DCBOOKS
Malayalam News Literature Website

കന്യാസ്ത്രീകള്‍ കക്കുകളിക്കുമ്പോള്‍

 ചിത്രത്തില്‍ കക്കുകളി നാടകത്തിലെ ഒരു രംഗം
ചിത്രത്തില്‍ കക്കുകളി നാടകത്തിലെ ഒരു രംഗം

മെയ് ലക്കം പച്ചക്കുതിരയില്‍

ഫ്രാന്‍സിസ് നൊറോണ

പുരോഹിതന്‍മാരാല്‍ നിര്‍ണ്ണയിക്കപ്പെടുകയും നയിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്ന ആണധികാരത്തിന്റെ ആകത്തകയാണ് സഭ. കാലാകാലങ്ങളായി അതു കളം വരച്ച് മുള്ളുപാകി തീര്‍ത്തകളങ്ങളില്‍ മാത്രം ചവിട്ടി നടന്ന കന്യാസ്ത്രീകളെ, സ്വാതന്ത്ര്യത്തിന്റെ പുതുകളങ്ങളിലേക്ക് കക്കുകളി ആഹ്വാനം ചെയ്യുന്നുണ്ട്. അര്‍ഹമായ അവകാശങ്ങളെക്കുറിച്ച് കന്യാസ്ത്രീകളെ ബോധ്യപ്പെടുത്തുന്ന ഏതൊരു കലാരൂപത്തിനു നേരേയും അവര്‍ വര്‍ദ്ധിത വീര്യത്തോടെ ആക്രമിക്കും. കക്കുകളിക്ക് എതിരെ അവര്‍ തെരുവില്‍ ഇറങ്ങിയതും അതുകൊണ്ടുതന്നെയാണ്: നാടകരൂപമായപ്പോള്‍ വിവാദവിഷയമായിമാറിയ ‘കക്കുകളി’ എന്ന കഥ എഴുതാനുണ്ടണ്ടായ കാരണങ്ങള്‍ കഥാകൃത്ത് അവതരിപ്പിക്കുന്നു.

‘കക്കുകളി’ എന്ന നാടകവും അതുയര്‍ത്തുന്ന ചില ചോദ്യങ്ങളും നാടകത്തെ പ്രതിരോധിക്കുന്ന കത്തോലിക്ക സഭയുടെ നിലപാടുകളും പൊതുസമൂഹത്തിന്റെ മുന്നില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ കഥയുടെ രചയിതാവ് എന്ന നിലയില്‍ ആ കഥ എഴുതാനുള്ള സാഹചര്യവും അതിന്റെ ഭൂമികയും വിശദീകരിക്കാനുള്ള എന്റെ ഒരു ശ്രമമാണ് ഈ ലേഖനം.

കോണ്‍വെന്റിന്റെ പശ്ചാത്തലത്തിലാണ് ‘കക്കുകളി’യെന്ന കഥ ഞാനെഴുതുന്നത്. അതുകൊണ്ട് തന്നെ ആ ഇടം വിവരിച്ചുകൊണ്ടു തുടങ്ങാമെന്ന് കരുതുന്നു.

കേരളത്തിലെ കോണ്‍വെന്റുകള്‍

സഭകള്‍ (congregation) ധാരാളം ഉണ്ടെങ്കിലും കേരളത്തിലെ മഠങ്ങളെ അതിന്റെ പൊതുസ്വഭാവം അനുസ രിച്ച് Pachakuthiraരണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കാം.

സ്വന്തമായി സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഉള്ളവ. മിക്കവാറും അവയുടെ ആസ്ഥാനം വിദേശത്തായിരിക്കും. സ്വന്തം സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ ഇവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ധാരാളമുണ്ട്. പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കാന്‍ അവസരമുണ്ട്. ആസ്ഥാനം വിദേശത്ത് ആയതിനാല്‍ അവിടെയും തൊഴില്‍ അവസരങ്ങള്‍. സ്വതന്ത്രമായി ചില തീരുമാനങ്ങള്‍ എടുത്ത് ഇവര്‍ക്ക് മഠം നടത്തിക്കൊണ്ട് പോകാനാവുമെങ്കിലും കാനോന്‍ നിയമം (Can. 394 §1. A bishop is to foster various forms of the apostolate in the diocese and is to take care that in the entire diocese or in its particular districts, all the works of the apostolate are coordinated under his direction, with due regard for the proper character of each.) അനുസരിച്ചുള്ള വിധേയത്വം ബിഷപ്പിനോട് പാലിച്ചാണ് ഇങ്ങനെയുള്ള മഠങ്ങള്‍ കഴിയുന്നത്. കനോഷ്യന്‍ കോണ്‍വെന്റുകളെ ഇതിനൊരു ഉദാഹരണമായി കാണാവുന്നതാണ്.

രണ്ടാമത്തേത് മിഷന്‍ കോണ്‍ഗ്രിഗേഷന്‍സ് ആണ്. അവയ്ക്ക് സ്വന്തമായിText സ്ഥാപനങ്ങളില്ല. വരുമാനമില്ല. രൂപതയുടെ കീഴില്‍ എന്നും കഴിയണം. അടുക്കളപ്പണി മുതല്‍ ചെറിയ ക്ലറിക്കല്‍ ജോലികള്‍ വരെ രൂപതയ്ക്കുവേണ്ടി ചെയ്തുകൊടുത്താണ് മഠത്തിലെ സിസ്റ്റേഴ്‌സ് കഴിയുന്നത്. അതാതു ദേശത്തെ മെത്രാനാവും പരിപൂര്‍ണ്ണ നിയന്ത്രണം.

വലിയ മോഹങ്ങളോടെയാണ് (aspirants) ഏകദേശം 15 വയസ്സു മുതലുള്ള പെണ്‍കുട്ടികളെ സന്ന്യാസമഠത്തില്‍ പ്രവേശിപ്പിക്കുന്നത്. ആ സ്പിരന്റ് എന്ന വാക്കിന്റെ അര്‍ത്ഥം A person who aspire for a career എന്നാണ്. മഠത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് അവരെ പഠിപ്പിക്കും. പിന്നീട് രണ്ടോ മൂന്നോ വര്‍ഷം അവര്‍ പോസ്റ്റുലന്റ് എന്ന പേരില്‍ അറിയപ്പെടുന്ന നൊവിഷ്യേറ്റുകളായി മഠത്തിലെ ജോലികള്‍ ചെയ്തുകൊണ്ടുള്ള മതപഠനം തുടരും. Postulant എന്ന വാക്കിന്റെ അര്‍ത്ഥം Probationary candidate in a religion എന്നാണ്.

നൊവിഷ്യേറ്റുകളുടെ പരിശീലനം കടുപ്പപ്പെട്ടതാണ്. ദാരിദ്ര്യത്തിലും അനുസരണയിലും വിശുദ്ധിയിലും മരണംവരെ ജീവിക്കാന്‍ മഠത്തില്‍ ചേരുന്ന പെണ്‍കുട്ടിയെ പ്രാപ്തയാക്കുകയാണ് ഇക്കാലയളവില്‍ നടക്കുന്നത്. മിക്കപ്പോഴും അത് സ്ത്രീയുടെ അടിസ്ഥാന ചോദനകളെയെല്ലാം അടിച്ചമര്‍ത്തുന്ന രീതിയിലുള്ളതുമാണ്. നൊവിഷ്യേറ്റുകളുടെ ദുരിതമാണ് ‘കക്കുകളി’യിലെ നായികയായ നടാലിയ മഠത്തില്‍ നേരിടുന്നത്. തീരദേശ ഗ്രാമത്തില്‍ വളര്‍ന്നു വന്ന അവള്‍ക്ക് മഠത്തിലെ രീതികളുമായി പൊരുത്തപ്പെടാനാവാതെ വരുന്നു. അവളുടെ പേരും പെരുമാറ്റവും നിറവും കടല്‍ഭാഷപോലും മഠത്തില്‍ അപഹാസ്യമാവുന്നു. മകളുടെ ദുരിതജീവിതം നേരില്‍ കണ്ട് ബോധ്യപ്പെടുന്ന അമ്മ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതും തുടര്‍ന്ന് തഴപ്പായ നെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കുന്നതിലൂടെ തന്റെ സ്വത്വബോധം നടാലിയ വീണ്ടെടുക്കുന്നതുമാണ് കഥയുടെ ക്ലൈമാക്‌സ്.

ഫ്രാന്‍സിസ് നൊറോണയുടെ ‘കക്കുകളി’ എന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് നാടകം. നൊറോണയുടെ ‘തൊട്ടപ്പന്‍ ‘ എന്ന ആദ്യസമാഹാരത്തില്‍ ഉള്‍പ്പെട്ട കഥയാണ് , കക്കുകളി. ഡി സി ബുക്‌സാണ് ഈ സമാഹാരം പ്രസിദ്ധപ്പെടുത്തിയത്.

ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍ ‘  എന്ന സമാഹാരം വാങ്ങാൻ ക്ലിക്ക് ചെയ്യൂ  (ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്)

പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്‌

 

Comments are closed.