DCBOOKS
Malayalam News Literature Website

ഉപാധികളോടെ പദ്മാവതിയ്ക്ക് പ്രദര്‍ശനാനുമതി

മുംബൈ:സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഉപാധികളോടെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. മൂന്ന് ഉപാധികളാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിനിമയുടെ പേര് പദ്മാവത് എന്നാക്കണം. 26 രംഗങ്ങളില്‍ മാറ്റം വരുത്തണം. ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിക്കുകയും വേണം.ഉപാധികള്‍ അംഗീകരിച്ചാല്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് മുതിര്‍ന്ന രാഷ്ട്രീയക്കാരുള്‍പ്പെടെ നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയ്ക്ക് എതിരെ നല്‍കിയ ഹര്‍ജികള്‍ മൂന്ന് സുപ്രീംകോടതി തള്ളിയിരുന്നു. സിനിമയ്‌ക്കെതിരെ ചില മുഖ്യമന്ത്രിമാര്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയ കോടതി സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ പ്രസ്താവന നടത്തരുതെന്നും താക്കീതും നല്‍കിയിരുന്നു. സിനിമ പരിശോധിച്ച് പ്രദര്‍ശന യോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സെന്‍സര്‍ ബോര്‍ഡിന്റെ സവിശേഷ അധികാരത്തില്‍ പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പദ്മാവതി. റാണി പദ്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പദ്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്‍വീര്‍ സിംഗാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പദ്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷത്തില്‍ ഷാഹിദ് കപൂറാണ് എത്തുന്നത്.

Comments are closed.