത്തെക്കുറിച്ചുള്ള അടിസ്ഥാനബോധം എന്നില്‍ വേരുവച്ചത് പാത്തൂത്തയില്‍ നിന്നാണ്. പാത്തൂത്ത ഈ നോവലിലെ അനിവാര്യഘടകവുമാണ്.

എട്ടാം നൂറ്റാണ്ടിന്റെ ഒടുക്കം മുതലുള്ള ഭൂതജീവിതത്തിന്റെ ഏടുകള്‍ക്ക് അന്തര്‍ധാരയായ ചരിത്രത്തെ എന്റെ ഉത്തമബോധ്യത്തിന് അനുസൃതമായാണ് ഉപമിച്ചത്. ചരിത്രത്തെ പിടിച്ചടക്കാന്‍ ശ്രമിക്കുന്നത് ആധിപത്യസമൂഹം മാത്രമല്ല, പല വ്യക്തികളുമുണ്ട്. പക്ഷപാതപരമായ ഭൂതജീവിതത്തിന്റെ ഖനനത്തിനും ചരിത്രാശ്രയത്വത്തിനും വ്യക്തികളെ പ്രേരിപ്പിക്കുന്നത് സ്വാര്‍ത്ഥതയാണ്. എനിക്ക് അനുഭവവേദ്യമായ അത്തരം വ്യക്തിസ്വാര്‍ത്ഥതകളുടെ സംഘര്‍ഷമാണ് നോവലിന്റെ ജനിതകസ്വരൂപം. ഈശാനന് എതിരെ ഭൂതകാലത്തിന്റെ രേഖപ്പെടുത്തലിന് ഹരികേശവനും ആശുതോഷും സ്വീകരിക്കുന്നത് പുതിയ കാലത്തിന്റെ ചരിത്രനിര്‍മ്മാണവഴിയാണ്. വിദേശങ്ങളിലും രാജ്യത്തിലെ വന്‍നഗരങ്ങളിലുമുള്ള remember your ancestors  എന്ന കുടുംബചരിത്രരചനയുടെ ആ പ്രോഗ്രാമിങ് ഈ നോവലിന്റെ രചനാസങ്കേതമായി ഉപയോഗിച്ചിട്ടുണ്ട്.

മൗലികവാദങ്ങള്‍ ശക്തമാവുകയും അന്യോന്യമുള്ള ഇടപെടലുകള്‍ ജിഹാദ്‌വാദങ്ങളായി പരിണമിക്കുകയും ചെയ്യുമ്പോള്‍ ദുരവസ്ഥാകാലത്തെ കഥാപാത്രരൂപീകരണം മറ്റൊരു തരത്തില്‍ ഈ നോവലിലും
സാധ്യമാക്കിയിട്ടുണ്ട്. ആശുതോഷും ഇവാ മെഹക്കും തമ്മിലുള്ള ബന്ധവും കൂട്ടുജീവിതത്തിലേക്കുള്ള പരിണാമവും ആകസ്മികമായി ഞാന്‍ സ്വീകരിച്ചതല്ല. കുഞ്ഞാമു മാസ്റ്റര്‍, ഫാത്തിമാ നാസര്‍ എന്നിവര്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഗൃഹാതുരരൂപകങ്ങളായതും യാദൃച്ഛികമല്ല.

സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തില്‍ തുടങ്ങി വസന്തത്തിന്റെ ഇടിമുഴക്കമായി മാറിയ കാലംവരെ നടന്ന സമരങ്ങളും ടി.വി. ചാത്തുക്കുട്ടിനായര്‍, കെ.എ. കേരളീയന്‍, വര്‍ഗ്ഗീസ് തുടങ്ങിയ സമരപുരുഷന്മാരും ഇതില്‍
കാലപ്രതീകങ്ങളായി സ്ഥാനപ്പെടുത്തിയിട്ടുണ്ട്. ടി.വി. ചാത്തുക്കുട്ടി നായരും കെ.എ. കേരളീയനും എന്റെ
ദേശക്കാരും നേരിട്ട് ബന്ധമുള്ളവരുമാണ്. അവരുടെ ജീവിതത്തിലെ പല ഏടുകളും നോവലിലേക്ക് പകര്‍ന്നുവന്നത് സര്‍ഗ്ഗവ്യായാമമായിട്ടല്ല.

നോവലില്‍ ഉപയോഗിച്ച ഭാഷയിലും ചില കാഴ്ചപ്പാടുകള്‍ ഉണ്ട്. മാനകഭാഷയെ സവര്‍ണ്ണ ഭാഷയെന്ന്
ചിലര്‍പരിഭാഷപ്പെടുത്തുന്നരീതി കാണാതിരിക്കുന്നില്ല. ബ്രാഹ്മണസമുദായത്തിലെ ചെറു ന്യൂനപക്ഷം
അരികുവത്കരിച്ച് ഉപയോഗിക്കുന്ന ഭാഷയും ചില പ്രയോഗങ്ങളും മാനകഭാഷാ പ്രാധാന്യം നല്കി ഈ
നോവലില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് സാംസ്‌കാരികവും ലിംഗ്വിസ്റ്റിക്കലുമായ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അത്തരം വാക്കുകളുടെയും പ്രയോഗങ്ങളുടെയും ധ്വനിയും ഭാവവും തമസ്‌കരിക്കേണ്ട ഒന്നല്ല.
അധഃസ്ഥിതഭാഷപോലെ ഈ വിഭാഗത്തിലെ അന്യംനിന്ന ഭാഷയും പ്രയോഗങ്ങളും നോവലില്‍ കൊണ്ടുവന്നത്
ഒരു വെല്ലുവിളിയായി ഞാന്‍ അറിയുന്നു. തീര്‍ച്ചയായും എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ
ബഹുത്വത്തെ തേടിയെത്തുന്ന ചരിത്രമാണ് പിതൃനാരസ്യന്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.