DCBOOKS
Malayalam News Literature Website

‘ഊദ് ‘ നോവൽ പ്രകാശനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

ഡി സി നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ അവസാന മൂന്നിലെത്തിയ യുവഎഴുത്തുകാരിയും  ഖത്തർ പ്രവാസിയുമായ ഷമിന ഹിഷാമിന്റെ പ്രഥമ നോവൽ ‘ഊദ്‘ ന്റെ ഖത്തറിലെ പ്രകാശനവും ചർച്ചയും ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ  തുമാമ IICC കാഞ്ഞാണി ഹാളിൽ നടന്നു.

നോവലിന്റെ പ്രകാശനചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡണ്ട് എ പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ്  പ്രസിഡണ്ട് ഷാനവാസ് ബാവയും പ്രമുഖ സാമൂഹ്യ-സാസ്കാരിക പ്രവർത്തകനും വ്യവസായിയുമായ എ.കെ. ഉസ്മാനും ചേർന്ന്  പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.  ഖത്തർ ഇന്ത്യൻ ഓതേർസ് Textഫോറം പ്രസിഡണ്ട് ഡോ. സാബു.കെ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതഭാഷണവും ഷംന ആസ്മി പുസ്തകപരിചയവും നിർവഹിച്ചു.

തലമുറകളെ മാനവികമായ ഔന്നത്യത്തിലേക്ക് നവീകരിക്കുന്നതിൽ എഴുത്തുകാർക്കും പുസ്തകങ്ങൾക്കും വലിയ പങ്കുണ്ടെന്നും വാക്ക് ഏതുകാലത്തും ഒരു സമരായുധം കൂടിയാണെന്നും ഉദ്ഘാടനഭാഷണം നിർവഹിച്ച ഐസിസി പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ സാഹിത്യാഭിരുചി വളർത്താനും സാഹിത്യപ്രർത്തനങ്ങളെ പിന്തുണക്കുന്നതിനുമായി ഐസിസിക്കു കീഴിൽ വിവിധ ഭാഷകളിൽ ലിറ്ററേച്ചർ ക്ലബുകൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൻസീം കുറ്റ്യാടി മോഡറേറ്ററായ ചടങ്ങിൽ റേഡിയോ മലയാളം 98.6 FM സി.ഇ.ഒ. അൻവർ ഹുസൈൻ, എഫ് സി സി ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, കലാ-സാംസ്കാരിക പ്രവർത്തകരായ പ്രതിഭ രതീഷ്, RJ രതീഷ്, ചിത്ര ശിവൻ, അക്ബർ അലി അറക്കൽ, ബിജു പി മംഗലം, സുബൈർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അൻസാർ ഇംഗ്ലീഷ് സ്കൂൾ അലുംനിയുടെ ഭാഗമായ സ്ട്രൈക്കേഴ്സ് ഖത്തറിന്റെ ഉപഹാരം മിൻഹാസ് അബ്ദുട്ടിയും ടീ ടൈം സ്ഥാപനത്തിന്റെ ഉപഹാരം സുരേഷ് കുവാട്ടും ഷമിന ഹിഷാമിനു സമ്മാനിച്ചു. ഓതേർസ് ഫോറം എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് മടിയാരി നന്ദി പറഞ്ഞു.

രചയിതാവിനെ പരിചയപ്പെടുത്തുന്ന ഹ്രസ്വവീഡിയോയും ഊദിലെ സംഭാഷണ ശകലങ്ങൾ കോർത്തിണക്കിയ ശബ്ദാവിഷ്കാരവും ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു.  അബ്ദുൽ മജീദ്.പി, ഹുസ്സൈൻ വാണിമേൽ, അൻസാർ അരിമ്പ്ര, ഹിഷാം ഹംസ, ഷാഫി.പിസി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിൽ പരിചയിച്ച ഗന്ധർവ്വനെപ്പോലെ ഒരു ജിന്നാണ് ഈ നോവലിന് ഊദിന്റെ ഗന്ധം പകരുന്നത്. പ്രണയവും ഏകാന്തതയും ഒരു പെൺജീവിതത്തിലെ ഭാവനയും മിത്തുമാണ് നോവലിന്റെ ഇതിവൃത്തം. യാഥാർഥ്യവും കാല്പനികതയും ഇഴുകിച്ചേർന്ന് സത്യവും മിഥ്യയും വേർതിരിച്ചറിയാൻ പ്രയാസപ്പെടുന്നു. ആത്തിയുടെ സ്വപ്നങ്ങളിലൂടെയും സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെയുമുള്ള സഞ്ചാരം ഉത്തരമലബാറിലെ മുസ്‌ലിം സമുദായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.