DCBOOKS
Malayalam News Literature Website

രാജീവ് ശിവശങ്കറിന്റെ ‘പെണ്ണരശ്’ നോവലിനിനെ കുറിച്ച് പോള്‍ സെബാസ്റ്റ്യന്‍ എഴുതുന്നു

രാജീവ് ശിവശങ്കറിന്റെ പെണ്ണരശ് എന്ന നോവലിന് പോള്‍ സെബാസ്റ്റ്യന്‍ എഴുതിയ ആസ്വാദനം…

നിര്‍ഭാഗ്യം വേട്ടയാടുന്ന ഒരു കുടുംബത്തിന്റെ കഥ പെണ്ണരശ് എന്ന തന്റെ നോവലില്‍ ഹൃദയാര്‍ദ്രമായി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ് രാജീവ് ശിവശങ്കര്‍.

പേരും മുഖ ചിത്രവും ആദ്യത്തെയും അവസാനത്തെയും കുറച്ചു അധ്യായങ്ങളും ഇതൊരു സ്ത്രീപക്ഷ നോവലാണെന്ന പ്രതീതി നല്‍കുമ്പോഴും അവയൊഴിച്ചു നിര്‍ത്തിയാല്‍ തീര്‍ത്തും മനുഷ്യപക്ഷത്തു നിന്ന് നമ്മുടെ മനസ്സിനെ മഥിക്കുന്ന ഒരു കുടുംബ കഥയാണ് ഈ നോവലില്‍ നമുക്ക് കാണാന്‍ കഴിയുക.

കഷ്ടപ്പാടിലും സന്തോഷപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ചിത്രകാരനായ ഫ്രാന്‍സിസ് സേവിയര്‍ എന്ന പ്രാഞ്ചി, നഗരത്തിലെ പ്രമുഖനായ പ്ലാന്റര്‍ ഇന്ദുചൂഢന്റെ പേരക്കുട്ടി അപര്‍ണ്ണ എന്ന ആപ്രി, പ്രാഞ്ചിയുടെ കുസൃതിയും ഭാവനയും നിറഞ്ഞ കഥകള്‍ കേട്ട് വളര്‍ന്ന അമ്മു, ദുരന്തത്തിനിരയായ കൊച്ചനുജന്‍ കുഞ്ഞുണ്ണി എന്നിവരടങ്ങിയ കുടുംബത്തിലേക്ക് ആഞ്ഞടിച്ച ദുരന്തങ്ങളുടെ കഥയാണ് പെണ്ണരശ്. എല്ലാ ദുരന്തങ്ങളിലും ഒറ്റപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നവളുടെ കഥ കൂടിയാണത്. അനുബന്ധമെന്നോണം, അപര്‍ണ്ണയുടെ അമ്മയും ഇന്ദുചൂഢന്റെ മകളുമായ സുലോചനയുടെയും അപര്‍ണ്ണയുടെ അച്ഛന്‍ നാരായണന്‍ നായരുടെയും, അപര്‍ണ്ണയുടെ അനുജന്‍ ആനന്ദിന്റെയും കഥയാണിത്. ഒരു പക്ഷെ, നമ്മുടെ നാട്ടിലെ ചില സമകാലീന സംഭവങ്ങളുടെ ആഘാതം കുടുംബങ്ങളില്‍ ഏല്പിക്കുന്ന വേദനയുടെ വേരുകള്‍ തേടുന്ന നോവല്‍ കൂടിയാണ് പെണ്ണരശ്. തീര്‍ത്തും ലളിതമായ ഒരു കഥയെ ഏറ്റവും ആകര്‍ഷകമായി അവതരിപ്പിക്കുന്നു എന്നിടത്താണ് നോവലിസ്റ്റിന്റെ വിജയം.

കവിത തുളുമ്പുന്ന ഭാഷയാണ് നോവലിന്റെ പ്രത്യേകത. ഒന്നിനെ മറ്റൊന്നിനോട് ഉപമിക്കാതെ എഴുത്തുകാരന് പറയാനാവുന്നില്ല എന്നിടത്തോളം ഈ കവിത്വം എത്തി നില്‍ക്കുന്നുണ്ട്. ഈ സിദ്ധിയെ തന്റെ പ്രിയ കഥാപത്രമായ പ്രാഞ്ചിയിലേക്ക് നോവലിസ്റ്റ് കൈമാറുന്നതിങ്ങനെ. ‘എന്തിനെയും മറ്റൊന്നിലേക്ക് ചേര്‍ത്തു വെച്ചേ പ്രാഞ്ചിക്ക് വായിച്ചെടുക്കാനാവൂ. ഉപമകളും ഉല്‍പ്രേക്ഷകളുമില്ലാതെ അയാളൊന്നും ഉള്ളിലേക്ക് വരഞ്ഞിടുന്നില്ല.’ നോവലില്‍ നോവലിസ്റ്റും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. ഈ രീതി വസ്തുതകളെയും സംഭവങ്ങളെയും ചിന്തകളെയും കൂടുതല്‍ വ്യക്തമായും ഭാവനാപൂര്‍ണ്ണമായും വായനക്കാരിലേക്കെത്തിക്കാന്‍ സഹായകമാവുന്നുണ്ട്. ചില ഉദാഹരങ്ങള്‍ പറയാം. ‘ഉപ്പിലിട്ട നെല്ലിക്ക കണക്കെ വിളര്‍ത്തു ചുളുങ്ങിയ നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് അവളുടെ കുരിശു ജീവിതം പങ്കിടാന്‍ ദൈവം ആനന്ദിനെ ഭൂമിയിലേക്ക് അയച്ചത്.’ ‘…അയാളൊന്നും പറഞ്ഞില്ല. പൂട്ടിയിട്ട വാതിലിനു മുന്നില്‍ താക്കോല്‍ നഷ്ടപ്പെട്ടവനെപ്പോലെ നിശ്ശബ്ദനായി നിന്നു.’ ‘കുട്ടികളുടെ ശരി, കുട്ടികളുടെ നന്മ. എന്തുകൊണ്ട് മനുഷ്യരുടെ ശരി, മനുഷ്യരുടെ നന്മ എന്നൊക്കെ ചിന്തിച്ചുകൂടാ എന്ന് അയാളിലെ അധ്യാപകന്‍ ചൂരല്‍ വടി വീശി കലഹിച്ചു കൊണ്ടിരുന്നു.’ ‘ബിഗ് ഡാഡി വളരുന്തോറും പ്രേമ അലക്‌സിന്റെ കണ്ണുകള്‍ക്ക് മുന്നില്‍ കളവിന്റെ ഒരു കണ്ണട രൂപപ്പെട്ടു വരുന്നതും നാവില്‍ കോരിയൊഴിച്ചോരു കള്ളവാത്സല്യം നിറയുന്നതും ചിരിയില്‍ അനാവശ്യമായ കിലുക്കം തുളുമ്പുന്നതും പ്രാഞ്ചി ശ്രദ്ധിക്കുന്നുണ്ട്.’ എന്നിങ്ങനെ അത് തുടരുന്നു.

ഒരു കഥാപാത്രത്തെ പരിചയപ്പെടുത്തുമ്പോള്‍ ബാഹ്യരൂപത്തെക്കാള്‍ ജീവിതത്തെ വരച്ചു കാണിക്കാനാണ് നോവലിസ്റ്റ് കൂടുതല്‍ ശ്രദ്ധിച്ചത് എന്നത് ആകര്‍ഷകമായി തോന്നി. ‘തിരക്കേറിയ നഗരത്തിലെ ട്രാഫിക്‌ബ്ലോക്കില്‍ കുടുങ്ങിയ പഴഞ്ചന്‍ ചടാക്കുവണ്ടി പോലെ ആയിരുന്നു അപര്‍ണാ നാരായണന്റെ ജീവിതം. ഒന്ന് ചലിക്കാന്‍ തുടങ്ങും മുന്‍പേ ഇടത്തും വലത്തും ആര്‍ത്തിരമ്പി കടന്നു പോവുകയായി മറ്റുള്ളവരുടെ ജീവിതം….കരച്ചിലിനും ചിരിക്കുമിടയിലുള്ള മരവിപ്പായിരുന്നു അവള്‍ക്ക് കൗമാരം.’ ‘വൈകിയുണ്ടായ മകനെ ലാളിച്ചു തീര്‍ക്കാന്‍ സുലോചനക്ക് ഇരുപത്തിനാലു മണിക്കൂര്‍ പോരായിരുന്നു.’ ‘വെറുതെയിരുന്നാല്‍ കാലുകള്‍ക്ക് തീ പിടിക്കുന്ന സ്വഭാവക്കാരനാണ് പ്രാഞ്ചിയെന്ന് അവള്‍ക്കറിയാമായിരുന്നു.’ എന്നിങ്ങനെ കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളുടെ അവതരണത്തിലാണ് നോവലിസ്റ്റ് ശ്രദ്ധിച്ചിരുന്നത്. എങ്കിലും ചിലപ്പോഴൊക്കെ ചിത്രസമാനമായി വിശദമായ പരിചയപ്പെടുത്തലിലേക്കും ഇത് നീളുന്നുണ്ട്. അപര്‍ണ്ണ സ്വയം കാണുന്നത് നോക്കുക.’ഒരു ചതുരത്തില്‍ ഒതുങ്ങാനുള്ളതേയുള്ളൂ, അര്‍ഥരഹിതമായ ജീവിതമെന്നു വിളിച്ചറിയിക്കുന്ന മുഖം.
എവിടേക്കും പറന്നേക്കാമെന്ന ഭീഷണിയുമായി ചിതറിയ മുടിയിഴകള്‍. വേദനയുടെ വേരുകളോടിയ കണ്ണുകള്‍. ചെറുചിരിക്കു ശ്രമിക്കുമ്പോഴും ആനന്ദം അകലെ എന്ന വിതുമ്പലിലേക്കു വളഞ്ഞ ചുണ്ടുകള്‍.
അസുലഭമായൊരു ഗന്ധം പിടിച്ചെടുക്കാനെന്നവണ്ണം വിടര്‍ന്ന മൂക്ക്. പിന്നെ, വെള്ളപ്പിഞ്ഞാണിയിലെ വെണ്ണപോലെ തിളങ്ങുന്ന കവിളില്‍ ചുഴിയുണര്‍ത്തി ഒരോമന നുണക്കുഴിയും! ‘അയ്യേ…ഇതു ഞാന്‍ തന്നെയാണോ?” പ്രാഞ്ചി നീട്ടിയ ഫോട്ടോയിലേക്കു നോക്കി അപര്‍ണ അത്ഭുതപ്പെട്ടു.
പ്രേമ എന്ന അതിപ്രധാനമല്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നോക്കുക. ‘പ്രേമയുടെ കണ്ണു നിറഞ്ഞു. ആ വാക്കുകളിലെ സത്യസന്ധത ഉപ്പു പരല്‍ പോലെ തൊട്ടറിയാവുന്നതായിരുന്നു. ഏറിയാല്‍ മുപ്പത്തിയഞ്ചു വയസ്. പക്ഷെ അവരുടെ മുടി നരച്ചു തുടങ്ങിയിരുന്നെന്നു പ്രാഞ്ചി ശ്രദ്ധിച്ചു. നീണ്ട മൂക്കിന്‍തുമ്പില്‍, പഴയ കാലത്തിന്റെ തിളക്കങ്ങളെ ഓര്‍മ്മിപ്പിച്ച് സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാവുന്ന വലിപ്പത്തില്‍ ഒരു കുഞ്ഞു മൂക്കുത്തി. ചുണ്ടിനുമേലെ, ലജ്ജയോടെ നനുത്തൊരു കുഞ്ഞു മേല്‍മീശ. വലംകവിളിനു താഴെ ഒരു കുഞ്ഞുമറുക്. ഒരുപാടു കുഞ്ഞുസാധനങ്ങള്‍ കൂട്ടിവെച്ചുണ്ടാക്കിയ വലിയൊരു കളിപ്പാട്ടം പോലെ…’ കഥാപാത്രങ്ങളുടെ രൂപവും സ്വഭാവവും മാത്രമല്ല അവരുടെ ഭൂതവും ഭൂതകാലവും വര്‍ത്തമാനവും നമുക്ക് വായിച്ചെടുക്കാനാവും.

പ്രാഞ്ചി, അപര്‍ണ്ണ, അമ്മു, സുലോചന, ഇന്ദുചൂഡന്‍, കനിമൊഴി എന്നീ കഥാപാത്രങ്ങള്‍ ഏറെ നന്നായി. എന്നാല്‍ നാരായണന്‍നായരെന്ന മണ്ണച്ഛന്റെയും വഴുതനനായരെന്ന മുത്തച്ഛന്റേയും ശക്തമാക്കാമായിരുന്ന കഥാപാത്രങ്ങളെ യുക്തിരഹിതമായ സ്വഭാവമാറ്റങ്ങളിലൂടെ എഴുത്തുകാരന്‍ നിഷ്പ്രഭമാക്കി എന്ന് തോന്നി. മൂന്നു ദിവസം പഴക്കമുള്ള വട യാതൊരു ഉളുപ്പുമില്ലാതെ വില്‍ക്കാനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സില്‍ വിലസാനും തന്നെ എടുത്തു പൊക്കിയവരെ വഞ്ചിക്കാനും യാതൊരു മടിയും കാണിക്കാത്ത നാരായണന്‍നായര്‍ ഒരൊറ്റ രാത്രി കഴിഞ്ഞു നേരം വെളുത്തപ്പോഴേക്കും വിശുദ്ധസമാനനായ കര്‍ഷകനായ മായാജാലം വായനയില്‍ ദഹിച്ചില്ല. അതു പോലെ തന്നെ, മണ്ണിനോട് സ്‌നേഹം നില നിര്‍ത്തിപ്പോന്ന വഴുതനനായരെ ശക്തമായി അവതരിപ്പിച്ച ശേഷം തികഞ്ഞ ഒരു ആഭാസന്‍ മാത്രമായി പിന്നീടവതരിപ്പിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായി തോന്നി. പുരുഷന്മാരിലെ അമിത ലൈംഗികതയെയാണ് ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ ഒരു പക്ഷെ നാരായണന്‍ നായരുടെ ചേട്ടനിലേക്ക് ആ വൈരുധ്യം ആരോപിക്കാമായിരുന്നു. ഈ രണ്ടു കഥാപാത്രങ്ങളൊഴിച്ചാല്‍ മറ്റു കഥാപാത്രങ്ങളെയെല്ലാം മിഴിവോടെയും മികവോടെയും അവതരിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്. പ്രാഞ്ചിയും അമ്മുവും വായനക്ക് ശേഷവും വായനക്കാരെ വിട്ടു പിരിയുകയില്ല.

നാം ചോദിക്കാന്‍ മറന്നു പോയ ഒട്ടേറെ ചോദ്യങ്ങള്‍ രാജീവ് ശിവശങ്കര്‍ നമ്മളിലേക്ക് എറിഞ്ഞു തരുന്നുണ്ട്.
‘ദൈവമേ, എന്തു തരം സാധനങ്ങള്‍ കൊണ്ടാണു നീ ആണിനെ സൃഷ്ടിച്ചത്?’ ‘വലതുകാല്‍ വെക്കുമ്പോള്‍ ഇടതുകാല്‍ കുതറുകയും ജരാനരകള്‍ക്കിടയില്‍ ശ്വാസത്തിനു കിതക്കുകയും ചെയ്യുന്ന പ്രായത്തിലും പതിനാറുകാരന്റെ മനസ്സ് വീണ്ടെടുക്കാന്‍ പുരുഷന്‍ എന്ത് മന്ത്രമാണ് ഉപയോഗിക്കുന്നത്?’ ‘ചേനയും ചെടിയാണ്. കാച്ചിലും ചെടിയാണ്. പക്ഷെ, രണ്ടും ജീവിക്കുന്നത് ഒരേതരം ജീവിതമാണോ?’ ‘അച്ഛാ, ഒരുപാടു വിത്തുകളില്‍ നിന്ന് അച്ഛന്‍ മികച്ച വിത്ത് തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? വാഴക്കന്നുകൂമ്പാരത്തില്‍ നിന്ന് നല്ലതു മാത്രം കണ്ടെടുക്കുന്നത് എങ്ങനെയാണ്? നാളെ നന്നായി വളരുമെന്നുറപ്പുള്ള വിത്തും തൈയും എങ്ങനെ തിരിച്ചറിയാന്‍ കഴിയുന്നു? മനുഷ്യരെയും അങ്ങനെ തിരിച്ചറിയാന്‍ അച്ഛനു കഴിയില്ലേ?’ ‘അമ്പലത്തിലെ ശ്രീകോവിലില്‍ അഞ്ചടി ഉയരമുള്ള മനുഷ്യന് പോലും കുനിഞ്ഞുവേണം കയറാന്‍. പക്ഷെ, പള്ളീലെ അള്‍ത്താരയില്‍ അറുപതടിയുള്ളവരുണ്ടെങ്കിലും തല തട്ടാതെ കയറാം. എന്തുകൊണ്ടാണിങ്ങനെ?’ എന്നിങ്ങനെ ചോദ്യങ്ങളുടെ ഒരു നീണ്ട നിര പ്രാഞ്ചിയിലൂടെയും അമ്മുവിലൂടെയും നോവലിസ്റ്റ് അഴിച്ചു വിടുന്നുണ്ട്.

ദാര്‍ശനികമായി ജീവിതത്തെ നോക്കിക്കാണാനും പെണ്ണരശ് ശ്രമിക്കുന്നുണ്ട്.
‘ഓരോ ജീവിതവും ഓരോ പ്രാര്‍ത്ഥനയാണ്.’ ‘ചൂടുള്ള തണുപ്പാണ് നമ്മുടെ ജീവിതം.’ ‘ജീവിതം കരച്ചിലും ചിരിയുമൊക്കെ ചേര്‍ന്നതായതിനാല്‍ അവളെ കരയിക്കല്ലേയെന്നൊന്നും പറയുന്നില്ല. കരഞ്ഞാലും അവളുടെ കണ്ണീരൊപ്പാന്‍ നിന്റെ വിരലുകളുണ്ടാകണം എന്നേ ആവശ്യപ്പെടുന്നുള്ളൂ.’ ‘മറ്റൊരാളുടെ കാഴ്ച നമ്മള്‍ കടമെടുക്കേണ്ടതില്ല.’ ‘മുന്‍കൂട്ടി ചിട്ടപ്പെടുത്തി വച്ചൊരു പാട്ടിനൊപ്പം മൂളുന്നതല്ല ജീവിതം. ശ്വസിക്കുന്ന നിമിഷത്തെ സുഖകരമായൊരു ഈണമായി മാറ്റുന്നതാണ്.’ ‘ആര്‍ക്കാണ് ആപ്രി, ഭ്രാന്തില്ലാത്തത്? കൂടെ കൊണ്ടുപോകാനാവില്ലെന്നറിഞ്ഞിട്ടും എല്ലാം ആര്‍ത്തിപിടിച്ചു വാരിക്കൂട്ടുന്ന മനുഷ്യര്‍ക്കെല്ലാം ഭ്രാന്തു തന്നെയല്ലേ?’ ‘ജീവിതം എല്ലാവര്‍ക്കും ഓരോ കുരിശു കാത്തുവച്ചിട്ടുണ്ട് ആപ്രി. ഒരു മല, ഒരു പുഴ, പിന്നെയൊരു കുരിശ്. ഇതൊന്നുമില്ലാതെ ജീവിതമില്ല. പക്ഷെ, ക്രിസ്തുവിനെപ്പോലെ ചിരിച്ചുകൊണ്ട്, എല്ലാം നേരിടാനും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനും പാവം മനുഷ്യര്‍ക്കു കഴിയില്ല.’ എന്നിങ്ങനെ ആശയസമൃദ്ധവുമാണ് പെണ്ണരശിന്റെ വായന.

കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നുവരുന്ന ഫ്‌ളാറ്റ് സംസ്‌കാരത്തെയും അതുയര്‍ത്തുന്ന വെല്ലുവിളികളെയും നോവല്‍ അടയാളപ്പെടുത്തുന്നുണ്ട്. ‘ഫ്‌ലാറ്റ് എന്ന സങ്കല്പത്തെത്തന്നെ വെറുക്കാന്‍ ‘ഗോള്‍ഡന്‍ വാലി അവളെ പഠിപ്പിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ യൂണിഫോം അണിഞ്ഞു നിന്ന കുട്ടികളെ ഓര്‍മിപ്പിക്കും വിധം ചതുരപ്പെട്ടികള്‍. അകത്തെ ജീവിതത്തിന്റെ വൈവിധ്യങ്ങളെ മാത്രമല്ല, നെടുവീര്‍പ്പുകളെയും പുളിച്ചുതേട്ടലുകളെയും ആ യൂണിഫോം സമര്‍ത്ഥമായി ഒളിപ്പിച്ചു വെച്ചു…’എന്നിങ്ങനെ നോവലിസ്റ്റ് തുടരുന്നു. സുഖലോലുപരുടെ സ്വര്‍ഗത്തിനായി നിര്‍ധനര്‍ക്ക് നരകം പണിയുന്നതിന് യഥാര്‍ത്ഥ ചിത്രം മറ്റൊരിടത്തു പറയുന്നതിങ്ങനെ. ‘നരകമെന്നു കേട്ടിട്ടുണ്ടോ? ഇല്ലേങ്കിക്കണ്ടോ. ഇതാ ആ സ്ഥലം.’ ആ നരകം പണിയുന്നതോ? ‘ഈ ലോറീലെന്താന്നാ വിജാരം?’ കണ്ണുകൊണ്ടൊരു ചോദ്യചിഹ്നം ആലീസ് അവളുടെ മുന്നിലേക്ക് കൊളുത്തിയെറിഞ്ഞു. ‘കൊച്ചീലുള്ള വെല്യ വെല്യ ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന കൊണം പിടിക്കാത്തവന്മാരു തിന്നു തുപ്പുന്ന സാധനങ്ങളാ ഇതെല്ലാം. അവന്റെയൊക്കെ മട്ടുപ്പാവില് കുഴിച്ചുമൂടാനൊക്കില്ലല്ലോ. അതുകൊണ്ട് എല്ലാം കൂടെ പാവങ്ങടെ നെഞ്ചത്തോട്ട് കെട്ടിക്കൊണ്ടുവരും.’ പ്രശ്‌നങ്ങളുടെ കൂമ്പാരമാണ് പാവപ്പെട്ടവരുടെ ഇടങ്ങളില്‍. പ്രാഞ്ചിയും ഇതിനെതിരെ പ്രതികരിച്ചതിന് ഇരയാവുകയാണ്. ‘മൂന്നു ദിവസം പഴക്കമുള്ള വടയും പോത്തിറച്ചിയും ഒരുളുപ്പുമില്ലാതെ വിറ്റു ലാഭം കൊയ്യാന്‍ തനിക്കറിയാമെങ്കില്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സും വഴങ്ങും.’ എന്ന് പറയുന്നിടത്ത് മൊത്തം ഫ്‌ലാറ്റ് ബിസിനസ്സിന്റെ കള്ളത്തരത്തെ കളിയാക്കുന്നുണ്ട് നോവലിസ്റ്റ്. ഒരു പക്ഷെ, പ്ലാന്റര്‍ ഇന്ദുചൂഡന്‍ എന്നത് സമാധാന ജീവിതം നയിക്കുന്നവരുടെ ലോകത്തേക്കുള്ള വിദേശ അധിനിവേശം തന്നെയായിട്ടാവാം നോവലിസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ഒരു പുരുഷന്‍ എഴുതിയ സ്ത്രീ പക്ഷ നോവല്‍ ആയാണ് ഇത് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്നത് നോവലിന്റെ തുടക്കത്തിലും ഒടുക്കത്തിലും വ്യക്തമാണ്. എല്ലാ ആണുങ്ങളും ഒരു പോലെയാണ്. വെറും ആണ്. വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന തീവ്ര സ്ത്രീപക്ഷ ചിന്താഗതിയെ ഈ രണ്ടു ഭാഗങ്ങളിലും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്ത്രീക്ക് പുരുഷന്റെ തണല്‍ ആവശ്യമില്ല അവള്‍ സ്വതന്ത്രമായി ജീവിക്കണം എന്നൊക്കെ വിവിധ സ്ഥലങ്ങളില്‍ പലരിലൂടെയായി അപര്‍ണ്ണയെ പലരും ഉപദേശിക്കുന്നുണ്ടെങ്കിലും അവള്‍ അതിന് വഴങ്ങുന്നില്ല എന്നത് വായനക്കാര്‍ കൂടെ അംഗീകരിക്കുന്ന രീതിയിലാണ് കഥാ വിവരണം. പക്ഷെ, ഒടുവില്‍ ധൃതി പിടിച്ച് സുലോചനയുടെ കാഴ്ചപ്പാടിലൂടെ അതിനെ ജാതീകരിക്കുമ്പോള്‍ അത് അല്പം ധൃതി പിടിച്ചായോ എന്നു സംശയിക്കുന്നു. സ്ത്രീപക്ഷ ചിന്താഗതിക്കാര്‍ക്ക് ഈ നോവല്‍ നല്ല ഒരു വായനയായിരിക്കും എന്നെനിക്ക് തോന്നുന്നു.

നോവല്‍ കൈകാര്യം ചെയ്യുന്ന സ്ത്രീപക്ഷ രാഷ്ട്രീയലക്ഷ്യങ്ങളിലേക്ക് നോവലിനെ ഉയര്‍ത്തുന്നതില്‍ ന്യൂനതകള്‍ ഉണ്ടെങ്കിലും വായനക്കാര്‍ക്ക് ഒരു നല്ല വായനാനുഭവം നല്‍കുന്നതിന് ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്. വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതിനും കഥാപാത്രങ്ങള്‍ക്കു വേണ്ടി അവരുടെ മനസ്സില്‍ നൊമ്പരമുണ്ടാക്കുന്നതിനും പെണ്ണരശിന് സാധിക്കുന്നുണ്ട്. ഇത് അത്ര എളുപ്പമായ കാര്യമല്ല. നല്ല ആഖ്യാനശൈലിയും ചിന്തകളും വായനയെ അനുഭവമാക്കുന്നു. വയലറ്റ് രാജകുമാരിയും ചോക്ലേറ്റ് രാജകുമാരനും പാവപ്പള്ളിക്കൂടവും ഒക്കെകൂടെ വായനക്കാരെ നിഷ്‌കളങ്കതയുടെയും സ്‌നേഹത്തിന്റെയും പുതിയ ലോകത്തെത്തിക്കും. എല്ലാവരും എന്നും ഇതുപോലെ സന്തോഷമായി ജീവിച്ചെങ്കില്‍ എന്ന കഥാപാത്രചിന്ത വായനക്കാരിലേക്കും പകരുംവിധം ഹൃദയമായാണ് നോവലിനുള്ളിലെ ലോകത്തെ നോവലിസ്റ്റ് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ സ്വപ്നസൗധത്തിന്റെ തകര്‍ച്ച ഹൃദയഭേദകവുമാണ്.

‘ഒരു ചോക്കലേറ്റ് ബാറില്‍ മുറിയപ്പെടാനുള്ള അടയാളം മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ആയിരുന്നിരിക്കണം, ജീവിതം ആ നിമിഷങ്ങളെ അടയാളപ്പെടുത്തിയിരുന്നത്. ഇതാ, ഇവിടെ വരെ, അല്ലെങ്കില്‍ ഇവിടം മുതല്‍ അവിടം വരെ.’ എന്നിങ്ങനെ തുണ്ടു തുണ്ടായി പകുത്തെടുക്കാന്‍ പാകത്തില്‍. പതിയെ ഒന്നമര്‍ത്തിയാല്‍ ഒടിഞ്ഞടരാന്‍ തക്കവണ്ണം.’ അതെ, ജീവിതത്തെ ഒരു ചോക്ലേറ്റ് ബാര്‍ പോലെ അടയാളപ്പെടുത്തുന്നുണ്ട് രാജീവ് ശിവശങ്കര്‍ എഴുതിയ പെണ്ണരശ് എന്ന നോവല്‍.

 

 

Comments are closed.