DCBOOKS
Malayalam News Literature Website

പണ്ഡിറ്റ് ജസ്‌രാജ് ഓർമ്മയായി

ന്യൂഡൽഹി:ലോകപ്രശസ്ത ഇന്ത്യൻ സംഗീതജ്ഞനും ഹിന്ദുസ്ഥാനി സംഗീത ഇതിഹാസവുമായ പണ്ഡിറ്റ് ജസ്‌രാജ് (90) ഓർമ്മയായി. അമേരിക്കയിലെ ന്യൂജേഴ്‌സിയിലായിരുന്നു അന്ത്യം. പ്രശസ്ത ഹിന്ദി സിനിമാ സംവിധായകനായിരുന്ന വി.ശാന്താറാമിന്റെ മകൾ മാധുരയാണ് ഭാര്യ.  ഹിന്ദുസ്ഥാനി സംഗീതജ്ഞയും നർത്തകിയും മിനി സ്ക്രീൻ നടിയും നിർമ്മാതാവുമായ ദുർഗാ ജസ്‌രാജ് മകളും ബോളിവുഡ് സംഗീത സംവിധായകൻ സാരംഗ് ദേവ് പണ്ഡിറ്റ് മകനുമാണ്.

പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും വൻശിഷ്യസമ്പത്തും ആരാധകരുമുള്ള അതുല്യ പ്രതിഭയുടെ എട്ട് ദശകം നീണ്ട സംഗീത സപര്യയ്‌ക്കാണ് തിരശ്ശീല വീണത്. ഹരിയാണയിലെ ഹിസാറില്‍ 1930-ലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോത്തി റാമില്‍നിന്നാണ് സംഗീത പഠനം തുടങ്ങിയത്. ഹിസാറിലാണ് ജസ്‌രാജ് ജനിച്ചതെങ്കിലും പിതാവ് ഹൈദരാബാദിലെ നൈസാം രാജാവിന്റെ കൊട്ടാരം ഗായകനായിരുന്നതിനാല്‍ അവിടെയാണ് വളര്‍ന്നത്. തുടക്കത്തില്‍ മണിറാമിന്റെ കീഴില്‍ തബല വായിക്കാന്‍ പഠിച്ച ജസ്‌രാജ് പെട്ടെന്ന് ഒരുനാള്‍ വായ്പ്പാട്ട് പഠനത്തിലേക്ക് തിരിയുകയായിരുന്നു.

ജസ്‌രാജിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ ശൂന്യതയുണ്ടാക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു. അസാധാരണമായ പ്രതിഭയായിരുന്നു ജസ്‌രാജ് എന്നത് മാത്രമല്ല, മറ്റു നിരവധി സംഗീതജ്ഞര്‍ക്ക് മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹമെന്ന് മോദി അനുസ്മരിച്ചു. പണ്ഡിറ്റ് ജസ്‌രാജിന്റെ മരണം തന്നെ ഏറെ വേദനിപ്പിക്കുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

 

Comments are closed.