DCBOOKS
Malayalam News Literature Website

അപകീര്‍ത്തിപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ്‌ വിമര്‍ശനങ്ങള്‍: സി.എസ് ചന്ദ്രിക

ഇന്ത്യയില്‍ അഴിമതിക്കെതിരായ പ്രചരണത്തിലൂടെയും പൊതു താല്‌പര്യ ഹര്‍ജികളിലൂടേയും നിയമ പോരാട്ടങ്ങളിലൂടേയും ലോകമാകെയും ശ്രദ്ധേയനായ അഭിഭാഷകനാണ്‌ പ്രശാന്ത്‌ ഭൂഷണ്‍. നിയമവ്യവസ്ഥയെ ഭരണഘടനാപരമാം വിധം ജനാധിപത്യവല്‍ക്കരിക്കാനും നടപ്പിലാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതിയുടെ തന്നെ യശസ്സിനെയാണ്‌ ഏറ്റവും ഉയര്‍ത്തിയിട്ടുള്ളത്‌.

എന്നാല്‍ സുപ്രീംകോടതിക്ക്‌ അഭിലഷണീയമല്ലെന്ന്‌ തനിക്ക്‌ ബോധ്യമുള്ള ചില കാര്യങ്ങളിലാണ്‌ സുപ്രീംകോടതിയേയും ചില ജഡ്‌ജിമാരേയും ട്വീറ്റുകളിലൂടെ വിമര്‍ശിച്ചത്‌ എന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. ഇന്ത്യയില്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ സുപ്രീംകോടതിയുടെ പങ്കിനെക്കുറിച്ചും നാല്‌ മുന്‍ ജഡ്‌ജിമാരേയും വിമര്‍ശിച്ചു. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌. എ ബോബ്‌ഡെ മാസ്‌കില്ലാതേയും സാമൂഹ്യ അകലവും പാലിക്കാതെയും ബി ജെ പി നേതാവിന്റെ വില കൂടിയ ബൈക്കില്‍ ഇരിക്കുന്ന ചിത്രവും പങ്കു വെച്ചുകൊണ്ടാണ്‌ പ്രശാന്ത്‌ ഭൂഷണ്‍ വിമര്‍ശനമുന്നയിച്ചത്‌.

പ്രശാന്ത്‌ ഭൂഷന്റെ ട്വീറ്റുകള്‍ കോടതിയലക്ഷ്യമാണെന്ന്‌ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും മാപ്പ്‌ പറയാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മാപ്പു പറയാന്‍ വിസമ്മിക്കുന്ന പ്രസ്‌താവനയില്‍ പ്രശാന്ത്‌ ഭൂഷണ്‍ ഇങ്ങനെ പറഞ്ഞത്‌ രാജ്യം ശ്രദ്ധിച്ചു.
‘ഉത്തമവിശ്വാസത്തോടെയാണ്‌ ട്വീറ്റ്‌ ചെയ്‌തത്‌. അതില്‍ മാപ്പു പറയുന്നത്‌ സത്യസന്ധതയില്ലായ്‌മയാകും. അതിനാല്‍ വിചാരണവേളയില്‍ മാഹാത്മാഗാന്ധി പറഞ്ഞതാണ്‌ പറയാനുള്ളത്‌. ‘ഞാന്‍ ദയ ചോദിക്കില്ല. എനിക്ക്‌ ഔദാര്യം ആവശ്യമില്ല. കോടതിക്ക്‌ കുറ്റമെന്നു തോന്നുന്നതിന്‌ നിയമപരമായി നല്‍കുന്ന ഏതു ശിക്ഷയും ഏറ്റു വാങ്ങാന്‍ തയ്യാറാണ്‌. ഒരു പൗരന്റെ ഏറ്റവും വലിയ കര്‍ത്തവ്യമാണത്‌’
തന്റെ പ്രസ്‌താവന പിന്‍വലിക്കുകയാണെങ്കില്‍ അത്‌ താന്‍ ഏറ്റവും അഭിമാനത്തോടെ കാണുന്ന ഒരു സ്ഥാപനത്തേയും തന്റെ അവബോധ മനസ്സിനേയും അവഹേളിക്കുന്ന അസത്യപൂര്‍ണ്ണമായ കാര്യമായിരിക്കും എന്നാണ്‌ പ്രശാന്ത്‌ ഭൂഷണ്‍ പിന്നെയും വിശദീകരിച്ചത്‌.

ഈ നിലപാട്‌ പുന:പരിശോധിക്കാന്‍ ജസ്റ്റിസ്‌ അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച്‌ അദ്ദേഹത്തിന്‌ ഓഗസ്റ്റ്‌ 24 വരെ സമയം നല്‍കി. കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നുണ്ടെന്നും അതില്‍ തീര്‍പ്പു വരുന്നതു വരെ ശിക്ഷ സംബന്ധിച്ച വാദം മാറ്റി വെയ്‌ക്കണമെന്നും പ്രശാന്ത്‌ ഭൂഷന്റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജനാധിപത്യം തകര്‍ക്കപ്പെട്ടെന്ന്‌ നേരത്തേ പരസ്യപ്രസ്‌താവന നടത്തിയ അഞ്ച്‌ ജഡ്‌ജിമാരുണ്ടെന്ന്‌ അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ പറഞ്ഞതിലേക്ക്‌ കോടതി കടന്നതുമില്ല.

ഓഗസ്റ്റ്‌ 25 ന്‌ പ്രശാന്ത്‌ ഭൂഷന്‌ കോടതി എന്ത്‌ ശിക്ഷയാണ്‌ നല്‍കാന്‍ പോകുന്നതെന്ന്‌ രാജ്യം ഉറ്റു നോക്കിയിരിക്കുകയായിരുന്നു. പ്രസ്‌താവന പിന്‍വലിച്ചാല്‍ മാത്രം ദയാപൂര്‍വ്വം വിധി നല്‍കുമെന്നാണ്‌ കേസിന്റെ വാദത്തിന്റെ അവസാന അരമണിക്കൂര്‍ സമയത്തും ജസ്റ്റിസ്‌ അരുണ്‍ മിശ്ര പറഞ്ഞു.

വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കില്‍ സുപ്രീംകോടതി തകരുമെന്നാണ്‌ പ്രശാന്ത്‌ ഭൂഷണു വേണ്ടി അഭിഭാഷകനായ രാജീവ്‌ ധവാന്‍ ഉന്നയിച്ചത്‌. സദുദ്ദേശത്തോടുകൂടിയുള്ള വിമര്‍ശനം നടത്തിയതിന്‌ കോടതി നടപടിയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മാപ്പു പറയില്ലെന്നുള്ള പ്രശാന്ത്‌ ഭൂഷന്റെ നിലപാട്‌ ഉത്തരവാദിത്വത്തോടെയുള്ള വിമര്‍ശനം ചുമതലയാണെന്നാണ്‌ സ്ഥാപിക്കുന്നതാണെന്ന്‌ അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു. വാദം പൂര്‍ത്തിയായിയിരിക്കുന്നു. ഇനി സെപ്‌തംബര്‍ 2 ന്‌ വരാന്‍ പോകുന്ന അന്തിമവിധി കാത്തിരിക്കുകയാണ്‌ നാം, ആകാംക്ഷയോടെ.

നിയമരംഗത്തും സാമൂഹ്യ രാഷ്‌ട്രീയ രംഗത്തുമുള്ള ആയരക്കണക്കിന്‌ പ്രമുഖര്‍ കോടതിയലക്ഷ്യത്തിന്റെ പേരില്‍ പ്രശാന്ത്‌ ഭുഷനെ സുപ്രീംകോടതി ശിക്ഷിക്കരുതെന്ന്‌ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്‌. പ്രശാന്ത്‌ ഭൂഷണെ കോടതിയലക്ഷ്യത്തിന്‌ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ സുപ്രീംകോടതിയുടെ ആദ്യ വിധിന്യായത്തോട്‌ നിരാശയും ദു:ഖവും പ്രകടിപ്പിച്ചു കൊണ്ട്‌, പ്രശ്‌ന്ത്‌ ഭൂഷണ്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്‌ വിശിഷ്‌ടരായ നിയമജ്ഞരടക്കമുള്ള വ്യക്തികള്‍ ഒപ്പിട്ട്‌ പത്ര മാധ്യമങ്ങളില്‍ വന്ന പ്രസ്‌താവനയെ, പ്രതികരണങ്ങളെ വിധിയെഴുതുന്നതിനു മുമ്പ്‌ സുപ്രീംകോടതി കാണുമോ? പരിഗണിക്കുമോ?

ജനാധിപത്യത്തിലെ ഓരോ സ്ഥാപനവും പൊതു ജനങ്ങളുടെ ആദരവും സമ്പൂര്‍ണ്ണമായ വിശ്വാസവും നേടേണ്ടതും നിലനിര്‍ത്തേണ്ടതുമുണ്ട്‌. മാത്രമല്ല, ജനങ്ങളുടെ പരമമായ ആശ്രയമായ ഒരു സ്ഥാപനത്തിന്റെ മുഖമുദ്ര പൊതുജന പരിശോധനയ്‌ക്കും വ്യഖ്യാനത്തിനുമുള്ള ഇടം വാഗ്‌ദാനം നല്‍കുന്നതുമായിരിക്കണം. ജൂഡിഷ്യറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ ഉള്ളവരെ ഇത്തരം ഇടമില്ലായ്‌മയുടെ അസ്വാതന്ത്ര്യം വിഷമിപ്പിക്കുകയും പ്രകോപിപ്പിക്കുയും ചെയ്യും. വിമര്‍ശനങ്ങളെ കുറ്റകൃത്യമായി കാണുന്നത്‌ ജനാധിപത്യവ്യവസ്ഥയെ ദുര്‍ബ്ബലപ്പെടുത്തുന്ന നീക്കമായിട്ടാണ്‌ പ്രശാന്ത്‌ ഭൂഷണെ പിന്തുണയ്‌ക്കുന്ന മുഴുവന്‍ ജനങ്ങളുടേയും – നിമയമജ്ഞരുടെയടക്കം – അഭിപ്രായം. പ്രശാന്ത്‌ ഭൂഷണ്‍ ആരോപണം പിന്‍വലിച്ച്‌ മാപ്പു പറഞ്ഞിരുന്നെങ്കില്‍ ഇന്ത്യയില്‍ ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും അതില്‍ ദു:ഖിക്കുമായിരുന്നു എന്നു കൂടിയാണ്‌ ഈ പ്രസ്‌താവന, പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന.

കോടതിയലക്ഷ്യമെന്ന ഭയം ഇന്ത്യയിലെ പൗരരുടെ ജനാധിപത്യ അവകാശങ്ങളേയും ഭരണഘടനാപരമായ വിമര്‍ശന സാധ്യതകളേയും ഏതുവിധമാണ്‌ തടയുന്നത്‌ എന്നത്‌ തീര്‍ച്ചയായും പ്രശാന്ത്‌ ഭൂഷണെപ്പോലെയുള്ള നിയമജ്ഞര്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ കൂടുതല്‍ വ്യക്തതയും അവബോധവുമുണ്ടാക്കിത്തരുന്ന സന്നിഗ്‌ദ്ധമായ സാമൂഹ്യ, സാമ്പത്തിക രാഷ്‌ട്രീയ സന്ദര്‍ഭമാണിത്‌. കാരണം, തങ്ങള്‍ക്ക്‌ തീര്‍ത്തും നീതി നിഷേധിക്കപ്പെട്ടു എന്ന വിധം വിഷമമുണ്ടാക്കുന്ന അന്തിമ വിധികള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്‌ട്രീയ സന്ദര്‍ഭങ്ങളില്‍ കോടതികളില്‍ നിന്നുണ്ടായാല്‍ എങ്ങനെയാണതിനെ ജനങ്ങള്‍ സ്വീകരിക്കേണ്ടത്‌ എന്നത്‌ കടുത്ത മാനസിക, വൈകാരിക, ബൗദ്ധിക വെല്ലുവിളികള്‍ കൂടി നേരിടുന്നുണ്ട്‌.

ഇന്ത്യന്‍ ഭരണഘടനയേയും നീതിന്യായവ്യവസ്ഥയേയും പരിരക്ഷിക്കാനും പരിപാലിച്ച്‌ വളര്‍ത്താനും ജനങ്ങള്‍ക്ക്‌ കൂടി അതിന്റെ പൗരരെന്ന നിലയില്‍ ഉത്തരവാദിത്വമില്ലേ? സുപ്രീംകോടതിയും ജഡ്‌ജിമാരും വിമര്‍ശനത്തിനതീതരാണോ? മുന്‍ ചീഫ്‌ ജസ്റ്റിസ്‌ ഗൊഗോയ്‌ പൊടുന്നനെ ബി ജെ പി പിന്തുണയില്‍ രാജ്യസഭാംഗമായി മാറിയതിനെ പരസ്യമായി വിശകലനം ചെയ്യാന്‍ ഇപ്പോഴെങ്കിലും സാധിക്കുമോ? വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കേണ്ടിടത്ത്‌ വിമര്‍ശിക്കാന്‍ പാടില്ലെന്ന്‌ പറയുന്നത്‌ ഭരണഘടനാ അവകാശങ്ങളുടെ ധ്വംസനമല്ലേ? ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും വര്‍ഗ്ഗ, ജാതി, ലിംഗ നീതിയും മനുഷാവകാശങ്ങളും പുലര്‍ന്നു കാണണന്നാഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍ ഈ വിധ ചിന്തകളില്‍ പെട്ടുഴലുകയാണിന്ന്‌.

അതുകൊണ്ടാണ്‌ നിയമജ്ഞനായ പ്രശാന്ത്‌ ഭൂഷണ്‍ ഉയര്‍ത്തിയ വിമര്‍ശനത്തെ ഇന്ത്യയിലെ കോടിക്കണക്കിന്‌ ജനങ്ങള്‍ മനസ്സാ പിന്തുണയ്‌ക്കുന്നത്‌. പൂച്ചയ്‌ക്കാരു മണികെട്ടും എന്ന കുട്ടിക്കഥ കേട്ട്‌ വളര്‍ന്നവര്‍ നീതിബോധത്താല്‍ ആശ്വസിക്കുന്നു. കോടതിയേയും ജഡ്‌ജിമാരേയും വിമര്‍ശിച്ചതിന്‌ പ്രശാന്ത്‌ ഭൂഷണ്‍ ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തിന്റെ വിമര്‍ശനത്തെ പിന്തുണയ്‌ക്കുന്ന കോടിക്കണക്കിന്‌ ജനങ്ങള്‍ കൂടിയാവും ഒപ്പം ശിക്ഷിക്കപ്പെടുന്നത്‌.

പ്രശാന്ത്‌ ഭൂഷന്‍ എന്ന അഭിഭാഷകന്റെ സത്യസന്ധനായിരിക്കാനുള്ള മൗലികാവകാശത്തെ സുപ്രീം കോടതി സംരക്ഷിക്കുമെന്ന്‌ പ്രത്യാശിക്കാം. കാരണം അദ്ദേഹത്തെ ശിക്ഷിച്ചാലും ഇല്ലെങ്കിലും വിജയിക്കുന്നത്‌ പൊതുതാല്‌പര്യാര്‍ത്ഥം കൂടിയായിട്ടുള്ള അദ്ദേഹത്തിന്റെ നീതിബോധമാണ്‌, സ്ഥൈര്യമാണ്‌.

ഇത്‌ ഭരണഘടനാപരമായ വിഷയമാണ്‌, അതിനാല്‍ ഭരണഘടനാ ബെഞ്ചിന്‌ വിടണമെന്ന പ്രശാന്ത്‌ ഭൂഷന്റെ അഭിഭാഷകനായ രാജീവ്‌ ധവാന്റെ വാദം ശക്തമാണ്‌. കോടതികള്‍ ആത്മവിശകലനം നടത്തണമെന്ന്‌ പറഞ്ഞാണ്‌ അറ്റോര്‍ണി ജനറലായ കെ. കെ വേണുഗോപാല്‍ പ്രശാന്ത്‌ ഭുഷണെ ശിക്ഷിക്കരുതെന്ന്‌ സുപ്രീംകോടതി ബെഞ്ചിനോട്‌ പറഞ്ഞിരിക്കുന്നത്‌. കോടതിയെ അപകീര്‍ത്തിപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ്‌ വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നത്‌ എന്നും അദ്ദേഹം കോടതിയോട്‌ പറഞ്ഞിട്ടുണ്ട്‌. ഇതുതന്നെയാണ്‌ പ്രശാന്ത്‌ ഭൂഷന്റെ സത്യസന്ധതയെ പിന്തുണയ്‌ക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കും ബഹുമാനപ്പെട്ട കോടതിയോട്‌ അപേക്ഷിക്കാനുണ്ടാവുക.

സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

കടപ്പാട് ഫേസ്ബുക്ക്

Comments are closed.