DCBOOKS
Malayalam News Literature Website

പി ഭാസ്കരൻ കൃതികൾ, ‘കവിതകൾ -ഗാനങ്ങൾ ‘

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ പി ഭാസ്‌കരന്റെ ‘പി ഭാസ്കരൻ കൃതികൾ -കവിതകൾ ഗാനങ്ങൾ ‘ ഇപ്പോൾ ഓർഡർ ചെയ്യാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.

ഗാനരചയിതാവ്, ചലച്ചിത്രസംവിധായകന്‍, ചലച്ചിത്രനടന്‍, ആകാശവാണി പ്രൊഡ്യൂസര്‍, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പി ഭാസ്കരൻ പ്രവര്‍ത്തിച്ചു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലി എന്നനിലയില്‍ ഓര്‍മിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനായും, കെ.എഫ്.ഡി.സിയുടെ ചെയര്‍മാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ് നന്തിലത്ത് പത്മനാഭമേനോന്‍, മാതാവ് പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ, ഭാര്യ ഇന്ദിര, മക്കള്‍ രാജീവന്‍, വിജയന്‍, അജിതന്‍, രാധിക.

Textതന്റെ ഇരുപതാമത്തെ വയസില്‍ തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാളചലച്ചിത്രഗാനശാഖയില്‍ സംസ്‌കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്‌കരന്‍ മാസ്റ്റര്‍ ആണെന്ന് ഏവരും സമ്മതിക്കും.

1949ല്‍ പുറത്തിറങ്ങിയ അപൂര്‍വ്വസഹോദരര്‍കള്‍ എന്ന തമിഴ് ചിത്രത്തിലെ ബഹുഭാഷാഗാനത്തില്‍ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്രഗാനം. മലയാളത്തില്‍ ചന്ദ്രിക എന്ന! ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. നീലക്കുയില്‍ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്‌കരന്‍ മലയാളചലച്ചിത്രത്തിന്റെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും പി. ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്തതാണ്.

ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യര്‍, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകള്‍ക്കപ്പുറത്ത്.., പുലര്‍കാല സുന്ദര സ്വപ്നത്തില്‍.. തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങള്‍ പി. ഭാസ്‌കരന്റേതായിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ സൗദാമിനി എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം അവസാനം ഗാരചന നിര്‍വ്വഹിച്ചത്.

എം.എസ്. ബാബുരാജ്, കെ. രാഘവന്‍ എന്നിവരാണ് ഭാസ്‌കരന്റെ ഗാനങ്ങളില്‍ ഭൂരിപക്ഷത്തിനും ഈണം പകര്‍ന്നത്. വി. ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍, എം.കെ. അര്‍ജ്ജുനന്‍ തുടങ്ങിയവരും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. പി. ഭാസ്‌കരനും വയലാര്‍ രാമവര്‍മ്മയും എഴുതിയ ഗാനങ്ങള്‍ അറുപതുകളിലും എഴുപതുകളിലും മലയാളചലച്ചിത്രഗാനലോകത്ത് ഒരു സുവര്‍ണകാലം സൃഷ്ടിച്ചു. ഇരുവരും ഇക്കാലത്ത് തുല്യശക്തികളായി നിലകൊണ്ടു. കെ.ജെ. യേശുദാസും എസ്. ജാനകിയുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കൂടുതല്‍ ആലപിച്ചത്.

ഓര്‍ക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, ഒസ്യത്ത്, പാടും മണ്‍തരികള്‍, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981ല്‍ ഓടക്കുഴല്‍ പുരസ്‌കാരവും, 82ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ല്‍ വള്ളത്തോള്‍ അവാര്‍ഡും ലഭിച്ചു.

പുസ്തകം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.