DCBOOKS
Malayalam News Literature Website

ഒരു രാജശില്പിയുടെ അപ്രെന്റിസ്

എലിഫ് ഷഫാക്കിന്റെ “ഒരു രാജശില്പിയുടെ അപ്രെന്റിസ്” എന്ന പുസ്തകത്തിന് പി എ ജാവേദ് എഴുതിയ വായനാനുഭവം

വിദേശ എഴുത്തുകാരിൽ മലയാളിയെ പിടിച്ചിരുത്തുന്ന വായനാനുഭവം പകരാൻ കെല്പുള്ള എഴുത്തുകാരിൽ ഒരാളാണ് എലിഫ് ഷഫാക്. അവരുടെ തന്നെ “നാൽപത് പ്രണയ നിയമങ്ങൾ” എന്ന പുസ്തകവും നൽകുന്ന അനുഭവം മറിച്ചല്ല. കഥാകാരിയുടെ മനസ്സ് വായിക്കുന്ന രീതിയിൽ ഈ കൃതിയെ വിവർത്തനം ചെയ്യാൻ സാധിച്ചതും എടുത്തു പറയേണ്ടതാണ്.

“ഒരു രാജശില്പിയുടെ അപ്രെന്റിസ്” എന്ന ഈ പുസ്തകം 1500 കളിൽ നടന്ന സംഭവങ്ങളെ നോവലിന്റെ രൂപത്തിലേക്ക് മാറ്റിയെടുത്തു എന്നതിനപ്പുറം ഈ 21-ാം നൂറ്റാണ്ടിലും അതിമനോഹരമായ വായനാനുഭവമാക്കുന്നു Textഎന്നതാണ് പ്രത്യേകത. ലോക പ്രശസ്തമായ ഹാഗിയ സോഫിയ അടക്കമുള്ള അതി പുരാതനമായ മനോഹരമായ നിർമ്മിതികൾക്ക് പേര് കേട്ട തുർക്കിയിലെ ഇസ്താമ്പൂളിലാണ് ഇതിന്റെ ഒട്ടു മിക്ക കഥാ സാരവും അരങ്ങേറുന്നത്. ഒട്ടോമൻ സാമ്രാജ്യം ഭരണം നടത്തുന്ന കാലഘട്ടത്തിലാണ് കഥ അരങ്ങേറുന്നത്. ചരിത്രത്തെ ഇങ്ങനെ മനോഹരമായി അവതരിപ്പിക്കാൻ കഴിയുക എന്നത് അതി തീവ്രതയോടെ അതിനെ സമീപിക്കുന്നവർക്ക് മാത്രം സാധ്യമാവുന്ന ഒന്നാണ്. ചരിത്ര പ്രസിദ്ധമായ നിർമ്മിതികൾക്ക് പിന്നിലെ ആർകിടെക്ട് ശൈലി കൃത്യമായി പ്രതിപാദിക്കുന്നത് കൊണ്ട് ഇതൊരു വിജ്ഞാനം പകർന്നു നൽകുന്ന പുസ്തകമായി വിശേഷിപ്പിക്കാം. ഇതിൽ പ്രണയവും, പകയും, അനുകമ്പയും, സ്നേഹവും, സഹനവും, നിഗൂഢതയും അതോടൊപ്പം സൂഫി ചിന്തയും സമം ചേർത്ത് വായനക്കാരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഒട്ടോമൻ സാമ്രാജ്യത്തിലെ രാജാവിന്റെ രാജ ശില്പിയായ സിനാനും, സാഹചര്യം കൊണ്ട് കൊട്ടാരത്തിലെ ആനക്കാരനായി പിന്നീട് സിനാന്റെ ശിഷ്യനും അനുഗ്രഹീത ശിൽപിയും ആയി തീർന്ന ജഹാനും, ജഹാന്റെ പ്രണയത്തിന് നിഗൂഢ തലങ്ങൾ സമ്മാനിച്ച രാജകുമാരി മിഹ്റിമായും, ആദ്യം മുതൽ അവസാനം വരെ ഒരു ചെറു പുഞ്ചിരിയും അനുകമ്പയും വായനക്കാരന്റെ മനസ്സിൽ ചൊരിയുന്ന ചോട്ട എന്ന ആനയും ഈ കഥയുടെ ചില കഥാപാത്രങ്ങൾ മാത്രം.

ആരാണ് നായകൻ എന്നും നായിക എന്നും പറഞ്ഞു തരാൻ കഴിയാത്ത വിധത്തിൽ അനേകം കഥാപാത്രങ്ങൾ അരങ്ങിലെത്തി അവരുടെ വേഷങ്ങൾ മനോഹരമായി ആടി തീർക്കുന്ന അനുഗ്രഹീത രചനയാണ് ഈ പുസ്തകം. യാഥാർത്ഥ്യവും മിഥ്യയും കൂട്ടി കലർത്തി ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നായ ഇന്ത്യയുടെ അഭിമാനം താജ്മഹൽ നിർമ്മാണം അടക്കം പ്രതിപാദ്യ വിഷയമാവുന്നുണ്ട് ഈ കൃതിയിൽ.

ഈ കൃതി മലയാളത്തിന് സമ്മാനിച്ചതിന് ഒരു പാട് നന്ദി. വായനയുടെ തുടർച്ച ഇടക്കെപ്പോഴോ മുറിഞ്ഞു പോയ അവസരത്തിൽ കൈകളിലേക്ക് എത്തി വായനയുടെ ഇടറാത്ത ലോകം സമ്മാനിച്ചതിനും നന്ദി.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.