DCBOOKS
Malayalam News Literature Website

സുഗന്ധം പ്രസരിപ്പിക്കുന്ന നിലാവ്

ആത്മാരാമന്‍, സി വി സുധീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘ഒരേയൊരു ഫെഡറര്‍’ എന്ന പുസ്തകത്തിന്
ഡോ. എം. ലീലാവതി എഴുതിയ ആമുഖത്തിൽ നിന്നും 

കല, സാഹിത്യം, കളി എന്നിവയുടെ ആസ്വാദനത്തിലൂടെ ഉണരുന്ന ആനന്ദം നിസ്വാര്‍ത്ഥവും ആത്മീയവുമാണ്. ഉള്ളഴിഞ്ഞ സഹാനുഭൂതിയാല്‍ പ്രേരിതമായ ദാനങ്ങളില്‍നിന്നുംത്യാഗങ്ങളില്‍നിന്നും ഉളവാകുന്ന ആനന്ദംമാത്രമേ അതിനെ അതിശയിക്കാവുന്ന അനുഭൂതിയായി ഈ പ്രപഞ്ചത്തിലുള്ളൂ. ശാസ്ത്രത്തിന്റെ വിസ്മയകരവും സ്‌ഫോടനാത്മകവുമായ വികാസത്തെ ആയുധ നിര്‍മ്മിതിയിലും സഹജാതരെമൃതിയിലേക്കും തീരാദുരിതങ്ങളിലേക്കും നിഷ്ഠുരമായി ഹോമിച്ചതിലും എത്തിച്ച പ്രവര്‍ത്തനങ്ങള്‍ കൊടുംപാപകര്‍മ്മങ്ങളായിരുന്നു; അതോടൊപ്പം ഉണ്ടായ പുണ്യകര്‍മ്മങ്ങളിലൊന്നായ ടെലിവിഷന്‍ പ്രവര്‍ത്തനമാകട്ടെ ലോകത്തിന്റെ ഏതു മൂലയിലും നടക്കുന്ന കളിമത്സരങ്ങള്‍ തത്സമയം കണ്ട് ആനന്ദിക്കാനുള്ള ഭാഗ്യം നല്കി. മത്സരങ്ങളിലൂടെയും മനുഷ്യവര്‍ഗ്ഗത്തെ ഒന്നിപ്പിക്കാമെന്ന വെളിപാട് മനുഷ്യവര്‍ഗത്തിനുണ്ടായത്
ലോകവ്യാപകമായി കളിമത്സരങ്ങള്‍ സംഘടിപ്പിക്കാമെന്ന ആശയത്തിന്റെ ഉദയത്തോടെയാണ്. ലോകജനതയ്ക്ക് ഒട്ടാകെ പോരിനുള്ള മൗലികമനഃപ്രവണത എന്നാണോ കളിയില്‍മാത്രം കേന്ദ്രിതമാകുന്നത്, എന്നാണോ രാഷ്ട്രം, മതം, വര്‍ഗം, വര്‍ണം, ഉപഭോഗം മുതലായവയുടെ പ്രേരണകളാലുള്ള യുദ്ധങ്ങള്‍ ഒടുങ്ങുന്നത്, നിയതി നല്കിയ അനുഗ്രഹമായ ബുദ്ധിശക്തിക്കു മനുഷ്യവര്‍ഗം അര്‍ഹത നേടുന്നതു അന്നായിരിക്കും.

വീരാരാധനയ്ക്കുള്ള അന്തസ്ത്വരകളികള്‍, സാഹിത്യം, സംഗീതം, നൃത്തം, വാദ്യം മുതലായ കലകള്‍ എന്നിവയിലെ അനുഗൃഹീതധീമത്തുക്കളില്‍ കേന്ദ്രീകൃതമാവുന്ന ആ കാലത്തായിരിക്കും മനുഷ്യന്റെ Textഅന്തഃകരണ പരിണാമം ഭൂസ്വര്‍ഗത്തിലേക്കുള്ള വഴിയിലെത്തിച്ചേരുന്നത്. സംഹാരാത്മകമായ യുദ്ധങ്ങളുണ്ടാക്കുന്നവര്‍, അതിലേര്‍പ്പെട്ട് ആത്മാഹൂതി ചെയ്യേണ്ടിവരുന്നവരില്‍ മാത്രം വീരാരാധന കേന്ദ്രീകൃതമാകണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നു. നാടിനു വേണ്ടി യുദ്ധംചെയ്തു മൃത്യുവരിക്കുന്നവര്‍ ത്യാഗധീരന്മാരാണ്; സംശയമില്ല. പക്ഷേ, യുദ്ധങ്ങളുണ്ടാക്കുന്നവര്‍ അക്കാരണത്താല്‍ വാഴ്ത്തപ്പെടേണ്ടവരല്ല. യുദ്ധത്തിലേര്‍പ്പെട്ടു മരിക്കേണ്ടിവരുന്നവരും അംഗഭംഗം വന്ന് ആജീവനാന്തം നരകിക്കുന്നവരും ഭൂമുഖത്ത് ഇല്ലാതാവണമെന്നാണ് മനുഷ്യന്‍ ഇച്ഛിക്കേണ്ടത്. അതിനുള്ള ഏകമാര്‍ഗം മത്സരിക്കാനുള്ള പ്രവണതയെ സംഹാരക്രിയയിലേക്കു വളര്‍ത്തുന്നതിനു പകരം സൃഷ്ടി പ്രക്രിയകളിലേക്കുവികസിപ്പിക്കലാണ്. സര്‍ഗ്ഗശക്തിധനരായ കവികളും കലാകാരന്മാരും ഖേലനപ്രതിഭകളും വീരന്മാരായി വാഴ്ത്തപ്പെടുകയും ‘പരാക്രമി’ കളായ ശത്രുസംഹാരകര്‍ ഇകഴ്ത്തപ്പെടുകയും ചെയ്യുന്ന കാലമാണ് ‘ദൈവരാജ്യം ഭൂമിയിലും വരേണമേ’ എന്ന പ്രാര്‍ത്ഥന സഫലമാവുന്ന കാലം. അതിനനുഗുണമായ മാനസികപ്രവണതയാണ്, രക്തബന്ധമോ, രാജ്യബന്ധമോ, വര്‍ഗബന്ധമോ വര്‍ണ്ണബന്ധമോ ഒന്നുംതന്നെ ആലംബമല്ലാത്ത കലാവീരാരാധനയും കളിവീരാരാധനയും.

ഇങ്ങു കേരളത്തിന്റെ ഒരു മൂലയിലിരുന്ന് ഒരു വീരാത്മാവിന്റെ കളി കണ്ടാനന്ദിച്ചുപോന്ന ഒരാള്‍ ആ ആരാധനഭാവത്തിന് ഒരു പുസ്തകരചനയിലൂടെ പ്രതിഷ്ഠ നല്കുന്നതില്‍ പ്രകടിപ്പിക്കുന്ന ആവേശം എത്രയേറെ പവിത്രമാണെന്നു സൂചിപ്പിക്കാനാണ്, വെറും വാചാലതയെന്ന് പഴിക്കപ്പെടാവുന്ന മുന്നുര രചിക്കുന്നത്, ഏതു പഴിയും കേള്‍ക്കാനുള്ള സന്നദ്ധതയോടെ. ആസന്നഭാവിയിലൊന്നും യുദ്ധമില്ലാത്ത ഒരു ലോകം പിറക്കുമെന്നു കരുതേണ്ടതില്ലായിരിക്കാം. പക്ഷേ, ആ സ്വപ്‌നം അക്കാരണംകൊണ്ട് നിരര്‍ത്ഥകമാവുകയില്ല.

ശുദ്ധമാക്കിടാമൂഴിയെയൊറ്റ
ശുഭ്രപുഷ്പത്തിന്‍
നീഹാരനീരാല്‍
പാരില്‍വെട്ടംവിതച്ചിടാമേക
താരകത്തില്‍നിന്നേന്തിയ
തീയാല്‍

എന്നു സ്വപ്‌നം കാണാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത്തരം സ്വപ്‌നങ്ങളെ താലോലിക്കാനും വാഴ്ത്താനും ഇച്ഛിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.

ടെന്നീസ് കളിയിലെ ഒരു വീരന്റെ ജീവിതത്തിലെ വിജയ- പരാജയമുഹൂര്‍ത്തങ്ങളിലെല്ലാം ആനന്ദമോ, ശോകമോ അനുഭവിച്ച് ഒപ്പം നില്ക്കാന്‍ ഇച്ഛിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തിയ രണ്ടുപേര്‍ അവരുടെ ആ പവിത്രാനുഭൂതികളില്‍ പങ്കാളികളാകാന്‍ അപരരെ ക്ഷണിക്കുകയാണ്. ആ ആഹ്വാനം നിങ്ങള്‍ക്കു കൊള്ളുകയോ തള്ളുകയോ ചെയ്യാം. അത് നിങ്ങളുടെ സ്വാതന്ത്ര്യം. ഇതെഴുതുന്ന ആള്‍ അക്ഷരംപ്രതി ആ വിശുദ്ധാഹ്വാനത്തെ പിന്‍ചെല്ലുന്നു. തങ്ങള്‍ ആരാധിക്കുന്ന വീരപുരുഷന്റെ ഓരോ അടിവെപ്പിലും ഒപ്പത്തിനൊപ്പം സങ്കല്പത്തില്‍ സഞ്ചരിച്ച് നിര്‍വൃതി കൊള്ളുന്ന പാവനാഹ്ലാദത്തില്‍ പങ്കു കൊള്ളുന്നു.
അവര്‍ തങ്ങളുടെ അനുഭവത്തെ അക്ഷര (രണ്ടര്‍ത്ഥത്തിലും) മാക്കിയതില്‍ അവര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം നല്കുന്നു. ഇത്തരം പവിത്രാനുഭൂതിരേഖകള്‍ ഇനിയുമിനിയുമുണ്ടാകുന്നത് മുന്‍പറഞ്ഞ രീതിയില്‍ ദൈവരാജ്യം ഭൂമിയിലെത്തിക്കുന്നതിലേക്കുള്ള അടി വെപ്പുകളാണെന്നു വിശ്വസിക്കുകയും
നിങ്ങളുടെ വംശംവര്‍ധിക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുകയും ചെയ്യുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.