DCBOOKS
Malayalam News Literature Website

ഹാഫിസ് സയീദിന്റെ ജമാഅത്തുദ്ദഅവയെ പാക്കിസ്ഥാന്‍ നിരോധിച്ചു

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന തീവ്രവാദി സംഘടനയായ ജമാഅത്തുദ്ദഅവയെ നിരോധിച്ചതായി പാക്കിസ്ഥാന്‍. സംഘടനയുടെ ജീവകാരുണ്യവിഭാഗമായ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ബാധകമാണ്. ഇരുസംഘടനകളേയും നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുള്ളിലാണ് പാക്കിസ്ഥാന്‍ നിരോധനം നടപ്പിലാക്കിയത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അന്താരാഷ്ട്രതലത്തിലുണ്ടായ ശക്തമായ സമ്മര്‍ദ്ദമാണ് ഇരുസംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. പാക് തീവ്രവാദ വിരുദ്ധ നിയമം 1997 പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പാക്കിസ്ഥാനില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന 70 സംഘടനകളുടെ പട്ടികയില്‍ ഇവയും ഉള്‍പ്പെട്ടു.

166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടത്തിയത് ജമാഅത്തുദ്ദഅവയുടെ ഭാഗമായ ലഷ്‌കറെ തോയിബയായിരുന്നു. വീട്ടുതടങ്കലിലായിരുന്ന സയീദിനെ പാക് ഭരണകൂടം 2017 നവംബറിലാണ് മോചിപ്പിച്ചത്.

Comments are closed.