DCBOOKS
Malayalam News Literature Website

ഇക്കിഗായ് എന്ന സാഹസിക യാത്ര

ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ്‌

ഇക്കിഗായ് രീതികൊണ്ട് ഭൂതവും വര്‍ത്തമാനവുംഭാവിയും തമ്മിലൊരു സമതുലനാവസ്ഥ ഉണ്ടാക്കുകയെന്നതാണ് ഉദ്ദേശ്യം. അതിലൂടെ ജീവിതലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന കഴിവുകളെ പോഷിപ്പിച്ച് നമ്മള്‍ പൂര്‍ണ്ണ സാഫല്യമടയുന്നു.

എല്ലാം തുടങ്ങിയത് ടോക്യോവിലെ ഒരു ഉദ്യാനത്തില്‍ വെച്ചാണ്. വടക്കേ ഓക്കിനാവയിലെ ഒരു ഉള്‍നാടന്‍
പ്രദേശത്തില്‍, ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ള മനുഷ്യര്‍ താമസിക്കുന്ന ‘ശതായുഷ്മാന്‍ ഗ്രാമം’ കാണാനുള്ള ആഗ്രഹം പങ്കുവെക്കുകയായിരുന്നു ഞങ്ങള്‍. ഈ അസാധാരണ ഗ്രാമത്തിലേക്ക് ഞങ്ങള്‍ യാത്രയായി. അവിടെ താമസിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയോട് സംസാരിച്ചപ്പോള്‍, അവരുടെ ഊര്‍ജ്ജസ്വലതയും പ്രചോദനവും നിറഞ്ഞദീര്‍ഘായുസ്സിന്റെ രഹസ്യം അദ്ദേഹം പറഞ്ഞുതന്നു.

ആ പഠനമാണ് ഇക്കിഗായ്: ആഹ്ലാദകരമായ ദീര്‍ഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം എന്ന പുസ്തകം. നിത്യയൗവനത്തിന്റെ രഹസ്യമാണ് പ്രധാന വിഷയം; കര്‍മനിരതമായ ജീവിതമാണ് അസ്തിത്വത്തിന് ഏറ്റവും പ്രധാന കാരണവും ലക്ഷ്യവുമായ സന്തോഷം നല്കുന്നത്.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്‌പെയിനിലെ പ്രധാനപ്പെട്ട പുസ്തകക്കടയില്‍നിന്നും പ്രകാശനം നടന്ന ദിവസംതന്നെ അത് ഏറ്റവും അധികം വിറ്റുപോയി. രണ്ട് മാസങ്ങള്‍ക്കുശേഷം അമേരിക്ക, റഷ്യ, ചൈന പിന്നെ ജപ്പാനും ഉള്‍പ്പെടെ മുപ്പത് രാജ്യങ്ങളില്‍ പുസ്തകം വിറ്റഴിഞ്ഞു.

പല ചോദ്യങ്ങളുമായി ദിവസവും നൂറു കണക്കിന് എഴുത്തുകളും സന്ദേശങ്ങളും ഞങ്ങള്‍ക്ക് വരാന്‍
തുടങ്ങി: ഇക്കിഗായ് നിങ്ങളെ എങ്ങനെയാണ് പ്രചോദിപ്പിച്ചത്? എന്റെ ഇക്കിഗായ് എങ്ങനെ കണ്ടുപിടിക്കും? എന്റെ ജീവിതവാഞ്ഛ എന്തെന്ന് എനിക്കറിയാം, പക്ഷേ, ജീവിതത്തിലെ
Textഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ എന്റെ ഇക്കിഗായ്ക്കായി സമയമില്ല. ഞാനെന്റെ സ്വപ്നം എങ്ങനെ സാക്ഷാല്‍ക്കരിക്കും?

ഞങ്ങളും ഈ ചോദ്യങ്ങള്‍ സ്വയം ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രായോഗികമായ രീതിയിലാവണം ഇനിയുള്ള പ്രവര്‍ത്തനം എന്നു ഞങ്ങള്‍ തീരുമാനിച്ചു. അതു ഞങ്ങളെയും വായനക്കാരെയും സഹായിക്കും; തങ്ങളുടെ ഇക്കിഗായുടെ എല്ലാ ഭാവങ്ങളും മനസ്സിലാക്കി അവയെ പ്രാവര്‍ത്തികമാക്കുവാനും കഴിയും. അതെ, അതായിരുന്നു ഉദ്ദേശ്യം. രണ്ടു വര്‍ഷത്തിനുശേഷം, നിങ്ങള്‍ ഇപ്പോള്‍ കൈയില്‍ പിടിച്ചിരിക്കുന്ന പുസ്തകം, ഞങ്ങള്‍ ലക്ഷ്യത്തിലെത്തി എന്നതിനുള്ള തെളിവാണ്. ഇതൊരു ഉപകരണമാണ്. ഇതു നിങ്ങള്‍ക്ക് ഞങ്ങള്‍ സന്തോഷത്തോടെ നല്കുന്നു. നിങ്ങളുടെ ഭൂതകാലത്തെ മനസ്സിലാക്കി, ഇഷ്ടാനുസരണം വര്‍ത്തമാനകാലം ജീവിച്ച്, ഭാവിയെ വിപ്ലവകരമാക്കാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും. ഈ ആയുധത്തെ ചെത്തിമിനുക്കാനായി, ഞങ്ങളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച ജപ്പാന്‍ എന്ന രാജ്യത്തിലൂടെ ഞങ്ങള്‍ യാത്ര ചെയ്തു. ഇക്കിഗായ്, നിങ്ങളുടെ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ സഹായിക്കുന്ന പ്രധാന പാഠങ്ങള്‍ തിരഞ്ഞ്, അതു നിങ്ങളുടെ ജീവിതലക്ഷ്യത്തിന്റെ മാറ്റത്തിനുള്ള പ്രേരകശക്തി ആക്കുന്നതെങ്ങനെ എന്നന്വേഷിച്ച് ഞങ്ങള്‍ നടന്നു.

ഷിന്‍കാന്‍സെന്‍ പ്രഭാവം

1960-1980; ഈ കാലത്തിന്റെ ഇടയില്‍ നടന്ന ജാപ്പനീസ് അത്ഭുതത്തെക്കുറിച്ച് ഗവേഷണം നടത്തുമ്പോഴാണ് ഞങ്ങള്‍ ഷിന്‍കാന്‍സെന്‍ പ്രഭാവത്തെക്കുറിച്ച് അറിഞ്ഞത്. അപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധത്തിന്റെ നാശത്തില്‍നിന്നും ജപ്പാന്‍ കരകയറിയിരുന്നു. മാത്രമല്ല, ലോകത്തെ രണ്ടാമത്തെ സമ്പന്ന രാഷ്ട്രമായിക്കഴിഞ്ഞിരുന്നു. ഇതുവരെ ഈ ആശയം ജപ്പാനിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ഇതേ ആശയം നമ്മുടെ സ്വകാര്യവിജയങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഞങ്ങള്‍ക്ക് തോന്നി.

ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തില്‍, ‘ജാപ്പനീസ് അത്ഭുതം’ എന്നറിയപ്പെടുന്ന ഈ ആശയത്തെ ഓരോ വായനക്കാരന്റെയും സ്വകാര്യ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അങ്ങനെ, ജീവിതത്തിന്റെ ഓരോ മേഖലകളിലും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളില്‍നിന്നും സാധ്യം എന്ന വിശ്വാസത്തിലേക്ക് ഒരു കുതിച്ചുചാട്ടം നടക്കും.

ഷിന്‍കാന്‍സെന്‍ പ്രഭാവം ഞങ്ങളെ വളരെ ആകര്‍ഷിച്ചുവെങ്കിലും ജീവിതത്തിലെ വിജയം എന്നത്, എല്ലാ കാര്യങ്ങളും വേഗത്തിലും മെച്ചപ്പെട്ട രീതിയിലും ചെയ്യുക എന്നത് മാത്രമല്ലല്ലോ.

നമ്മള്‍ തുടങ്ങാന്‍ പോകുന്ന യാത്രയില്‍ ഭൂതകാലം, വര്‍ത്തമാനകാലത്തിന് ഇന്ധനമാകുന്ന സമ്പ്രദായം ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അതു പിന്നീട്, ഭാവിയിലേക്കുള്ള വെളിച്ചമാകും.’ഒരിക്കലും മാറാത്തത് മാറ്റം മാത്രമാണ്’ എന്നൊരു ചൊല്ലുണ്ട്. കിഴക്കന്‍ രാജ്യങ്ങള്‍ ഇതിനെ കാലഗതി എന്നു വിളിക്കുന്നു. ഈ ആശയത്തെ ആഴത്തില്‍ മനസ്സിലാക്കുന്നത് ഉപകാരപ്രദമായിരിക്കും. കാരണം, നമ്മുടെ ജീവിതത്തിന്റെ ഗതിയും ഭൂതകാലം എങ്ങനെ നമ്മളെ ബാധിക്കുന്നു എന്നതും ഇതിലൂടെ മനസ്സിലാവും. ഭാവിയില്‍ വഴികള്‍ തിരിയുമ്പോള്‍, തീരുമാനങ്ങളെടുക്കാന്‍ ഇതു സഹായിക്കും. സന്തോഷമായിരിക്കാനും ലക്ഷ്യങ്ങളിലെത്താനുംവേണ്ടി, കാലഗതിയെ ഒരു അവസരമായി സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറാവണം. ഇക്കിഗായ് മാറ്റം പോലെയാണ്. അത് അചഞ്ചലമായി നമ്മളോടൊപ്പമുണ്ട്. എന്നാല്‍, ജീവിതത്തിന്റെ ഏത് അവസ്ഥയിലാണ് നമ്മള്‍ എന്നതനുസരിച്ച് അത് മുറിഞ്ഞുപോകും. ‘ജീവിക്കാനുള്ള കാരണം’ പതിനഞ്ച് വയസ്സിലും എഴുപത് വയസ്സിലും ഒരുപോലെയല്ലല്ലോ.

നമ്മുടെ ഇക്കിഗായുമായി എല്ലാ ഘട്ടങ്ങളിലും യോജിച്ചു പോകാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍ സ്വന്തം
ജീവിതപാതയില്‍നിന്നും വ്യതിചലിച്ചുവെന്നും ബാഹ്യശക്തികള്‍ ദൈനംദിനജീവിതത്തെ നിയന്ത്രിക്കുന്നുവെന്നും നമുക്ക് തോന്നും.

ഇക്കിഗായ് റേഡിയോ ആവൃത്തി പോലെയാണ്. നന്നായി ട്യൂണ്‍ ചെയ്താല്‍ ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ടാവും. ഇതൊരു യാത്രാമാര്‍ഗ്ഗമാണ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന അസ്തിത്വത്തില്‍ ഉണ്ടാകുന്ന ഒഴിച്ചുകൂടാന്‍ പറ്റാത്ത ഉയര്‍ച്ചകളിലും വീഴ്ചകളിലും പതറാതെ നില്‍ക്കാനും ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരുമിച്ച് കൊണ്ടുവന്ന്
നമ്മുടെ നിയോഗങ്ങളെ സഫലമാക്കാനും ഇതു സഹായിക്കും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.