DCBOOKS
Malayalam News Literature Website

ഒരു ഗുരു, പല കാഴ്ചക്കാര്‍

ഡോ. എം. സഹേദവന്‍

എന്റെ കാഴ്ചയും മറ്റൊരാളുടെ കാഴ്ചയും രണ്ടാണ്. കാണുന്നവരുടെ കാഴ്ചപ്പാടുകളായി ഗുരു പല കാഴ്ചകളാവുന്നു. അങ്ങനെ വരുന്നതില്‍ വേവലാതിപ്പെടാന്‍ ഒന്നുമില്ല. പാലു വേണ്ടവര്‍ പാലു കുടിക്കും. ചോര വേണ്ടവര്‍ ചോര കുടിക്കും. പശുവിനും കൊതുകിനും പശുവിന്റെ അകിട് രണ്ട് ധര്‍മ്മമാണു നിര്‍വഹിക്കുന്നത്. ചരിത്രദൗത്യം നിര്‍വഹിച്ച് ചരിത്രത്തിലേക്കു മറയുന്ന മഹാത്മാക്കളെല്ലാം പിന്നീട് സ്ഥാനമോഹികളുടെ ചവിട്ടുപടികളാവുന്നതു ചരിത്രകാഴ്ചയാണ്. മറ്റൊരു ഭാഗധേയം ശ്രീനാരായണനും പ്രതീക്ഷിക്കാവുന്നതല്ല.

ശ്രീനാരായണ ഗുരുവിന്റെതായി പ്രചരിപ്പിക്കപ്പെടുന്ന, ഗുരുവിന്റേതല്ലാത്ത ആശയങ്ങളും വചനങ്ങളും നിരവധിയുണ്ട്.

2020 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ‘പച്ചക്കുതിര’യില്‍ ‘നവോത്ഥാനവും മക്തി തങ്ങളും’ എന്ന ഒരു ചര്‍ച്ചയുണ്ടായിരുന്നു. ചര്‍ച്ചയില്‍ മക്തി തങ്ങളെ സംബന്ധിച്ച പഠനത്തില്‍ ശ്രദ്ധിക്കേണ്ടതായി മഹമൂദ് കൂരിയ പറയുന്ന ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. ”ഒരു ചരിത്രവിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ പറയുക, അദ്ദേഹത്തെ വായിക്കേണ്ടത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ്.” ഏതൊരു മഹാനെയും വായിക്കേണ്ട പൊതുതത്ത്വമാണ് മഹമൂദ് പറയുന്നത്. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അദ്ദേഹം പറയുമ്പോഴും ഈ തത്ത്വം പാലിച്ചിരിക്കേണ്ടതുതന്നെ. ”ഭാര്യയുടെ ധര്‍മ്മം ഭര്‍ത്താവിനെ നോക്കലാണ്, അവരുടെ കുട്ടിയെ സേവിക്കലാണ് എന്നുള്ള തരത്തില്‍ ശ്രീനാരായണഗുരുവും എഴുതിയിട്ടുണ്ട്” എന്ന് പ്രസ്തുത ചര്‍ച്ചയില്‍ മഹമൂദ് പറഞ്ഞതായി കാണുന്നു. അടിക്കുറിപ്പ് കൊടുത്തിരുന്നുവെങ്കില്‍ എവിടെയാണ് ഗുരു അങ്ങനെ എഴുതിയിട്ടുള്ളത് എന്ന് പരിശോധിക്കാമായിരുന്നു. എന്നാല്‍ അടിക്കുറിപ്പ് കാണ്ടില്ല. ഗുരുകൃതികള്‍ പരതിയിട്ട് ഗുരു അങ്ങനെ എഴുതിയതായി കണ്ടെത്താനും കഴിഞ്ഞില്ല.

തിരുവള്ളുവരുടെ ‘തിരുക്കുറല്‍’ ഗുരു മലയാളത്തിലേക്കു ഭാഗികമായി മൊഴിമാറ്റം നടത്തിയിട്ടുണ്ട്. തിരുക്കുറളില്‍ ഭാര്യാധര്‍മ്മത്തെക്കുറിച്ചു പറയുന്നുണ്ട്. പതിവ്രതയായി ഭര്‍ത്താവിനെ ശുശ്രൂഷിച്ചു കുടുംബത്തിന്റെ ഐശ്വര്യത്തിനായി യത്‌നിക്കുന്ന ആദര്‍ശവനിതയെ തിരുക്കുറളില്‍ സങ്കല്പിച്ചതായി കാണാം. ആദര്‍ശവനിതയെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ ശ്രീനാരായണ ധര്‍മ്മം അഥവാ ശ്രീനാരായണ സ്മൃതി എന്ന പദ്യകൃതിയിലുണ്ട്. ഈ കൃതി ഗുരുവിന്റെ രചനയല്ല. ആത്മാനന്ദസ്വാമി എന്നൊരാള്‍ ആത്മാനന്ദത്തിനായി എഴുതിയിട്ടുള്ളതാണ്. ഗുരുദേവകൃതികള്‍ പൂര്‍ണ്ണമാകാന്‍ ഈ കൃതിയുംകൂടി വേണ്ടിയിരിക്കുന്നു എന്ന അഭിപ്രായത്തോടുകൂടി ഡോ. ടി. ഭാസ്‌കരന്‍ തന്റെ ‘ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍’ എന്ന ഗ്രന്ഥത്തില്‍ ഈ കൃതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്യകൃതി വായിച്ചപ്പോള്‍ ആത്മാനന്ദസ്വാമിക്കും ഡോ. ടി. ഭാസ്‌കരനും ഒരുപോലെ ഗുരുവിന്റെ ദാര്‍ശനിക സാമൂഹിക-ധാര്‍മ്മിക നിലപാടുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നാണു മനസ്സിലായത്. ഗുരുവിനെ ഉള്‍ക്കൊള്ളാനോ പൂര്‍ണ്ണതയിലേക്കു നയിക്കുവാനോ ഉള്ള ആത്മഘനം രണ്ടുപേര്‍ക്കും ഉള്ളതായി തോന്നിയില്ല. അവനവനെ പൂര്‍ണ്ണതയിലേക്കു നയിക്കുവാനുള്ള അറിവ് ഗുരുവിന്റെ ‘ആത്മോപദേശ ശതക’ത്തില്‍ ഉണ്ട്. അന്യനെയല്ല ആത്മത്തെയാണ് ഗുരു നയിക്കുന്നത്. ആത്മത്തിന് സ്ത്രീപുരുഷ വ്യത്യാസമൊന്നും ഗുരു കല്പിക്കുന്നില്ല. ആത്മബോധത്തിലെത്താന്‍, ആത്മമുള്ളവര്‍ക്കെല്ലാം ആത്മോപദേശശതകം സഹായകരമായിരിക്കും. തിരുക്കുറള്‍ തര്‍ജ്ജമയോ Pachakuthiraശ്രീനാരായണസ്മൃതിയോ വായിച്ചിട്ടാണ് മഹമൂദ് കൂരിയ ശ്രീനാരായണന്റെ ആശയമായി ഉദ്ധരിച്ചിട്ടുള്ളതെങ്കില്‍ അദ്ദേഹത്തിനു തെറ്റുപറ്റിയിട്ടുണ്ട്. ആരോ എഴുതിയ കൃതിയില്‍നിന്ന് ശ്രീനാരായണന്റേതായി ഉദ്ധരിക്കുന്നത് അദ്ദേഹത്തോടുള്ള അനീതിയാണ്.

താന്‍ വിഭാവനം ചെയ്യുന്ന ധാര്‍മ്മികചിന്തയെ ഗുരുവിന്റേതായി എഴുന്നള്ളിക്കുന്ന ആത്മാനന്ദസ്വാമികള്‍ ഗുരുവഞ്ചനയാണു കാണിക്കുന്നത്. ‘ശ്രീനാരായണധര്‍മ്മം’ അഥവാ ‘ശ്രീനാരായണസ്മൃതി’ എഴുതിയത് ഗുരുവിന്റെ ആജ്ഞപ്രകാരമാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത് (ടി. ഭാ. 615, 2015). ഈ അവകാശവാദം അവിശ്വസനീയവും ഗുരുനിന്ദയുമാണ്. ഗുരുവിനെ ചാരി സ്വയം ഗുരുക്കന്മാരും സ്വാമിമാരും ആയവരുമുണ്ട്. ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഗുരുവിന്റെ ആത്മഘനം ഗുരുവിനു മാത്രമാണുള്ളതെന്ന് വായനക്കാര്‍ക്ക് അറിയാം എന്നതിനെക്കുറിച്ച് ഇവരൊന്നും ബോധവാന്മാരല്ല. തനിക്കു പറയുവാനുള്ളതെല്ലാം തന്റെ കൃതികളില്‍ ഗുരു വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായും ഭംഗിയായും ലളിതമായും എഴുതി ഫലിപ്പിക്കാനുള്ള ഭാഷാസ്വാധീനവും കവന വൈദഗ്ദ്ധ്യവും ആശയസമ്പത്തും തനിക്കുണ്ടെന്നു തെളിയിച്ച മഹാജ്ഞാനിയായ ഗുരുവിന് തനിക്കു പറയുവാനുള്ളത് മറ്റൊരാളെക്കൊണ്ട് എഴുതിക്കേണ്ട ഗതികേട് വന്നുവെന്ന് വിശ്വസിക്കുവാന്‍ സാദ്ധ്യമല്ല. ആശയപ്രകാശനത്തിനുള്ള കഴിവ് ഗുരുവിനുണ്ടായിരുന്നില്ല എന്നു വേണമോ വായനക്കാര്‍ ധരിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നല്‌കേണ്ടത് ഡോ. ടി. ഭാസ്
കരനാണ്. ചിന്തിക്കാനും പറയാനും ഒരു ബിനാമിയെ ഗുരുവിന് ആവശ്യമുണ്ടായിരുന്നില്ല. ബിനാമികളാകാന്‍ ശ്രമിച്ചവര്‍ പണ്ടും ഇപ്പോഴും ഉണ്ട്. ഗുരു പറഞ്ഞത് ഞാന്‍ എങ്ങനെ മനസ്സിലാക്കുന്നു എന്നതിന് ഗുരു ഉത്തരവാദിയാകുന്നില്ല. ആത്മാനന്ദ
സ്വാമി അവകാശപ്പെടുന്നതുകൊണ്ടോ, ഡോ. ടി. ഭാസ്‌കരന്‍ സമ്പൂര്‍ണ്ണകൃതികളില്‍ എടുത്തുചേര്‍ത്തതുകൊണ്ടോ ‘ശ്രീനാരായണധര്‍മ്മം’ അഥവാ ‘ശ്രീനാരായണ സ്മൃതി’ ഗുരുവിന്റെ ആശയപ്രകാശനമാകുന്നില്ല. പത്തു സര്‍ഗ്ഗങ്ങളിലായി 295 ശ്ലോകങ്ങളുള്ള ഈ കൃതി ഗുരുചിന്തകളെ തമസ്‌കരിക്കുന്നതാണ്. അറിവിന്റെ ഘനമനുസരിച്ചേ അറിയിക്കപ്പെടുന്നതിനും അറിയപ്പെടുന്നതിനും രൂപവും ഘടനയും അര്‍ത്ഥവും ഉണ്ടാവുകയുള്ളൂ. അറിവിന്റെ ഘനവ്യത്യാസമാണ് ഇനങ്ങളാക്കുന്നത് എന്ന് ജാതിലക്ഷണത്തില്‍ 8,9, ശ്ലോകങ്ങളില്‍ ഗുരു വ്യക്തമാക്കുന്നുണ്ട്. വ്യക്തികള്‍ തമ്മിലുള്ള വ്യത്യാസവും അറിവിന്റെ ഘനത്തിലാണ്. ഗുരുവെന്ന അറിവുഘനവും ആത്മാനന്ദസ്വാമി എന്ന അറിവുഘനവും വ്യത്യസ്തമാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.