DCBOOKS
Malayalam News Literature Website

പിറന്നാള്‍ നിറവില്‍ ക്രിസോസ്റ്റം തിരുമേനി

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം. 1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ല്‍ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം ‘മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത’ എന്നറിയപ്പെടുന്നു.  അദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ല്‍ ഇന്ത്യ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില് 27ന് മാര്‍ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ആലുവ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.1944ല്‍ ശെമ്മാശ കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു.1953ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുറിക്കുകൊള്ളുന്ന, നര്‍മ്മോക്തികള്‍ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ‘ക്രിസോസ്റ്റം’ എന്ന പേരിന്റെ അര്‍ഥം ‘സ്വര്‍ണനാവുള്ളവന്‍’ എന്നാണ്. ദേശീയ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954ലും 1968 ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാര്‍ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1999 ഒക്ടോബര്‍ 23 ന് സഭയുടെ 20മത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2007ല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാര്‍ ക്രിസോസ്റ്റം.

Comments are closed.