DCBOOKS
Malayalam News Literature Website

‘ഓർമ്മച്ചാവ്’; ഒരേസമയം ദേശചരിത്രവും കുടുംബചരിത്രവും ആഖ്യാനം ചെയ്യുന്ന നോവൽ

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’  എന്ന നോവലിന് ഷൈജു എഴുതിയ വായനാനുഭവം

ജൈവിക ചോദനകൾക്ക് കീഴ്പെട്ട് ദുരന്തപാത്രമാവുന്ന മനുഷ്യന്റെ ജീവിതം ആവിഷ്ക്കരിക്കുന്ന നോവലാണ് പി. ശിവപ്രസാദിന്റെ ഓർമ്മച്ചാവ്. ഒരു പുരാവൃത്തവും അതിന്റെ ആഖ്യാനവും പുനരാഖ്യാനവുമായാണ് നോവൽ ക്രമീകരിച്ചിട്ടുള്ളത്. പുരാവൃത്തത്തിന്റെ പശ്ചാത്തലത്തിലുള്ള മനശ്ശാസ്ത്രപരമായ കഥാഭാവനയാണത്. നാലീരങ്കാവ് എന്ന ദേശത്തെയും ആ ദേശത്തിലെ നിരവധിയായ ജീവിതങ്ങളെയും, മണിയൻ എന്ന പ്രധാനകഥാപാത്രത്തിന്റെ ഓർമ്മയുടെ ഘടനപോലെ കാലത്തിന്റെ രേഖീയതയെ തകിടം മറിച്ചുകൊണ്ട് അരേഖീയമായി ആവിഷ്ക്കരിക്കാനാണ് നോവൽ ശ്രമിക്കുന്നത്. മറ്റുവാക്കുകളിൽ പറഞ്ഞാൽ പഴയ കഥകളും പുതിയ കഥകളും സമ്മിശ്രമാക്കി ആഖ്യാനത്തെ അരേഖീയ സ്വഭാവത്തിലെത്തിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.

നാലീരങ്കാവ് എന്ന ദേശത്തിന് ആ പേര് വന്നതിന് പിന്നിലുള്ള നിരവധി പുരാവൃത്തങ്ങളിൽ ഒന്നായ നാലീരൻ, ഭഗവതി അഥവാ അമ്മയെ കെട്ടാൻ വന്ന കഥ നോവലിന്റെ ആദ്യ അധ്യായത്തിൽത്തന്നെ ആവിഷ്ക്കരിക്കുന്നു. ഈ പുരാവൃത്തത്തിന്റെപശ്ചാത്തലത്തിലാണ് പിന്നീട് നോവൽ വികസിക്കുന്നത്. നാലീരന്റെയും  ഭഗവതിയുടെയും കഥ പ്രധാനമായും രണ്ടുതരത്തിൽ നോവലിൽ കഥാവിഷ്ക്കാരത്തിന്റെ അടിസ്ഥാനമാകുന്നുണ്ട്. അഗമ്യഗമനത്തിന്റെ പാപഭാരവും പേറി ഓർമ്മകളുടെ ഘടനതെറ്റി ചാവായ ഓർമ്മകളുമായി കഴിയുന്ന കഥാപാത്രത്തിന്റെ ദുരന്തജീവിതമായും ദൈവാണെങ്കിലും ഓളൊരു പെണ്ണല്ലേ… ഓൾക്കും വേണ്ടേ ഒരു കൂട്ടും കുട്ടീം എന്ന നാലീരങ്കാവുകാരിൽതന്നെ ചിലരുടെ പറച്ചിലിനെ ഉൾവഹിച്ചുകൊണ്ടുളള സ്ത്രീജീവിതങ്ങളുടെ ആഖ്യാനമായും.

മാനസികരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കഥാപാത്രമാണ് മണിയൻ. ചികിത്സാർത്ഥം അയാളുടെ കാലം തെറ്റിയ ഓർമ്മകളിൽനിന്ന് അയാളുടെ കഴിഞ്ഞകാലജീവിതത്തെ കണ്ടെടുക്കാൻ നിയുക്തയായ അൾത്താര ചികഞ്ഞെടുക്കുന്ന കഥകളിൽനിന്നാണ് മണിയന്റെയും നാലീരങ്കാവ് ദേശത്തിന്റെയും ചരിത്രം ഇതൾവിരിയുന്നത്. മണിയന്റെ ഓർമ്മകളായും അൾത്താര നാലീരങ്കാവിലെ മനുഷ്യരിൽനിന്നും കണ്ടെത്തുന്ന കഥകളായും ആഖ്യാതാവിന്റെ നേരിട്ടുള്ള കഥനമായും നാലീരങ്കാവിന്റെ ചരിത്രവും ജീവിതവും നോവലിൽ Textകടന്നുവരുന്നു. ഒരു പ്രത്യേകഘട്ടം മുതലുള്ള ഓർമ്മകൾ തകിടം മറിഞ്ഞുപോയ മണിയന്റെ ജീവിതത്തെ നോവലിന്റെ അവസാനമാകുമ്പോഴേക്കും അൾത്താര കണ്ടെത്തുന്നുണ്ട്. ഭോഗത്തിൽ മഴുകി ജീവിച്ചിരുന്ന അയാൾ ഇടയ്ക്ക് ഒരു നല്ല മനുഷ്യന്റെ ഗുണങ്ങളെ ആർജ്ജിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പിന്നീടും അയാൾ പഴയ ജീവിതത്തിലേക്കുതന്നെ മടങ്ങിപ്പോകുന്നു. അത്യന്തികമായി സംസ്കരിക്കപ്പെട്ടിട്ടില്ലാത്ത പ്രാകൃതവാസനകളാണ് അയാളുടെ പതനത്തിന് നിദാനമാകുന്നത്. വത്സല ഓപ്പോളുമായുള്ള അഗമ്യഗമനവും ഓപ്പോളുടെ ആത്മഹത്യയും അതിന്റെ ആഘാതവുമാണ് അയാളുടെ ഓർമ്മകളെ നഷ്ടപ്പെടുത്തുന്നത്. സങ്കീർണ്ണമായ മാനസികാവസ്ഥകളിലേക്കുള്ള സഞ്ചാരമായി പല സന്ദർഭങ്ങളിലും നോവൽ മാറുന്നു. ഈഡിപ്പസ് കോംപ്ലക്സ് ആണ് നോവലിലെ പ്രമേയത്തിന്റെ പശ്ചാത്തലമായി വർത്തിക്കുന്നത്. ഭഗവതിയെ കെട്ടാൻ വന്ന നാലീരന്റെ കഥമുതൽ മണിയന്റെ ജീവിതകഥയിൽവരെ അത് അടിപ്പടവായി നിൽക്കുന്നു.

ഒരേസമയം ദേശചരിത്രവും കുടുംബചരിത്രവും ആഖ്യാനം ചെയ്യുന്ന നോവൽ, കഥാപാത്രങ്ങളെ സൂക്ഷ്മതലത്തിൽ വിന്യസിച്ചുകൊണ്ടാണ് അത് സാധിക്കുന്നത്. പ്രാദേശികചരിത്രവും ജീവിതവും മുഖ്യമായി പ്രമേയമാകുന്ന മലയാളനോവലുകളിൽനിന്ന് ഓർമ്മച്ചാവ് വ്യത്യസ്തമാവുന്നത് കേവലമായ പ്രാദേശികചരിത്രവിവരണങ്ങൾ നോവലിൽ കുറവാണ് എന്നതാണ്. ദൈനംദിനജീവിത കഥകളിൽ അലിയിച്ചാണ് ചരിത്രം നോവലിൽ കടന്നുവരുന്നത്. ദേശത്തിന്റെ ചരിത്രത്തെ നിരവധി കഥകളായി പുനരാഖ്യാനം ചെയ്യാനാണ് നോവൽ ശ്രമിക്കുന്നത് എന്ന് സാരം. കഥാപാത്രജീവിതങ്ങളെ മാറ്റി നിർത്തി നാലീരങ്കാവിന് ഒരു ചരിത്രമില്ല. അത്രമാത്രം കഥാപാത്രസമന്വിതമാണ് നോവലിലെ നാലീരങ്കാവ് ദേശത്തിന്റെ ചരിത്രം. ദേശപശ്ചാത്തലത്തിലുള്ള കൂടുംബകഥ അഥവാ കുടുംബചരിത്രംകൂടിയാണ് നോവൽ പറയുന്നത്. അത് സ്നേഹത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും പകയുടെയും ഭോഗത്തിന്റെയും പ്രതികാരത്തിന്റെയും കഥകൂടിയാണ്. നാലീരങ്കാവിലെ പ്രാദേശികജീവിതത്തിൽ അതാത് കാലത്ത് നടക്കുന്ന ചരിത്രസംഭവങ്ങൾ പ്രതിഫലിക്കുന്നത് നോവലിൽ കൃത്യമായി ചിത്രീകരിക്കുന്നുണ്ട്. മലബാർ കലാപവും അടിയന്തരാവസ്ഥയുമെല്ലാം അതിൽപ്പെടും. പ്രാദേശികചരിത്രത്തിന്റെ ബദൽവായനയെ പൂരിപ്പിക്കുന്നത് അതുംകൂടിയാണെന്ന് പറയാം.

നിരവധി സ്ത്രീകഥാപാത്രങ്ങൾ നാലീരങ്കാവിന്റെ ഭൂമികയിൽ പ്രത്യക്ഷമാകുന്നുണ്ട്. സന്തോഷമില്ലാത്ത സ്ത്രീകളാണ് അവരെല്ലാം. നാലീരങ്കാവിൽ തേങ്ങലടക്കി വാഴുന്ന ഭഗവതിയുടെ പുരാവൃത്തവുമായി ദേശത്തിലെ സ്ത്രീകളുടെ ജീവിതവും ചേർന്നുനിൽക്കുന്നു. നോവലിൽ സൂചിപ്പിക്കുന്നതുപോലെ ഒമ്പതിനെ കിട്ടിയിട്ടും കൈവിട്ട ഒന്നിനെയോർത്ത് നെഞ്ചുപൊട്ടി ജീവിക്കുന്ന ബീയാത്തുമ്മ, റോഡ് വന്നപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട, മകൻപോലും നോക്കാനില്ലാത്ത പക്ഷാഘാതം വന്ന് കിടപ്പിലായ അമ്മുക്കുട്ടി, സ്വന്തം നാടും കൂടും വിട്ട് സ്വയം തീർത്ത തടവിൽ ഉളുളുരുകിത്തീരുന്ന റഹ്മത്ത്, പ്രസ്ഥാനത്തിന്റെ രക്തസാക്ഷിപ്പട്ടികയിലേക്ക്, മുദ്രാവാക്യത്തിലേക്ക് സ്വന്തം ജീവിതം എറിഞ്ഞുകൊടുത്ത വല്ലി ഇങ്ങനെ സന്തോഷമില്ലാത്ത സ്ത്രീകളെക്കുറിച്ചുള്ള ഗഹനമായ ചിത്രങ്ങൾ നോവൽ വരച്ചിടുന്നു. ഒപ്പം എല്ലാ പുരുഷനും സ്ത്രീയിലേക്ക് തലനീട്ടുന്ന, ഉണർന്നിരിക്കുന്ന ഒരു ലിംഗമായി മാറുന്ന അവസരങ്ങളുണ്ടെന്ന് തിരിച്ചറിയുന്ന, നാലീരങ്കാവിലേക്കെത്തിച്ചേരുന്ന അൾത്താരയും

ഭഗവതിയെ കെട്ടാൻ വന്നവൻ പുഴകടന്ന് തിരിച്ചുപോയപ്പോൾ നാട്ടുകാർ അവനെ വെറുക്കാതെ അവനവനെ കാണുന്ന കണ്ണാടിയായി സങ്കല്പിച്ചതുപോലെ നോവൽ വായന വായനക്കാരെ ആദ്യമെല്ലാം അലോസരപ്പെടുത്തുമെങ്കിലും ക്രമേണ അവരവരെ കാണുന്ന കണ്ണാടിയായി അത് പരിവർത്തിക്കപ്പെടും എന്നിടത്താണ് ഓർമ്മച്ചാവ് എന്ന ഈ നോവൽ അതിന്റെ ദൗത്യം പൂർത്തിയാക്കുന്നത്.

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.